ജീവിതത്തിൽ നാം നേരിടുന്ന ദുരിതാനുഭവങ്ങൾ നെല്ലിക്ക പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അനുഭവിക്കുന്ന സമയത്ത് കൊടും ചവർപ്പായിരിക്കും. എന്നാൽ, ആ ദുരിതനേരങ്ങൾ പിന്നിട്ടുകഴിഞ്ഞാൽ ജീവിതത്തിന്‌ കരുത്തുപകരുന്ന ഒരു മധുരമായിട്ടാവും അവ ബാക്കിനിൽക്കുക.

ഒന്നിനു പിറകേ ഒന്നായി ദുരിതനൊമ്പരങ്ങളുടെ സമുദ്രങ്ങൾ താണ്ടിയ പ്രസന്ന, ജീവിതത്തെ അത്രമേൽ മധുരതരമായ പുഞ്ചിരിയോടെ ചേർത്തു പിടിക്കുന്നതിനു കാരണം ജീവിത ദുരിതങ്ങൾക്കുമേൽ അവർ നേടിയ വിജയം തന്നെയായിരിക്കും. പേര് ഇത്രത്തോളം അർഥപൂർണമായി യോജിക്കുന്ന ആളുകളെ ചുരുക്കമായേ കാണാറുള്ളൂ.

പ്രസന്ന എന്ന വാക്ക് പക്ഷേ, പ്രസന്നയുടെ പ്രകൃതത്തെ വിശേഷിപ്പിക്കാൻ മതിയായതല്ലെന്നാണ് തോന്നുന്നത്. അത്രയ്ക്കും പ്രസന്നമധുരമാണ് അവരുടെ പ്രകൃതവും പെരുമാറ്റവും. ചുറ്റുമുള്ളവരുടെ മനസ്സിലേക്ക് പ്രകാശവും ആഹ്ലാദവും പ്രസരിപ്പിക്കുന്ന ഒരു സ്നേഹസാന്നിധ്യമാണ് പ്രസന്ന. ചിലയാളുകളെ കണ്ടാൽ, നമുക്കറിയാം ഒരു ദിവസം മുഴുവൻ നിറംകെട്ടതാക്കാൻ അവരുടെ ഒരു സമ്പർക്കം മതി. ചിലരുടെ ചെറിയൊരു സാന്നിധ്യം ഒരു ദിവസത്തെയാകെ പ്രസാദമധുരമാക്കാൻ പോന്നത്ര ഊർജം തരുന്നതായിരിക്കും. അതാണ് പ്രസന്ന.

കഴിഞ്ഞ ദിവസം ഫോൺ വിളിച്ചിട്ട് പ്രസന്ന കരയുകയായിരുന്നു. പ്രസന്ന കരയുക എന്നതാകട്ടെ എനിക്കു വിശ്വസിക്കാനേ കഴിയാത്ത കാര്യവും. കുറച്ചു നാൾ മുമ്പ് ഹൃദ്രോഗം വന്ന് ഞാൻ ആശുപത്രിയിലായ വിവരം പ്രസന്ന ഇപ്പോഴാണ് അറിഞ്ഞത്. ‘‘ഞങ്ങൾ ഒരുപാടു പേരുടെ ഹൃദയങ്ങൾ ഡോക്ടറുടെ ഹൃദയത്തിനു ചുറ്റുമുണ്ട്. ആ വലയം കടന്ന് ഡോക്ടറുടെ ഹൃദയം കൊണ്ടുപോകാനൊന്നും ആർക്കും കഴിയില്ല’’ എന്ന് പ്രസന്ന എന്നെ ആശ്വസിപ്പിച്ചു. അതിനടുത്ത ദിവസം ശ്രീകൃഷ്ണ ജയന്തിയുടെ അന്ന് പ്രസന്ന ഗുരുവായൂരമ്പലത്തിൽ പോയി പൂജ കഴിച്ച് പ്രസാദവുമായിട്ടാണ് വീട്ടിൽ വന്നത്. വീട്ടിലെത്തിയത് ശരിക്കും പ്രസന്നയായ ആ പഴയ പ്രസന്ന തന്നെ.

‘‘ഡോക്ടറുടെ നാൾ ഏതാണെന്നറിയില്ലായിരുന്നു... അതിനാൽ ഭഗവാന്റെ നാൾ പറഞ്ഞാണ് പുഷ്പാഞ്ജലി നടത്തിയത്...’’1984-ൽ പ്രസന്നയ്ക്ക് 12-13 വയസ്സുള്ളപ്പോൾ കാലിലെ അസ്ഥിയിൽ കാൻസർ ബാധിച്ചതാണ്. രോഗം ഗൗരവമായപ്പോൾ കാൽ മുറിച്ചുനീക്കേണ്ടി വന്നു. അന്നുമുതൽ കൃത്രിമ കാലിലാണ് പ്രസന്ന. രോഗദുരിതങ്ങളെ കീഴടക്കിയ പ്രസന്നയെ പക്ഷേ, കാൻസർ വീണ്ടും ആക്രമിച്ചു. ഇത്തവണ രക്താർബുദമായിരുന്നു. 1993-94 കാലത്ത്. ആദ്യത്തെ രോഗാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് ഏതാണ്ട് ഒമ്പത്‌ വർഷമായപ്പോഴേക്കാണ് കൂടുതൽ ഗൗരവമുള്ള അടുത്ത പ്രശ്നം. അവിടെയും പ്രസന്ന തളർന്നില്ല. യൗവനത്തിന്റെ കരുത്തോടെയും പ്രസരിപ്പോടെയും പ്രസന്ന രോഗത്തെ തോൽപ്പിച്ചു.

 രോഗദുരിതങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ പ്രസന്നയുടെ മനസ്സിലെ തരളഭാവങ്ങളെയൊന്നും തെല്ലും ബാധിച്ചതേയില്ല. തന്റെ പോരായ്മകളും നേട്ടങ്ങളുമെല്ലാം ശരിയായി മനസ്സിലാക്കി, ജീവിതത്തിൽ പ്രണയമധുരം നിറച്ച പുഷ്പന്റെ ജീവിത സഖിയായി അവർ മാറിയത് ഈ ദുരിത സാഗരങ്ങളൊക്കെ പിന്നിട്ട ശേഷമാണ്.‘‘പുഷ്പേട്ടനാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യം’’ എന്ന് പ്രസന്ന പറയുമ്പോൾ പ്രസന്നയെക്കുറിച്ച് പുഷ്പനും അതു തന്നെ പറയും.

‘‘ഇത്രയും നാൾ ഡോക്ടർ പറഞ്ഞത് ഞങ്ങൾ അനുസരിക്കാറുള്ളതു പോലെ ഇനി ഞങ്ങൾ പറയുന്നത് ഡോക്ടറും കേൾക്കണം’’ -പ്രസന്ന നിർദേശിച്ചു. ‘‘ഗുരുവായൂർ പപ്പടം നല്ലതാണ്. പക്ഷേ, ഡോക്ടർ അതു കഴിക്കേണ്ട... വറുത്തതു പൊരിച്ചതും ഒക്കെ ഒഴിവാക്കണം’’ -പ്രസന്നയുടെ നിർദേശങ്ങൾ നീണ്ടു.

പ്രസന്ന വീട്ടിലെത്തുമ്പോൾ പഴയൊരു സുഹൃത്ത് അച്ചു ഒരു ക്ഷണവുമായി എനിക്കൊപ്പമുണ്ടായിരുന്നു. ഗുരുവായൂരിനടുത്ത്, തികച്ചും നാട്ടിൻപുറത്തു നിന്നുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ ഇത്രയേറെ പ്രസരിപ്പോടെ ഇടപെടുകയും ഇടപെടുന്നവരുടെ മനസ്സിലൊക്കെ ആഹ്ലാദത്തിന്റെ ഊർജം നിറയ്ക്കുകയും ചെയ്യുന്നത് ഒരതിശയമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ചില മനുഷ്യരാണ് ലോകത്തിലാകെ പ്രകാശം നിറയ്ക്കുന്നത്.

 ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളാണ് പ്രസന്നയ്ക്ക് അത്രയധികം കരുത്തും പ്രസന്നമധുരമായ കാഴ്ചപ്പാടും നൽകിയത്. മിക്കപ്പോഴും ജീവിതദുരിതങ്ങൾ, ജീവിത പാഠങ്ങൾ കൂടിയാണ്. ഓരോ പാഠങ്ങളിൽ നിന്നും ജീവിതത്തെ കൂടുതൽ ആഹ്ലാദത്തോടെ കാണാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് നമ്മൾ പഠിക്കേണ്ടത്. ആഹ്ലാദത്തോടെ, പ്രസാദമധുരിമയോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയുക എന്നതിനെക്കാൾ വലിയ എന്തു നേട്ടമാണുള്ളത് ജീവിതത്തിൽ...?