ഡോ. വി.പി. ഗംഗാധരൻ| ഫോട്ടോ: ബി. മുരളീകൃഷ്ണൻ
ജനുവരി 13ന് രാവിലെ ഉറക്കമുണര്‍ന്നത് വളരെ താമസിച്ചാണ്. ചുവരിലെ ക്ലോക്കിലേക്ക് കണ്ണോടിക്കുമ്പോള്‍ മണി എട്ടാവുന്നു. ആകെ ഒരലസത. കോവിഡിന്റെ തുടര്‍ക്കഥയായിരിക്കും ചെറിയ ചെറിയ ദേഹാസ്വാസ്ഥ്യങ്ങള്‍ എന്ന് മനസ്സിലോര്‍ത്തു. പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം മൊബൈല്‍ ഫോണ്‍ കൈയിലെടുത്തു. രാവിലെ വന്ന മിസ്ഡ്കോളുകള്‍ നോക്കിത്തുടങ്ങിയതേയുള്ളൂ. രമേശന്റെ ഫോണില്‍ നിന്ന് വിളികള്‍ നാല്. രവിയുടേത് രണ്ട്. അവസാനത്തെ വിളി വൈക്കത്തു നിന്ന് വേണുവിന്റേതായിരുന്നു. രമേശനെത്തന്നെ ആദ്യം തിരിച്ചു വിളിക്കാം എന്ന് തീരുമാനിച്ചു. തലേദിവസം കോഴിക്കോടോ കാസര്‍കോടോ മറ്റോ പ്രസംഗിക്കാന്‍ പോയിക്കാണും- ഞാന്‍ മനസ്സിലോര്‍ത്തു. അതിനു ശേഷം സ്ഥിരം വരുന്ന പനി, ചുമ, ശ്വാസം മുട്ട്- ഗംഗാധരന്‍ കഴിഞ്ഞ തവണ കുറിച്ച ആന്റിബയോട്ടിക് ഞാന്‍ രാവിലെ കഴിച്ചു തുടങ്ങി കേട്ടോ. ഓഗ്മെന്റിന്‍ 625 അല്ലേ? ഒന്നിടവിട്ട ആഴ്ചകളില്‍ കേള്‍ക്കുന്നതാണ് രമേശന്റെ ഇത്തരം വാക്കുകള്‍. അതു തന്നെ പ്രതീക്ഷിച്ചാണ് ഞാന്‍ രമേശനെ വിളിച്ചത്. എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റും പുകസ വൈസ് പ്രസിഡന്റും ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതിയില്‍ മെംബറുമൊക്കെയായ എന്റെ പ്രിയ സുഹൃത്ത് എസ്. രമേശന്‍.
രമേശാ... മരുന്ന് കഴിച്ച്.... ഫോണ്‍ കിട്ടിയതും ഞാന്‍ നേരേ ചോദിച്ചു തുടങ്ങിയതാണ്. അച്ഛനല്ല, ഇത് ഞാനാ അങ്കിളേ... സൗമ്യ. അച്ഛന്‍... അച്ഛന്‍.. രാവിലെ പോയി അങ്കിളേ...സൗമ്യ പൊട്ടിക്കരയുകയായിരുന്നു.
എന്റെ ഹൃദയമിടിപ്പ് നിന്നു പോയതു പോലെ! കൈയില്‍ ഫോണും പിടിച്ച് ഞാന്‍ തരിച്ചു നിന്നു പോയി.
അങ്കിളേ... രാവിലെ ബാത് റൂമില്‍... കരച്ചിലിനിടെ സൗമ്യ പറയുന്നതൊന്നു ഞാന്‍ കേട്ടില്ല. ഒറ്റയ്ക്കിരുന്ന് ഒന്നു പൊട്ടിക്കരയണമെന്നാണ് എനിക്കു തോന്നിയത്.
മനസ്സു നിറയെ രമേശന്റെ മുഖം. ചെവിയില്‍ രമേശന്റെ ശബ്ദം- കരയരുതൊരിക്കലും!
അതെ, കരയാനും തോറ്റു കൊടുക്കാനും മനസ്സില്ലാത്തയാളാണ് രമേശന്‍. വൈക്കം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ തുടങ്ങിയ സൗഹൃദമാണ്. 1965 മുതല്‍ 2022 ജനുവരി 13 വരെ മുറിയാതെ നിന്ന ആത്മബന്ധം.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന രമേശനെ ഞാന്‍ ഓര്‍ത്തു. കളിയോ ചിരിയോ ഒന്നുമില്ല. എപ്പോഴും ഗൗരവം നിറഞ്ഞ മുഖഭാവം മാത്രം. അങ്ങനെയുള്ളൊരു കുട്ടിയെ സാധാരണഗതിയില്‍ സ്‌കൂളില്‍ ആരും അറിയാന്‍ സാധ്യതയില്ലാത്തതാണ്. എന്നാല്‍, രമേശനെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും അറിയാമായിരുന്നു. തീപ്പൊരി പ്രസംഗം- ഞങ്ങളുടെ സഹപാഠിയായ ഉണ്ടപ്പൈയുടെ പ്രയോഗമാണത്. ആ തീപ്പൊരി പ്രസംഗമാണ് രമേശനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. രമേശന്റെ പ്രസംഗം ഞങ്ങള്‍ക്കൊക്കെ ഒരു ഹരമായിരുന്നു. തലതൊട്ടപ്പന്മാര്‍ കൂട്ടിനില്ലാത്തതിനാല്‍ രമേശന്‍ പലപ്പോഴും പ്രസംഗമത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെടുന്നത് സങ്കടത്തോടെയും ദേഷ്യത്തോടെയും ഞങ്ങള്‍ നോക്കിയിരുന്നിട്ടുണ്ട്. അപ്പോഴും രമേശന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടാകാറില്ല. ജയമായാലും അടിച്ചേല്പിച്ച പരാജയമായാലും ഒരേ പോലെ കാണാനും സ്വീകരിക്കാനുമുള്ള ഒരു കഴിവ് രമേശന്‍ അന്നേ നേടിയിരുന്നോ! അക്കാലത്തു തന്നെ മറ്റുപലരെയും പോലെ ഞാനും രമേശന്റെ ഒരു ആരാധകനായി മാറിക്കഴിഞ്ഞിരുന്നു.
ഏകദേശം അഞ്ചു വര്‍ഷത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിന്റെ വരാന്തയില്‍ കണ്ടുമുട്ടിയ ആ ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കുറേ ഏറെ സമയം രമേശന്റെ മുറിയിലിരുന്ന് കഴിഞ്ഞു പോയ അഞ്ചു വര്‍ഷത്തെ കാര്യങ്ങള്‍ ഞങ്ങള്‍ പങ്കു വെച്ചു. വായനയുടെ ലോകത്തായിരുന്നു അക്കാലത്തൊക്കെ രമേശന്‍ എന്ന് ഞാന്‍ മനസ്സിലാക്കി. മാക്സിം ഗോര്‍ക്കിയുടെ അമ്മ എന്ന നോവലിനെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചുമൊക്കെ രമേശന്‍ വാതോരാതെ സംസാരിക്കുകയായിരുന്നു. വലിയ ഭാവഭേദങ്ങളൊന്നുമില്ലാത്ത ആ മുഖത്തു നിന്നുതിരുന്ന വാക്കുകളില്‍ പക്ഷേ, ഒരുതരം വിപ്ലവീര്യമുണ്ടായിരുന്നു.
അവിടം മുതലാണ് ഞങ്ങളുടെ നീണ്ട സൗഹൃദബന്ധം ദൃഢമാകുന്നത്. മൂന്നു വര്‍ഷം ഞങ്ങള്‍ മഹാരാജാസ് കോളേജിന്റെ ഹോസ്റ്റലില്‍ ഒരുമിച്ചുണ്ടായിരുന്നു. മടുപ്പു തോന്നുമ്പോഴൊക്കെ നേരേ രമേശന്റെ മുറിയിലേക്കാണ് കയറിച്ചെല്ലുക. ചിലപ്പോള്‍ എന്തെങ്കിലും എഴുത്തോ അല്ലാത്തപ്പോഴൊക്കെ പുസ്തകവായനയോ ആയി രമേശന്‍ മുറിയില്‍ തന്നെ ഉണ്ടാകും. പുസ്തകങ്ങള്‍ വായിക്കാന്‍, പ്രത്യേകിച്ച് മികച്ച മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ രമേശന്‍ തന്നിട്ടുള്ള പ്രേരണ വലുതായിരുന്നു.
എത്രയെത്ര പ്രസംഗമത്സരവേദികളില്‍ ഞാന്‍ രമേശനെ അനുഗമിച്ചിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. രമേശന്‍ പ്രസംഗിച്ചു തുടങ്ങുമ്പോള്‍ ഹാള്‍ നിശ്ശബ്ദമാകും. രമേശന്റെ ശബ്ദത്തിനാകട്ടെ പ്രത്യേകിച്ചൊരു മുഴക്കവുമുണ്ട്. ഒരു ചെറിയ തീപ്പൊരിയില്‍ തുടങ്ങി തിളച്ചുമറിയുന്ന ഒരു അഗ്‌നിപര്‍വതമായി മാറുന്ന രമേശന്റെ തകര്‍പ്പന്‍ പ്രസംഗം. അവിടെ വാക്കുകള്‍ കൊണ്ടുള്ള അമ്മാനാട്ടങ്ങളോ കേട്ടുമടുത്ത പദപ്രയോഗങ്ങളോ ഇല്ല. യാന്ത്രികമായ ഭാവങ്ങളില്ല. പ്രസംഗത്തില്‍ അലിഞ്ഞു നിറയുകയാണ് രമേശന്റെ രീതി. ആ വാക്കുകളുടെ തീക്ഷ്ണത, ഭാവ തീവ്രത വിവരിക്കാവുന്നതിനപ്പുറമായിരിക്കും. സംഗതിയൊക്കെ ശരി. പക്ഷേ, ഫലം വരുമ്പോള്‍ പലപ്പോഴും രമേശന്‍ രണ്ടാമനായിരിക്കും! തലതൊട്ടപ്പന്മാരുണ്ടായിരുന്ന ആ കുട്ടി തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്. തോല്‍വി അംഗീകരിക്കുന്നവന്‍ എന്ന നിലയില്‍ നിന്ന് തോല്‍വി മനസ്സിലില്ലാത്തവനായി രമേശന്‍ മാറിക്കഴിഞ്ഞിരുന്നു എന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.
പിന്നെയും ചില ഇടവേളകള്‍ വന്ന ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ശക്തമായത് തിരുവനന്തപുരത്തെ ജീവിതത്തിനിടയിലാണ്. രമേശന്‍ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ അംഗമായും ഞാന്‍ ആര്‍.സി.സി.യിലെ ഡോക്ടറായും അവിടെയുണ്ടായിരുന്ന കാലം. സെക്രട്ടറിയേറ്റില്‍ വെച്ചാണ് പലപ്പോഴും കണ്ടുമുട്ടാറുള്ളത്. മണിക്കൂറുകള്‍ നീളുന്ന വര്‍ത്തമാനങ്ങളില്‍ പലപ്പോഴും തലസ്ഥാന നഗരിയിലെ രാഷ്ട്രീയവും ചുവപ്പുനാടയുടെ കുരുക്കുകളും ഒക്കെയാവും പറയാനുണ്ടാവുക. തിരുവനന്തപുരത്ത് എനിക്കുണ്ടായ പ്രശ്നങ്ങള്‍ പങ്കുവെക്കാനും പരിഹാരം കാണാനും ഒരു ഉറ്റ സുഹൃത്തായി രമേശന്‍ എന്നും എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. തോറ്റുകൊടുക്കരുത് ഗംഗാധരാ... സ്ഥാപിത താത്പര്യക്കാരുടെ മുന്നില്‍ തല കുനിക്കരുത്. വീറോടെ ആഞ്ഞടിക്കണം.. തകര്‍ത്ത് തരിപ്പണമാക്കണം... വിട്ടുവീഴ്ചയില്ലാത്ത ഒരു വിപ്ലവകാരിയുടെ വാക്കുകളായിരുന്നു അത്. വീണ്ടും ഞങ്ങള്‍ എറണാകുളത്ത് എത്തി. സൗഹൃദത്തിന്റെ നാലാം ഘട്ടം. അന്താരാഷ്ട്ര പുസ്തക പ്രദര്‍ശനത്തിനും പബ്ലിക് ലൈബ്രറിയിലെ പരിപാടികള്‍ക്കും ഞാന്‍ പങ്കെടുക്കാനുള്ള കാരണം രമേശന്റെ സാന്നിധ്യം തന്നെ ആയിരുന്നു.
തിരുവനന്തപുരത്തെ പ്രൊഫഷനല്‍ പീഡനങ്ങള്‍ ഗംഗാധരന്‍ എഴുതി പ്രസിദ്ധീകരിക്കണം. സമൂഹം അറിയണം അതെല്ലാം. ഇനി ആര്‍ക്കും അങ്ങനെ ഒരനുഭവം ഉണ്ടാകാന്‍ പാടില്ല... ഇതുവരെ എനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ രമേശന്റെ ഒരു ആഗ്രഹം.
നല്ല വിവരവും വിവേകവും വിനയവും ഉള്ള ഒരു മനുഷ്യന്‍. നേരേ വാ, നേരേ പോ എന്നു മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യസ്നേഹി. രമേശനെക്കുറിച്ച് അന്തരിച്ച ബാബുപോള്‍ സാര്‍ ഐ.എ.എസ്. പറഞ്ഞ വാക്കുകളാണിത്.
തികഞ്ഞ ശാന്തനാണ് എപ്പോഴും. ആരുടെ മുന്നിലും മുട്ടുമടക്കാത്ത, കറ കളഞ്ഞ ഒരു ഇടതുപക്ഷ രാഷ്ട്രീയ ചിന്തകന്‍, അനുയായി. നേതൃനിരയിലേക്ക് പറന്നുയരേണ്ടിയിരുന്ന ഒരു മഹദ് വ്യക്തി. കവി, മികച്ച പ്രസംഗകന്‍ ഇങ്ങനെ പോകുന്നു രമേശനെക്കുറിച്ചുള്ള വിവരണങ്ങള്‍. അര്‍ഹതപ്പെട്ട പലതും തനിക്ക് കിട്ടാതെ പോയതിനെക്കുറിച്ച് അവസാന കാലങ്ങളില്‍ ചിലപ്പോള്‍ രമേശന്‍ പറയുമായിരുന്നു. എങ്ങും തലതൊട്ടപ്പന്മാരില്ലാതിരുന്നതിനാല്‍ എന്നും പിന്നിലേക്ക് മാറ്റനിര്‍ത്തപ്പെട്ടിരുന്നയാള്‍ എന്ന് അപ്പോളൊക്കെ ഞാനോര്‍ത്തിരുന്നു.
ഒരിക്കല്‍ രമേശന്‍ പറഞ്ഞു- അവസാനം ഞാന്‍, പലര്‍ക്കും കയറിപ്പോകാനുള്ള ഒരു ചവിട്ടുപടിയായി മാത്രം മാറി. ഒരു നല്ല നിയമസഭാ സാമാജികനെയോ മന്ത്രിയെയോ ഒക്കെയാണ് കേരളത്തിന് നഷ്ടമായത്. കവി, സാഹിത്യകാരന്‍ എന്ന നിലയിലുള്ള ഉയര്‍ന്ന അംഗീകാരങ്ങളും രമേശന് നിഷേധിക്കപ്പെട്ടു. അംഗീകാരങ്ങള്‍ക്കും ആദരവുകള്‍ക്കും പുറകേ പായാത്ത പച്ചയായ ഒരു മനുഷ്യന്‍!
മരിക്കാന്‍ എനിക്ക് ഭയമില്ല ഗംഗാധരാ... അവസാനകാലത്ത്, ഒരു ഓപ്പറേഷനു വേണ്ടി തയ്യാറെടുക്കുമ്പോള്‍ രമേശന്‍ എന്നോടു പറഞ്ഞു.
ഓപ്പറേഷന്‍ ചെയ്യുന്ന സമയത്തു പോലും മരണം സംഭവിക്കാവുന്ന അസ്ഥയായിരുന്നു... സുഹൃത്തായ സര്‍ജന്‍ ഡോ.ബാഷിയും ആദ്യം ഒന്നു ശങ്കിച്ചാണ് ഓപ്പറേഷന് തയ്യാറായത്.
അനങ്ങാനാവാതെ. ശ്വാസംമുട്ടലുമായി എനിക്ക് ജീവിക്കണ്ട. അതിലും ഭേദം മരണമാണ്- രമേശന്റെ ദൃഢനിശ്ചയം. അതാണ് രമേശനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നതും.
രമേശന്റെ മരണവും ആഗ്രഹിച്ച പോലെ തന്നെ. അക്ഷരാര്‍ഥത്തില്‍ 'ജീവിച്ച്' മരിച്ചു. വര്‍ഷങ്ങളായി രോഗത്തോട് മല്ലിട്ടുള്ള ഒരു ജീവിതം. ആരും അറിഞ്ഞിരുന്നില്ലെന്ന് മാത്രം.
ഇത്ര പെട്ടെന്ന് പോയത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല അങ്കിള്‍... ദിവസങ്ങള്‍ കഴിഞ്ഞ് വിളിക്കുമ്പോളും മകള്‍ സൗമ്യ പറഞ്ഞു. എനിക്കും- ഞാന്‍ പറഞ്ഞു. പെട്ടെന്ന് ഞാന്‍ തിരുത്തി. ഞങ്ങള്‍ക്ക് ആര്‍ക്കും സൗമ്യേ..
അതേ, പരിചയപ്പെട്ട ആര്‍ക്കും രമേശനെ മറക്കാന്‍ സാധിക്കില്ല. ആ സ്നേഹവും സൗഹൃദവും അനുഭവിച്ചവരുടെ മനസ്സില്‍ രമേശന്‍ മരിച്ചിട്ടില്ല. മരിക്കില്ല ഒരിക്കലും.
Content Highlights: Dr. V. P. Gangadharan shares his memory about his close friend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..