കുറച്ചുനാൾ കൂടിയാണ് അവർ വന്നത്. ബ്രസ്റ്റ് കാൻസർ ചികിത്സ പൂർത്തിയാക്കിയതാണ് അവർ. 60-65 വയസ്സ് പ്രായമുണ്ട്. വീട്ടിലെ വിശേഷങ്ങളൊക്കെ പറയുന്നതിനിടെ അവർ പറഞ്ഞു: ‘‘കുറച്ചുനാളേ ആയുള്ളൂ അമ്മ മരിച്ചിട്ട്...’’ അതു പറഞ്ഞ് അവർ കുറച്ചുനേരം നിശ്ശബ്ദയായി. അവരുടെ കണ്ണ് നിറഞ്ഞു.

‘‘എത്ര പ്രായമുണ്ടായിരുന്നു അമ്മയ്ക്ക്...?’’ 
‘‘98 കഴിഞ്ഞിരുന്നു ഡോക്ടർ.’’

‘‘ഇത്രയും കാലം അമ്മയോടൊപ്പം കഴിയാനായി എന്നതുതന്നെ വലിയ കാര്യമല്ലേ...?’’ ‘‘അതു ശരിയാണ് ഡോക്ടർ... അമ്മ മരിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല. സന്തോഷകരമായ മരണം എന്നു വേണമെങ്കിൽ പറയാവുന്നതാണ്. എന്നാലും അമ്മ ഇല്ലാതാകുമ്പോഴത്തെ ശൂന്യത വേദനിപ്പിക്കുന്നതാണ്. അമ്മ കിടക്കുമായിരുന്ന കട്ടിൽ... ആ മുറി... ഒക്കെ കാണുമ്പോഴുണ്ടാകുന്ന ശൂന്യത... അറിയാതെയൊരു വേദന മനസ്സിൽ വന്നു പോകും.’’

വേർപാടുകളുടെ വേദന അങ്ങനെയാണ്. അറിയാതെയൊരു വേദനയായി മനസ്സിലത് തങ്ങി നിൽക്കും.  കഴിഞ്ഞദിവസം ഒരു വികാരിയച്ചനും അദ്ദേഹത്തിന്റെ ഭാര്യയും മകളും കൂടി വന്നു. അച്ചന് 75-80 വയസ്സ് പ്രായമുണ്ട്. അദ്ദേഹം ഇപ്പോഴും പ്രാർഥനകൾക്കും മറ്റു ശുശ്രൂഷകൾക്കുമൊക്കെ പോകുന്നു... വിശ്രമിക്കാൻ തയ്യാറാകുന്നേയില്ല എന്നൊക്കെയാണ് വീട്ടുകാരുടെ പരാതികൾ.

ചെറിയൊരു ചിരിയോടെ അച്ചൻ പറഞ്ഞു: ‘‘വീട്ടിൽ ഞങ്ങൾ രണ്ടുപേരും മാത്രമേ ഉണ്ടാവൂ. മക്കളും പേരക്കുട്ടികളെുമൊക്കെ ജോലിക്കും മറ്റുമായി പോകും. ആരുമില്ലാതെ വീട്ടിൽ വെറുതേ ഇരിക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്. അത് ഒട്ടും സുഖമല്ല...’’

കുറച്ചുനാളായി, വീട്ടിലെത്തിയാൽ എനിക്ക് ഏറ്റവും നല്ല ചങ്ങാതി മകന്റെ ഭാര്യയും പേരക്കുട്ടി ചിത്രാനി ആര്യയുമാണ്. അവർ അമ്മയും മകളും കൂടി ഝാർഖണ്ഡിൽ അവരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അവർ പോയപ്പോൾ മുതൽ, വീട്ടിലെത്തുമ്പോൾ എനിക്ക് എന്തോ മറന്നുപോയതു പോലുള്ള ഒരു ശങ്ക തോന്നും. കുറച്ചുസമയത്തേക്ക് ആഹ്ലാദത്തോടെയുള്ള പിരിഞ്ഞുനിൽക്കലാണെങ്കിൽ പോലും വേറിട്ടു നിൽക്കൽ മനസ്സിൽ ഒരുതരം അസ്വസ്ഥതയാണ് ഉണ്ടാക്കുക. 

പ്രായമായിക്കഴിയുമ്പോൾ ഇങ്ങനെയുണ്ടാകുന്ന ഒറ്റപ്പെടലുകളോടും വേറിട്ടുപോകലുകളോടും നമുക്ക് ഇണങ്ങിച്ചേരേണ്ടിവരും. അക്കാര്യം ദൈവം ശരിയായി മനസ്സിലാക്കിയിട്ടാണ് ‘മറവി’ എന്ന അനുഗ്രഹം മനുഷ്യന് തന്നിരിക്കുന്നതെന്ന് ചിലപ്പോൾ തോന്നാറുണ്ട്. പ്രായമാകുന്നതോടെ പതുക്കപ്പെതുക്കെ മറവി നമ്മെ വന്നു പിടിക്കാൻ തുടങ്ങും.

മരണമെത്താറാകുമ്പോഴേക്ക് എല്ലാറ്റിൽ നിന്നും പിരിഞ്ഞുപോകാനുള്ള ഒരുക്കംകൂട്ടലുകളുടെ ഭാഗമായിരിക്കണം ഓർമകളിൽ നിന്നുള്ള ഈ വിടുതൽ. മറവിയെന്ന അനുഗ്രഹമില്ലെങ്കിൽ വേർപാടിന്റെ വേദനകൾ താങ്ങാൻ പോലും കഴിയാതായിപ്പോകുമല്ലോ നമ്മൾ.

ഒരിക്കൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, അദ്ദേഹത്തിന്റെ പതിവു കുസൃതിയോടെ പറഞ്ഞു: ‘‘ഡോക്ടർമാരാണ് മനുഷ്യരുടെ വലിയ ശത്രുക്കൾ. ആരെയും അവർ മരിക്കാൻ സമ്മതിക്കില്ല! ഇപ്പോൾ ഓർമ നശിക്കുന്നവരുടെ ഓർമകൾ തിരിച്ചെടുക്കാൻ പോലും അവർ ശ്രമിക്കുകയാണ്...’’ഓർമകളും മറവിയും വേർപാടിന്റെ വേദനകളുമൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയ അനുഭവങ്ങളാണല്ലോ. 


കഴിഞ്ഞദിവസം മുളക്കുളം പള്ളിക്കടുത്ത് ഒരു ക്ലാസിന്‌ പോയവഴി ആൽബിന്റെ വീട്ടിൽ ചെന്നു. അസുഖം വന്ന് ആൽബിൻ വേർപിരിഞ്ഞു പോയിട്ട് വർഷങ്ങളായി. ആൽബിന്റെ വീട്ടിൽ സ്വീകരണ മുറിയിലാകെ അവന്റെ ഓർമകളുടെ മുദ്രകളാണ്. വേർപാടുകളെ ഓർമകൾകൊണ്ടു മറികടക്കാനുള്ള പരിശ്രമം.

വടക്കേ ഇന്ത്യയിൽ ഒന്നോ രണ്ടോ ദിവസത്തിനിടെ ‘എൻസഫലൈറ്റിസ്’ ബാധിതരായ നൂറിലധികം കുട്ടികൾ മരിച്ച വാർത്ത വായിച്ചപ്പോൾ, ഓരോ വീട്ടിലെയും അച്ഛനമ്മമാർ അനുഭവിക്കുന്ന വേർപാടിന്റെ വേദനകളെക്കുറിച്ചാണ് ഓർത്തു പോയത്. 

നമുക്ക്‌ പ്രിയപ്പെട്ടവരിൽ നിന്ന് വിട്ടുനിൽക്കുക എന്നത് എത്രയും വിഷമംപിടിച്ച കാര്യം തന്നെയാണ്. പല പല സാഹചര്യങ്ങൾ മൂലം അങ്ങനെ വിട്ടുനിൽക്കേണ്ടി വരുന്നവർ അനുഭവിക്കുന്ന വിഷമം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ എളുപ്പമല്ല.പേരക്കുട്ടി ചിത്രാനിയും അമ്മയും അകലെ അമ്മവീട്ടിൽ ആയിരിക്കുമ്പോൾ എല്ലാ ദിവസവും ഞങ്ങൾ വീഡിയോ കോളിലൂടെ സംസാരിക്കും. എന്നെ കാണുമ്പോളേക്കും അച്ചാച്ചാ... എന്നു വിളിച്ച് കുഞ്ഞു ചിത്ര കയറിപ്പിടിക്കും. ഇപ്പോൾ അകലങ്ങളെ വലിയൊരു പരിധിവരെ കീഴടക്കാൻ പുതിയ സാങ്കേതികവിദ്യകൾ നമ്മെ സഹായിക്കുന്നുണ്ട്.

 മുമ്പ് ഞാൻ വീട്ടിൽനിന്ന് വിട്ടുനിന്നാണ് ഏറെക്കാലം പഠിച്ചിരുന്നത്. ആഴ്ചയിലൊരിക്കലാണ് അമ്മയുടെ ഒരു കത്ത് വരിക. ഇൻലൻഡിൽ, നീല നിറമുള്ള നനുത്ത അക്ഷരങ്ങളായിട്ടാണ് അമ്മയുടെ സാന്നിധ്യം. എല്ലാ ദിവസവും കത്തയയ്ക്കാനാവില്ലല്ലോ. ആഴ്ചയിലൊരിക്കൽ വരുന്ന ആ കത്തിന്റെ മഹത്വം ഒന്നു വേറേ ആയിരുന്നു.

 എത്ര ചെറുതാണെങ്കിൽപ്പോലും വേർപാടുകൾ വേദനാജനകമാണ്. ഓർമകളുടെ മധുരം കൊണ്ട് ആ വേദനകളെ മറികടക്കാൻ ശ്രമിച്ചാലും നനുത്ത ഒരു വേദന അതിനടിയിൽ അങ്ങനെ തങ്ങിനിൽക്കും. മറവി വന്നു പിടിച്ചുകഴിഞ്ഞാലോ, പിന്നെ ഒന്നുമില്ലാത്തൊരു ശൂന്യതയാവും ബാക്കി...