ഴിഞ്ഞയാഴ്ച കുറച്ചുദിവസം മുംബൈയിലായിരുന്നു. അവിടെ ‘റോബോട്ടിക്’ ചികിത്സാ രീതിയെക്കുറിച്ചുള്ള ചില പരിപാടികളിലും പങ്കെടുത്തു. ചികിത്സയുടെ എല്ലാ മേഖലകളിലും റോബോട്ടിക്സിന്റെ പ്രാധാന്യം വർധിച്ചുവരികയാണ്. നമ്മുടെ നാട്ടിലും സങ്കീർണ ശസ്ത്രക്രിയകളുടെയും മറ്റും രംഗത്ത് റോബോട്ടിക്സ് വ്യാപകമായിക്കൊണ്ടിരിക്കുന്നു. 

തുടക്കത്തിൽ ചെറിയ ചെറിയ ചില യന്ത്ര സൗകര്യങ്ങൾ എന്ന നിലയ്ക്കാണ് റോബോട്ടിക്സ് കടന്നുവന്നിരുന്നത്. എന്നാലിന്ന് ചികിത്സാ മേഖലയിൽ മാത്രമല്ല, ജീവിതത്തിന്റെ സകല മേഖലകളിലും യന്ത്രമനുഷ്യരും മറ്റുതരം റോബോട്ടുകളും പിടിമുറുക്കിക്കൊണ്ടേയിരിക്കുന്നു. തനിയെ പറക്കുന്ന വിമാനങ്ങളും റോബോട്ടിക്സിന്റെ സഹായത്തോടെയുള്ള കാറുകളും മറ്റും ഡ്രൈവു ചെയ്യുന്ന രീതിയുമൊക്കെ ഇന്ന് നമുക്ക് അതിശയമല്ലാതായിക്കഴിഞ്ഞല്ലോ.

ശസ്ത്രക്രിയകളുടെ കാര്യത്തിൽ റോബോട്ടിക്സ് പലപ്പോഴും വലിയ സൗകര്യങ്ങളുണ്ടാക്കുന്നുണ്ട്. മനുഷ്യന്റെ കൈകൾക്ക് കടന്നെത്താൻ കഴിയാത്ത ഇടങ്ങളിലും അതിസൂക്ഷ്മമായ ആന്തരിക ഭാഗങ്ങളിലുമൊക്കെ കൃത്യമായ വഴക്കത്തോടെ കടന്നെത്താനും പ്രവർത്തിക്കാനും റോബോട്ടക്സിന്റെ സഹായം ഫലപ്രദമായേക്കും. മനുഷ്യന്‌ സാധിക്കാനാവാത്തത്ര കൃത്യതയും വേഗവുമൊക്കെ ഉറപ്പാക്കാനും റോബോട്ടിക്സിന്‌ കഴിയും. 

വളരെ പ്രധാനപ്പെട്ട മറ്റൊന്ന്, ഒരാൾക്ക് നിന്നു ചെയ്യാൻ കഴിയുന്നതിനെക്കാൾ എത്രയോ കൂടുതൽ സമയം ഒരു ക്ഷീണവുമില്ലാതെ പ്രവർത്തിക്കാൻ റോബോട്ടിക്സിനു കഴിയുമെന്നതാണ്. മനുഷ്യന് കടന്നെത്തി പ്രവർത്തിക്കാൻ കഴിയാത്ത, അപകടകരമായ സാഹചര്യങ്ങളിൽ ചെന്നു പ്രവർത്തിക്കാനും റോബോട്ടിക്സ് സഹായകമാണ്.

എന്നാൽ, ആശുപത്രിയിൽ ഡോക്ടർക്കോ പരിചാരകർക്കോ പകരമാകാൻ ഒരു റോബോട്ടിക്സിനും കഴിയില്ല. അത് ചികിത്സയിൽ സഹായിക്കാനുള്ള ഒരു ഉപകരണം മാത്രമായിരിക്കുകയേ ഉള്ളൂ. ഡോക്ടറുടെ ഒരു സാന്ത്വന വാക്ക്, സ്നേഹപൂർവമുള്ള ഒരു തലോടൽ, ആത്മവിശ്വാസം പകരുന്ന ഒരു ഉറപ്പു നൽകൽ ഒന്നും നൽകാൻ ഒരു റോബോട്ടിക്സിനും കഴിയില്ല. 

കുഞ്ഞിനെ നോക്കാനും പരിചരിക്കാനും കഴിയുന്ന റോബോട്ടുകളെ വികസിപ്പെച്ചെടുക്കാൻ ചിലപ്പോൾ കഴിയുമായിരിക്കാം. എന്നാൽ, കുഞ്ഞിന്റെ കളിചിരികളിൽ സന്തോഷിക്കാനോ വേദനിക്കാനോ അനുതപിക്കാനോ കഴിയുന്ന ഒരു റോബോട്ടിക്സ് ഉണ്ടാവുമെന്ന്‌ തോന്നുന്നില്ല. ചിരിക്കാൻ കഴിയുന്ന റോബോട്ട് ഉണ്ടായേക്കാം. എന്നാൽ അത്, ‘സന്തോഷം’ എന്ന മനുഷ്യാനുഭവം പങ്കുവയ്ക്കാൻ സാധ്യതയില്ല. കണ്ണിൽ വെള്ളം നിറയുന്ന റോബോട്ട് വന്നേക്കാം. എന്നാൽ, ഒരു റോബോട്ടിനും ‘സങ്കടം’ എന്ന മനുഷ്യാനുഭവം ഉണ്ടാവില്ല. 

നമ്മളെ നമ്മളാക്കുന്നത് നമ്മുടെ വികാര-വിചാരങ്ങളാണ്... ഓർമയും സ്വപ്നവുമാണ്... സങ്കടങ്ങളും സന്തോഷങ്ങളുമാണ്... അതിനു പകരമാവാൻ ഒരു റോബോട്ടിക്സിനും കഴിയില്ല. 
മനുഷ്യരെപ്പോലെയാവാൻ റോബോട്ടുകൾക്ക് കഴിയില്ലെങ്കിലും മനുഷ്യർ പലപ്പോഴും റോബോട്ടുകളെപ്പോലയാവുന്നുണ്ടെന്ന് തോന്നാറുണ്ട്. ‘യന്ത്രവത്കരണം’ എന്നൊക്കെ പറയാറുള്ളത് നമ്മുടെ മനസ്സുകളെ ബാധിക്കുന്ന ഒരവസ്ഥയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. യന്ത്രങ്ങൾ മനുഷ്യർക്കു പകരമാവില്ലായിരിക്കാം. പക്ഷേ, മനുഷ്യർ യന്ത്രമായി പരിണമിക്കുന്നത് സാധാരണ കാര്യമായിക്കൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്ര രംഗത്ത് പലപ്പോഴും ഇങ്ങനെ മനുഷ്യർ ചോർന്നു പോകാറുണ്ട്. അതൊരു വലിയ കാര്യമല്ലാതായി മാറുകയുമാണ്. 

 രോഗിയെ കാണുകപോലും ചെയ്യാതെ, അയാളുടെ അവസ്ഥ വിലയിരുത്തേണ്ടി വരുന്നത് അസാധാരണമല്ലാതായിട്ടുണ്ട്. ചില സംഖ്യകളും ചിത്രങ്ങളും ഗ്രാഫുകളും ഒക്കെ മതി രോഗിയെ വിലയിരുത്താൻ. ഇവിടെ മനുഷ്യജീവി ഒഴിവാക്കപ്പെടുകയാണല്ലോ. 

നേരിട്ടുള്ള സാന്നിധ്യത്തിനു പകരം യന്ത്രങ്ങളിലൂടെയുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും മാത്രം മതി എന്ന സ്ഥിതിയും ഇപ്പോൾ അസാധാരണമല്ലാതായിട്ടുണ്ട്. അച്ഛനമ്മമാരുടെ മരണാനന്തര ചടങ്ങുകൾ വീഡിയോ ദൃശ്യത്തിലൂടെ കണ്ട്, വിദേശത്തിരുന്ന്‌ അതിൽ പങ്കുകൊള്ളുന്ന മക്കൾ നമ്മുടെ ഇടയിലുമുണ്ട്. 
റോബോട്ടുകൾ മനുഷ്യർക്ക് പകരമാവില്ലെങ്കിലും മനുഷ്യർ യന്ത്രങ്ങളോ യന്ത്രത്തിലൂടെയുള്ള സാന്നിധ്യങ്ങളോ മാത്രമായിത്തീരുന്നു. 

എന്നാൽ, ഒരു യന്ത്രത്തിനും പകരം വയ്ക്കാനാവാത്തതാണ് നമ്മുടെ വികാരങ്ങൾ... സന്തോഷവും സങ്കടവും സ്നേഹവും കാരുണ്യവുമൊക്കെ. അവ കൈമോശം വരാതെ നിലനിൽക്കണമെങ്കിൽ മനസ്സിനെ യന്ത്രവത്കരണത്തിന്‌ വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രത മനസ്സിൽ സൂക്ഷിക്കണം. ഓരോ നിമിഷവും നമ്മൾ മനുഷ്യരായിരിക്കണം. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും കാരുണ്യവും സ്നേഹവും ചിലപ്പോഴൊക്കെ, വിദ്വേഷം പോലും പങ്കുവയ്ക്കുകയും അറിയിക്കുകയും ചെയ്തുകൊണ്ടേയിരിക്കണം. മനുഷ്യരെ കാണുകയും സംസാരിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കണം.