ഡോ. വി.പി. ഗംഗാധരൻ| ഫോട്ടോ: ജി. ശിവപ്രസാദ് (Photo: ജി. ശിവപ്രസാദ്)
ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത കുറേ മുഖങ്ങളുണ്ട്. കഴിഞ്ഞ 68 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയവര്‍. എന്തേ ഇന്ന് ഇങ്ങനെ തോന്നാന്‍ എന്നതിന് ഉത്തരം ലളിതം. ഇന്നുമാത്രമല്ല അത് തോന്നിയത്. പലവട്ടം എഴുതാന്‍ തുനിഞ്ഞതാണ്. പാതിവഴിയില്‍ എന്റെ കണ്ണുകള്‍ നിറയും. മനസ്സ് തേങ്ങും. വിരലുകള്‍ ചലിക്കാതെയാവും. അവരാരും എന്റെ ബന്ധുക്കളല്ല. ഞാന്‍ ചികിത്സിച്ചവരല്ല. എന്റെ ശത്രുക്കളോ മിത്രങ്ങളോ അല്ല. അവര്‍ക്ക് എന്നെയോ എനിക്ക് അവരെയോ പരിചയവുമില്ല. പക്ഷേ, ഞാനറിയാതെ എന്റെ മനസ്സില്‍, ഹൃദയത്തില്‍ പോറലുകള്‍ ഏല്പിച്ചവരാണ് അവര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അവരെ ഓര്‍ക്കുമ്പോള്‍ മനസ്സ് നീറുന്നു. അവരെ ഓര്‍ക്കുമ്പോളാണോ അവര്‍ ചെയ്തിരുന്ന- ചെയ്യുന്ന ജോലി ഓര്‍ത്തിട്ടാണോ... അത് ഒരു ഇരിങ്ങാലക്കുടക്കാരന്റെ ശബ്ദമായിരുന്നു. പാട്ടവണ്ടി അല്ലേ ഇരിങ്ങാലക്കുടക്കാരന്റെ ശബ്ദം വീണ്ടും ഉച്ചത്തില്‍. അതേ, അതേ, അതേ... എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.
പാട്ടവണ്ടി എന്താണെന്നറിയാമോ പ്രശാന്തിനോട് ഞാന്‍ ചോദിച്ചപ്പോള്‍ ഉത്തരം ഇല്ല, അറിയില്ല എന്നായിരുന്നു. പുതിയ തലമുറയ്ക്ക് അറിയില്ല. പക്ഷേ, ഞാന്‍ ഉള്‍പ്പെടുന്ന പഴയ തലമുറക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല പാട്ടവണ്ടിയും അത് വലിച്ചു കൊണ്ട് നീങ്ങുന്ന കുറേ ജീവിതങ്ങളും. ഒരു വലിയ കുട്ടകത്തിന്റെ രണ്ടിരട്ടിയിലേറെ വലിപ്പമുള്ള ഒരു വലിയ പാട്ട തന്നെയാണ് പാട്ടവണ്ടി. കറുത്ത നിറം പൂശിയിരിക്കുന്നു. അനുസരണയില്ലാത്ത നാലു വീലുകള്‍ ഘടിപ്പിച്ച്, ടാറിടാത്ത പേഷ്‌കാര്‍ റോഡിലൂടെ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് വലിഞ്ഞു നീങ്ങുന്ന പാട്ടവണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ അമ്മൂമ്മയുടെ വിളിവരും. ഗംഗേ, പത്മജേ, രാധേ... കുട്ടികളൊക്കെ അകത്തുകയറി വാതി അടയ്ക്കൂ. ആദ്യമൊക്കെ ഞങ്ങള്‍ ജനലിലൂടെ നോക്കി നില്‍ക്കുമായിരുന്നു. മുഷിഞ്ഞു നാറിയ ഒരു കാക്കി നിക്കറും ഷര്‍ട്ടുമിട്ട് കൈയില്‍ തൂക്കിയിട്ട തുരുമ്പിച്ച ബക്കറ്റും വീശി മൂളിപ്പാട്ടുമായി ഒരാള്‍ ഗേറ്റു തുറന്ന് വരുന്നതു കാണാം. വീട്ടിനടുത്തേക്കു വരണ്ട... പറമ്പിലൂടെ മാറി നടക്ക്- അമ്മൂമ്മയുടെ ശബ്ദം വീണ്ടും കേള്‍ക്കാം.
വീടിന്റെ പിറകിലേക്ക് പോയി തിരികെ വരുമ്പോള്‍ അയാളുടെ ബക്കറ്റിന് ഭാരമുള്ളത് മനസ്സിലാക്കാം.
തീട്ടവണ്ടി പോയോ... മുറ്റമടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മറിയത്തിന്റെ ചോദ്യമാണത്. തമ്പുരാട്ടീ... ഭയങ്കര നാറ്റം. കഴുത്തിലുള്ള തോര്‍ത്തു കൊണ്ട് മൂക്കു പൊത്തിക്കൊണ്ട് മറിയം മുറ്റമടി തുടരും. മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ കളിക്കാന്‍ മുറ്റത്തിറങ്ങുമ്പോഴും കാറ്റിന്റെ കാരുണ്യമുണ്ടായില്ലെങ്കില്‍ ആ നാറ്റം തുടരും. ദേ അമ്മൂമ്മേ... മുറ്റത്തൊക്കെ അപ്പി... രാധ വിളിച്ചു പറയും.
അയാളുടെ ഒരുകാര്യം!... പ്രാകിക്കൊണ്ട് മറിയം അവിടമെല്ലാം വൃത്തിയാക്കും. പഴയ കക്കൂസുകളും അത് വൃത്തിയാക്കുന്ന രീതികളും അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മുനിസിപ്പല്‍ ജീവനക്കാരനെയും അയാള്‍ തള്ളിക്കൊണ്ടു പോകുന്ന പാട്ടവണ്ടിയുടെയും കഥയാണിത്.
ചില ദിവസങ്ങളില്‍ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കുട്ടംകുളം അടുക്കാറാകുമ്പോള്‍ വരിവരിയായി നിരന്നു വരുന്ന പാട്ടവണ്ടികള്‍ കാണാം. ഓടിയൊളിക്കാന്‍ വഴിയില്ലാതെ മൂക്കു പൊത്തി നടന്നു നീങ്ങുകയേ മാര്‍ഗമുള്ളൂ. തെറിച്ചു വീഴുന്നതു കൊണ്ടും പാട്ടയിലെ ഓട്ടകളിലൂടെ ഒലിച്ചിറങ്ങുന്നതു കൊണ്ടും വഴിമുഴുവന്‍ വൃത്തികേടായിട്ടുണ്ടാകും. അന്നും ഇന്നും ഞാന്‍ ആലോചിക്കാറുണ്ട്, എങ്ങനെയാണ് കുറേ മനുഷ്യര്‍ മണിക്കൂറുകളോളം ഇതെല്ലാം സഹിച്ച് ജോലിചെയ്യുന്നത് എന്ന്. നല്ല മദ്യപരാണ് ഒട്ടുമിക്കവരും. പാട്ടവണ്ടി മുനിസിപ്പാലിറ്റിയില്‍ തിരിച്ചേല്പിച്ചാല്‍ അടുത്ത ദിവസം വരെ മദ്യത്തിന്റെ ലഹരി തന്നെ ശരണം- മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്തിരുന്ന അമ്മാമന്‍ പറയുമായിരുന്നു. അങ്ങനെയായില്ലെങ്കിലേ അതഭുതമുള്ളൂ- ഇന്ന് ഞാനോര്‍ക്കുന്നു. പാട്ടവണ്ടിയും തള്ളിക്കൊണ്ട് നടന്നു നീങ്ങുന്ന ആ ജീവിതങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് നീറുന്നു.
പി.കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവല്‍ വായിക്കാത്തവര്‍ ചുരുക്കമായിരിക്കും ഞങ്ങളുടെ തലമുറയില്‍. അതിലെ കേന്ദ്രകഥാപാത്രമായ പപ്പുവിനെ മറക്കാനാവില്ല. ഓടയില്‍ നിന്ന് സിനിമയില്‍ സത്യന്‍ അനശ്വരമാക്കിയ റിക്ഷാക്കാരന്‍ പപ്പു. ചെറുപ്പകാലത്ത് യാത്രക്കാരെയും കൊണ്ട് മിന്നല്‍ വേഗത്തില്‍ പാഞ്ഞിരുന്ന പപ്പു പ്രായമായപ്പോള്‍, രോഗിയായപ്പോള്‍ ചുമച്ചും കിതച്ചും ഇഴഞ്ഞിഴഞ്ഞ് പോകുന്നു. വായിക്കുമ്പോള്‍ത്തന്നെ മനസ്സ് നീറുന്നതാണ് ആ കഥാപാത്രത്തിന്റെ അവസ്ഥകള്‍. അപ്പോള്‍പ്പിന്നെ, യഥാര്‍ഥ ജീവിതത്തി അത്തരക്കാരെ കാണുമ്പോളുണ്ടാകുന്ന അനുഭവം എങ്ങനെയാണ് ജീവിതകാലത്ത് മറക്കാനാവുക!
എനിക്കുണ്ടായിട്ടുണ്ട് അത്തരമൊരു അനുഭവം. അന്ന് ഞാന്‍വിദ്യാര്‍ഥിയാണ്- സ്‌കൂളില്‍ പഠിക്കുന്ന കൊച്ചുഗംഗ. അമ്മൂമ്മയുടെ കഴുത്തില്‍ ചെറിയൊരു ഓപ്പറേഷനു വേണ്ടി എറണാകുളത്ത് ലിസ്സി ആശുപത്രിയില്‍ ഒരാഴ്ച അമ്മയോടൊപ്പം കൂട്ടായി താമസിക്കേണ്ടി വന്നു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കിറങ്ങിയ ഞങ്ങളെ ഒരു റിക്ഷാക്കാരന്‍ സമീപിച്ചു....അമ്മേ, എവിടെ വേണമെങ്കിലും കൊണ്ടു പോയി വിടാം. എന്തെങ്കിലും തന്നാ മതി. അയാളുടെ ദയനീയമായ നോട്ടം കണ്ടിട്ടാവണം അമ്മ ഉടനെ തന്നെ സമ്മതിച്ചു. ഞാനും അമ്മയും റിക്ഷയില്‍ കയറി. റിക്ഷ വലിച്ചു തുടങ്ങേണ്ട താമസം, അയാള്‍ ചുമയ്ക്കാന്‍ തുടങ്ങി. നിര്‍ത്താതെയുള്ള ചുമ. ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്ന പോലെ. റിക്ഷ വലിക്കുന്നതിനിടയില്‍ത്തന്നെ അയാള്‍ തിരിഞ്ഞ് ദയനീയമായി ഞങ്ങളെ നോക്കി. നമുക്കിറങ്ങാം അമ്മേ... മനസ്സ് നീറിക്കൊണ്ടാണ് ഞാന്‍ അതു പറഞ്ഞത്. അതു കേള്‍ക്കേണ്ട താമസം അമ്മ റിക്ഷ നിര്‍ത്താന്‍ പറഞ്ഞു. നല്ലൊരു തുക കൈയില്‍ വെച്ചു കൊടുത്താണ് അമ്മ നടന്നു നീങ്ങിയത്. അന്ന് അയാളുടെ കണ്ണീര്‍ ഞങ്ങള്‍ കണ്ടു. ആദ്യമായും അവസാനമായും ഞാന്‍ റിക്ഷാവണ്ടിയില്‍ കയറിയത് അന്നാണ്. അതിനു ശേഷം വടക്കേഇന്ത്യയില്‍ ചിലേടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ തടിച്ചു കൊഴുത്ത കൊച്ചമ്മമാരെയും വലിച്ചുകൊണ്ട് നീങ്ങുന്ന റിക്ഷാക്കാരെ കാണുമ്പോള്‍ മനസ്സില്‍ ഒരു നീറ്റലുണ്ടാകാറുണ്ട്. അത്തരം കാഴ്ചകള്‍ ഇന്ന് കാണാനില്ലെങ്കിലും ആ ഓര്‍മ്മകള്‍ മനസ്സിലൊരു നീറ്റലായി തുടരുന്നുണ്ട്.
പാട്ടവണ്ടികളും റിക്ഷാക്കാരും ഇന്ന് ഓര്‍മകളില്‍ മാത്രമാണ്, സമ്മതിക്കുന്നു. പക്ഷേ, മനസ്സില്‍ കോറിയിട്ട ഒരനുഭവം ഈ അടുത്ത ദിവസങ്ങളിലുമുണ്ടായി. ആബാലവൃദ്ധം ജനങ്ങളും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന കോവിഡ് കാലഘട്ടം. കോവിഡ് രോഗ-മരണ നിരക്കുകള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ദിവസങ്ങള്‍. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു പഴയ ലോറി ശ്രദ്ധയില്‍പ്പെട്ടു. ലോറിയുടെ തട്ടില്‍ നിന്ന് മൂന്നു പുരുഷന്മാര്‍ താഴെയുള്ള ആറേഴു സ്ത്രീകളില്‍ നിന്ന് ചാക്കുകെട്ടുകള്‍ വാങ്ങി കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കൈമാറുന്നു. അത് കുടഞ്ഞിട്ട് അയാള്‍ ചവിട്ടി നിരത്തുന്നു. എല്ലാവരും പേരിന് ഒരു തുണികൊണ്ട് മൂക്ക് മൂടിയിട്ടുണ്ടെന്നുള്ളത് വാസ്തവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നയാള്‍ മാസ്‌ക് വേണ്ടെന്നു വെച്ച് കൈയില്‍ ഉറയും കാലില്‍ റബ്ബര്‍ഷൂസും ധരിച്ച് മാലിന്യങ്ങള്‍ക്കിടയില്‍ചാടിക്കളിച്ച് ചവിട്ടിനിരത്തുകയാണ്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ദൈനംദിന മാലിന്യങ്ങളാണ്. അതിനിടയില്‍ ഒരു മനുഷ്യന്‍... കോവിഡ് കാലമായതിനാല്‍ കാറിന്റെ ചില്ലുകള്‍ താഴ്ത്തിയിട്ടായിരുന്നു എന്റെ യാത്ര. തുളച്ചുകയറുന്ന ദുര്‍ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി. ഉടനെ തന്നെ ചില്ലുകള്‍ പൊക്കിയിട്ട് എ.സി. പ്രവര്‍ത്തിപ്പിച്ചെങ്കിലും കുറേയേറെ സമയത്തേക്ക് കാറില്‍ ആ ദുര്‍ഗന്ധം തങ്ങി നിന്നു. ദൈവമേ ഈ മനുഷ്യര്‍ ഇതെങ്ങനെ...? മനസ്സ് നീറുകയായിരുന്നു. പാട്ടവണ്ടിയും റിക്ഷാക്കാരനും മനസ്സിലേക്കോടിയെത്തിയത് അങ്ങനെയാണ്.
വേഷങ്ങള്‍... ജന്മങ്ങള്‍... ഗാനം മറ്റൊരു സന്ദര്‍ഭത്തിലാണെങ്കിലും ആ വരികളാണ് മനസ്സിലേക്കോടിയെത്തിയത്. ജീവിക്കാനുള്ള തത്രപ്പാടിനിടയില്‍ ശ്വാസം മുട്ടുന്ന ജീവിതങ്ങള്‍...
Content Highlights: Dr.V.P. Gangadharan shares his memories, Health, Cancer Awareness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..