രോഗികളുടെ തലയെണ്ണി ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കുന്ന ആശുപത്രികള്‍ ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിക്കാം


ഡോ.വി.പി. ഗംഗാധരന്‍

ഞങ്ങളെല്ലാം പൂര്‍ണരാണെന്നോ ഞങ്ങളുടെ പ്രവൃത്തികള്‍ ന്യായീകരിക്കുകയാണെന്നോ ആരും തെറ്റിദ്ധരിക്കരുതെന്ന് നേരത്തേ തന്നെ ജാമ്യം എടുക്കുകയാണ്

ഡോ. വി.പി. ഗംഗാധരൻ| ഫോട്ടോ: ബി. മുരളീകൃഷ്ണൻ

നിങ്ങളെന്താ ആരും ഭക്ഷണം കഴിക്കാന്‍ പോകാത്തത്? ഒരു മണിക്കു മുന്‍പ് ഉച്ച ഭക്ഷണം കഴിക്കണം എന്ന് എല്ലാവരെയും ഉപദേശിക്കുന്നത് കേള്‍ക്കാറുണ്ടല്ലോ! അത് നിങ്ങള്‍ക്ക് ബാധകമല്ലേ? ഞങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന, ഞങ്ങളെ വളരെയധികം സ്നേഹിക്കുന്ന ലിസ്സിയുടെ വാക്കുകളാണിത്. അഞ്ചു മണിക്ക് ഉണ്ണാന്‍ പോകുമ്പോള്‍ പോലും മുഖഭാവം മാറുന്ന പല രോഗികളെയും കാണാറുണ്ട്-കാവ്യ സിസ്റ്ററുടേതാണ് പരിഭവം.

അവരുടെ മുഖത്തേക്ക് നോക്കണ്ട. പ്രശ്നം തീര്‍ന്നില്ലേ- പൊട്ടിച്ചിരിച്ചു കൊണ്ട് ലിസി തുടര്‍ന്നു. അവരുടെ മക്കളോ അടുത്ത ബന്ധുക്കളോ നിങ്ങളെപ്പോലെ ആശുപത്രി ജീവനക്കാരാണെങ്കില്‍ അവര്‍ക്കതു മനസ്സിലാകും. നിങ്ങള്‍ക്ക് ആരോഗ്യമില്ലെങ്കില്‍ ഞങ്ങളുടെ കാര്യം ആരു നോക്കും! ലിസ്സി എന്നെ നോക്കി കണ്ണിറുക്കിക്കാണിച്ചു.

ഇങ്ങനെ ചിന്തിക്കുന്ന ലിസ്സിമാരുടെ എണ്ണം വളരെക്കുറവാണ്. കഷ്ടി ഇരുപതില്‍ ഒരാളുണ്ടാവുമായിരിക്കുമോ. മനസ്സ് സ്വയം കണക്കാക്കി നോക്കി. അങ്ങനെ ആയിരുന്നു. പക്ഷേ, ഇപ്പോള്‍ അത് അന്‍പതില്‍ ഒരാളായി ചുരുങ്ങിയിട്ടുണ്ട്. മനസ്സ് സ്വയം കണക്കു കൂട്ടല്‍ തുടര്‍ന്ന് നിഗമനത്തിലെത്തി.

എല്ലാവര്‍ക്കും പരാതികള്‍ മാത്രം രോഗികളോടുള്ള സമീപനം മോശം, മണിക്കൂറുകള്‍ കാത്തിരിക്കണം ഡോക്ടറെ ഒന്നു കാണാന്‍, സിസ്റ്റര്‍മാര്‍ അവര്‍ക്കു വേണ്ടപ്പെട്ടവരെ വരിതെറ്റിച്ച് ആദ്യം വിളിക്കുന്നു, ഡോക്ടര്‍ക്കാണെങ്കില്‍ ഒന്നു സംസാരിക്കാന്‍ പോലും മനസ്സില്ല... പരാതിപ്പട്ടിക നീളുകയാണ്.

ഞങ്ങളെല്ലാം പൂര്‍ണരാണെന്നോ ഞങ്ങളുടെ പ്രവൃത്തികള്‍ ന്യായീകരിക്കുകയാണെന്നോ ആരും തെറ്റിദ്ധരിക്കരുതെന്ന് നേരത്തേ തന്നെ ജാമ്യം എടുക്കുകയാണ്. ചില കാര്യങ്ങള്‍ പൊതുജനം മനസ്സിലാക്കിയാല്‍ പരാതികള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നതു കൊണ്ടാണ് എഴുതാമെന്നു തീരുമാനിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്കിടെ എനിക്ക് ലഭിച്ച ചില സന്ദേശങ്ങള്‍ അതിന് ഒരു പ്രചോദനമായെന്നു മാത്രം.

ഡോക്ടറെ ഒന്നു കാണാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. വിശദമായി ഡോക്ടറോട് സംസാരിക്കാനോ സമയമില്ലാത്ത അവസ്ഥ. എന്തിനാണ് ലാഭമുണ്ടാക്കാന്‍ വേണ്ടി ഇത്രയധികം രോഗികളെ കാണുന്നത്? അതൊന്നു നിയന്ത്രിച്ചു കൂടേ... വളരെ സാധാരണയായി കേള്‍ക്കുന്ന പരാതിയാണിത്. പരാതി ശരിയാണെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ! എങ്ങനെ നിയന്ത്രിക്കും എന്നതാണ് ഏറ്റവും വലിയ പ്രശ്നം. താന്‍ 30 രോഗികളെ മാത്രമേ ഒരു ദിവസം കാണുകയുള്ളൂ എന്ന് ഒരു ഡോക്ടര്‍ തീരുമാനമെടുക്കുന്നു എന്നു വിചാരിക്കുക. നേരിട്ടോ ശുപാര്‍ശയിലൂടെയോ ആ ഡോക്ടറെ കാണണെന്ന് താരുമാനിച്ചവര്‍ ഉദ്ദേശിച്ച് സമയത്ത് തന്നെ ഡോക്ടറെ കണ്ടിരിക്കും. ഏതു സ്പെഷ്യലിസ്റ്റിനെയും നേരിട്ടു കാണാനുള്ള ഒരു സംവിധാനമുള്ള നാടാണ് നമ്മുടേത്.

പാശ്ചാത്യരാജ്യങ്ങളില്‍ അങ്ങനെ നേരിട്ട് കയറിച്ചെന്ന് കാണാന്‍ സാധിക്കില്ല. ഫാമിലി ഫിസിഷ്യനെ കണ്ട് അവര്‍ നിര്‍ദേശിച്ചെങ്കില്‍ മാത്രമേ ഒരു സ്പെഷ്യലിസ്റ്റിന്റെ അടുത്ത് എത്താനാവുകയുള്ളൂ. അതിനു ശേഷവും എണ്ണത്തില്‍ നിയന്ത്രണം പാലിക്കുകയും ചെയ്യും. ഇവിടെ ഒരു ഡോക്ടര്‍ കാണേണ്ട രോഗികളുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളിലേതിന്റെ പതിന്മടങ്ങാണ്. ഏതു സമയത്തും അസമയത്തും ഏതു ഡോക്ടറെയും കാണാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നമ്മുടെ നാട്ടിലുണ്ട്. അതിന്റെ മെച്ചങ്ങള്‍ കൂടി എല്ലാവരും അറിഞ്ഞിരിക്കണം. ഒരു ഡോക്ടറെ കാണാന്‍, പ്രത്യേകിച്ച് ഒരു സ്പെഷ്യലിസ്റ്റിനെ കാണാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട് പല രാജ്യങ്ങളിലും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ഡോക്ടറെ കാണാനുള്ള അവസരം നിങ്ങള്‍ക്കു ലഭിക്കണം എന്നില്ല. ഈ അവസ്ഥയില്‍ നമ്മുടെ നാട്ടിലേക്ക് പറന്നെത്തുന്ന ധാരാളം രോഗികളുണ്ട്. പരാതിപ്പെടുന്നവര്‍ ഒരു നിമിഷം ഒന്നാലോചിക്കുക- നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഡോക്ടറെ ഇന്ത്യയില്‍ എവിടെയാണെങ്കിലും എപ്പോളാണെങ്കിലും നേരിട്ട് പോയിക്കാണാനുള്ള സൗകര്യവും സമയവും സംവിധാനവും ലഭിക്കുമ്പോള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നാലും സാരമില്ല എന്ന് മറിച്ചൊന്നു ചിന്തിച്ചു കൂടേ ? ഒരു കാര്യം കൂടി ഒന്ന് അറിഞ്ഞിരിക്കുന്നതു നന്ന്. ആശുപത്രി ഉടമകള്‍ എപ്പോഴും ആഗ്രഹിക്കുന്നത് ഏറ്റവും കുറച്ച് രോഗികളും ഏറ്റവുമധികം ലാഭവും എന്നാണ്. രോഗികളുടെ തലയെണ്ണി ഡോക്ടര്‍ക്ക് ശമ്പളം കൊടുക്കുന്ന ആശുപത്രികള്‍ വളര്‍ന്നു വരരുതെന്ന് ഞാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. നിങ്ങളും പ്രാര്‍ഥിക്കേണ്ടത്, ആഗ്രഹിക്കേണ്ടത് അതാണ്.

രോഗി അത്യാസന്ന നിലയില്‍ ഐ.സി.യു.വിലാണ്. പരിചരിക്കുന്ന സിസ്റ്ററിന്റെ ഫോണ്‍കോള്‍- രോഗിയുടെ അസുഖത്തെക്കുറിച്ചും അസുഖത്തിന്റെ തീവ്രതയെക്കുറിച്ചും ആരും ഞങ്ങളോടു പറഞ്ഞിട്ടില്ല എന്നു പറഞ്ഞ് ഒരാള്‍ ഇവിടെക്കിടന്ന് വഴക്കടിക്കുന്നു...
എന്നെ കാണാന്‍ വരാന്‍ പറയൂ എന്നു പറഞ്ഞ് ഞാന്‍ ഒ.പി.യിലെ ഫോണ്‍ താഴെ വെച്ചു. അതാ കടന്നു വരുന്നു ഒരാള്‍..
എന്താ പ്രശ്നം? ഞാന്‍ ഇന്നലെ രോഗിയുടെ ബന്ധുക്കളോട് എല്ലാ വിവരവും പറഞ്ഞതാണല്ലോ... ഞാന്‍ ചോദിക്കേണ്ട താമസം മുറിയിലേക്ക് കടന്നു വന്ന വ്യക്തി ശബ്ദം ഉയര്‍ത്തി പറഞ്ഞു തുടങ്ങി-

ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല സാറേ... ആരും ഞങ്ങളോട് ഒന്നും പറഞ്ഞിട്ടുമില്ല.
അതിന് നിങ്ങളെ ഇതുവരെ രോഗിയുടെ കൂടെ കണ്ടിട്ടില്ലല്ലോ- എന്റെ ഈ വാക്കുകള്‍ക്ക് അയാളുടെ മറുപടി ഇങ്ങനെയായിരുന്നു-
ഞാന്‍ രോഗിയുടെ അളിയനാണ്. ഇന്ന് നാട്ടിലെത്തിയതേയുള്ളൂ അബുദാബിയില്‍ നിന്ന്. രണ്ടു ദിവസത്തിനകം തിരികെപ്പോകണം...
ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട് ഞൊടിയിടയില്‍ അപ്രത്യക്ഷരാകുന്ന ഇക്കൂട്ടരാണ് എക്കാലത്തും രോഗിയുടെയും ഉറ്റവരുടെയും ഏറ്റവും വലിയ ശത്രുക്കള്‍.

ഒരു പുരോഹിതന്റെ സന്ദേശമാണ് മറ്റൊരു അനുഭവം. അദ്ദേഹത്തിന്റെ സഹോദരന്‍ ഒരു ഓപ്പറേഷനു ശേഷം മരണമടഞ്ഞു. അദ്ദേഹത്തിന്റെ വാചകങ്ങളുടെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു- സാര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതെ ഓപ്പറേഷനു വിട്ടതു കാരണമാണ് എന്റെ സഹോദരന്‍ മരിച്ചത്. ഓപ്പേഷന്‍ തീയേറ്ററിലോ അതിനു ശേഷമോ അദ്ദേഹത്തെ കാണാന്‍ ഒരിക്കല്‍പ്പോലും ഡോക്ടര്‍ വന്നില്ല. അല്ലെങ്കിലും ഡോക്ടര്‍മാരെല്ലാം ഇങ്ങനെയാണ്- പൈസയ്ക്കു വേണ്ടി മാത്രം ജീവിക്കുന്നവര്‍.

മറ്റൊരു വിഭാഗത്തില്‍ കിടത്തി ചികിത്സിക്കുന്ന രോഗിയെ അവര്‍ ഔദ്യോഗികമായി വിളിക്കാതെ കാണാന്‍ മറ്റാര്‍ക്കും അനുവാദമില്ല എന്നു പറഞ്ഞിട്ടും അദ്ദേഹം എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്തു മറുപടി പറയാനാണ്!

ദൈവത്തിന്റെ പരിവേഷം കെട്ടി പ്രദര്‍ശിപ്പിച്ച് നിങ്ങളെപ്പോലെയുള്ള ഡോക്ടര്‍മാരെ സ്വന്തം സ്ഥാപനത്തിന്റെ കീശ നിറയ്ക്കാന്‍ ഉപയോഗിക്കുകയാണ് കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകള്‍- ഇത് മറ്റൊരാളുടെ പരാതിയാണ്. സുഹൃത്തേ, ഞാന്‍ ഒരിക്കലും ദൈവികമായ ഒരു കഴിവും അവകാശപ്പെട്ടിട്ടില്ല. പഠിച്ച ശാസ്ത്രം കഴിയും പോലെ നന്നായി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണ ഡോക്ടര്‍ മാത്രമാണ് ഞാന്‍. ഒരു സാധാരണ മനുഷ്യന്‍.- ഈ മറുപടിയില്‍ പക്ഷേ, അദ്ദേഹം തൃപ്തനാകില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു.
എന്റെ മനസ്സ് കുറച്ചു കൂടി ശക്തിയാര്‍ജിച്ചു എന്ന് തോന്നുന്നു. എനിക്കെതിരേ വിരല്‍ ചൂണ്ടുന്നതില്‍ ആഹ്ലാദിക്കുന്ന കുറച്ചു പേര്‍ക്കു വേണ്ടി മാറുന്നതിനെക്കാള്‍ എന്നെ സ്നേഹിക്കുന്ന, ലിസ്സിയെപ്പോലുള്ള രോഗികള്‍ക്കു വേണ്ടി ഇതേ പോലെ തുടരാനാണെനിക്കിഷ്ടം.

എന്നാലും ഹൃദയത്തിന്റെ ഒരു കോണില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പോറലേല്‍പിക്കുന്നുണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അതെ, തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനുള്ള അത്തരം വികാരങ്ങളില്ലെങ്കില്‍ നീയൊരു മനുഷ്യനല്ലല്ലോ- അത് എന്റെ മനസ്സിന്റെ ശബ്ദമായിരുന്നു.

Content Highlights: Dr.V.P.Gangadharan shares his treatment experiences, Health, Cancer, Cancer Awareness

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented