'ഡോക്ടറേ, ഇതിയാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല, ഏതുനേരവും പറമ്പിലാണ്... പണിക്കാരുടെ കൂടെ. കാന്‍സര്‍ രോഗിയായിരുന്നെന്നൊരു വിചാരമേയില്ല. ഡോക്ടറൊന്ന് ഉപദേശിക്ക്...'' റാന്നിക്കാരി അന്നമ്മയുടെ സ്ഥിരം പല്ലവിയാണ്.ഭര്‍ത്താവായ സൈമണെക്കുറിച്ച്. അടച്ചുപൂട്ടി വീട്ടിലിരിക്കണം -സൈമന്റെ കണ്ണുകള്‍ നിറയും.
കാന്‍സര്‍ രോഗികള്‍ (രോഗം മാറിയവരാണെങ്കില്‍പ്പോലും) അടച്ചുപൂട്ടി വീട്ടിലിരിക്കണം... നമ്മുടെ സമൂഹത്തിന്റെ ഒരു ചിന്താഗതിയാണിത്. ഇതിനൊരപവാദമായി ജീവിക്കുന്ന വ്യക്തികള്‍... അല്ല, അവര്‍ മാതൃകകളാണ്. രോഗികളല്ലാത്തവരും മാതൃകയാക്കേണ്ടവര്‍. അങ്ങനെയൊരാള്‍... എന്നും മുഖത്ത് പ്രസാദഭാവം മാത്രം കാത്തുസൂക്ഷിക്കുന്ന പ്രസാദ് ചക്രപാണി. 68-ാം വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന ഒരു ബിസിനസുകാരന്‍. ഒരു ബിസിനസ് കണ്‍സള്‍ട്ടന്റ്. '2010 മുതല്‍ ഒരു സുഹൃത്തിനേയും കൊണ്ടു മാത്രമേ നടക്കാറുള്ളൂ' എന്ന് വിശേഷിപ്പിക്കുന്ന ഒരു സരസന്‍ ആ സുഹൃത്ത് മറ്റാരുമല്ല... കാന്‍സറാണ്.

പലവട്ടം ശസ്ത്രക്രിയയും കീമോ തെറാപ്പിയും ഇമ്യൂണോ തെറാപ്പിയും ഏറ്റുവാങ്ങേണ്ടി വന്ന ഒരു വ്യക്തി. രോഗം ബാധിച്ച കരളിന്റെ ഒരുഭാഗം അടര്‍ത്തി മാറ്റിയപ്പോഴും അദ്ദേഹം തളര്‍ന്നില്ല. ഓരോ പ്രാവശ്യം കീമോ തെറാപ്പി നല്‍കുമ്പോഴും അദ്ദേഹം പറയും: ''എനിക്ക് അതിരാവിലെ തിരുവനന്തപുരത്തെത്തണം. രാവിലെതന്നെ പോയി ഹോട്ടലിലേക്കുള്ള മീന്‍ വാങ്ങണം. അതും മീന്‍ചന്തയില്‍ നിന്നു തന്നെ.'' അന്ന് അദ്ദേഹം തിരുവനന്തപുരത്ത് ടൂറിസം ഡയറക്ടറേറ്റില്‍ 'അതിഥി കഫേ' എന്ന ഹോട്ടല്‍  നടത്തുകയായിരുന്നു. മുഴുവന്‍ സമയവും അതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം.

 ശരീരവും മനസ്സും ഒരേപോലെ മുന്നോട്ടു പോകുമ്പോള്‍ കാന്‍സറിന്, അദ്ദേഹത്തിന്റെ സുഹൃത്തായി മാത്രമേ കൂടെ നടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഏകദേശം ഒരുവര്‍ഷം മുന്‍പ്, വീണ്ടും കീമോ തെറാപ്പി മരുന്നുകള്‍ എടുക്കുന്നതിനിടെ പ്രസാദ് പറഞ്ഞു: ''ഞാന്‍ ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ്. 2017 ഡിസംബറില്‍ എറണാകുളത്തു വച്ചാണ് പരിപാടി. കോടികളുടെ പദ്ധതിയാണ്. നിലംതൊടാതെ എനിക്കതിനു വേണ്ടി ഓടേണ്ടിവരും.'' -എന്റെ മുഖത്തേക്ക് നോക്കി, പ്രസാദ് ഒരുനിമിഷം മൗനിയായി. ''ഡോക്ടര്‍ സമ്മതിക്കുകയാണെങ്കില്‍ മാത്രം...'' ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു... എന്റെ ഉത്തരം എന്തായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആ മനസ്സ് ഞാന്‍ കണ്ടു: ''ശരി നമുക്ക് പിടിച്ചുനില്‍ക്കാം...'' യാന്ത്രികമായിരുന്നു എന്റെ വാക്കുകള്‍.

കഴിഞ്ഞ ഒരുവര്‍ഷം... പലവട്ടം കാന്‍സറെന്ന സുഹൃത്ത് പ്രസാദിന്റെ ശത്രുവായി മാറാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. പക്ഷേ, പ്രസാദിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കാന്‍സര്‍ തോറ്റുകൊണ്ടേയിരുന്നു.ഇക്കഴിഞ്ഞ ഒരു മാസം... ''സാറേ, ഒരുമാസം കൂടി പിടിച്ചുനിന്നേ പറ്റുകയുള്ളൂ...'' എന്നും പ്രസാദ്  ആവര്‍ത്തിക്കും. കരളിലെ അസുഖം തിരികെ വന്നുതുടങ്ങി. അതുമൂലം എല്ലാ ദിവസവും കുളിരും പനിയും... അതും പ്രസാദ് കൂട്ടുകാരനായി കൂടെ കൂട്ടി. ഒരുദിവസം പനി വന്നില്ലെങ്കില്‍ പ്രസാദ് ഫോണ്‍ ചെയ്യും:  ''ഇന്ന് ഇതുവരെ കൂട്ടുകാരനെ കണ്ടില്ല സാറേ...'' പനി വരുമ്പോള്‍ പറയും: ''ഇതിലും വലിയ പെരുന്നാളു വന്നിട്ടും വാപ്പ പള്ളീല്‍ കേറീട്ടില്ല, സാറേ'' -കൂടെ ഒരു ചിരിയും. പ്രസാദിന്റെ മനസ്സ് ശാന്തമായിരുന്നു... എന്റെ മനസ്സില്‍ ആധിയും.

ഡിസംബര്‍ 12-ാം തീയതി ഉച്ചയോടെ പ്രസാദിന്റെ ഫോണ്‍കോള്‍ വന്നു. പതിന്മടങ്ങ് സന്തോഷവാനാണെന്ന് തെളിയിക്കുന്ന സ്വരം... വാചകങ്ങള്‍: ''നാളെ എക്‌സ്പോ തുടങ്ങുകയാണ്, ഡോക്ടര്‍...'' അങ്ങിനെ ഞാനും Elex-2017 എന്ന Electrical Industrial expo കാണാന്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പോയി. ''ഡോക്ടറെന്താ ഇവിടെ...'' എന്നെ അറിയാവുന്ന പലരും തിരക്കി. എന്റെ ഉത്തരം ഞാന്‍ മനസ്സിലൊതുക്കി: 'ഞാന്‍ എക്‌സ്പോ കാണാന്‍ വന്നതല്ല, അതിനേക്കാള്‍ അത്ഭുതമായ പ്രസാദിനെ കാണാനാണ്.' പ്രസാദിന്റെ സംഘടനാപാടവം ഞാന്‍ നേരില്‍ക്കണ്ടു. സ്റ്റാളുകള്‍ക്കിടയിലൂടെ നടന്നുവരുന്ന പ്രസാദ് ചക്രപാണി... ആ മുഖത്തെ വിജയഭാവം... അതു വിവരിക്കാന്‍ വാക്കുകളില്ല.

'എന്റെ കൂട്ടുകാരന്‍ ഇന്നും ഇന്നലെയും എന്റെകൂടെ വന്നില്ല ഡോക്ടറേ...''അതേ ചിരി. ഡിസംബര്‍ 13 മുതല്‍ 15 വരെ എക്‌സ്പോ. 17-ാം തീയതി പ്രസാദ് വീട്ടില്‍ വന്നു: ''കീമോ തെറാപ്പി ഒരാഴ്ച താമസിച്ചുപോയി... ഞാന്‍ നാളെ ആ ഡോസ് എടുത്തോളാം.'ഇപ്രാവശ്യം ഞാനാണ് ചിരിച്ചത്...ദൂരെയെവിടെയോ തോല്‍വിയറിഞ്ഞ കാന്‍സറിന്റെ കരച്ചിലും കേള്‍ക്കുന്ന പോലെ.