വെള്ളപ്പൊക്കത്തിനു ശേഷം എലിപ്പനി മാത്രമല്ലല്ലോ ഉണ്ടാവുക, വയറിളക്കം വരാമല്ലോ, കോളറ വരാമല്ലോ, ഹെപ്പറൈറ്റി (മഞ്ഞപ്പിത്തം) സും H1N1 ഉം ഡെങ്കിപ്പനിയും മീസില്‍സും വരാമല്ലോ? നാം അതിനെക്കുറിച്ചെല്ലാം സംസാരിക്കേണ്ടേ? എനിപ്പനിയെക്കുറിച്ച് മാത്രം പറഞ്ഞിരുന്നാല്‍ മതിയോ? പലരുടെയും സംശയമാണ് 
 
ശരിയാണ്. പ്രളയത്തിനു ശേഷമുള്ള മഹാപ്രളയമാണ് പകര്‍ച്ചവ്യാധികള്‍.  വെള്ളപ്പൊക്കത്തിന് ശേഷം മുകളില്‍പ്പറഞ്ഞ പകര്‍ച്ചവ്യാധികളെല്ലാം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്.  പക്ഷെ പ്രളയജലം പോലെയല്ല രോഗാണുക്കള്‍.  പ്രളയജലത്തിന് നിയമങ്ങളില്ല. എന്നാല്‍ രോഗാണുക്കള്‍ക്ക് ചില ചിട്ടകളുണ്ട്. മനുഷ്യരെപ്പോലെ തോന്നുംപടി ആരെയും പീഡിപ്പിക്കാന്‍ അതിനറിയില്ല.  അതുകൊണ്ട് രോഗപ്രതിരോധത്തിലും ചികിത്സയിലും നാം ചില ചിട്ടവട്ടങ്ങള്‍ പാലിക്കുകയാണ് വേണ്ടത്.  രോഗങ്ങളുടെ ബാഹുല്യം കണ്ടു ബഹളം കൂട്ടിയിട്ട് കാര്യമില്ല.  വെള്ളപ്പൊക്കത്തിലേക്ക് റെസ്‌ക്യൂ ഓപ്പറേഷന് എന്നവണ്ണം,  പകര്‍ച്ചവ്യാധികളുടെ നടുവിലേക്ക് സാഹസികമായി എടുത്തു ചാടിയിട്ടും കാര്യമില്ല. രോഗാണുക്കളെയാണ് നാം നേരിടുന്നത്. വേണ്ടത് വിവേകമാണ്. മുന്‍ഗണനാ ക്രമത്തില്‍ ഓരോ സമയത്തും ഏതു രോഗസംക്രമണത്തിനാണ് സാധ്യത എന്ന് മനസ്സിലാക്കി തയ്യാറെടുക്കുകയും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.  ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ബെഡ് സൈഡില്‍ ഇരുന്നു രോഗിയെ സശ്രദ്ധം നിരീക്ഷിച്ചു പരിപാലിക്കുന്നത് പോലെ അവധാനതയോടെ നാം പെരുമാറണം. രോഗിക്ക് പകരം കട്ടിലില്‍ കിടക്കുന്നത് സമൂഹമാണെന്ന് ഓര്‍ത്താല്‍ മതിയാവും.  
flood
Image Credit:AP

ആയതിനാല്‍  എട്ട് കാര്യങ്ങളാണ് പറയാനുള്ളത്. 

1. ആദ്യം സന്തോഷകരമായ ഒരു കാര്യം പറയാം. വെള്ളപ്പോക്കത്തിന് ശേഷം വയറിളക്ക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായി എവിടെനിന്നും റിപ്പോര്‍ട്ടില്ല.  കോളറയുടെ പൊടി പോലുമില്ല. ഇത്രയധികം മലിനജലം കടന്നുപോയിട്ടും അങ്ങനെ ഒരു രോഗപ്പകര്‍ച്ച ഉണ്ടായില്ല എന്നത്  ഗംഭീരമായ ഒരു കാര്യം തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വയം പുറത്ത് തട്ടി അഭിനന്ദിക്കാം. 
 
ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജലം ഉറപ്പാക്കിയതും ടാങ്കറില്‍ വെള്ളം എത്തിച്ചതും ഫലം ചെയ്തു എന്ന് വിചാരിക്കാം. അതിനൊക്കെ ഉപരിയായി വെള്ളം തിളപ്പിച്ചാറ്റിച്ചു കുടിക്കുന്ന മലയാളിയുടെ ശീലത്തിനാണ് നൂറു മാര്‍ക്ക് കൊടുക്കേണ്ടത്. മരിക്കാന്‍ നേരത്തും മലയാളി വെള്ളം തിളപ്പിച്ചേ കുടിക്കൂ എന്ന് ഏകദേശം ഉറപ്പായി. പ്രാദേശിക ഭരണകൂടത്തിനും ജനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവകര്‍ക്കും അഭിമാനിക്കാം.
 
പക്ഷെ ഇക്കാര്യം തുടര്‍ന്നു പോകണമെങ്കില്‍ ശുദ്ധജലലഭ്യത തുടര്‍ന്നും ഉറപ്പാക്കുക തന്നെ വേണം. 
 
2. ഒരു സംശയവും വേണ്ട, എലിപ്പനിയുടെ പ്രതിരോധത്തിലും ചികിത്സയിലുമാണ് നാം ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്. അതില്‍ മൂന്ന് കാര്യങ്ങളാണ് പ്രധാനം.  
(a) ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ പനിയുള്ളവരെ കണ്ടെത്തുകയും  ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കുകയും വേണം  
(b) പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവര്‍ കൈ-കാലുറകള്‍ ധരിക്കുകയും ആഴ്ചയിലൊരിക്കല്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ കഴിക്കുകയും വേണം. (c) വെള്ളപ്പോക്കത്തിന് മുന്‍പ് എലിപ്പനി പൊട്ടിപ്പുറപ്പെട്ടിരുന്ന സ്ഥലങ്ങളിലും ജനതയിലും (കര്‍ഷകര്‍, കാലി വളര്‍ത്തുകാര്‍) ശ്രദ്ധ നിലനിറുത്തുക
 
കൈയ്യുറയുടെയും കാലുറയുടെയും കാര്യമാണ് പ്രശ്‌നം. എല്ലാവര്‍ക്കും ബൂട്ടും ഗൌസ്സുമൊന്നും ലഭിച്ചെന്ന് വരില്ല. പകരം നല്ല പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ കാലുകള്‍ കടത്തി റബ്ബര്‍ ബാന്‍ഡിട്ട് ഉറപ്പിച്ചു താല്‍ക്കാലിക ഷൂസുകള്‍ പോലെ ഉപയോഗിക്കാന്‍ ശ്രമിക്കുക. കൈകളും ഇങ്ങനെ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് സംരക്ഷിക്കാം. 
 
ബൂട്ടുകളും ഗ്ലൌസും ഉണ്ടെങ്കില്‍ വളരെ നല്ലത്. അതില്ലെങ്കില്‍ ഗുളിക കഴിച്ചല്ലോ എന്ന വിചാരത്തില്‍ വെറും കൈയ്യും വെറും കാലും ഉപയോഗിച്ച് ശുചീകരണം ചെയ്യാതിരിക്കുക. നമ്മല്‍ പ്ലാസ്റ്റിക്കിന് എതിരാണ്. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ മറ്റൊന്നുമില്ലെങ്കില്‍ പ്ലാസ്റ്റിക്കിനെ തല്ക്കാലം മിത്രമാക്കുക. 
 
3. ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും ഇല്ലാത്ത പനിയാണ് എലിപ്പനി. കടുത്ത പനിയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണം. 
 
ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും (ചിലപ്പോള്‍ ചുമയും) ഉണ്ടെകില്‍ അത്  H1N1 പനിയാണ്.  
 
വെള്ളപ്പൊക്കകാലത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവരും കുളിച്ചവരും കളിച്ചവരും  ശുചീകരണം നടത്തിയവരും കടുത്തപനി ബാധിക്കുകയാണെങ്കില്‍ (മറ്റുലക്ഷണങ്ങള്‍ കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും)  രോഗം  എലിപ്പനിയാണെന്ന് സംശയിക്കണം.  പരിശോധിച്ച് രോഗം നിര്‍ണ്ണയിക്കാനൊന്നും കാത്തുനില്‍ക്കാതെ നേരെ ഡോക്ടറെ കാണുക.  എലിപ്പനിക്ക് തുടക്കത്തില്‍ തന്നെ ചികിത്സ വേണം  
 
ശ്രദ്ധിക്കുക, എലിപ്പനി സാധ്യത കൂടിയവര്‍ ഇവരാണ്:  കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലി ചെചെയ്യുന്നവര്‍,  ശുചീകരണത്തില്‍ ഏര്‍പ്പെട്ടവര്‍, കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍.  
 
അല്ലാത്തവര്‍ ആവശ്യമില്ലാതെ ഭയപ്പെടരുത്. മറ്റുള്ളവരെ ഭയപ്പെടുത്തരുത്. 
 
പനിയോടൊപ്പം നല്ല ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയുമുണ്ടെങ്കില്‍ രോഗം H1N1 ആകാമെന്ന് കരുതണം. ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍, ശ്വാസകോശരോഗികള്‍ എന്നിവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അവര്‍ വൈദ്യസഹായം തേടണം.  
 
H1N1 തുടക്കത്തില്‍ തന്നെ അപകടകരമായി തീരാന്‍ സാധ്യതയുള്ളത് ഗര്‍ഭിണികളിലാണ്. അതുകൊണ്ട് ഈ ലക്ഷണങ്ങളുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ രോഗാരംഭത്തില്‍ തന്നെ ഡോക്ടറെ കാണുന്നതില്‍ ഒരു മടിയും വിചാരിക്കരുത്. 
 
4. നാം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എലിപ്പനിയാണെന്ന് പറഞ്ഞല്ലൊ.  H1N1 പനിയില്‍ നിന്നും എലിപ്പനിക്കുള്ള വ്യത്യാസവും H1N1 നെ എങ്ങനെ സമീപിക്കണമെന്നും പറഞ്ഞു. 
 
ഇപ്പോഴത്തെ എലിപ്പനി സംക്രമണം കണ്ടു പരിഭ്രാന്തരാകേണ്ടതില്ല. 
 
 രണ്ടാമത്തെ പാരഗ്രാഫില്‍ പറഞ്ഞ  മൂന്ന്‌ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.   
 
ഇനി മഴ പെയ്തില്ലെങ്കില്‍ രണ്ടാഴ്ച കൊണ്ട് എലിപ്പനി കുറയും.  7 മുതല്‍  12 ദിവസം വരെയാണ് എലിപ്പനിയുടെ നിശബ്ദ രോഗാതുരസമയം (incubation  period).  അതായത് രോഗാണു ശരീരത്തില്‍ കയറിശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകാനുള്ള സമയം. നിശബ്ദകാലയളവ് കഴിഞ്ഞു രോഗം പ്രത്യക്ഷമാകേണ്ട സമയമായതുകൊണ്ടാണ് ഇപ്പോള്‍ രോഗസംക്രമണം ഇത്രയധികമായിരിക്കുന്നത്. മഴയില്ലാതെ വെയില്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ രോഗാണുവിന് ഇതേ ശക്തിയില്‍ തുടരാനാവില്ല.  അതുകൊണ്ട് ധൈര്യമായിരിക്കുക.  
 
നാം ചെയ്യേണ്ടത് ഇതാണ് (1) ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ പനിയുള്ളവര്‍  ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കുക  (2) പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവര്‍ കൈ-കാലുറകള്‍ ധരിക്കുകയും ആഴ്ചയിലൊരിക്കല്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ കഴിക്കുകയും ചെയ്യുക
 
5. എലിപ്പനി കുറയുന്നതോടുകൂടി വര്‍ദ്ധിച്ചു വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് ഡെങ്കിപ്പനി.  ഇന്നത്ത കണക്കനുസരിച്ച് ഇനിയുള്ള 10 മുതല്‍ 14 ദിവസത്തിനുള്ളില്‍ ഡെങ്കി കേസുകള്‍ പതുക്കെ വന്നു തുടങ്ങും. ഉടനടി നാം ഓരോരുത്തരും പ്രതിരോധ നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ രണ്ടാഴ്ച കഴിയുബോള്‍ അത് വലിയ രോഗസംക്രമണമായിത്തീരാനാണ് സാധ്യത. 
 
കൊതുകുകളുടെ എണ്ണം ഇപ്പോള്‍ പല സ്ഥലത്തും വന്‍ തോതില്‍ കൂടുകയാണ്. പക്ഷെ കൊതുകുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രം ഉടനടി ഡെങ്കി പടര്‍ന്നു പിടിക്കില്ല. 
 
ഡെങ്കി വൈറസ്, ഇപ്പോള്‍ കൊതുകിന്റെ അണ്ധാശത്തിനുള്ളില്‍ ഇരിക്കുകയാണ്. അതിനൊരിക്കലും മനുഷ്യന്റെ ശരീരത്തില്‍ കയറി രോഗമുണ്ടാക്കാനാവില്ല. അണ്ധാശത്തില്‍ നിന്ന് ഇനി  അത് കൊതുകിന്റെ മുട്ടയിലേക്ക് കടക്കും. ഇപ്പോഴുള്ള കൊതുകുകള്‍ മുട്ടയിട്ട്  വിരിഞ്ഞു പുതിയതായി ഉണ്ടാകുന്ന കൊതുകിന്റെ ശരീരത്തില്‍ പക്ഷെ ഡെങ്കി വൈറസ് ഉണ്ടാവും.  അതിന് മനുഷ്യശരീരത്തില്‍ കയറാന്‍ കഴിയും. രോഗം പരത്താന്‍ കഴിയും. ഇത് സംഭവിക്കാന്‍ ഇനി അവശേഷിക്കുന്നത് 10 ദിവസങ്ങള്‍ മാത്രം. 
 
അതിനിടയില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ നാം കണ്ടെത്തണം. അവ നശിപ്പിക്കണം. എങ്കില്‍ ഇപ്പോഴുള്ള കൊതുകുകള്‍ വീണ്ടും പെരുകുകയില്ല. പുതിയ കൊതുകുകള്‍ ഉണ്ടാവുകയില്ല. കൊതുകുകളുടെ എണ്ണം കുറയും. കൊതുകിന്റെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയും കുറയും. 

നമ്മുടെ മുന്നിലുള്ളത് ഇനി 10 ദിവസങ്ങള്‍ മാത്രം

6. ഡെങ്കിപ്പനി പ്രത്യക്ഷമായശേഷം ഒരാഴ്ചകൂടി കഴിഞ്ഞിട്ടാവും വെള്ളത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് (മഞ്ഞപ്പിത്തം) രോഗബാധയുണ്ടാവുക. കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്ന് മലിനമാകുന്നതാണ് രോഗകാരണം. 
 
മലിന ജലത്തിലൂടെ രോഗാണു ശരീരത്തിലെത്തുന്നു. രോഗാണു ശരീരത്തില്‍ കടന്നാല്‍ നാലാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. അതായത്,  ഇപ്പോള്‍ മുതല്‍ കണക്കുകൂട്ടിയാല്‍ ഇനി രണ്ടാഴ്ച കഴിയുമ്പോള്‍ രോഗം തലപൊക്കിത്തുടങ്ങും. 
 
പക്ഷെ ഡെങ്കിപ്പനിയെപ്പോലെ  എല്ലാ സ്ഥലത്തേക്കും മഞ്ഞപ്പിത്തം വ്യാപിക്കണം എന്നില്ല.  കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നേരത്തേ ഹെപ്പറൈറ്റിസ് പടര്‍ന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളിലാണ്.  പ്രളയ ബാധിത പ്രദേശങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ നാം അവിടെ ശ്രദ്ധ കേന്ദ്രീകരിക്കണം.  ശുദ്ധമായ കുടിവെള്ളം ഇത്തരം സ്ഥലങ്ങളില്‍ ലഭ്യമായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.  പൈപ്പ് പോട്ടിയിട്ടുണ്ടോ? പൈപ്പില്‍ മാലിന്യം കലരുന്നുണ്ടോ? നാം നോക്കണം. 
ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.  കൈകഴുകല്‍ (hand washing) എല്ലാവരും ഒരു ശീലമാക്കണം. പ്രത്യേകിച്ചും,   ഭക്ഷണം കഴിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും മുന്‍പ് /  പാകം ചെയ്യാത്ത  മത്സ്യ മാംസാദികള്‍  കൈകാര്യം ചെയ്ത ശേഷം /  ടോയിലെറ്റില്‍ പോയ ശേഷം/  മൃഗങ്ങളെയും, മൃഗംങ്ങളുടെ വിസര്‍ജ്ജ്യവസ്തുക്കളെയും കൈകാര്യം ചെയ്ത ശേഷം/ മാലിന്യങ്ങള്‍ കൈകാര്യം ചെയ്തശേഷം.   
 
പ്രാദേശിക ഭരണകര്‍ത്താക്കളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒത്തൊരുമിച്ചു നിന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കണം. അതാത് സ്ഥലങ്ങളിലുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വയംസജ്ജരായി മുന്നോട്ടുവന്നു  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വളരെ  സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്.  ഡെങ്കിപ്പനി തടയാന്‍ വലിയ പരിശ്രമം ആവശ്യമാണ്. അതിനിടയില്‍ മഞ്ഞപ്പിത്തം കൂടി പടര്‍ന്നുപിടിച്ചാല്‍ വലിയ ബുദ്ധിമുട്ടാവും.  ശുദ്ധമായ കുടിവെള്ള ലഭ്യതയും വ്യക്തിശുചിത്വവും പാലിക്കുകയാണെങ്കില്‍ നമുക്ക് ഫലപ്രദമായി തടയാനാവുന്ന രോഗമാണ്  ഹെപ്പറൈറ്റിസ്. എങ്കില്‍ കൂടുതല്‍ സമയം നമുക്ക് ഡെങ്കി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നമുക്ക് നല്‍കാന്‍ കഴിയും. 
 
7. ഇനി മലേറിയ (മലമ്പനി) യുടെ കാര്യമാണ്.  ഒന്നര മാസങ്ങള്‍ക്ക് ശേഷമാവും വെള്ളപ്പൊക്കത്തിന്റെ ഭാഗമായ മലമ്പനി പ്രത്യക്ഷമാവുക. രോഗസംക്രമണത്തിനു മലേറിയ പരത്തുന്ന കൊതുകുകള്‍ സജ്ജമായിത്തീരുക അപ്പോഴാണ്. കെട്ടിനില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും മലമ്പനി പരത്തുന്ന കൊതുകുകള്‍ വളരും.  ഡെങ്കി പ്രതിരോധത്തിനിടയില്‍ ആക്കാര്യം കൂടി ശ്രദ്ധവെച്ചാല്‍ നന്നായിരിക്കും. രോഗബാധ ഉള്ളവരെ എത്രയും പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കണം. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ അത് ആവശ്യമാണ്. 
 
8. അവസാനം ഒരു ചെറിയ കാര്യം കൂടി. അത് മീസില്‍സ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ചാണ്.  ഇക്കഴിഞ്ഞ മീസില്‍സ് റുബെല്ല കാമ്പയനില്‍ സംസ്ഥാനമൊട്ടാകെ നോക്കുമ്പോള്‍ നമ്മുടെ വാക്‌സിനേഷന്‍ നിരക്ക് മികച്ചതാണ്. പക്ഷെ ചില പ്രദേശങ്ങളില്‍ നിരക്ക് വളരെ കുറവാണ്.  പ്രളയബാധിത സ്ഥലങ്ങളില്‍ ഇത്തരം പ്രദേശങ്ങളുണ്ടെങ്കില്‍ നാം അത് കാര്യമായി ശ്രദ്ധിക്കണം. പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് അഞ്ചാം പനിയെന്ന മീസില്‍സ് (മണ്ണന്‍, ചപ്പട്ട).  മീസില്‍സിനെതിരായ വാക്‌സിനേഷന്‍ ചെയ്യാത്ത കുട്ടികള്‍ ഒരു സ്ഥലത്ത് കൂടുതലുണ്ടെങ്കില്‍ അവിടെ രോഗം പൊട്ടിപ്പുറപ്പെടാം. മീസില്‍സ് പ്രതിരോധം കുറഞ്ഞ ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ന്യുമോണിയയും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ ചെയ്യാത്ത കുട്ടികളുടെ മാതാപിതാക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞു ആരോഗ്യപ്രവര്‍ത്തകരുമായി ബദ്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണം. 
 
വെള്ളപ്പൊക്കത്തിനു ശേഷം സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ മുന്‍ഗണന ക്രമത്തില്‍ കാലനുസൃതമായി എങ്ങനെ സമീപിക്കണമെന്നും എങ്ങനെയാണ് നാം തയ്യാറെടുക്കേണ്ടതെന്നുമാണ് ഇവിടെ വ്യക്തമാക്കിയത്. രോഗപ്രളയത്തില്‍ നാം അമ്പരക്കേണ്ടതില്ല. വ്യക്തമായ രൂപരേഖയോടുകൂടി മുന്നോട്ടുപോയാല്‍ നമുക്ക് തീര്‍ച്ചയായും വിജയിക്കാന്‍ കഴിയും.  ഇത് സര്‍ക്കാരിന്റെയോ പ്രാദേശിക ഭരണകൂടത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ മാത്രം ഒരു വിഷയമായി മാത്രം നാം കാണേണ്ടതില്ല. ജനങ്ങളുടെ അവബോധവും പങ്കാളിത്തവും വലിയ തോതില്‍ ആവശ്യപ്പെടുന്ന ഒരു ദൌത്യമാണിത്. വരുന്ന മൂന്നുമാസം പകര്‍ച്ചവ്യാധികളുടെ കാലമാണ്.  അതിനെ നേരിടാന്‍ നാം ഓരോരുത്തരും ഒറ്റക്കും കൂട്ടായും തയ്യറെടുക്കേണ്ടതുണ്ട്.  അതിനു കഴിയുമെങ്കില്‍ കേരളത്തിലെ പൊതുജനാരോഗ്യ ചരിത്രത്തിലെ തിളക്കമേറിയ ഒരു സന്ദര്‍ഭത്തിനാവും നാം സാക്ഷ്യം വഹിക്കുക. 
 
 
കടപ്പാട്:  
ഡോ. എ.എസ്. പ്രദീപ് കുമാര്‍,  മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ആരോഗ്യവകുപ്പ് 
ഡോ. ജയകൃഷ്ണണന്‍, പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മെഡിക്കല്‍ കോളേജ്, കോഴിക്കോട് 
ഡോ. പുരുഷോത്തമന്‍, പ്രൊഫസര്‍, ശിശുരോഗ വിഭാഗം, മെഡിക്കല്‍ കോളേജ്, തൃശൂര്‍