സ്വാബ് ഡ്യൂട്ടിക്കണിഞ്ഞ പടച്ചട്ടകളെല്ലാം അഴിച്ച് കളഞ്ഞ് കുളിച്ച്, ഡ്യൂട്ടി റൂമിൽ ഒറ്റയ്ക്ക് ഉച്ചഭക്ഷണം കഴിക്കാനിരുന്നപ്പോൾ മണി മൂന്നര. സൈലന്റ് മോഡിലായിരുന്ന ഫോൺ കീശയിൽ കിടന്ന് വിറയ്ക്കുന്നുണ്ട്. കുറച്ചധികം മിസ്ഡ് കോളുകൾ ഉണ്ട്. ഭക്ഷണമൊക്കെ കഴിഞ്ഞ് പിന്നെ ഓരോന്നും നോക്കി തിരിച്ച് വിളിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ഫോൺ വിളി.

'ഹലോ ...ഡോക്ടറല്ലേ'

'അതേ'

'ഞാൻ..... സംഘടനയുടെ സെക്രട്ടറിയാണ്.
ഞങ്ങൾ കൊറോണയ്ക്കെതിരെ പോരാടുന്ന
ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നുണ്ട്. ഈ മാസം പതിനൊന്നിന്'

'അയ്യോ സുഹൃത്തേ,
ഇപ്പോൾ ആദരവൊന്നും വേണ്ട.
കൊറോണ വ്യാപനം കൂടുന്നു. അതോടൊപ്പം ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടുന്നുമില്ല. ജോലിഭാരം കൂടി കൊണ്ടിരിക്കുകയാ.
ഇപ്പോൾ ഒരു ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത് ഔചിത്യമല്ല.
ആൾക്കൂട്ടം അതെന്ത് കാരണത്തിനായാലും ഒഴിവാക്കുക. കൊറോണ വ്യാപനം തടയുവാനുള്ള മുൻകരുതലുകൾ എടുക്കുക.അതാണ് ഇപ്പോൾ ഞങ്ങൾക്ക് തരാവുന്ന എറ്റവും വലിയ ആദരവ്. വിഷമം വിചാരിക്കരുത്'

അങ്ങേ തലയ്ക്കലുള്ള ആൾക്ക് ബോധ്യപ്പെട്ടോ എന്നറിയില്ല. ശരി എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി.

അഹമ്മതി എന്ന് കരുതുമോ ആവോ?

കൊറോണക്കാലമായതുകൊണ്ടാണ്. അല്ലെങ്കിൽ ആര് ആദരിക്കാൻ എന്ന് മറുമൊഴി കേട്ടുവോ?

വിശപ്പിന്റെ വിളി ചിന്തകൾക്ക് കടിഞ്ഞാണിട്ടു. ഞാൻ ചോറ്റുപാത്രം തുറന്നു. കാലത്തെ തന്ന് വിട്ട ഭക്ഷണം കേടായിട്ടില്ല. നല്ല സ്വാദ്.

* കൊറോണ പ്രതിരോധം

(വൈക്കം താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനാണ് ലേഖകന്‍)

 

Content Highlights:Corona Stories, Dr Praveen Maruvancherry writes about covid19, Health