പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആദ്യമായി കാണുന്നത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ ന്യൂമെന്‍സ് ഹോസ്റ്റലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഞങ്ങള്‍ സ്റ്റഡി ടൂര്‍ വരികയായിരുന്നു. മെഡിക്കല്‍ കോളേജിന്റെ മുന്നിലെത്തിയപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡനും ഫിസിക്‌സ് അധ്യാപകനുമായിരുന്ന ഫാദര്‍ പരുവപ്പറമ്പില്‍ ബസ്സ് നിര്‍ത്താന്‍ പറഞ്ഞു. ഡിഗ്രിക്ക് പഠിക്കുന്ന ബോട്ടണി സുവോളജിക്കാരെയും പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പുകാരെയും ബസ്സില്‍ നിന്നിറക്കി അച്ചന്‍ മെഡിക്കല്‍ കോളേജിന്റെ മുന്നിലേക്ക് നടന്നു. മെഡിക്കല്‍ കോളേജിന്റെ മുന്‍വശത്ത് ഇന്ന് കാണുന്ന ആര്‍ച്ചും കോലാഹലവുമില്ല. അകത്തേക്കുള്ള വഴിയുടെ ഇരുവശത്തും രോഗികള്‍ക്ക് കഞ്ഞി വില്‍ക്കുന്ന സ്ത്രീകള്‍ ഇരിക്കുന്നതാണ് ആദ്യം ശ്രദ്ധിച്ചത്. അവരില്‍ ചിലര്‍ മെഡിക്കല്‍ കോളേജ് പണിയുമ്പോള്‍ കല്ല് ചുമന്നവരും അവരുടെ മക്കളും മരുമക്കളുമാണെന്ന് പില്‍ക്കാലത്ത് അറിയാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി പോലീസ് ആദ്യം കുടിയൊഴിച്ചതും ഇവരെയായിരുന്നു. കഞ്ഞിക്കലങ്ങള്‍ ഓരോന്നായി റോഡിലേക്ക് കമഴ്ത്തപ്പെട്ടു. സ്ത്രീകളുടെ മുദ്രാവാക്യം കുറച്ചുദിവസം മുഴങ്ങിക്കേട്ടെങ്കിലും ക്രമേണ അത് ദുര്‍ബ്ബലമായി അവസാനിച്ചു.
റോഡില്‍ നിന്ന് ഒരു പ്രീഡിഗ്രിക്കാരന്‍ നോക്കിയാല്‍ 'ആകാശംമുട്ടെ' എന്ന് തോന്നിപ്പിക്കുന്ന കൂറ്റന്‍ ആശുപത്രി കെട്ടിടങ്ങളിലേക്ക് ചൂണ്ടി പരുപ്പറമ്പിലച്ചന്‍ പറഞ്ഞു. 'അടുത്തവര്‍ഷം പഠിക്കാന്‍ വരേണ്ടതാണ്. എല്ലാം ശരിക്ക് നോക്കിക്കണ്ടോളു.' ഓരോ വര്‍ഷവും എത്രപേര്‍ എഞ്ചിനിയറിംഗിന് പോകും, മെഡിസിന് പോകും എന്ന കണക്കുകളൊക്കെ അച്ചന് കൃത്യമാണ്. പക്ഷെ ആശുപത്രി കെട്ടിടം നേരിട്ടു കണ്ടപ്പോള്‍ നെഞ്ച് കാളിപ്പോയി. വലതുവശത്ത് പശ്ചിമഘട്ടം പോലെ നീണ്ടുകിടക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രി. ഇടതുവശത്ത് ഡെന്റല്‍ കോളേജ്. കാഷ്വാലിറ്റി ബ്ലോക്ക് അന്ന് റോഡിനോട് ചേര്‍ന്നാണ്. എസ്.എ.റ്റി ആശുപത്രിയുടെ മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയായിട്ടില്ല. ശ്രീചിത്തിരതിരുനാള്‍ ആശുപത്രിയുടെ മസ്തിഷ്‌ക്കരോഗ കേന്ദ്രവും ആര്‍.സി.സിയും പണികഴിച്ചിട്ടുമില്ല. മെഡിക്കല്‍ കോളേജ് കവലയില്‍ നിന്നാരംഭിക്കുന്ന റോഡ് ആശുപത്രി കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ കാമ്പസിനുള്ളിലേക്ക് കയറിപ്പോകുന്നു. ഇരുവശത്തും നിറയെ തണല്‍ മരങ്ങള്‍.
കഡാവര്‍ മൃതശരീരമായല്ല, ഒരു വ്യക്തിയുടെ പ്രതിനിധാന (representation)മായാണ് വിദ്യാര്‍ഥിയുടെ മുന്നിലെത്തുക. ജീവിക്കുന്ന ശരീരത്തിന്റെ ഒരു നിശ്ചല മാതൃകയാണത്. വ്യക്തിയെപ്പോലെ തന്നെ ആദരവും ബഹുമാനവും അത് അര്‍ഹിക്കുന്നു. ശരീരം ആധുനികവൈദ്യശാസ്ത്രത്തില്‍ വ്യക്തിസ്വത്വമുള്ള രൂപമാണ്. മനുഷ്യനെ ആത്മാവാക്കി ചുരുക്കുകയും ശരീരത്തെ നിഷേധിക്കുകയും ചെയ്തിരുന്ന മത അനുശാസനങ്ങള്‍ക്ക് നേര്‍വിപരീതമാണ് ആധുനികവൈദ്യശാസ്ത്രം.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന അതിപ്രഗത്ഭന്‍, ഡോ: തങ്കവേലുവാണ് കാമ്പസില്‍ ഇപ്പോള്‍ കാണുന്ന മരങ്ങളൊക്കെ വെച്ചുപിടിപ്പിച്ചതെന്ന് കേട്ടിട്ടുണ്ട്. മഴ തോര്‍ന്ന് വസന്തകാലമാരംഭിക്കുമ്പോള്‍ അവയൊക്കെ കണ്ണുതുറന്നു ഭൂമിയെ നോക്കിനില്‍ക്കുന്നത് കാണാം. ആകാശത്തിന് താഴെ ഏഴല്ല, എഴുപത് നിറങ്ങളില്‍ മഴവില്‍പ്പൂവുകള്‍ ചൂടിയ ഒരു ഹരിതാകാശപ്പന്തല്‍. ആ വഴിയിലൂടെയാണ് ഒരു വര്‍ഷത്തിനു ശേഷം, ഫാദര്‍ പരുവപ്പറമ്പില്‍ കണക്കുകൂട്ടിയതുപോലെ പുതിയ ബാച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഞാന്‍ കാമ്പസിനുള്ളിലേക്ക് നടന്നുപോയത്. അവിടെ വിശാലമായ ഫുട്ട്ബാള്‍ മൈതാനത്തിനപ്പുറം, ചെത്തിയൊരുക്കിയ പുല്‍ത്തകിടിക്കുമപ്പുറം പ്രൗഡഭാവത്തില്‍ യഥാര്‍ത്ഥ മെഡിക്കല്‍ കോളേജ് ഉയര്‍ന്നുനില്‍ക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശുപത്രി പരിശീലനം ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രീക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ഇവിടെ വെച്ചാണ്.
ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ആദ്യത്തെ ഒന്നര വര്‍ഷം മൂന്ന് വിഷയങ്ങളാണ് പഠിക്കുന്നത്. (ഇപ്പോഴത് ഒരു വര്‍ഷമായി ചുരുക്കി) അനാട്ടമി എന്ന ശരീരഘടനശാസ്ത്രം, ഹൂമന്‍ ഫിസിയോളജി അഥവാ മനുഷ്യശരീര പ്രവര്‍ത്തനശാസ്ത്രം. മൂന്നാമത്തേത് ഹൂമന്‍ ബയോകെമിസ്ട്രി. മനുഷ്യജൈവരസതന്ത്രം. സവിശേഷമായ ജൈവരാസപ്രക്രീയകളാണ് ഭൗതികമായി മനുഷ്യന്റെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നതെണ് ആധുനിക വൈദ്യശാസ്ത്രം കരുതുന്നു. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് ശരീരശാസ്ത്രപഠനം. പുസ്തകങ്ങള്‍ ഇവിടെ വെറും ഭൂപടങ്ങള്‍ മാത്രം. യഥാര്‍ത്ഥ പുസ്തകം മനുഷ്യശരീരം തന്നെയാണ്. ശരീരത്തെ തുറന്ന് മനുഷ്യ ഘടനയുടെ ആന്തരിക ലോകത്തെ വിദ്യാര്‍ഥികള്‍ നേരിട്ട് കണ്ടുപഠിക്കണം. ഇങ്ങനെ പഠനത്തിനു വേണ്ടി തയ്യാറാക്കിയ മനുഷ്യശരീരത്തെ കഡാവര്‍ എന്നാണ് വിളിക്കുക. ശരീരത്തെ തുറക്കുന്നതിനെ ഡിസെക്ഷന്‍ എന്നും. വൈദ്യപഠനം ശരീരത്തില്‍ നിന്നാരംഭിക്കുന്നത് അക്കാദമിക്കായ ഒരു കാര്യം മാത്രമല്ല, മനുഷ്യനെ സംബന്ധിച്ച് നവോത്ഥാന (renaissance) ത്തിന്റെ ഭാഗമായുണ്ടായ പരിപ്രേക്ഷവികാസ (perspective change) ത്തിന്റെ പ്രതീകം കൂടിയാണത്.

ഭാവനാത്മകമായ ലോകത്തുനിന്ന് മനുഷ്യശരീരത്തെ അത് വീണ്ടെടുത്തു. മിഥ്യാബോധത്തിന്റെയും അമൂര്‍ത്തതയുടെയും ആവരണങ്ങള്‍ അഴിച്ചുമാറ്റി സങ്കോചമില്ലാതെ, ഒളിച്ചുവെയ്ക്കലുകളില്ലാതെ യഥാതഥമായി ശരീരത്തെ കണ്ടു. വിപ്ലവകരമായ ഈ പ്രഥമ ശരീരകാഴ്ചയാണ് ആന്‍ഡ്രിയാസ് വെസാലിയസിന്റെ 'De humani corporis fabrica' എന്ന മനുഷ്യശരീരഘടന ശാസ്ത്രഗ്രന്ഥം. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കഡാവറിനെ സ്പര്‍ശിക്കുമ്പോള്‍ ഈ ശാസ്ത്രനൈര്യന്തര്യത്തിന്റെ ഭാഗമായിത്തീരുകയാണ് ചെയ്യുന്നത്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ സീനിയറായി നന്നായി ചിത്രം വരയ്ക്കുന്ന ഒരു ബാലചന്ദ്രനുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു വരച്ചു. ക്രിസ്തുമസ്സ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു. അവയുടെ ഭംഗിയില്‍ സന്തുഷ്ടനായ ഫാദര്‍ ഞങ്ങളെ ചിത്രകാരന്മാരായി പ്രഖ്യാപിച്ചു. പക്ഷെ എനിക്ക് തീരെ വിശ്വാസം തോന്നിയില്ല. ഒരു മനുഷ്യരൂപം ശരിയായ അനുപാതത്തില്‍ വരയ്ക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. കൈകാലുകളുടെ നീളം, ശരീരത്തിന്റെ നിലയനുസരിച്ച് അവയുടെ പൊസിഷന്‍, വിരലുകളുടെ ഘടന, പേശികളുടെ വിന്യാസം; ഒന്നും ശരിയായി വന്നില്ല. അങ്ങനെ ചിത്രം വരയ്ക്കല്‍ ഏതാണ്ട് ഉപേക്ഷിച്ചു. പക്ഷെ മെഡിക്കല്‍ കോളേജിലെത്തി ഒരു വര്‍ഷമായപ്പോള്‍ തിരസ്‌കരിച്ചതിന്റെ പതിന്മടങ്ങ് ശക്തിയില്‍ ചിത്രരചന മടങ്ങിവന്നു. ഭയങ്കരമായ കൈത്തഴക്കം ഉണ്ടായിരിക്കുന്നു. 'ഇതെപ്പോള്‍' എന്ന് അത്ഭുതപ്പെട്ടു. വരയ്ക്കുന്ന രൂപങ്ങള്‍ കണ്ട് എനിക്ക് തന്നെ കൊതിയായി. ഉറക്കത്തിലെങ്ങാനും കൈകള്‍ മാറിപ്പോയതാണോ? എന്തായാലും അതൊരു പുതിയ കണ്ടെത്തലായി. അതിന്റെ ലഹരിയില്‍ മുഴുവന്‍ സമയവും വരപ്പുതന്നെ. ഡോക്ടറാവുകയാണോ ചിത്രകാരനാവുകയാണോ വേണ്ടത്? ആകെ ചിന്താക്കുഴപ്പം. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല. ഒരു വര്‍ഷക്കാലത്തെ ഡിസെക്ഷനും ശരീരശാസ്ത്രപഠനവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് വളരെനാള്‍ കഴിഞ്ഞാണ് മനസ്സിലായത്. ശരീരത്തിന്റെ ഒരു സമഗ്രദൃശ്യം മനസ്സില്‍ രൂപപ്പെട്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പകരം അയാളുടെ ഉള്ളിലെ ചിത്രകാരനാണ് പ്രചോദിതനായിരിക്കുന്നത്. അത് സത്യമാണ്. അങ്ങനെ സംഭവിക്കാം.
ശരീരത്തെക്കുറിച്ചുള്ള അറിവ് ഒരു ഭിഷഗ്വരനെ/ഭിഷഗ്വരയെ സ്വാധീനിക്കുന്ന അതേ അളവില്‍ ചിത്രകാരന്റെ/ചിത്രകാരിയുടെ ധാരണകളെയും നിര്‍ണ്ണയിക്കുന്നു. ശരീരത്തില്‍ നിന്നാരംഭിച്ച് രണ്ട് വഴികളിലൂടെ വേര്‍പിരിയുന്നവയാണ് വൈദ്യശാസ്ത്രവും ചിത്രകലയും. ആധുനിക ശരീരശസ്ത്രപഠനത്തിന്റെ ആരംഭത്തില്‍ അതങ്ങനെയായിരുന്നു. ശരീരം ഭിഷഗ്വരന്റെയും ചിത്രകാരന്റെയും അസംകൃതവസ്തുവായിത്തീര്‍ന്നു. ഏത് കോണില്‍ നിന്നും ത്രിമാനമായി ശരീരത്തിന്റെ ഘടനയെ സങ്കല്‍പ്പിക്കാനുള്ള ദൃശ്യപരമായ അവബോധം രണ്ടുപേരും ആര്‍ജ്ജിക്കണം. പക്ഷെ ഈ അറിവ് രണ്ട് രീതികളിലാണ് ഭിഷഗ്വരനിലും ചിത്രകാരനിലും പ്രവര്‍ത്തിക്കുക. ശരീരത്തിന്റെ സാധാരണത്വ (normalcy) ത്തില്‍ നിന്ന് വ്യതിചലന (disorder) ങ്ങളിലേക്ക് ഭിഷഗ്വരന്‍ സഞ്ചരിക്കുന്നു. വ്യതിചലനങ്ങളില്‍ നിന്ന് ഒരു ക്രമ (order) ത്തെ സൃഷ്ടിക്കാന്‍ ചിത്രകാരന്‍ ശ്രമിക്കുന്നു. ഭിഷഗ്വരന്‍ ശരീരത്തിന്റെ ബാഹ്യരൂപത്തില്‍ നിന്ന് ഉള്ളിലേക്ക് നോക്കുന്നു. ചിത്രകാരന്‍ വിപരീതമായും. രണ്ടുപേരുടെയും ലക്ഷ്യം ഒന്നുതന്നെ: ശമനം. ശരീരത്തെ വ്യാധികളെ പരിഹരിച്ച് അതിനെ പൂര്‍ണ്ണതയില്‍ പ്രതിഷ്ടിക്കുക. ഒരു സര്‍ജന്റെ മുന്നിലെ വിഷയം ശരീരത്തിലെ ഒരു മുഴയാവാം. ചിത്രകാരന് രൂപത്തിലെ വൈകല്യവും. മനുഷ്യശരീരം ദൈവരൂപത്തിന് സമാനമായതിനാല്‍ ശരീരത്തിന്റെ വ്യാധികളെ നിവര്‍ത്തിച്ചു പൂര്‍ണ്ണശരീരത്തെ പുനര്‍സൃഷ്ടിക്കുന്നത് ഒരു ദൈവികകര്‍മ്മമായിത്തീരുന്നു.

വൈദ്യനും ചിത്രകാരനും ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്. ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന പാമ ഗിയോവനി (Palma Giovani 1548-1628) തന്റെ മുന്‍ഗാമിയായിരുന്ന ചിത്രകല ആചാര്യന്‍ ടിഷ്യനെ (Titian 1460-1576) അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. 'ഒരു സര്‍ജനെപ്പോലെ ടിറ്റിയന്‍ ശരീരത്തെ സുഖപ്പെടുത്തുന്നു.' ഭിഷഗ്വരനും ചിത്രകാരനും നിരന്തരമായ നിരീക്ഷണത്തിലൂടെയും പരിശോധനകളിലൂടെയും പ്രകൃതിയെ അനാവരണം ചെയ്യുകയാണ്. സര്‍ജന്‍ ഓപ്പറേറ്റ് ചെയ്തു ശരീരത്തെ പൂര്‍ണ്ണമാക്കുന്നത് പോലെ ചിത്രകാരന്‍ ശരീരത്തിന്റെ കുറവുകള്‍ തീര്‍ത്ത് പുനര്‍ രൂപസംവിധാനം വരുത്തുന്നു. ചിത്രകാരന്റെ ബ്രഷിന് സമാനമാണ് സര്‍ജന്റെ കയ്യിലെ കത്തി.

'ചിത്രകാരന്, മനുഷ്യശരീരത്തെ വൈദഗ്ദ്യപൂര്‍വ്വം ചിത്രീകരിക്കാന്‍ കഴിയുംവിധം ഒരു തത്വചിന്തകനായിരിക്കണം. ശാസ്ത്രജ്ഞനും വാസ്തുശില്പിയും ശരീരവിജ്ഞാനിയും ശാസ്ത്രക്രിയ വിദഗ്ധനുമാകണം. കലകളില്‍ ഏറ്റവും സൂക്ഷ്മവും കുലീനവുമാണ് ചിത്രകല. ശരീരത്തെ സംബന്ധിച്ച സിദ്ധാന്തികമായ അറിവും പ്രായോഗിക പരിശീലനവും സംയോജിക്കുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യശരീരചിത്രീകരണം സാധ്യമാവുക.'ഇറ്റാലിയന്‍ പണ്ഡിതനും ഭിഷഗ്വരനുമായിരുന്ന ജെറോം കാര്‍ഡ (Jerome Cardan 1501-1576) ന്റെ വാക്കുകള്‍ യൂറോപ്യന്‍ നവോത്ഥാന കാലത്ത് വൈദ്യശാസ്ത്രവും ചിത്രകലയും എങ്ങനെ കൂടിച്ചേര്‍ന്നു കിടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നു. കാര്‍ഡന്റെ അഭിപ്രായത്തില്‍ ഈ വിജ്ഞാനസങ്കലത്തിന്റെയും വൈദഗ്ധ്യത്തിന്റെയും മൂര്‍ത്തീഭാവമായിരുന്നു ലിയോനാര്‍ഡോ ഡാവിഞ്ചി (Leonardo da Vinci 1452-1519). മനുഷ്യനെയും അവന്റെ ആത്മചോദനകളെയും അന്വേഷിച്ചിരുന്ന ഡാവിഞ്ചിയുടെ ദൃശ്യഉപാധിയായിരുന്നു മനുഷ്യശരീരം. സ്വന്തം കൈകള്‍കൊണ്ടുതന്നെ അദ്ദേഹം മനുഷ്യശരീരത്തെ കീറിമുറിച്ചു പഠിച്ചു. ശരീരത്തിന്റെ ഘടനയേയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള അറിവ് അദ്ദേഹത്തിന്റെ ചിത്രകലയെ മാത്രമല്ല ശാസ്ത്രബോധത്തെയും വികസിപ്പിച്ചു. ചിത്രകാരനായ ഡാവിഞ്ചി അറിയപ്പെടുന്ന ഒരു ശരീരശാസ്ത്രജ്ഞനുമായിത്തീര്‍ന്നു. തലയോട്ടിയുടെ മുന്നിലുള്ള ഫ്രോണ്ടല്‍ സൈനസ് (frontal sinus) ഹൃദയപേശികളുടെ സ്വഭാവം, ഹൃദയത്തിന്റെ നാല് അറകള്‍, തലച്ചോറിനുള്ളില്‍ വെന്‍ട്രിക്കിള്‍സ് എന്ന് വിളിക്കുന്ന അറകളുടെ ഘടന, ആര്‍ട്ടീരിയോസ്‌ക്‌ളീറോസിസ് (arteriosclerosis) എന്ന രക്തക്കുഴലുകള്‍ ദ്രവിക്കുന്ന അവസ്ഥ എന്നിവ അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങളാണ്. തന്റെ ശരീരശാസ്ത്ര പഠനങ്ങള്‍ പുസ്തകരൂപത്തില്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുകയോ പതിനാറാം നൂറ്റാണ്ടിലെന്നപോലെ പ്രിന്റിംഗ് പ്രചാരത്തില്‍ വരികയോ ചെയ്തിരുന്നെങ്കില്‍ ഡാവിഞ്ചിയെ നാം ആധുനിക ശരീരശാസ്ത്രത്തിന്റെ പിതാവെന്ന് വിളിക്കുമായിരുന്നു.
മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലെ അദ്ധ്യാപകര്‍ മധ്യകാലയുഗത്തിന്റെ തുടര്‍ച്ചയായി റോമിലെ ഭിഷഗ്വരനായിരുന്ന ഗേലന്‍ (Galen) എഴുതിയ പുസ്തകങ്ങള്‍ തുറന്നുവെച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ ശരീരശാസ്ത്രം പഠിപ്പിച്ചിരുന്ന കാലമായിരുന്നു അത്. ഗേലന്‍ പുസ്തകമെഴുതിയത് മനുഷ്യശരീരം തുറന്നുനോക്കിയല്ല, മൃഗങ്ങളെ കീറിമുറിച്ചാണ്. പില്‍ക്കാലത്ത് മനുഷ്യശരീരം ഡിസെക്ട് ചെയ്തു പഠിക്കുന്ന സമ്പ്രദായം നിലവില്‍ വന്നെങ്കിലും ഗേലന്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത വൈദ്യശാസ്ത്രാധികാരിയായിപ്പോയതിനാല്‍ 'തെറ്റുപറ്റിയത് ഗേലനായിരിക്കില്ല, ശരീരത്തിനാവും' എന്നായിരുന്നു സഭയുടെയും വൈദ്യവിദഗ്ധന്‍മാരുടെയും നിലപാട്. ഇത് തിരുത്താന്‍ ആദ്യം തുനിഞ്ഞിറങ്ങിയത് ഭിഷഗ്വരന്‍മാരായിരുന്നില്ല, ചിത്രകാരന്മാരായിരുന്നു.

ഞങ്ങളുടെ അദ്ധ്യാപകരുടെ കൂട്ടത്തില്‍ യൂറോപ്യന്‍ ചിത്രകലയെക്കുറിച്ച് വലിയ അറിവുള്ളയാളായിരുന്നു ഡോ: സി. ആര്‍. സോമന്‍. അദ്ദേഹം ഞങ്ങളുടെ ബയോകെമിസ്ട്രി പ്രൊഫസറും നുട്രീഷ്യന്‍ വിഭാഗത്തിന്റെ മേധാവിയുമായിരുന്നു. മികച്ച അക്കാഡമീഷ്യന്‍, ഉയര്‍ന്ന നിലവാരമുള്ള ഗവേഷകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, പണ്ഡിതന്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നീ നിലകളില്‍ അന്നുതന്നെ അദ്ദേഹം അതിപ്രശസ്തനാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ രീതിയില്‍ ഒഴുക്കോടെ ഉജ്ജലമായി അദ്ദേഹം പ്രസംഗിക്കും. വിദ്യാര്‍ഥികളുടെ ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. സമര്‍ത്ഥരായ എത്രയധികം വിദ്യാര്‍ത്ഥികളെയാണ് വലിയ ഡോക്ടര്‍മാരാകാനും ഗവേഷകന്മാരാകാനും അദ്ദേഹം സഹായിച്ചിട്ടുള്ളത്! പക്ഷെ സോമന്‍ സാറിനെ എനിക്ക് പരിചയം മറ്റൊരു രീതിയിലാണ്. ആധുനിക ചിത്രകല, ഫോട്ടോഗ്രഫി, രൂപകല്‍പന (design) എന്നിവയില്‍ ആഴമുള്ള അറിവും സൂക്ഷ്മബോധവുമുള്ള ഒരാളായിരുന്നു അദ്ദേഹം. ഒരു ചിത്രത്തിന്റെയോ ഫോടോഗ്രാഫിന്റെയോ സൗന്ദര്യശാസ്ത്രപരമായ പ്രത്യേകതകള്‍ അദ്ദേഹം പെട്ടെന്ന് തിരിച്ചറിയും. ഈ മേഖലയില്‍ ഉണ്ടാവുന്ന നൂതനമായ മാറ്റങ്ങളെ നിരന്തരം അദ്ദേഹം പിന്തുടര്‍ന്നു. ഫിസിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌റില്‍ നിന്ന് പതോളജി ബ്ലോക്കിലേക്ക് പോകുന്ന ഇടനാഴിയുടെ അവസാനമായിരുന്നു സോമന്‍ സാറിന്റെ മുറി. ഏതു സമയവും അവിടേക്ക് കയറിച്ചെല്ലാം. പുഞ്ചിരിയോടെ സോമന്‍ സര്‍ അകത്തേക്ക് ക്ഷണിക്കും. ഒരിക്കലും സര്‍ ഒഴിവാക്കിയിട്ടില്ല. സാറിന്റെ ലൈബ്രറിയില്‍ നിന്ന് ചിത്രകലയുടെയും ഫോട്ടോഗ്രാഫിയുടെയും പുസ്തകങ്ങള്‍ എടുത്തു വായിക്കാം. തിരക്കുണ്ടെങ്കില്‍, സര്‍ ക്ലാസിക് പെയിന്റിംഗുകളുടെ സ്ലൈഡുകള്‍ എടുത്തു തരും. അവ സ്ലൈഡ് പ്രോജെക്ടറിലിട്ടു കാണാം. വിദേശയാത്രകള്‍ക്കിടയില്‍ പേരുകേട്ട ഗാലറികളില്‍ നിന്നും മ്യൂസിയങ്ങളില്‍നിന്നും ശേഖരിച്ച അമൂല്യമായ ഒരു കളക്ഷനായിരുന്നു അത്. പ്രോജക്ടറില്‍ കാണുമ്പോള്‍ ഒറിജിനല്‍ ചിത്രങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതായി തോന്നും. ആധുനിക ചിത്രകലയുടെ മുഴുവന്‍ ചരിത്രവും അതില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. സോമന്‍ സാറിന്റെ മുറിയുടെ താഴത്തെ നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഫോട്ടോഗ്രഫി – ആര്‍ട്ട് വിഭാഗം. ആര്‍ട്ടിസ്റ്റ് ആര്യനാട് രാജേന്ദ്രനും ഫോട്ടോഗ്രാഫര്‍ കമലാസനനും അവിടെയുണ്ടാവും. ഈ രാജേന്ദ്രനാണ് പിന്നീട് എസ്.എ.റ്റി ആശുപത്രിയുടെ മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയുടെ ശില്‍പ്പിയായത്. അനാട്ടമി മ്യൂസിയത്തിലെ ചിത്രങ്ങളൊക്കെ വരക്കുന്നത് രാജേന്ദ്രനാണ്. പേശികളും രക്തക്കുഴലുകളും നാഡികളുമൊക്കെ പ്രത്യേക നിറങ്ങളില്‍ വരച്ച മനുഷ്യശരീരങ്ങള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്നു. ഡിസെക്ഷന്റെ ഫോട്ടോഗ്രാഫിക് ദൃശ്യങ്ങള്‍ക്ക് നടുവില്‍ കമലാസനനെയും കാണാം. ഫോട്ടോഗ്രഫി വിഭാഗം സ്ഥാപിക്കുന്നതിന് മുന്‍പ് പഠനത്തിനു വേണ്ടിവരുന്ന ദൃശ്യങ്ങളൊക്കെ വരച്ചുണ്ടാക്കുകയായിരുന്നു. പഴയ ചിത്രങ്ങള്‍ അന്നും അവിടെയുണ്ട്. എത്ര ആയാസകരമായിരുന്നു അവയുടെ രചന! എങ്കിലും ഗംഭീര ചിത്രങ്ങള്‍. മെഡിക്കല്‍ പഠനം ദൃശ്യഭാഷയുമായി എത്രയധികം ബന്ധപ്പെട്ടിരിക്കുന്നുവന്ന് അക്കാലത്താണ് മനസിലായത്. ചിത്രകലയിലും രൂപകല്പനയിലും ഡോ: സി.ആര്‍.സോമന്‍ പ്രകടിപ്പിച്ചിരുന്ന താല്പര്യത്തിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ടെന്നും പിന്നീട് തിരിച്ചറിഞ്ഞു. ആധുനിക വൈദ്യശാസ്ത്രനുഭവങ്ങളെ രൂപപ്പെടുത്തിയ നവോത്ഥാനസംസ്‌കാരത്തിന്റെ പാരമ്പര്യമാണ് അദ്ദേഹത്തില്‍ ദര്‍ശിച്ചത്. ദൃശ്യത്തിന്റെയും രൂപത്തിന്റെയും പുനര്‍പരിഷ്‌ക്കരണം വിഭജിക്കാനാവാത്തവിധം ആ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ പുത്തന്‍ വൈദ്യചിന്ത ആവിഭവിച്ച ഒരു കാലഘട്ടത്തിന്റെ പ്രകാശമാണത്.
അടുത്ത ലക്കം അതിനെക്കുറിച്ചാവാം.