ഇല്ല... അദ്ദേഹത്തെ നമ്മള്‍ മരിക്കാനനുവദിക്കില്ല


4 min read
Read later
Print
Share

ഈ ഡോക്ടര്‍ക്ക് ഭ്രാന്താണ്- തിരുമേനി പ്രസംഗം ആരംഭിച്ചത് ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു. ആ പ്രസ്താവന കഴിഞ്ഞ് തിരുമേനി ഒരു ചെറിയ മൗനത്തിലാണ്ടു. കേട്ടു കൊണ്ടിരുന്നവര്‍ ശരിക്കുമൊന്ന് ഞെട്ടി. ഞാനും ഞെട്ടി. എന്റെ അടുത്തിരുന്ന കൂട്ടുകാരനായ ഡോക്ടറുടെ മുഖം പൊടുന്നനെ വിളറി വെളുത്തു. ഇരിക്കുന്ന കൊമ്പു വെട്ടുന്ന ഈ ഡോക്ടറെ പിന്നെ ഞാന്‍ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നായി ഗൗരഭാവത്തില്‍ തിരുമേനിയുടെ അടുത്ത ചോദ്യം

Photo: Sivaprasad. G, Pradeep Kumar B.S| Mathrubhumi

ഡോക്ടറേ, ജീവിതം ചിരിച്ചു ജീവിക്കാനുള്ളതാണ്. സന്തോഷിക്കാനുള്ളതാണ്. വാക്കുകള്‍ ഒരശരീരി കണക്കെ. തിരുമേനിയുടെ ശബ്ദമാണത്. മാര്‍ക്രിസോസ്റ്റം തിരുമേനി അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ പുഞ്ചിരി മാത്രം വാഴുന്ന കാരുണ്യം വഴിയുന്ന ആആ മുഖം മനസ്സിലേക്ക് ഓടിയെത്തി. ചിരിയുടെ തിളക്കമുള്ള കുറേയേറെ ഓര്‍മകളും. 15 വര്‍ഷത്തിലധികമായി അടുത്ത പരിചയമുണ്ട് തിരുമേനിയുമായി. ഒരുമിച്ച് പങ്കിട്ട എത്രയോ വേദികള്‍. എല്ലാം ഇന്നലെയെന്നപോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു. പതിഞ്ഞ സ്വരത്തില്‍, പെറുക്കിയെടുത്ത കൊച്ചു കൊച്ചു മലയാളം വാക്കുകളിലൂടെ തുടങ്ങുന്ന ആ പ്രസംഗം നിമിഷങ്ങള്‍ക്കകം നര്‍മത്തിന്റെ മാലപ്പടക്കത്തിന് തീ കൊളുത്തിയ അവസ്ഥയിലേക്കെത്തും. തീരാനഷ്ടം- അല്ലാതെന്തു പറയാന്‍!

തിരുമേനിയെ പരിചയപ്പെടാനിടയായത് നാലഞ്ചു വരികളുള്ള ഒരു ശുപാര്‍ശക്കത്തിലൂടെയാണ്. ഞാന്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലം.കൈയില്‍ ചുരുട്ടിപ്പിടിച്ച ഒരു കവറുമായി ഒരു പതിനെട്ടുകാരന്‍ എന്റെ മുറിയിലേക്ക് കടന്നു വന്നു. സാറേ... ഞാന്‍ മണി. എന്റെ അമ്മയ്ക്ക് കാന്‍സറാണ്. സാറിനെ കാണിക്കാന്‍ വരുമ്പോള്‍ ഈ കത്ത് സാറിന് തരാന്‍ തിരുമേനി പറഞ്ഞു. ''ഞാന്‍ മണിയെ അറിയും. സാമ്പത്തികമായി തകര്‍ന്ന ഒരു കുടുംബമാണ്. അവന്റെ അമ്മയ്ക്ക് കാന്‍സറാണ്. കഴിയുന്ന സഹായം ചെയ്തു കൊടുക്കുമല്ലോ'' താഴെ തിരുമേനിയുടെ ഒപ്പും ഫോണ്‍ നമ്പറുമുണ്ടായിരുന്നു. ചികില്‍സക്കാലത്തുടനീളം മണിയുടെ കൂടെ തിരുമേനി ഉണ്ടായിരുന്നു എന്നത് മണിയുടെ സാക്ഷ്യം. എല്ലാ ദിവസവുമെന്നോണം, മണിയുടെ അമ്മയുടെ അസുഖ വിവരങ്ങള്‍ തതിരുമേനി എന്നോട് ഫോണിലൂടെ അന്വേഷിക്കുന്നുണ്ടായിരുന്നു എന്നത് എനിക്കു മാത്രമറിയാവുന്ന സത്യം.

തിരുമേനിയെക്കുറിച്ചും അദ്ദേഹത്തിന്റെ വലിയ നര്‍മബോധത്തെക്കുറിച്ചും ഞാന്‍ കൂടുതല്‍ അറിയുന്നത് അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ജോയി കുളനടയിലൂടെയാണ്.ആകസ്മികമെന്ന് പറയട്ടേ, തിരുമേനിയുമൊത്ത് ഞാന്‍ ആദ്യമായി വേദി പങ്കിട്ടതും കുളനടയില്‍ വെച്ചായിരുന്നു. എന്റെ ഉറ്റ സുഹൃത്തായ ഒരു ഡോക്ടര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനമായിരുന്നു വേദി. സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ പ്രമേഹത്തെക്കുറിച്ചുള്ള സര്‍വേയും കുട്ടികളുടെ ബോധവത്കരണവുമായിരുന്നു വിഷയം. തിരുമേനിയായിരുന്നു ഉദ്ഘാടകന്‍.

ഈ ഡോക്ടര്‍ക്ക് ഭ്രാന്താണ്- തിരുമേനി പ്രസംഗം ആരംഭിച്ചത് ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു. ആ പ്രസ്താവന കഴിഞ്ഞ് തിരുമേനി ഒരു ചെറിയ മൗനത്തിലാണ്ടു. കേട്ടു കൊണ്ടിരുന്നവര്‍ ശരിക്കുമൊന്ന് ഞെട്ടി. ഞാനും ഞെട്ടി. എന്റെ അടുത്തിരുന്ന കൂട്ടുകാരനായ ഡോക്ടറുടെ മുഖം പൊടുന്നനെ വിളറി വെളുത്തു. ഇരിക്കുന്ന കൊമ്പു വെട്ടുന്ന ഈ ഡോക്ടറെ പിന്നെ ഞാന്‍ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നായി ഗൗരഭാവത്തില്‍ തിരുമേനിയുടെ അടുത്ത ചോദ്യം. 'വീഴാന്‍ സ്വയം കുഴി തോണ്ടുന്ന വിഡ്ഢി!' തിരുമേനി വിടുന്ന മട്ടില്ല.. നിങ്ങള്‍ക്ക് മനസ്സിലായില്ല അല്ലയോ... മുന്നിലിരുന്ന കുട്ടികളെ നോക്കി കണ്ണിറുക്കി തിരുമേനി പതുക്കെയൊന്ന് ചിരിച്ചു.

'ഇദ്ദേഹമാണെങ്കില്‍, പഞ്ചസാര രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍. ഇദ്ദേഹത്തിന്റെ ഏക വരുമാനവും അതു തന്നെ. എന്റെ സുഹൃത്തായ ഡോക്ടറെ നോക്കി തിരുമേനി ചിരിച്ചു. പഞ്ചസാര രോഗികളെ ചികില്‍സിക്കുന്ന ഈ ഡോക്ടര്‍ ഈ പാടൊക്കെ പെട്ട് ഈ ക്യാമ്പ് നടത്തി പഠിപ്പിക്കുന്നതെന്താ!പഞ്ചസാര രോഗം എങ്ങനെ വരാതെ നോക്കാമെന്നും. കുട്ടികള്‍ അതു പഠിച്ച് അവര്‍ക്ക് പഞ്ചസാര രോഗം വരാതെ നോക്കണം. വീട്ടുകാരോട് പറഞ്ഞ് അവര്‍ക്കും രോഗം വരാതെ നോക്കണം എന്ന്. പഞ്ചസാര രോഗികള്‍ ഇല്ലാതായാല്‍ പിന്നെ ഈ ഡോക്ടര്‍ ആരെ ചികില്‍സിക്കും! നമ്മള്‍ ആരെങ്കിലും ചെയ്യുമോ ഇങ്ങനത്തെ മണ്ടത്തരം! തിരുമേനി ഞങ്ങളെ നോക്കുമ്പോള്‍ സദസ്സിലും വേദിയിലും എല്ലാവരും നിര്‍ത്താതെ ചിരിക്കുകയായിരുന്നു.

ലേക്‌ഷോര്‍ ആശുപത്രിയാണ് മറ്റൊരു വേദി. ക്രിസ്മസ് നവല്‍സര സന്ദേശം നല്‍കാനായി തിരുമേനി സ്റ്റേജില്‍. ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ് ആള്‍ക്കൂട്ടം. നിങ്ങളെല്ലാവരും കൂടി എന്നെ ഇരുത്തിയല്ലോ... അതു കൊണ്ട് ഞാന്‍ ഇരുന്നു കൊണ്ട് പ്രസംഗിക്കാം എന്ന ആമുഖത്തോടെയാണ് തിരുമേനി പ്രസംഗം ആരംഭിച്ചത്. മനുഷ്യന് ഏറ്റവും ആവശ്യം മനോസുഖമാണ്. ജീവിതത്തില്‍ അതില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും പ്രയോജനമൊന്നുമില്ല. സുഖമെന്താണെന്ന് ഡോക്ടര്‍ക്ക് അറിയാമോ? മുന്‍ വരിയിലിരുന്ന മധ്യവയസ്‌കനായ ഒരു ഡോക്ടറുടെ നേരേ കൈ ചൂണ്ടി തിരുമേനി ചോദിച്ചു. ഉത്തരം കിട്ടാതെ വന്നപ്പോള്‍ തിരുമേനി തുടര്‍ന്നു- കണ്ടോ ഇവിടെ കൂടിയിരിക്കുന്ന ഭൂരിഭാഗം പേര്‍ക്കും സുഖം എന്താണെന്ന് അറിയില്ല. പക്ഷേ, എനിക്കറിയാം. സുഖമെന്താണെന്ന് എനിക്കറിയാം. എന്താണെന്നറിയാമോ... തിരുമേനി ചെറിയൊരു നിശ്ശബ്ദതയിലേക്ക് നിര്‍ത്തിയപ്പോള്‍ ഓഡിറ്റോറിയം നൂറു നൂറ് ഉത്തരം വിളിച്ചു പറഞ്ഞു. തിരുമേനി ദൈവത്തിന്റെ അടുത്ത ആളായതു കൊണ്ട്. ദൈവകൃപ കൊണ്ട്... ഓരോരുത്തരും ഓരോരോ ഉത്തരം വിളിച്ചു പറയാന്‍ തുടങ്ങി.

അതൊന്നുമല്ല. ദൈവത്തിന്റെ അടുത്ത ആളുകളും ദൈവകൃപ ഏറെയുള്ള ആളുകളുമൊക്കെ നിങ്ങളാണ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിങ്ങളാണ് ദൈവത്തിന്റെ സ്വന്തം മക്കള്‍, അല്ലാതെ ഞാനല്ല. അടുത്ത് ഗ്ലാസ്സിലിരുന്ന വെള്ളം ഒരിറക്കു കുടിച്ച് തിരുമേനി വീണ്ടും മുന്നിലിരുന്ന ആ ഡോക്ടറുടെ നേരേ തിരിഞ്ഞു. സുഖമെന്താണെന്ന് അറിയില്ല, അല്ലേ! എങ്ങനെ അറിയാന്‍! പെണ്ണു കെട്ടിപ്പോയില്ലേ! പിന്നെ ഡോക്ടര്‍ എങ്ങനെയാണ് ജീവിതത്തില്‍ സുഖം എന്താണെന്ന് അറിയുക! നിങ്ങളൊക്കെ പെണ്ണു കെട്ടിയവരും ചെറുക്കനെ കെട്ടിയവരുമാണ്. അല്ലാത്ത ചുരുക്കം ചിലര്‍ കെട്ടാനിരിക്കുന്നവരും. ഞാന്‍ പെണ്ണു കെട്ടിയിട്ടില്ല. അതു കൊണ്ട് സുഖമെന്താണെന്ന് എനിക്കറിയാം. മനോസുഖമെന്താണെന്ന് എനിക്കറിയാം. സദസ്സിന്റെ കൈയടികള്‍ക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ തിരുമേനിയുടെ വാക്കുകള്‍ കുറച്ചിട ആര്‍ക്കും കേള്‍ക്കാന്‍ പറ്റാതായിപ്പോയി.

തിരുവല്ലയ്ക്കടുത്തായിരുന്നു മറ്റൊരു വേദി. കാന്‍സര്‍ ബോധവത്കരണ ക്ലാസ്സും കാന്‍സര്‍ നിര്‍ണയ ക്യാമ്പും ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് തിരുമേനി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയും സ്‌കൂള്‍ കുട്ടികളടക്കം തിങ്ങിനിറഞ്ഞ ക്ലാസ്സ് മുറികളും. വേദിയില്‍ തിരുമേനിയുടെ ഇരുവശത്തുമായി ഞാനും ചിത്രയും. എന്റെ രണ്ടു വശത്തായി ഇരിക്കുന്ന ഇവര്‍... ഈ രണ്ടു ഡോക്ടര്‍മാര്‍. ഇവര്‍ രണ്ടു പേരുമാണ് ദൈവത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ദൈവത്തിന്റെ മാത്രമല്ല, മനുഷ്യരുടെയും വലിയ ശത്രുക്കളാണ് ഇവര്‍ രണ്ടു പേരും. ചിത്രയുടെ മുഖം മങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. തിരുമേനിയെ നന്നായി അറിഞ്ഞിരുന്നതു കൊണ്ട് ഞാന്‍ അടുത്ത വാക്കുകള്‍ക്കായി കാത്തിരുന്നു.

ഇവര്‍ മാത്രമല്ല, ഡോക്ടര്‍മാരെല്ലാം ദൈവത്തിന്റെയും നിങ്ങളുടെയും ശത്രുക്കളാണ്. ഞാന്‍ അങ്ങനെ പറയാന്‍ കാരണമെന്താണെന്ന് അറിയാമോ- ഡോക്ടര്‍മാര്‍ ഒരാളെയും മരിക്കാന്‍ സമ്മതിക്കില്ല. ഇവരുടെ ജോലി തന്നെ എങ്ങനെയും രോഗികളെ മരണത്തില്‍ നിന്ന് രക്ഷിക്കലാണ്. എങ്ങനെയെങ്കിലും ഈ ലോകത്തു നിന്ന് ഈ നരകദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടണമെന്ന് വിചാരിച്ച് കിടക്കുന്ന ഇവര്‍ വലിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും. ജനനവും മരണവും ദൈവനിശ്ചയമാണ്. എന്നാലോ! ഇവര്‍ ദൈവം നിശ്ചയിച്ചതീയതിയിലും നേരത്തേ ജനിപ്പിക്കും. മരിക്കാനാണെങ്കിലോ ഇവരൊട്ടു സമ്മതിക്കത്തുമില്ല. അതാണ് ഇവര്‍ ദൈവത്തിന്റെ ശത്രുക്കളാണെന്ന് ഞാന്‍ പറഞ്ഞത്. തിരുമേനി പറഞ്ഞു തീരും മുമ്പ് കുട്ടികളടക്കം എല്ലാവരും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങിയിരുന്നു.

ഞാനും ഒരു കാന്‍ര്‍ രോഗിയായിരുന്നു. ഒരു സൗഹൃദ സംഭാഷണത്തിനിടെ തിരുമേനി പറഞ്ഞു. ചികില്‍സയുടെ ഭാഗമായി കീമോ തെറാപ്പിയുമുണ്ടായിരുന്നു. കീമോ തെറാപ്പി എടുക്കുമ്പോള്‍ കഴുത്തിനു മുകളിലേക്ക് ചില മാറ്റങ്ങള്‍ വരും. മുടി കൊഴിയും... ഒരു മലയാളി ഡോക്ടറാണ് തിരുമേനിയോട് കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ വിവരിച്ചു കൊടുത്തതത്രേ! തലമുടിയല്ലേ പോവുകയുള്ളൂ... ഉറപ്പല്ലേ... തല പോകില്ലല്ലോ... എന്ന് സംശയം ചോദിച്ചപ്പോള്‍ ആ ഡോക്ടര്‍ പൊട്ടിച്ചിരിച്ചു എന്നാണ് തിരുമേനി പറഞ്ഞത്.

ചിരിയായിരുന്നു തിരുമേനിയുടെ മുഖമുദ്ര. നര്‍മമായിരുന്നു അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ ആയുധം. ഇല്ല, തിരുമേനിക്ക് മരണമില്ല. അദ്ദേഹം പറഞ്ഞ പോലെ അദ്ദേഹത്തെ മരിക്കാന്‍ അനുവദിക്കില്ല. നമ്മുടെയൊക്കെ മനസ്സില്‍ ഒരിക്കലും മരണമില്ലാതെ അദ്ദേഹം ജീവിക്കും. മായാത്ത ചിരിയുടെ തിളക്കവുമായി, മൂര്‍ച്ച കുറയാത്ത നര്‍മവുമായി.

Content Highlights: Dr V. P. Gangadharan about Dr Philipose Mar Chrysostom Valiya Metropolitan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr.vp.gangadharan
Premium

4 min

'ഞങ്ങളുടെ ഡോക്ടറുടെ കാലം കഴിഞ്ഞാല്‍, എന്നെ ചികിത്സിക്കാന്‍ നല്ലൊരു ഡോക്ടറെക്കൂടി തരേണമേ' | സ്‌നേഹഗംഗ

Sep 28, 2023


Dr VP Gangadharan
Premium

4 min

ഗര്‍ഭിണിയായിരുന്ന എന്റെ വയറ്റത്തു കൈവെച്ച്‌ അദ്ദേഹം പറയുമായിരുന്നു, ഇവനെ ഡോക്ടറാക്കണം | സ്‌നേഹഗംഗ

Jul 21, 2023


dr vp gangadharan
Premium

3 min

'സാറാണ് ചികിത്സിക്കുന്നത് എന്നറിഞ്ഞാൽ കാൻസറാണെന്ന് മനസ്സിലാകും' എന്നു പറയുന്ന ബന്ധുക്കൾ | സ്‌നേഹഗംഗ

Jun 6, 2023


Most Commented