ന്റേണല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അഭയാംബികയാണ് അങ്ങനെ പറഞ്ഞത്. ഹൃദയവാല്‍വുകള്‍ അയഞ്ഞും അടഞ്ഞും, തലച്ചോറില്‍ രക്തം പൊട്ടി ദേഹം തളര്‍ന്നും, കരള്‍ ദ്രവിച്ചു ബോധനിലാവില്‍ ഇരുള്‍പടര്‍ന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒന്നാംവാര്‍ഡില്‍ ഇരുവശത്തും കിടക്കുന്ന രോഗികളുടെ നടുവില്‍വച്ച് എണ്‍പതുകളുടെ പകുതിയിലാണ് ഞങ്ങള്‍ അത് കേട്ടത്. സവിശേഷത വിലക്ഷണവും, സാധാരണത്വം സുന്ദരവും! രോഗാതുരതയെ കുറിച്ചുള്ള ഒരു പൊതുപ്രസ്താവമായിട്ടാണ് ഞങ്ങള്‍ അന്ന് അതിനെ കരുതിയത്. പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവയുടെ ശരിയായ അര്‍ത്ഥം മനസ്സിലാകുന്നത്. ഒരുപക്ഷെ, ഗബ്രിയേല്‍ ഗോമസ് എന്ന മോര്‍ച്ചറി അസിസ്റ്റന്റിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങള്‍ അത് തിരിച്ചറിയുക തന്നെയില്ലായിരുന്നു.

ഇടുക്കിയിലെ ചെറുതോണിക്കാരനാണ് ഗബ്രിയേല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ പോസ്റ്റ്‌മോര്‍ട്ടം അസ്സിസ്റ്റന്റ്. ഗബ്രിയേലിന്റെ മണവാട്ടിയാണ് മാര്‍ഗരറ്റ്. തൃശൂരില്‍ നിന്ന് ഇടുക്കിയിലെത്തിയ കുടിയേറ്റക്കാരി. ഒന്നാംതരം പാചകവിദഗ്ദ്ധയാണ്. ദിവസവും അതിസുന്ദരമായ ഉച്ചയൂണും, വിശേഷ ദിവസങ്ങളില്‍ പ്രത്യേക വിഭവങ്ങളും അവര്‍ ഗബ്രിയേലിന് കൊടുത്തയയ്ക്കും. അത് മറ്റുള്ളവര്‍ക്കുകൂടി പങ്കുവെയ്ക്കാനുള്ളതാണ്. മാര്‍ഗരറ്റ് തയ്യാറാക്കിയ കിണ്ണത്തപ്പം, മാര്‍ഗരറ്റിന്റെ കൈകൊണ്ടുണ്ടാക്കിയ കേയ്ക്ക്, ദാ മാര്‍ഗരറ്റ് സ്‌പെഷ്യല്‍ കണവത്തോരന്‍ എന്നിങ്ങനെ എല്ലാവര്‍ക്കുമായി അവ മാറ്റിവയ്ക്കാന്‍ ഗബ്രിയേലിന് വലിയ ഉത്സാഹവുമാണ്. എന്നാല്‍, രുചിഗന്ധങ്ങളുടെ രാജ്ഞിയും, ആയതിനാല്‍ അതിസുന്ദരിയുമാകാവുന്ന മാര്‍ഗരറ്റ്, മലനാടന്‍ കരിവീട്ടിയായ ഗബ്രിയേലിനെ പ്രത്യേകിച്ചും ശരീരങ്ങളെ ഒരു മയവുമില്ലാതെ വെട്ടിമുറിക്കുന്ന ഒരു മോര്‍ച്ചറിജീവിയെ, എന്തിനു പ്രണയിച്ചു എന്ന ചോദ്യത്തിന് യുക്തിപരമായ ഒരു ഉത്തരവും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഒരു കാര്യം ഉറപ്പായിരുന്നു; മാര്‍ഗരറ്റ് ഒപ്പമില്ലായിരുന്നെങ്കില്‍, നീതിയും, ന്യായവും, മാനവും, സ്ഥാനവും ഇല്ലാത്ത ഒരാളായി ഗബ്രിയേല്‍ ഒറ്റപ്പെട്ടു പോകുമായിരുന്നു.

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ സംഭവിക്കുമ്പോള്‍ ഞങ്ങളുടെ വൈദ്യപഠനം മൂന്നാംവര്‍ഷം അവസാന ഘട്ടത്തിലെത്തിയിരുന്നു. അതായത്, ഔഷധ വിജ്ഞാനമായ ഫാര്‍മക്കോളജിയും, രോഗനിദാന ശാസ്ത്രമായ പത്തൊളജിയും, രോഗാണു ശാസ്ത്രമായ മൈക്രോബയോളജിയും നീന്തിക്കടന്ന് (1)മരിച്ചവരുടെ സാക്ഷ്യം പറച്ചിലായ ഫോറന്‍സിക്ക് മെഡിസിന്റെ തീരത്ത് നനഞ്ഞൊലിച്ചുനില്‍ക്കുന്ന സമയം. 'റാഷമോണി'ലെ മന്ത്രവാദി ചെയ്യുംപോലെ, ആത്മാക്കളെ ശരീരത്തിനുള്ളിലെ ചിഹ്നങ്ങളിലേക്ക് ആവാഹിച്ചിരുത്തിയുള്ള മരണത്തിന്റെ ഒരു കഥയെഴുത്താണ് ഫോറന്‍സിക്ക് മെഡിസിന്‍. 

ഞങ്ങള്‍ ഓരോരുത്തരും മായംചേര്‍ക്കാത്ത ഇരുപത് കഥകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ തയ്യാറാക്കി പരീക്ഷയ്ക്ക് മുന്‍പു സമര്‍പ്പിക്കേണ്ടത്. ഹോസ്റ്റല്‍ മുറിയിലിരുന്ന് പോസ്റ്റുമോര്‍ട്ടം പാകം ചെയ്യുന്ന ഭാവനാശാലികളെയും, കോപ്പിയടി വീരന്മാരെയും, കണ്ടെഴുത്ത് പിള്ളമാരെയും ഫോറന്‍സിക്ക് അധ്യാപകര്‍ പൊക്കും. ഒരു കളിയും നടക്കില്ല. ഞങ്ങളുടെ സാറന്മാര്‍, ഒരേ സമയം ഡോക്ടര്‍മാരും, പോലീസുകാരും, കുറ്റാന്വേഷണ വിദഗ്ദ്ധന്മാരും ആണെന്നോര്‍ക്കുക. അതുകൊണ്ടു രാവിലെ തന്നെ മോര്‍ച്ചറിയില്‍ ഹാജരാവുകയും, മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം നിന്ന് ഒട്ടോപ്‌സി കണ്ട് കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്യണം. ആഴ്ചതോറുമുള്ള തിയറിയും പ്രാക്ടിക്കലും ക്ലാസ്സുകള്‍ കട്ടുചെയ്താല്‍ മോര്‍ച്ചറിയില്‍ കണ്ണുമിഴിച്ചും ഫയറിങ്ങ് സ്‌ക്വാഡിന് മുന്നില്‍ നെഞ്ചുവിരിച്ചും നില്‍ക്കേണ്ടി വരുമെന്നത് മറ്റൊരു കാര്യം. 

മരണകാരണം കണ്ടെത്താനായി, ശരീരത്തിന്റെ പുറവും അകവും ചിട്ടയോടെ പരിശോധിച്ചും, മുറിച്ചുതുറന്നു നിരീക്ഷിച്ചും നടത്തുന്ന ഒട്ടോപ്‌സി'യെക്കൂടാതെ, രക്തം, മൂത്രം, ആന്തരികാവയവങ്ങള്‍, അവയ്ക്കുള്ളിലെ ദ്രവങ്ങള്‍ എന്നിവ ലാബ് പരിശോധനയ്ക്കായി ശേഖരിക്കുന്നതുള്‍പ്പെടെ, മോര്‍ച്ചറിയില്‍ കാണുന്നതും, കേള്‍ക്കുന്നതും അറിയുന്നതുമൊക്കെ എഴുതി റിക്കോര്‍ഡാക്കി എക്‌സാമിനറുടെ മുന്നില്‍ വയ്ക്കുമ്പോള്‍, ഒറ്റനോട്ടത്തില്‍ അദ്ദേഹത്തിന് മനസ്സിലാവും: 'കൊള്ളാം, ഇവനെ ഡോക്ടറാക്കി എവിടെയും ഒറ്റയ്ക്ക് പറഞ്ഞുവിടാം. കുറ്റിക്കാട്ടിലോ, മലഞ്ചരുവിലോ വലിച്ചെറിയപ്പെടുന്ന ശരീരങ്ങളെ രണ്ടാമതൊന്നുകൂടി വെട്ടിനുറുക്കുന്നതിനുപകരം, കൃത്യമായി ഇവന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുകയും സത്യം കണ്ടെത്തുകയും ചെയ്യും. ശേഷം ഒരു ചെറുചിരിയോടെ എക്‌സാമിനര്‍ വൈവ ആരംഭിക്കുകയും, ആഹ്ലാദഭരിതമായി അത് അവസാനിക്കുകയും ചെയ്യും.

അങ്ങനെ ഞങ്ങളുടെ മോര്‍ച്ചറി ദിനങ്ങള്‍ ആരംഭിച്ചു. പതിനെട്ടാം വാര്‍ഡിന്റെയും, നേഴ്‌സിങ്ങ് കോളേജിന്റെയും, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സിന്റെയും നടുവിലുള്ള മോര്‍ച്ചറിയുടെ വരാന്തയിലേക്ക് മഴ ചരിഞ്ഞു പെയ്തു കൊണ്ടിരുന്ന അസാധാരണമാംവിധം വിജനവും ഏകാന്തവുമായ ഒരു പ്രഭാതമായിരുന്നു അത്. മഴയില്‍ നിറം മങ്ങിപ്പോയ കാമ്പസ് ഉറക്കത്തില്‍ തന്നെ തൂങ്ങിനില്‍ക്കുന്നു. മോര്‍ച്ചറിക്ക് മുന്‍പില്‍ തിരക്കുകൂട്ടാന്‍ തലേരാത്രിയില്‍ ആത്മഹത്യ ചെയ്തവരുടെയോ, ഹൈവേയില്‍ മരിച്ചുവീണവരുടെയോ ബന്ധുക്കള്‍ ഇനിയും എത്തിയിട്ടില്ല. ഈ ലോകത്തിന് എന്തു സംഭവിച്ചു എന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് ഉള്‍വരാന്തയില്‍ നില്‍ക്കുകയായിരുന്ന ഞങ്ങളുടെ അരികിലേക്ക് വല്ലാത്ത ഒരുതരം തണുപ്പ് വേച്ചുവേച്ച് കയറിവന്നു. മഴവെള്ളം കോശഭിത്തികള്‍ക്കിടയില്‍ ഒലിച്ചിറങ്ങി ആകെ കുതിര്‍ന്നുപോയ ഒരു ശരീരത്തെപ്പോലെയല്ലാതെ മറ്റേതുരീതിയിലാണ് തണുപ്പിന് ഒരു മോര്‍ച്ചറിയിലേക്ക് കയറിവരാനാവുക! അങ്ങനെ ഓരോന്നോര്‍ത്തുനില്‍ക്കുമ്പോള്‍ മഴയുടെ അറ്റത്ത് ഒരു വാന്‍ഗോ ചിത്രംപോലെ ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ടു. ഒരു കയ്യില്‍ ചോറുപാത്രം തൂക്കി. കുടയില്‍ മൂടിവരുന്ന പൊക്കം കുറഞ്ഞ ആ രൂപം, സാവധാനം മോര്‍ച്ചറിയുടെ ഒതുക്കുകള്‍ക്ക് ചോട്ടില്‍ എത്തിച്ചേര്‍ന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെയും കാറ്റിന്റെയും ആശങ്കകളെ അയാള്‍ തീരെ ശ്രദ്ധിച്ചില്ല. വാതിലിനരികിലെത്തി അപ്പോഴും പെയ്തുകൊണ്ടിരുന്ന കുടയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്ക് നേരെ നോക്കി അയാള്‍ ചിരിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷം ആരും ഇത്ര വാത്സല്യത്തോടെ ഞങ്ങളെ നോക്കിയിട്ടില്ല. അവധിക്കാലങ്ങളില്‍ വീട്ടിലെത്തുമ്പോള്‍, ഞങ്ങളുടെ ശരീരം ശോഷിച്ചുപോയതായി പരിതപിക്കുന്ന അമ്മമാര്‍ക്കുപോലും അതിന് കഴിഞ്ഞിരുന്നില്ല. ഹോസ്റ്റലിലും പുറത്തുമുള്ള ഞങ്ങളുടെ ഭക്ഷണത്തില്‍ ഏതു പോഷണമാണ് കുറഞ്ഞുപോയതെന്ന് ഗബ്രിയേലിന് മനസ്സിലായതായി തോന്നി.

'മക്കള്‍ അകത്തേക്ക് വരൂ' തനിക്കും മാര്‍ഗരറ്റിനും ജനിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്ത്, വാതില്‍ തുറന്നകത്തു കയറിയ ഗബ്രിയേലിനോടൊപ്പം, സുഭഗഗന്ധം വമിക്കുന്ന ടിഫിന്‍ ബോക്‌സും, ഞങ്ങളും മോര്‍ച്ചറിക്കുള്ളില്‍ എത്തിച്ചേര്‍ന്നു. അത്രയേറി മഴയില്‍ നടന്നിട്ടും ടിഫിന്‍ ബോക്‌സിനുള്ളില്‍ ആവിയടങ്ങിയിരുന്നില്ല. ചോറ്റുപാത്രത്തിന്റെ തട്ടുകളുടെ മുകളിലൂടെ അത് ഉയര്‍ന്നുപൊങ്ങുകയാണ്.

മോര്‍ച്ചറിയുടെ വാതില്‍ തുറന്നാല്‍ ആദ്യം വിശ്രമമുറിയാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവിടെയിരിക്കാം. അതിനോട് ചേര്‍ന്ന് ഇന്‍ക്വസ്റ്റ് റൂം. നേരെ എതിര്‍വശത്ത് ശീതീകരണ അറ. പതിനെട്ട് ശരീരങ്ങള്‍ക്ക് ഒരേസമയം അവിടെ വിശ്രമിക്കാം. ഇപ്പോഴുള്ളത് പത്തെണ്ണം മാത്രം. രണ്ടുപേര്‍ അജ്ഞാതര്‍. വേറെ രണ്ടുപേര്‍ വിദേശത്തുള്ള മക്കളെ കാത്തിരിക്കുന്നവര്‍. മെഡിക്കല്‍ ഓഫീസറന്മാരുടെ മുറി എല്ലാത്തിനുമപ്പുറമാണ്. അതിനോട് ചേര്‍ന്ന് ലബോറട്ടറി. ഇന്‍ക്വസ്റ്റ് റൂമിനും, ശീതീകരണ അറയ്ക്കും നടുവില്‍ കാണുന്നത് ആംബുലന്‍സിന് വരാനും പോകാനുമുള്ള വഴിയാണ്. അതിലേക്കുള്ള ഇടനാഴി അവസാനിക്കുന്നത് വിശാലമായ ഡിസക്ഷന്‍ ഹാളില്‍. അവിടെ രണ്ടു ഓട്ടോപ്‌സി ടേബിളുകള്‍. ശരീരത്തെ കീറിമുറിച്ചു പരിശോധിക്കുന്നത് അതിനു മുകളില്‍ വച്ചാണ്. തൊട്ടടുത്ത് ഓട്ടോപ്‌സി ഉപകരണങ്ങള്‍ നിരത്തിവച്ചിരിക്കുന്നു. ഇലക്ട്രിക് അറക്കവാള്‍, പലതരം കത്രികകള്‍, കൈകാലുകള്‍ മുറിക്കാനും ശരീരം ഡിസെക്റ്റ് ചെയ്യാനും തരുണാസ്ഥികള്‍ ഭേദിക്കാനും സഹായിക്കുന്ന കത്തികള്‍, വിവിധയിനം ഫോര്‍സെപ്‌സുകള്‍, എല്ലുകള്‍ കൊത്തിയിളക്കാനുള്ള ഉളികള്‍, വളഞ്ഞ പിടിയോടുകൂടിയ ചുറ്റികകള്‍, ഒടുവില്‍, എല്ലു മുറിക്കാനുള്ള ബോണ്‍കട്ടര്‍. ഇവയെല്ലാം ഒരു മതദ്രോഹവിചാരകന്റെ ആയുധങ്ങളായി നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ ഇവ ശരിക്കും സത്യാന്വേഷണ ഉപാധികളാണ്. സത്യം എല്ലാകാലത്തും വേദാനപൂര്‍ണ്ണമാണല്ലോ. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ഗബ്രിയേല്‍ അതിനുള്ളില്‍പ്പെട്ട് കഴിയുകയാണ്.

ശീതീകരണ അറയുടെയും ഡിസക്ഷന്‍ ഹാളിന്റെയും ഇടയില്‍ പിന്‍വശത്തായുള്ള മുറിയിലിരുന്നാണ് ജീവനക്കാര്‍ ഊണുകഴിക്കുന്നത്. ഗബ്രിയേല്‍ ടിഫിന്‍ ബോക്‌സ് വച്ചിരിക്കുന്നത് അവിടെയാണ്. ശീതീകരണ അറയില്‍ നാലിനും എട്ടിനും ഇടയില്‍ സെന്റിഗ്രേഡില്‍ പരസ്പരം മിണ്ടാനും പരിചയപ്പെടാനും കഴിയാതെ തണുത്തുകിടക്കുന്ന ശരീരങ്ങളെപ്പോലെ ചോറ്റുപാത്രവും ഭക്ഷണപ്പൊതികളും ഒരു മണിവരെ അവിടെ ഊഴം കാത്തുകിടക്കണം. മോര്‍ച്ചറിയില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ജീവനക്കാര്‍ക്ക് മിക്കപ്പോഴും സാധ്യമല്ല. രാവിലെ എട്ടര മുതല്‍ വൈകിട്ട് നാലുവരെ ഡിസക്ഷന്‍ ഹാളില്‍ ഇടമുറിയാതെ പോസ്റ്റുമോര്‍ട്ടം നടന്നുകൊണ്ടിരിക്കും. ഫോറന്‍സിക് സര്‍ജനായ ഡോ. പ്രതാപനാണ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഒട്ടോപ്‌സിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ രണ്ടു അസിസ്റ്റന്റുമാരാണുള്ളത്. ഫസ്റ്റ് അസിസ്റ്റന്റ് രാമഭദ്രന്‍ ശരീരത്തെ മുറിച്ചു പരിശോധിക്കുന്നതില്‍ ഡോക്ടറെ സഹായിക്കുന്നു. അതിനു മുന്‍പും പിന്‍പുമുള്ള നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടത് സെക്കന്റ് അസിസ്റ്റന്റായ ഗബ്രിയേലാണ്. ഉദാഹരണമായി ഇന്നത്തെ ആദ്യകേസായ ക്രൈം നമ്പര്‍ 257/1985, മ്യൂസിയം പോലീസ് സ്റ്റേഷന്‍ വക ജനാര്‍ദ്ദനന്‍ പിള്ള മകന്‍ മോഹനചന്ദ്രന്‍ പിള്ളയുടെ കാര്യം തന്നെയെടുക്കാം. സെക്രട്ടറിയേറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ അദ്ദേഹം തലേദിവസം ഉച്ചയൂണ് കഴിഞ്ഞുവന്ന് ഒന്നു നെടുവീര്‍പ്പിടുകയും, സംഭവത്തിന് സാക്ഷികളായവരുടെ ന്യായബുദ്ധിയില്‍ തോന്നാവുന്ന ഒരു കാരണവുമില്ലാതെ, കസേരയില്‍ ഇരുന്നു മരിക്കുകയും ചെയ്തു. രാവിലെ ഫയല്‍ നോട്ടുകളിലെ ഇംഗ്ലീഷ് വ്യാകരണത്തിലെ പിശകുകളെ ചൊല്ലി കീഴ്ജീവനക്കാരെ മുഴുവന്‍ ഫയര്‍ ചെയ്ത പിള്ളയെ വൈകിട്ട് അവര്‍ തന്നെ പൊക്കിയെടുത്ത് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ ഫ്രീസറിലാക്കുകയാണുണ്ടായത്. രാവിലെ മോഹനചന്ദ്രന്‍ പിള്ളയെ ശീതീകരണ അറയില്‍നിന്ന് വിളിച്ചിറക്കി ഒട്ടോപ്‌സി ടേബിളിന് മുകളില്‍ കൊണ്ടുകിടത്തിയത് ഗബ്രിയേലാണ്. ടേബിളില്‍ തോളിന്റെയും, അരക്കെട്ടിന്റെയും അടിയില്‍ വച്ചിരിക്കുന്ന മരക്കട്ടകളുടെ മുകളിലാണ് പിള്ള കിടക്കേണ്ടത്. നെഞ്ചിന്‍കൂടും ഉദരവും അടിവയറുമൊക്കെ മരക്കട്ടികളില്‍ ഉയര്‍ന്നു നില്‍ക്കണം. ശിരസ്സ് തോളുകള്‍ക്കടിയില്‍ വച്ചിരിക്കുന്ന മരക്കട്ടയില്‍ നിന്ന് താഴേക്ക് ഊര്‍ന്നുകിടക്കും. പിന്നീട് വസ്ത്രങ്ങള്‍ മാറ്റും. ശേഷം, വിവിധ അവയവങ്ങളിലായി മറഞ്ഞു കിടക്കുന്ന രഹസ്യങ്ങളുടെ അടുത്തേക്ക് ഡോ. പ്രതാപന് എത്തിച്ചേരാന്‍ പാകത്തില്‍ ശരീരത്തിന്റെ വാതായനങ്ങള്‍ ഗബ്രിയേല്‍ തുറന്നു കൊടുക്കുന്നു. നോക്കൂ, ഇപ്പോള്‍ ഗബ്രിയേല്‍ കീഴ്താടിയില്‍ നിന്ന് താഴേക്ക് ശരീരത്തെ നെടുകെ പിളര്‍ക്കുകയാണ്. അയാളുടെ കൈയിലെ മൂര്‍ച്ചയേറിയ ഡിസക്ഷന്‍ കത്തി താഴേക്കുതാഴേക്ക് പോകുന്നു. ശരീരം ഇരുവശത്തേക്കും വിടര്‍ന്നുതുറന്നുവരുന്നു. കത്തി ഇപ്പോള്‍ ഉദരത്തിലെത്തി. ങേ! വീണ്ടും താഴേക്കോ? ചര്‍മ്മവും അതിനടിയിലെ കൊഴുപ്പുപാളിയും മുറിഞ്ഞുമാറുന്ന ശബ്ദം ഗുഹ്യസ്ഥലത്തിന് തൊട്ടുമുകളില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ അടിവയറ്റില്‍ കൈവെച്ചുപോകും. യ്യോ! നമുക്ക് ഇത്ര വേദനിച്ചെങ്കില്‍ പിള്ളയ്ക്ക് എത്ര വേദനിച്ചിട്ടുണ്ടാവും! പിന്നീടാണ് ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രതാപന്‍ മോഹനചന്ദ്രന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയില്‍ ബോണ്‍ കട്ടര്‍ കൊണ്ട് ഗബ്രിയേല്‍ മാറെല്ല് മുറിക്കും. അത് ഊണുമുറി വരെ കേള്‍ക്കും. ഒരിക്കല്‍ ഗബ്രിയേല്‍ ഒരു ക്രൈം കേസിന്റെ മാറെല്ല് പൊട്ടിക്കുമ്പോള്‍, ഊണുമുറിയില്‍ നാടന്‍കോഴിയുടെ തുടയെല്ല് ചവയ്ക്കുകയായിരുന്ന ഫസ്റ്റ് അസിസ്റ്റന്റ് അണപ്പല്ല് പൊട്ടിയതറിയാതെ ചോറിനോടൊപ്പം വിഴുങ്ങുകയും, പിന്നീട് അണുബാധയേറ്റ പല്ല് (2)റൂട്ട്കനാല്‍ ചികിത്സയിലൂടെ ശരിപ്പെടുത്തുകയും ചെയ്തു. രാമഭദ്രന്‍ ചിരിക്കുമ്പോള്‍ കാണുന്ന സ്വര്‍ണ്ണപ്പല്ലിന്റെ രഹസ്യം അതാണ്. ഗബ്രിയേലിന് ഉപയോഗിക്കേണ്ടിവരുന്ന മറ്റൊരായുധം ഇലക്ട്രിക് അറക്കവാളാണ്. വാരിയെല്ലുകള്‍ ഇരുവശങ്ങളില്‍ മുറിക്കാനും തലയോട്ടി തുറക്കാനുമാണ് അതുപയോഗിക്കുക. ഡോ. പ്രതാപന്‍ അപ്പോഴെല്ലാം ഉദരത്തിലെയും നെഞ്ചിലെയും അവയവയങ്ങളുടെ ഡിസക്ഷനില്‍ മുഴുകിയിരിക്കുകയാവും. ശ്വാസകോശങ്ങളും, ഹൃദയവും കരളും കുടലുമൊക്കെ അവധാനതയോടെ പലപല കഷണങ്ങളായി വേര്‍പിരിയും. ലാബിലേക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചുകഴിഞ്ഞ്, തലച്ചോറിലേയും സുഷുമ്‌നയിലേയും പരിശോധനയും പൂര്‍ത്തിയാവുമ്പോള്‍ ഗബ്രിയേല്‍ വീണ്ടും രംഗത്തെത്തുന്നു. മോഹനചന്ദ്രന്‍ പിള്ള അപ്പോള്‍ ഉള്ളൊഴിഞ്ഞ ഒരു സൂട്ട്‌കേസുപോലെ കിടക്കുകയാവും. അകത്ത് അടുക്കി വച്ചിരുന്നവയൊക്കെ പലഭാഗമായി പുറത്തുകിടക്കുന്നു. എല്ലാം തിരികെ വയ്ക്കണം. മുറിച്ചകറ്റിയത് തുന്നിച്ചേര്‍ക്കണം.

''സാര്‍, ആരും എങ്ങും പോവൂല. വരിക്കപ്ലാവായും, നാരകമായും, പേരമരമായും എല്ലാരും ചുറ്റുമുണ്ടാവും.''

ഒട്ടോപ്‌സിക്ക് ശേഷം കഷണങ്ങളായിപോയ തലച്ചോറും കരളും ഹൃദയവും വൃക്കയും സൂട്ട്‌കേസില്‍ തിരികെ നിറച്ചതിനുശേഷം, മോഹനചന്ദ്രന്‍പിള്ളയുടെ ഉദരഭിത്തി തുന്നിച്ചേര്‍ക്കുന്നതിനിടയിലൂടെ ഗബ്രിയേല്‍ ഇങ്ങനെ പറയുമ്പോള്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഞങ്ങള്‍ എല്ലാവരും ചിരിക്കും.

''ഗബ്രിയേലേ, തന്റെ തലയില്‍ തീറ്റസാധനങ്ങളല്ലാതെ മറ്റൊന്നുമില്ലല്ലോ. മാര്‍ഗരറ്റ് തന്നെ ശരിക്കും ഒരു റപ്പായിയാക്കി മാറ്റിയിരിക്കുന്നു.''

ഞങ്ങള്‍ ഇങ്ങനെ പറഞ്ഞുതുടങ്ങുമ്പോള്‍ ഗബ്രിയേല്‍, തലച്ചോര്‍ നീക്കം ചെയ്ത മോഹനചന്ദ്രന്റെ തലയോട്ടിക്കുള്ളില്‍ പഞ്ഞിനിറച്ച ശേഷം ശിരോചര്‍മ്മം അതിനു മുകളിലൂടെ വലിച്ചിട്ടു തുന്നിച്ചേര്‍ക്കുകയാവും. ''ബ്രയിന്‍ വയറ്റിലുണ്ട്. അത് അവിടിരുന്ന് ചിന്തിച്ചോളും. കേട്ടോ'' ഡെപ്യൂട്ടി സെക്രട്ടറിയാണെങ്കിലും വേണ്ടത്ര ഉപദേശവും സാന്ത്വനവും നല്‍കിയായിരിക്കും അദ്ദേഹത്തെയും ഗബ്രിയേല്‍ യാത്രയാക്കുക. മരിച്ചവരുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരു മോര്‍ച്ചറി അസിസ്റ്റന്റാണ് ഗബ്രിയേല്‍.

ഞങ്ങളുടെ കളിയാക്കലുകള്‍ക്ക് നേരെ ഗബ്രിയേല്‍ ഒരിക്കലും പരിഭവിക്കുകയോ പരാതി പറയുകയോ ചെയ്തില്ല. അല്ലെങ്കില്‍ തന്നെ എങ്ങനെയാണ് ഗബ്രിയേലിന് മാര്‍ഗരറ്റിനെ ഓരോ നിമിഷവും ഓര്‍ക്കാതിരിക്കാനാവുക! അവളില്ലെങ്കില്‍ അയാളുമില്ല. മോഹനചന്ദ്രന്‍ പിള്ളയെ ഫ്രീസറില്‍ നിന്നെടുത്തപ്പോഴും, നെടുകെ മുറിച്ചപ്പോഴും, തുന്നിച്ചേര്‍ത്തപ്പോഴും, ദാ ഇപ്പോള്‍ കുളിപ്പിക്കാന്‍ തുടങ്ങുമ്പോഴും മാര്‍ഗരറ്റ് അയാള്‍ക്ക് ഒപ്പമുണ്ട്. ഉഗ്രപ്രതാപിയായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി കൊച്ചു കുഞ്ഞിനെപ്പോലെ പുറം തിരിഞ്ഞുകിടക്കുകയാണ്. അദ്ദേഹത്തിന്റെ ശരീരം കഴുകി ശുദ്ധമാക്കണം. സ്‌നാനപ്പെടുത്തണം. പുതിയ വസ്ത്രം ധരിപ്പിക്കണം. എന്നിട്ടുവേണം ബന്ധുക്കളുടെ അടുത്തേക്ക് കൊണ്ടുപോകാന്‍. അപ്പോഴേക്കും കാറിലും സ്‌കൂട്ടറിലും ആളുകള്‍ എത്തിക്കഴിഞ്ഞിരുന്നു. മരണം 'ഇന്ന് ഒരവധിയും ആഘോഷവുമാവും'. സഹപ്രവര്‍ത്തകരെക്കൊണ്ട് മോര്‍ച്ചറി പരിസരം നിറഞ്ഞുകഴിഞ്ഞു. പക്ഷെ, എല്ലാവരും കാത്തിരുന്നേ പറ്റൂ. മോഹനചന്ദ്രനെപ്പോലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മരിക്കുന്നവരുടെ ഒട്ടോപ്‌സി നീണ്ടുനീണ്ടുപോകും. ശരീരത്തിന്റെ മുക്കും മൂലയും സര്‍ജന്‍ അരിച്ചുപെറുക്കും, മരണത്തിലും ജീവിതത്തിലും ബ്യൂറോക്രസി ഒരുപോലെയാണ്.
പക്ഷെ ഗബ്രിയേലിന് ജോലികള്‍ വേഗം തീര്‍ത്ത് മാര്‍ഗരറ്റിന്റെ അരികിലേക്ക് ഓടിയെത്തേണ്ടതുണ്ട്. ഊണുമുറിയില്‍ അവളുടെ അഭൗമമായ പ്രണയം ഭക്ഷണരൂപത്തില്‍ ടിഫിന്‍ ബോക്‌സിനുള്ളില്‍ അയാളെ കാത്തിരിക്കുകയാണ്. ഒടുവില്‍, മൂന്നാമത്തെ ഒട്ടോപ്‌സിയായ ക്രൈം നമ്പര്‍ 281/1985 വലിയതുറ സ്റ്റേഷന്‍ വക സത്യനേശന്‍ മകന്‍ സ്റ്റാന്‍ലിയുടെ നെഞ്ചും ഉദരവും തലയോടും തുറന്നു കഴിഞ്ഞതിനുശേഷമാണ് 'ഗബ്രിയേലിന് ഇനി ഊണു കഴിച്ചു വരാം' എന്ന് ഡോ. പ്രതാപന്‍ പറയുന്നത്.

സമയം ഒന്ന് പതിനഞ്ച് പി.എം. സ്റ്റാന്‍ലിയുടെ ഉദരത്തിനുള്ളിലെ (3)പെരിറ്റൊണിയല്‍ അറയെ ഡിസക്ഷന്‍ സിസേഴ്‌സ് ഉപയോഗിച്ച് ഡോ. പ്രതാപന്‍ തുറക്കുന്നതും, ടിഫിന്‍ ബോക്‌സ് അഴിച്ചു ഗബ്രിയേല്‍ മുന്നില്‍ നിരത്തുന്നതും ഏതാണ്ട് ഒരേ സമയത്തായിരിക്കും. അതാ, നാടന്‍ വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത ഉള്ളിയിട്ട ചോറിന്റെ മണം. ടിഫിന്‍ ബോക്‌സില്‍ നിന്നിറങ്ങി, സ്റ്റാന്‍ലിയുടെ ഉദരത്തിനു മീതെ പരക്കുന്നു. കൊഴുപ്പ് മണികള്‍ തുന്നിപ്പിടിപ്പിച്ച പാവാടഞൊറികള്‍പോലെ കുടലുകള്‍ക്കുമേലെ വിടര്‍ന്നു കിടക്കുന്ന (4)ഒമെന്റത്തിന്റെ മുഷിഞ്ഞ സമുദ്രഗന്ധത്തിന് മുകളിലൂടെ അത് ഒഴുകി നീങ്ങുന്നു.

ഗബ്രിയേലിനെ സംബന്ധിച്ചിടത്തോളം ഉച്ചയൂണ് മാര്‍ഗരട്ടുമായുള്ള ഒരു സ്വകാര്യ സംഭാഷണമാണ്. അദൃശ്യമായ ആയിരം കൈകള്‍ കൊണ്ട് പരിരംഭണം ചെയ്തു അവര്‍ക്കിരുവര്‍ക്കും മാത്രം മനസ്സിലാവുന്ന രഹസ്യഭാഷയിലൂടെയുള്ള ഒരു പരസ്പര സാന്ത്വനം. മോര്‍ച്ചറി മുറിക്കുള്ളിലെ നൂറുനൂറ് മനുഷ്യഗന്ധങ്ങള്‍ക്കുള്ളില്‍ അയാളെ സന്തോഷഭരിതനായി നിലനിറുത്തുന്ന ഒരു സ്‌നേഹസ്പര്‍ശം. അങ്ങനെയല്ലായിരുന്നെങ്കില്‍, ഒരു വിഷാദരോഗിയായി തീരുമായിരുന്ന ഗബ്രിയേല്‍ ചുട്ടുപൊള്ളുന്ന ഏതെങ്കിലും ഒരുച്ചയില്‍, മോര്‍ച്ചറിയില്‍നിന്ന് താഴേക്കുള്ള വഴിയിലൂടെ നടന്നുചെന്ന് വൃക്ഷത്തലപ്പുകളും, കെട്ടുപിണഞ്ഞ ഇലച്ചാര്‍ത്തുകളും നിഴല്‍ വീഴ്ത്തിയ ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സിലെ ഒഴിഞ്ഞ മുറിക്കിള്ളില്‍ ഒന്നില്‍ തൂങ്ങിമരിക്കുകയും, പിന്നീട് ഡോ. പ്രതാപന്റെ മുന്നില്‍ തിരിച്ചുവന്ന് ഓട്ടോപ്‌സി ടേബിളില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കിടക്കുകയും ചെയ്യുമായിരുന്നു. ഒരു ഞെട്ടലോടെ ആ കാര്യം ഓര്‍ത്തുകൊണ്ട്, ഗബ്രിയേല്‍ കാച്ചുമോര് നാടന്‍ വെളിച്ചെണ്ണയുടെയും ചുവന്നുള്ളിയുടെയും ഗന്ധമുള്ള ചോറിലേക്ക് ഒഴിച്ചു. ഡോ. പ്രതാപന്‍ ആ സമയത്ത് കുടല്‍മാലയെ പുറത്തെടുത്ത് ഡിസക്ഷന്‍ ആരംഭിച്ചിരുന്നു. നെഞ്ചിനുള്ളില്‍ അന്നനാളത്തിലൂടെ താഴേക്കുപോകുന്ന തണുത്ത ഭക്ഷണതിരമാലയുടെ സഞ്ചാരപഥത്തെ കണ്ണുകള്‍ പൂട്ടി പിന്തുടരുകയായിരുന്നു ഗബ്രിയേല്‍. മാര്‍ഗരറ്റിന്റെ ആര്‍ദ്രശരീരം തന്നിലേക്ക് ഇറങ്ങി വരുന്നതായിട്ടാവും അയാള്‍ക്കു തോന്നുക. രുചികള്‍ ഓരോന്നും അവളുടെ ശരീരത്തിന്റെ ഋതുക്കളായിത്തീരുകയാണ്. മാര്‍ഗരറ്റിന്റെ വിസ്തൃതമായ നെഞ്ചില്‍ തല ചായ്ച്ച്, അവളുടെ മധുരമായ ഹൃദയതാളം കേള്‍ക്കാന്‍ ഗബ്രിയേല്‍ മോഹിച്ചു. ഒപ്പം ഒരടിയോളം നീളമുള്ള കുടലിന്റെ ആദ്യഭാഗം ഇരുവശത്തും കെട്ടിയ ശേഷം അവ ഒരു ട്രെയിലേക്ക് ഡോ. പ്രതാപന്‍ മുറിച്ചുമാറ്റി വെയ്ക്കുകയും ചെയ്തു. മാങ്ങയും തേങ്ങാപ്പാലും ചേര്‍ത്ത് ചൂടാക്കിയ മീന്‍കറിയില്‍ താളിച്ച കറിവേപ്പില 'ജലലില്ലി'യിലകള്‍പോലെ കിടക്കുന്നു. ട്രെയിലെ കുടല്‍കഷണത്തെ സ്‌കാല്‍പ്പല്‍ ബ്ലേഡ് കൊണ്ട് നെടുകെ പിളര്‍ന്ന് ഉള്ളിലെ സ്തരത്തിന്റെയും, പുറത്തേക്കൊഴുകുന്ന കൊഴുത്ത ദ്രവത്തിന്റെയും നിറത്തിലേക്ക് ഡോ. പ്രതാപന്‍ ശ്രദ്ധയൂന്നി നില്‍ക്കുകയാണ്. ഗൃഹാതുരത്വം തികട്ടിവരുന്നത് തടയാനാവാതെ നില്‍ക്കുന്ന ഞങ്ങളുടെ അരികിലേക്ക്, വെളിച്ചെണ്ണയില്‍ മൂപ്പിച്ച ചുവന്നുള്ളിയുടെ കടലാസുവഞ്ചിയില്‍ മീന്‍കറിയുടെ ഗന്ധം തുഴഞ്ഞുവരികയാണ്. ഇലയും പൂവും തണ്ടും കായും വേരും ഇഴചേര്‍ന്ന അവിയലിന്റെ വര്‍ണ്ണസമൃദ്ധി! മോര്‍ച്ചറി അത്യപൂര്‍വ്വമായ രുചികളും സുഗന്ധവും നിറഞ്ഞ ഒരു പൂങ്കാവനമാവുകയാണ്. ദു:ഖപൂര്‍ണ്ണവും എന്നാല്‍ പേടിച്ചരണ്ടതുമായ അതിന്റെ മച്ചുകളും, ചുമരുകളും, ഇരുണ്ട കോണുകളും, മാര്‍ഗരറ്റിന്റെ കരസ്പര്‍ശത്താല്‍ പ്രകാശപൂര്‍ണ്ണമാവുന്നു.

ശരീരത്തിന് ചുറ്റുമായി സ്ഥലം ചുരുങ്ങിപ്പോകുന്ന ഒരു ഇടമാണ് മോര്‍ച്ചറി. ഏത് സ്ഥലവും ഒരു മോര്‍ച്ചറിയായിത്തീരാം. പ്രണയം അതിനെതിരായ പ്രതിരോധമാണ്.

ഞങ്ങളുടെ മോര്‍ച്ചറിദിനങ്ങള്‍ അക്കൊല്ലത്തെ ഈസ്റ്റര്‍ ദിനത്തിന്റെ തലേന്ന് അവസാനിച്ചു. ഇരുപത് കേസുകളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഗബ്രിയേലിനോടൊപ്പം മാര്‍ഗരറ്റും വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചൂ. പക്ഷെ അതുണ്ടായില്ല. പകരം പാലപ്പവും വൈനും അവര്‍ ഞങ്ങള്‍ക്ക് കൊടുത്തയച്ചു. ഗബ്രിയേലിനോട് ഉള്ളില്‍ വലിയ പരിഭവം തോന്നി. എന്തെന്നാല്‍ അയാള്‍ ഒരിക്കലും അവരെ പുറത്തു കൊണ്ടുപോയിരുന്നില്ല. അപൂര്‍വ്വമായ രുചികളിലും ഗന്ധത്തിലും അയാള്‍ക്ക് ഭക്ഷണം പാകംചെയ്തു നല്‍കുന്ന ഒരു അടുക്കള യന്ത്രത്തിനപ്പുറം പ്രാധാന്യം അവര്‍ക്ക് അയാളുടെ ജീവിതത്തിലുള്ളതായി ഞങ്ങള്‍ക്ക് തോന്നിയില്ല. മറ്റേതൊരു പുരുഷനെയും പോലെ അസൂയാലുവായ ഒരു ഭര്‍ത്താവായിരിക്കാം അയാളും.

മെഡിക്കല്‍ ഓഫീസറുടെ മുറിയിലാണ് ഞങ്ങള്‍ ഈസ്റ്റര്‍ വിരുന്നൊരുക്കിയത്. വൈന്‍ ഒഴുകിയ വഴികളില്‍ പാലപ്പം വിടര്‍ന്നു തളിര്‍ത്തു. നിര്‍ദ്ദയമായ ദിനരാത്രങ്ങള്‍ക്കുള്ളിലേക്ക് രുചികളുടെ തിരമാലകളെ ഒന്നിനുപിറകെ ഒന്നായി പെരുക്കിപതച്ചു നിറയ്ക്കുന്ന മാര്‍ഗരറ്റിന്റെ സ്‌നേഹത്തെ ആര്‍ക്കാണ് മറക്കാനാവുക! അവരെ 'വിശുദ്ധ മാര്‍ഗരറ്റായി' വാഴ്ത്തി മോര്‍ച്ചറിയോട് ഞങ്ങള്‍ വിട പറഞ്ഞു. ഫൈനല്‍ ഇയറിന്റെയും ഹൗസ് സര്‍ജന്‍സിയുടെയും തിരക്കില്‍ മോര്‍ച്ചറിദിനങ്ങള്‍ മെല്ലെമെല്ലെ മാഞ്ഞുപോവുകയും ചെയ്തു. 

വര്‍ഷങ്ങള്‍ക്കുശേഷം, ജി.പി.യായി അലയുന്നതിനിടയില്‍ ഒരു വൈകിട്ട് ഇന്ത്യന്‍ കോഫീഹൗസില്‍ ഞാനെത്തുന്നു. പതിവു മൂലയില്‍, പതിവു കോഫിയുടെ മുന്നിലിരിക്കെ, പൊടുന്നനെ ഗബ്രിയേല്‍ അവിടേക്കു വന്നു. അയാള്‍ നേരെ എന്റെയടുക്കല്‍ തന്നെയെത്തി മുഖവുരയില്ലാതെ പറഞ്ഞു.

'സാര്‍, ഞാന്‍ പെന്‍ഷനായി, നാട്ടിലേക്ക് പോകയാ'

പഴയ മോര്‍ച്ചറി ദിനങ്ങള്‍ എന്റെയുള്ളിലേക്ക് ഇരച്ചു കയറി. മാങ്ങയും തേങ്ങാപ്പാലും ചേര്‍ത്ത മീന്‍കറിയുമായി വിശുദ്ധ മാര്‍ഗരറ്റ് കടലാസുവഞ്ചി തുഴഞ്ഞുവരുന്നു. അപ്പോഴാണ് ഞാന്‍ ഗബ്രിയേലിനെ ശ്രദ്ധിക്കുന്നത്. അയാളുടെ മുടി കൂടുതല്‍ നരയ്ക്കുകയും പൊഴിയുകയും ചെയ്തിരിക്കുന്നു. അയാള്‍ ക്ഷീണിതനാണ്.
''എനിക്ക് സാറിന്റെ ഒരു സഹായം വേണം. വീടുവരെ വരുമോ?''

''എവിടെ''
''ക്വാര്‍ട്ടേഴ്‌സില്‍''
''കാമ്പസിനുള്ളിലോ? എന്നിട്ടായിരുന്നോ?''

എന്റെ എല്‍.എം.എല്‍ വെസ്പയില്‍ ഞങ്ങള്‍ കാമ്പസിനുള്ളിലേക്ക് പോയി. ഗബ്രിയേല്‍ പുറകിലിരുന്ന് വഴി പറഞ്ഞു. ഞങ്ങള്‍ ഉള്ളിലേക്കുള്ളിലേക്ക് പോവുകയാണ്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. കാമ്പസിനുള്ളില്‍ ഇങ്ങനെയും വഴികളുണ്ടായിരുന്നോ? ആശുപത്രിയില്‍ നിന്നകലെ തണല്‍മരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മഞ്ഞനിറമുള്ള ക്വാര്‍ട്ടേഴ്‌സിനുമുന്‍പില്‍ വെസ്പ ബ്രേക്ക് ചവുട്ടിനിന്നു. ജോലിക്കാര്‍ വീട്ടു സാധനങ്ങള്‍ ലോറിയില്‍ കയറ്റുകയാണ്. നിറയെ മരങ്ങളും ചെടികളും വള്ളികളുമാണ് ചുറ്റിലും. വരിക്കപ്ലാവും നാരകചെടിയും മുരിങ്ങമരവും കിളിച്ചുണ്ടന്‍ മാവും പേരയും തക്കാളിചെടിയും വെണ്ടയും പടവലവും വഴുതനവും മത്തനിലയും തീര്‍ത്ത പച്ചപ്പിനുള്ളില്‍ ഒരു തുരുത്തായി ഗബ്രിയേലിന്റെ വീട്.

അകത്തെ മുറിയില്‍ വെളിച്ചം പതിയെ തെളിഞ്ഞുവരികയാണ്. 'വിശുദ്ധ മാര്‍ഗരറ്റി'നെ കാണാനുള്ള ആകാംക്ഷയില്‍ ഞാന്‍ കണ്ണുകള്‍ തുറന്നുപിടിച്ചു. മുറിയുടെ നടുവില്‍ കിടക്കയിലേക്ക് കൈചൂണ്ടി ഗബ്രിയേല്‍ മന്ത്രിച്ചു:

''മാര്‍ഗരറ്റ്''
എനിക്ക് വിശ്വസിക്കാനായില്ല

കിടക്കയില്‍ നെഞ്ചിനു മുന്‍പിലേക്ക് കൈകള്‍ ചുരുട്ടിവച്ച്, വറ്റിയ കണ്ണുകളില്‍ ശൂന്യമായ നോട്ടം നിറച്ച്, വായ് തുറന്നിരിക്കുന്ന ഒരു രൂപം. മുടികൊഴിഞ്ഞ് അനാവൃതമായ നെറ്റി. കോടിപ്പോയ ചുണ്ടുകള്‍. ഞാന്‍ പതറിപ്പോയി. പെട്ടെന്ന് ഉച്ചസ്ഥായിയില്‍ ഒരു ശബ്ദം ചെവി തുളച്ചു കടന്നുപോയി. ഞാന്‍ ഞെട്ടിയുണര്‍ന്നു.
''സാര്‍ അവള്‍ ഇങ്ങനെയാണ്, കണ്ണുതുറക്കും. ഉറങ്ങും. ഇടയ്ക്ക് ഇങ്ങനെ ശബ്ദമുണ്ടാക്കും. സംസാരിക്കുകയാണ്. നേരത്തെ വീല്‍ചെയറില്‍ പുറത്തേക്ക് വരുമായിരുന്നു. ഭക്ഷണവും കഴിക്കുമായിരുന്നു. ഇപ്പോള്‍ രണ്ടുമില്ല.''

പേരയുടെയും നാരകചെടിയുടെയും ഇടയില്‍ ഒരു വഴിത്താര കണ്ടു. പ്ലാവിന്‍ചോട്ടില്‍ വീല്‍ചെയറും.
''സാര്‍ ഭക്ഷണം കൊടുക്കാന്‍ ഒരു ട്യൂബിട്ടു തരണം''

പുറത്തെ പച്ചപ്പിന്റെ തോട്ടം അനാഥമാവുകയാണ്. അവിടേക്ക് പോക്കുവെയില്‍ കടന്നുവരുന്നു. മനസമ്മതം കഴിഞ്ഞവരാണ് ഗബ്രിയേലും മാര്‍ഗരറ്റും. പള്ളിയില്‍, മെഴുകുതിരി വെട്ടത്തില്‍ ദീപ്തവും മനോഹരവുമായിരുന്ന മാര്‍ഗരറ്റിന്റെ മുഖം ഇന്നും അയാളില്‍ കത്തിയെരിയുകയാണ്. മാലയണിയിക്കുമ്പോള്‍ വിരലുകളില്‍ പറ്റിയ അവളുടെ വിയര്‍പ്പിന്റെ ഗന്ധം കഴുകികളയാതെ രണ്ടു ദിവസമാണ് അയാള്‍ കൊണ്ടുനടന്നത്.
''അവള്‍ക്കാരുമില്ല സാര്‍. എനിക്കും.''

വിവാഹത്തിന് മുന്‍പായിരുന്നു. പനിയും പിച്ചുംപേയും പറച്ചിലും. തുടക്കം അങ്ങനെയായിരുന്നു. മലമുകളില്‍ നിന്ന് നഗരത്തിലെ ആശുപത്രിയിലെത്താന്‍ വൈകിപ്പോയി. മൂന്നുദിവസം മുഴുവന്‍ പ്രേതബാധിതയെപ്പോലെ (5)മസ്തിഷ്‌കജ്വരത്തിന്റെ കടുത്ത ചുഴലിയില്‍ അവളുടെ ശരീരം വെട്ടിവിറച്ചു. ഒടുവില്‍, രോഗത്തിന്റെ അദൃശ്യമായ ഏതോ ചുഴിയിലൂടെ മറ്റൊരു ലോകത്തേക്ക് മാര്‍ഗരറ്റ് ഓടിയൊളിച്ചു. കുട്ടിക്കാലത്തും അവള്‍ അങ്ങനെ തന്നെയായിരുന്നു. പേടി തോന്നിയാല്‍ പോയി ഒളിച്ചിരിക്കും. ഗബ്രിയേല്‍ തന്നെ കണ്ടുപിടിച്ചു വിളിച്ചുകൊണ്ടുവരണം. പക്ഷെ ഇത്തവണ അയാള്‍ക്ക് അതിന് കഴിഞ്ഞില്ല. അതിനുശേഷം മാര്‍ഗരറ്റ് സംസാരിച്ചതുമില്ല. അവള്‍ ശ്വസിക്കുന്ന ഒരു സസ്യമായിത്തീര്‍ന്നു. തോട്ടത്തിലെ വരിക്കപ്ലാവിനെയും പേരമരത്തെയും പോലെ പച്ചപ്പിനുള്ളില്‍ മറ്റൊരു (6)പച്ച.

വയറ്റിലേക്കു നേരിട്ട് ഭക്ഷണവും വെള്ളവും എത്തിക്കുന്ന നേസോഗാസ്ട്രിക് ട്യൂബ് ഗബ്രിയേല്‍ വാങ്ങിവച്ചിരുന്നു. ഞാന്‍ അത് മാര്‍ഗരറ്റിന്റെ മൂക്കിലൂടെ, തൊണ്ടയിലൂടെ അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് ഇട്ടുകൊടുത്തു.

''ഗബ്രിയേലേ, മോര്‍ച്ചറിയില്‍ കൊണ്ടുവന്ന ഭക്ഷണം ആരാ തയ്യാറാക്കിയത്?''
അയാളുടെ കണ്ണുകള്‍ നിറഞ്ഞു. കുറെ നേരം അയാള്‍ മിണ്ടിയില്ല.
''ഞാന്‍ തന്നെ. എന്റെ മാര്‍ഗരറ്റിന് ഇഷ്ടപ്പെട്ട രുചികളാണ് അതെല്ലാം.''
''എങ്കിലും''
''എല്ലാരേംപോലെ മാര്‍ഗരറ്റും ജീവിച്ചോട്ടെ സാര്‍.''
രുചികളുടെയും, ഗന്ധങ്ങളുടെയും ലോകത്തിനുള്ളില്‍ തന്റെ പ്രണയത്തെ ഗബ്രിയേല്‍ വീണ്ടെടുക്കുകയായിരുന്നു. അതിനുള്ളില്‍ എല്ലാ പൂര്‍ണതയോടും കൂടി മാര്‍ഗരറ്റ് ഉയര്‍ത്തെഴുന്നേറ്റു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരില്‍ ഒരാളായി അവളും ജീവിച്ചു.
ജോലിക്കാര്‍ വീട്ടുസാധനങ്ങളൊക്കെ ലോറിയില്‍ കയറ്റിക്കഴിഞ്ഞിരുന്നു. ആംബുലന്‍സില്‍ മാര്‍ഗരറ്റിന്റെ അരികിലേക്ക് പോകും മുന്‍പ് ഗബ്രിയേല്‍ എന്റെയടുത്തേക്ക് വന്നു. എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു:
''മാര്‍ഗരറ്റ് തിരിച്ചുവരും. അല്ലേ സാര്‍''
''വരും''
''ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം''

കടുത്ത നിരീശ്വരവാദിയായ എനിക്ക് അപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നി എന്നതാണ് സത്യം.

എസ്.എ.റ്റി ആശുപത്രിയുടെ മുന്നില്‍വരെ അവരുടെ ആംബുലന്‍സിനെ വെസ്പയില്‍ ഞാന്‍ പിന്‍തുടര്‍ന്നു. അതിനുശേഷം മെഡിക്കല്‍ കോളേജിലേക്ക് വരികയും പോവുകയും ചെയ്തിരുന്ന വാഹനങ്ങളുടെ കൂട്ടത്തില്‍ എനിക്കവരെ നഷ്ടപ്പെട്ടു. ചെറിയ റോഡില്‍ നിന്ന് വലുതിലേക്കും, പിന്നെ നൂറുനൂറായിരം വാഹനങ്ങളുടെയും മനുഷ്യരുടെയും ഇടയിലേക്ക് പൊട്ടായും കുത്തായും അവര്‍ അലിഞ്ഞു പോയിട്ടുണ്ടാവും.

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയും, എസ്.എ.റ്റി യുടെയും നടുവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. വര്‍ഷങ്ങളോളം നടന്നുപരിചിതമായ കാമ്പസ്സിനുള്ളിലെ വഴികള്‍ ഏകാന്തവും ശൂന്യവുമായിതീര്‍ന്നു. എന്തോ പ്രധാനപ്പെട്ടത് നഷ്ടമായിരിക്കുന്നു. എത്ര ഗംഭീരമായ കാര്യങ്ങളാണ് ഇവിടെ നിന്നും പഠിച്ചത്! എത്ര മിടുക്കരായിരുന്നു ഞങ്ങളുടെ അധ്യാപകര്‍! അവര്‍ എത്രയേറെയാണ് ഞങ്ങളോട് സംസാരിച്ചത്! പക്ഷെ സംസാരിക്കാതെ പോയവയോ? ഗബ്രിയേല്‍ ഒന്നും പറയാതെയാണല്ലോ പോയത്. അങ്ങനെ എത്ര പേര്‍ നിശബ്ദരായി പോയിട്ടുണ്ടാവും? എന്താണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്? ഞങ്ങള്‍ ഒരിക്കലും അത് അന്വേഷിച്ചില്ല എന്നതാണ് വാസ്തവം. എല്ലാവരുടെയും മുകളില്‍, എല്ലാവരാലും ബഹുമാനിക്കുന്നവരായി, എല്ലാവരേക്കാള്‍ അറിവുള്ളവരായി. സവിശേഷതയോടെ ഞങ്ങള്‍ ജീവിച്ചു. അത് സ്വാഭാവികമായിരുന്നോ അതോ രോഗാതുരമായിരുന്നോ?

'Being unique is abnormal, normalcy is the beatuy''

സവിശേഷതകളെ സ്വാഭാവികമായി അനുഭവിക്കുന്നതാണ് സൗന്ദര്യം. മറ്റുള്ളവരില്‍ നിന്ന് എന്നെ വിഭിന്നനാക്കിയിരുന്ന എന്റെ പുറന്തോട് അന്ന് വൈകുന്നേരം അവിടെവച്ച് ഉരിഞ്ഞുപോയി. രണ്ടു ആശുപത്രികളുടെയും മുകളില്‍ വിസ്തൃതമായ ഒരു ആകാശമുണ്ടെന്ന് അന്ന് ആദ്യമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ ഇതുവരെ അവിടേക്ക് നോക്കിയിരുന്നില്ല. ആകാശങ്ങള്‍ക്കുള്ളില്‍ മഴവില്ലുകള്‍ പൂത്തുലര്‍ന്നു നില്‍ക്കുന്നുണ്ടാവണം. അവയുടെ പൂമ്പൊടി ഉതിര്‍ന്നുവീഴുകയാണ്. താഴെ റംബ്രാന്റിന്റെ 'ജൂതവധു'വായി മാര്‍ഗരറ്റ് ഇരിക്കുന്നു. അവള്‍ക്ക് ചുറ്റും പച്ചപ്പ് ഉയര്‍ത്തെണീക്കുകയാണ്. മുകളില്‍ ഒന്നിനുമീതേ ഒന്നായി ഉയര്‍ന്നുയര്‍ന്നു പോകുന്ന ആകാശപ്പന്തലിന്റെ മച്ചില്‍ നിന്ന് നക്ഷത്രപൂവുകള്‍ ചൂടിയ മേഘപ്പക്ഷികള്‍ താഴേക്ക് ഇറങ്ങിവന്നു. മാവിന്റെയും പ്ലാവിന്റെയും പേരമരത്തിന്റെയും തളിരിലകളുടെ നിഴല്‍ വീണ ശിഖരങ്ങളില്‍ അവ കൂടുകെട്ടി മുട്ടയിട്ടു വിരിയിച്ചു. മത്തയിലയുടെയും, മുരിങ്ങമരത്തിന്റെയും ചോട്ടില്‍ കുഞ്ഞുങ്ങള്‍ പിച്ചവച്ചു നടന്നു. മാര്‍ഗരറ്റിന്റെ രക്തക്കുഴലുകള്‍ പുറത്തേക്ക് വളര്‍ന്നു ഗബ്രിയേലിന്റെ ശരീരമായിതീര്‍ന്നു. ഇലകളുടെ ഞരമ്പുകളും, തണ്ടുകളിലെ നീര്‍ച്ചാലുകളും, വേരിന്‍ പടര്‍പ്പുകളും അവര്‍ക്കൊപ്പം ഒന്നായി മാര്‍ഗരറ്റിന്റെ ഒറ്റ ഹൃദയത്തില്‍ സ്പന്ദിച്ചു. എന്റെ ഹൃദയതാളം ഞാനും അപ്പോള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

........................................................................................................

1. 'Dead man tells the story'
2. കേടായ പല്ല് കൊഴിഞ്ഞുപോകാതിരിക്കാന്‍ ചെയ്യുന്ന ഒരു ദന്തചികിത്സ
3. ഉദരത്തിനുള്ളിലെ അറ. ഉദരാവയവങ്ങള്‍ അതിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. ചുറ്റും ഒരു സ്തരമുണ്ടാവും.
4. Omentum  ആമാശയത്തിന്റെ അടിയില്‍നിന്ന് താഴേക്കു കുടലുകള്‍ക്കു മുകളിലേക്ക് കിടക്കുന്ന കൊഴുപ്പുനിറഞ്ഞ ആവരണം.
5. Encephalitis  തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ്‌രോഗം.
6. വൈദ്യഭാഷയില്‍ 'Vegetative State'