(മലപ്പുറവും ഡിഫ്ത്തീരിയയും തമ്മിലെന്ത്? ഭാഗം - രണ്ട്) മലപ്പുറത്തെ വാക്‌സിന്‍വിരുദ്ധ പ്രചരണത്തെ കേവലമൊരു ആരോഗ്യപ്രശ്‌നമായി മാത്രം കാണാനാകില്ല. ഒരു സമൂഹത്തിന്റെ യുക്തിബോധത്തെ അത് ഇല്ലായ്മ ചെയ്യുകയാണ്

 

ഡിഫ്ത്തീരിയ, റ്റെറ്റനസ്, മീസില്‍സ് എന്നീ രോഗങ്ങള്‍ ബാധിച്ച് കുട്ടികള്‍ മലപ്പുറത്ത് തുടര്‍ച്ചയായി മരിക്കുന്നതിന്റെ കാരണം വാക്‌സിനേഷന്‍ നിരക്ക് അവിടെ അപകടകരകരമായ രീതിയില്‍ കുറഞ്ഞുപോയതുകൊണ്ടാണെന്ന് ഒന്നാം ഭാഗത്തില്‍ വിശദീകരിച്ചു. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് പൂര്‍ണമായി വാക്‌സിനേഷന്‍  എടുക്കുന്ന കുട്ടികളുടെ എണ്ണം എത്രമാത്രം കുറവാണെന്ന് ഗ്രാഫ്-1 വ്യക്തമാക്കുന്നു. 

Vaccination in Kerala
ഗ്രാഫ് 1 -ജില്ല അടിസ്ഥാനമാക്കി കേരളത്തിലെ വാക്‌സിനേഷന്‍ നിരക്ക്

 

വാക്‌സിനേഷന്‍ നിരക്ക് താഴുമ്പോള്‍ വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവന്‍ രോഗപ്രതിരോധ ശേഷിയും എങ്ങനെയാണ് കുറയുന്നതെന്ന് ഇതിനകം വിവരിക്കുകയുണ്ടായി. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ജീവനെയാണ് ഇത് ഏറെയും പ്രതികൂലമായി ബാധിക്കുക. എന്നാല്‍ മലപ്പുറത്ത് മുതിര്‍ന്ന കുട്ടികള്‍ക്ക് ബാധിക്കാവുന്ന രീതിയില്‍ രോഗതീഷ്ണത വ്യാപകമായിരിക്കുന്നു. ഇത് ഒരു പ്രാദേശികവിഷയം മാത്രമല്ല. സംസ്ഥാനതലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതുമല്ല. ദേശീയതലത്തില്‍ തന്നെ ശ്രദ്ധ ലഭിക്കേണ്ട ഒന്നാണ്.  

കുട്ടികള്‍ക്ക് പൊതുവായി ഏതൊക്കെ വാക്‌സിനുകള്‍ നല്‍കണം, ഏതു പ്രായത്തില്‍ നല്‍കണം, എത്ര തവണ നല്‍കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷകരും പൊതുജനാരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും ലോകാരോഗ്യസംഘടനയിലെ വിദഗ്ധരുമൊക്കെ ഉള്‍പ്പെടുന്ന ഒരു ഉന്നത സമിതിയാണ്. 

Vaccination in Kerala
ചാര്‍ട്ട് 1

 

 

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട രോഗപ്രതിരോധ കുത്തിവെപ്പുകളുടെയും തുള്ളിമരുന്നുകളുടെയും ഒരു പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട് (ചാര്‍ട്ട് 1 കാണുക). സംസ്ഥാനങ്ങളുടെ പ്രത്യേകതകളനുസരിച്ച് ചില വാക്‌സിനുകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കപ്പെറുമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രം നല്‍കുന്ന ജപ്പാന്‍ജ്വരത്തിനെതിരായ വാക്‌സിന്‍ അതിലൊന്നാണ്. ഈ പട്ടിക അനുസരിച്ചാണ് സംസ്ഥാനത്ത് മുഴുവന്‍ കുട്ടികള്‍ക്കും നാം വാക്‌സിനുകള്‍ നല്‍കുന്നത്. 

ഇതില്‍ പറയുന്ന ഓരോ വാക്‌സിനും മലപ്പുറത്തെ എത്ര ശതമാനം കുട്ടികള്‍ക്കാണ് ലഭിക്കുന്നത് എന്നതിന്റെ കണക്കാണ് ഗ്രാഫ് 2 മുതല്‍ 6 വരെ കൊടുത്തിരിക്കുന്നത്. 

 

Vaccination in Malappuram
ഗ്രാഫ് 2 -ഡിഫ്ത്തീരിയ, റ്റെറ്റനെസ് ഇവയ്‌ക്കെതിരെയുള്ള വാക്‌സിന്‍ അടങ്ങിയ പെന്റാ വാലെന്റ് വാക്‌സിന്‍ നിരക്ക്
Vaccination in Malappuram
ഗ്രാഫ് 3 -മീസില്‍സിനെതിരായ വാക്‌സിനേഷന്‍ നിരക്ക്
Vaccination in Kerala
ഗ്രാഫ് 4 -പോളിയോയ്‌ക്കെതിരായ വാക്‌സിനേഷന്‍ നിരക്ക്
Vaccination
ഗ്രാഫ് 5 -പോളിയോയ്‌ക്കെതിരായ തുടര്‍ വാക്‌സിനേഷന്‍ നിരക്ക്

 

Vaccination
ഗ്രാഫ് 6 -ബി.സി.ജി. വാക്‌സിനേഷന്‍ നിരക്ക്

 

മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്ത് വാക്‌സിനുകള്‍ നല്‍കുന്നതിന്റെ നിരക്ക് കുറവാണെന്ന് കാണാന്‍ കഴിയും. ആസ്പത്രിയില്‍ വെച്ചു നടക്കുന്ന പ്രസവങ്ങളില്‍ ജനിച്ചയുടന്‍ കുട്ടികള്‍ക്ക് ബിസിജി വാക്‌സിന്‍ കൊടുക്കുമെന്നതിനാല്‍ അതിന്റെ നിരക്ക് മാത്രം 90 ശതമാനത്തില്‍ കൂടുതലാണെന്ന് കാണാം. എങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് അതും കുറവാണ്. മലപ്പുറത്ത് 'ഭാഗികമായി വാക്‌സിനേഷന്‍ നല്കിലയ കുട്ടികള്‍' എന്നറിയപ്പെടുന്നവരില്‍ നല്ലൊരു ശതമാനം ഇങ്ങനെ ബിസിജി മാത്രം ലഭിച്ചവരാണ്. 

ഈ അവസ്ഥയുടെ പ്രതിഫലനമാണ് മലപ്പുറത്ത് കുറെ വര്‍ഷങ്ങളായി തുടരുന്ന ബാലമരണങ്ങള്‍. ഇതില്‍ ഡിഫ്ത്തീരിയ മരണങ്ങളുടെ കാര്യം മാത്രമാണ് പൊതുജനശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിലുമെത്രയോ ദാരുണവും ഭീതിജനകവുമാണ് റ്റെറ്റനെസ് മൂലമുണ്ടാകുന്ന മരണങ്ങള്‍. 

(റ്റെറ്റനെസ് ബാധിച്ച് മരിച്ച ഒരു കുട്ടിയുടെ അമ്മയും ബന്ധുക്കളും പറയുന്നത് ശ്രദ്ധിക്കുക ) 

റ്റെറ്റനെസ്  പോലെതന്നെ ഗുരുതരമാണ് മീസില്‍സ് (മണ്ണന്‍) തലച്ചോറിനെ ബാധിച്ചുണ്ടാകുന്ന രോഗാവസ്ഥയും. കുട്ടികള്‍ മരിക്കുന്നത് മാത്രമാണ് നാം അറിയുന്നത്. എന്നാല്‍ വര്‍ഷംതോറും എത്രയോ അധികം കുട്ടികള്‍ക്കാണ് മലപ്പുറത്ത് മീസില്‍സ് പിടിപെടുന്നത്! 

കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളിലെ ശിശുരോഗ വിദഗ്ദ്ധരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും റ്റെറ്റനെസും മീസില്‍സും ബാധിച്ച് അത്യാസന്ന നിലയില്‍ തീവ്രപരിചരണ യൂണിറ്റുകളില്‍ എത്തിച്ചേരുന്ന മലപ്പുറത്തെ കുട്ടികളുടെ കഥകള്‍. ഇതൊക്കെ പുറംലോകം അറിയാതെ പോവുകയാണ്. 

സ്‌നേഹിക്കുന്നവരും സ്‌നേഹം പഠിപ്പിക്കുന്നവരും

മലപ്പുറത്തെ ഒരു വിഭാഗം മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ വിസമ്മതിക്കുന്നതാണ് ഇതിനെല്ലാം അടിസ്ഥാന കാരണം. കുട്ടികളോട് സ്‌നേഹമില്ലാഞ്ഞിട്ടല്ല അവരങ്ങനെ ചെയ്യുന്നത്. കുട്ടികളെ അളവറ്റ് സ്‌നേഹിക്കുന്നതു കൊണ്ടാണ്. കുട്ടികളോട് സ്‌നേഹമുള്ളവര്‍ വാക്‌സിന്‍ നല്‍കാന്‍ പാടില്ല എന്നാണ് അവര്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത്. അതിനാല്‍, എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കാത്തത് എന്ന നമ്മുടെ ചോദ്യത്തോട് വളരെ പരുഷമായി അവര്‍ ചിലപ്പോള്‍ പ്രതികരിച്ചെന്ന് വരും. 

'ഞങ്ങളുടെ കുട്ടികള്‍ക്ക് കുത്തിവെപ്പ് കൊടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം? കുത്തിവെച്ചില്ലേല്‍ കുട്ടി മരിച്ചുപോകും, അത്രയല്ലേയുള്ളു. മരിക്കുന്നെങ്കില്‍ ഞങ്ങള്‍ സഹിച്ചോളാം. നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം'- ഇങ്ങനെ പറഞ്ഞ് അവര്‍ വാതിലടച്ചെന്ന് വരും. കുട്ടിയുടെ പിതാവ് വീട്ടിലില്ലെങ്കില്‍ അയല്‍വീടുകളില്‍ നിന്ന് ചെറുപ്പക്കാര്‍ അവിടെ ഒത്തുകൂടി, 'ആണുങ്ങളില്ലാത്ത വീട്ടില്‍ നിന്ന് നിങ്ങള്‍ പോകണം' എന്ന് പറഞ്ഞെന്നും വരും. 

പക്ഷെ ഇതൊന്നും അവരുടെ കാരുണ്യമില്ലായ്മയുടെ ലക്ഷണമായി നാം വിലയിരുത്തരുത്. 'കുട്ടികള്‍ മരിച്ചുപോകട്ടെ' എന്നല്ല അവര്‍  ഉദേശിക്കുന്നത്. 'മരിച്ചുപോകാം' എന്ന ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായത്തെ തങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. എന്തെന്നാല്‍ വാക്‌സിന്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ് എന്നല്ല, വാക്‌സിന്‍ കുട്ടികളെ രോഗികളാക്കി നശിപ്പിക്കും എന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. 

ഇങ്ങനെ കരുതുന്നതില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. 'യഥാര്‍ഥ  ആരോഗ്യസംരക്ഷകരും ശാസ്ത്രപ്രബോധകരും' എന്നവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍, കുട്ടികളെ സ്‌നേഹിക്കേണ്ടത് ഈ വിധമാണെന്ന് മലപ്പുറത്തുകാരെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിരന്തരം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും വിചിത്രമായ വസ്തുത അതിന് നേതൃത്വം കൊടുക്കുന്നവരില്‍ പ്രധാനപ്പെട്ടവര്‍ മലപ്പുറത്തുകാരല്ല എന്നതാണ്. 

എന്താണ് മലപ്പുറത്തേക്ക് അവരെ ആകര്‍ഷിക്കുന്നത്? എന്തുകൊണ്ടാണ് വാക്‌സിനേഷന് എതിരായി മറ്റുസ്ഥലങ്ങളില്‍ ഇത്ര ശക്തമായി അവര്‍ പ്രചരണം നടത്താത്തത്? മലപ്പുറത്ത് അവര്ക്ക് ഇത്ര സ്വീകാര്യത ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? 

മലപ്പുറത്തെ വാക്‌സിന്‍വിരുദ്ധ പ്രചരണത്തെ കേവലം ഒരു ആരോഗ്യപ്രശ്‌നമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അത്ര ലാഘവത്തോടെ കാണേണ്ടതല്ല ഒന്നല്ല അത്. ഒരു സമൂഹത്തിന്റെ യുക്തിബോധത്തെയാണ് അത് ഇല്ലായ്മ ചെയ്യുന്നത്. ഉദാഹരണമായി വീഡിയോ-1 ശ്രദ്ധിക്കുക.

Video-1

കേരളത്തിലെ 'വിഖ്യാതനായ പ്രകൃതി ചികിത്സകന്‍' (വി.പ്ര.ചി) മലപ്പുറത്തെ കളക്ടറ്റിന് മുന്നില്‍ നടത്തിയ ഒരു പൊതുപ്രസംഗമാണിത്. വി.പ്ര.ചിയുടെ അഭിപ്രായത്തില്‍ മൃഗങ്ങളുടെ ചലത്തില്‍ നിന്നും, കുട്ടികളുടെയും കുരങ്ങന്റെയും ശവത്തില്‍ നിന്നുമാണ് വാക്‌സിന്‍ ഉണ്ടാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളെ കുറിച്ചും, ബയോസാങ്കേതിക വിദ്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും തനിക്കുള്ള ജ്ഞാനമാണ് വി.പ്ര.ചി ജനങ്ങളുമായി പങ്കുവെയ്ക്കുന്നത്. ചലം, മലം, ശവം എന്നീ വാക്കുകളോടുള്ള ഇദ്ദേഹത്തിന്റെ പ്രതിപത്തിയും പരിഗണനയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആവര്‍ത്തിച്ചും ഊന്നല്‍കൊടുത്തും ഉച്ഛരിക്കുന്നതിലൂടെ വാക്കുകളോരോന്നും വി.പ്ര.ചി ആസ്വദിക്കുന്നതായി തോന്നുന്നു. 

അല്‍പ്പസ്വൊല്‍പ്പം ശാസ്ത്രബോധമുള്ളവര്‍ തന്നെ ഇത് കണ്ടാല്‍ ബോധം കെട്ടുവീഴും. അപ്പോള്‍ പിന്നെ മലപ്പുറത്തെ സാധാരണ മനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ? അതുമാത്രമല്ല, പ്രസവരക്ഷയും സ്ത്രീരോഗചികിത്സയും നല്‍കുന്നവരാണ് ഗൈനക്കോളജിസ്റ്റുകള്‍ എന്നാണല്ലോ നാം ഇതുവരെ കരുതിയിരുന്നത്. പക്ഷെ വി.പ്ര.ചി പറയുന്നു, കുട്ടികളുടെ കുഞ്ഞുശരീരങ്ങള്‍ കഷണം കഷണമായി മുറിച്ച് വാക്‌സിന്‍ ഉണ്ടാക്കുകയാണ് അവരുടെ മുഖ്യജോലിയെന്ന്! തീര്‍ന്നില്ല, ഡോക്ടര്‍മാരെല്ലാം അടിസ്ഥാനപരമായി കൊലയാളികളാണ്.

ചിത്രം 1

anti vaccination movementകഷ്ടമായിപ്പോയി! ഇതൊന്നും അറിയാതെ എത്ര മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുകളുമാക്കാന്‍ മെഡിക്കല്‍ കോളേജുകളിലേക്ക് പറഞ്ഞയക്കുന്നത്! വി.പ്ര.ചി അവര്‍ക്കുവേണ്ടി ഒരു കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുടങ്ങണം. മാത്രമല്ല, കൊലപാതകം പഠിപ്പിക്കുന്ന ഈ മെഡിക്കല്‍ കോളേജുകളെല്ലാം അടച്ചുപൂട്ടാന്‍ ബഹുജനസമരം നടത്തുകയും കൊലപാതകവിദ്യ പഠിപ്പിക്കുന്ന മെഡിക്കല്‍ഗ്രന്ഥങ്ങള്‍ ജനങ്ങളുടെ രക്ഷയെ കരുതി ചുട്ടുചാമ്പലാക്കുകയും വേണം. 

വി.പ്ര.ചിയെ പോലെയുള്ള ഒരു വിഖ്യാത പ്രകൃതി ചികിത്സകന്റെ വാക്കിന് വിലവേണമല്ലോ. പറയുന്നപോലെ പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയണമല്ലോ. അതുകൊണ്ടാണ് കൊലയാളികളല്ലാത്ത ഡോക്ടര്‍മാരെ സൃഷ്ടിക്കാനുള്ള നടപടി വിഖ്യാത പ്രകൃതി ചികിത്സകന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത് (ചിത്രം 1). വെറും 7 ദിവസവും 7000 രൂപയും മാത്രമാണ് മുടക്കുമുതല്‍. ആര്‍ക്കും ഡോക്ടറാകാം. നാട്ടിലെ ഗൈനക്കോളജിസ്റ്റുകളെയും ഡോക്ടര്‍മാരെയും അസഭ്യം പറയുന്നതിന്റെ കാരണം വ്യക്തമാണ്. 

ഡിഫ്ത്തീരിയയും സി.ബി.ഐയും

ഡിഫ്ത്തീരിയ ബാധിച്ച് കുട്ടികള്‍ മരിച്ച ശേഷം, മലപ്പുറത്തെ വാക്‌സിന്‍വിരുദ്ധ പ്രവര്‍ത്തകര്‍ ഒരു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു (ചുവടെയുള്ള വീഡിയോ കാണുക).  

Video-2 

അതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് വി.പ്ര.ചി. ഇങ്ങനെ പ്രസംഗിച്ചത്. 'നിര്‍ബന്ധിത വാക്‌സിനേഷന്‍ അവസാനിപ്പിക്കുക' എന്നതായിരുന്നു അവരുടെ ആദ്യത്തെ ആവശ്യം. 

പക്ഷെ ഇല്ലാത്ത ഒരു കാര്യം അവസാനിപ്പിക്കുന്നതെങ്ങിനെയാണ്? നിര്‍ബന്ധിത വാക്‌സിനേഷന്‍ എന്നൊരു കാര്യം മലപ്പുറത്തെന്നല്ല, നമ്മുടെ സംസ്ഥാനത്തും രാജ്യത്തുപോലും നിലവിലില്ല. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നിഷേധിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ട്. നിര്‍ബന്ധിത വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാക്‌സിനേഷന്‍ ലഭിക്കാത്ത 16 വയസ്സില്‍ താഴെയുള്ള രണ്ടരലക്ഷത്തോളം കുട്ടികള്‍ മലപ്പുറത്ത് ഉണ്ടാകുമായിരുന്നില്ല. റ്റെറ്റനസ്സും ഡിഫ്ത്തീരിയയും മീസില്‍സും ബാധിച്ച് കുട്ടികള്‍ മരിക്കില്ലായിരുന്നു. അപ്പോള്‍, സത്യമല്ലാത്ത ഒരു കാര്യം സത്യമാണെന്ന് സ്വയം വിശ്വസിപ്പിച്ച് ഒരാവശ്യം ഉന്നയിക്കുകയാണ്. 

വാക്‌സിന്‍വിരുദ്ധ പ്രവര്‍ത്തകരുടെ പൊതുസ്വഭാവവും മനോഘടനയും വ്യക്തമാക്കുന്ന ഒന്നാണിത്. എന്താണ് ഈ മനോഘടനയുടെ അടിസ്ഥാനം? 

ഡിഫ്ത്തീരിയയുടെ പേര് പറഞ്ഞാണ് നിര്‍ബന്ധിത വാക്‌സിനേഷന്‍ മലപ്പുറത്ത് ഏര്‍പ്പെടുത്തുന്നത്. ഇതാണ് ആരോപണം. അതായത്, ഇപ്പോള്‍ നിര്‍ബന്ധതമല്ലെങ്കിലും, ആരോഗ്യവകുപ്പ് വീണ്ടും വീണ്ടും ഡിഫ്ത്തീരിയയുടെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത് നിര്‍ബന്ധിത വാക്‌സിനേഷന്‍ ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ്. ഇതാണ് കവി യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്. 

ചിത്രം 2 

anti vaccination movementഅതുകൊണ്ട് ഡിഫ്ത്തീരിയ ബാധിച്ച് കുട്ടികള്‍ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത് തെളിയിക്കാന്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു വി.പ്ര.ചി. സംഘത്തിന്റെ ആദ്യ ആവശ്യം (ചിത്രം 2 കാണുക). കാരണം വി.പ്ര.ചിയുടെ നേതൃത്വത്തിലുള്ള മലപ്പുറത്തെ വാക്‌സിന്‍വിരുദ്ധ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഡിഫ്ത്തീരിയയും വാക്‌സിനേഷനും തമ്മില്‍ ഒരു ബന്ധവുമില്ല. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നുകയറി രോഗികളാവുകയോ മരണമടയുകയോ ചെയ്യുന്നത് തടയാനാണല്ലോ മനുഷ്യര്‍ വാക്‌സിനെടുക്കുന്നത്. രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നതും വാക്‌സിന്‍ തടഞ്ഞുനിറുത്തും. 

പക്ഷെ വി.പ്ര.ചി സംഘം ചോദിക്കുന്നത് ഇതാണ്. ഈ ലോകത്ത് രോഗാണുക്കള്‍ തന്നെയില്ലല്ലോ. പിന്നെയെന്തിനാണ് വാക്‌സിന്‍? രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും എന്നത് ആരോഗ്യവകുപ്പ് പറഞ്ഞു പരത്തുന്ന ഒരു പച്ചക്കള്ളമല്ലേ? മരുന്നു കമ്പനിക്കാരെ സഹായിക്കാന്‍ പറയുന്ന പച്ചക്കള്ളം. 

കാലിക പ്രസക്തമായ ഈ വിഷയം, അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഖ്യാതി നേടിയ ആളും വി.പ്ര.ചിയുടെ അനുയായിയുമായ 'പ്രസിദ്ധ ശാസ്ത്ര പ്രബോധകന്‍' (പ്ര.ശാ.പ്ര) അവതരിപ്പിക്കുന്നത് കാണുക (വീഡിയോ 3).

Video 3

അതാണ് സംഭവം. രോഗാണുക്കളുമില്ല. രോഗപകര്‍ച്ചയുമില്ല. അപ്പോള്‍ പിന്നെ ഡിഫ്ത്തീരിയ എന്നൊരു രോഗം തന്നെയുണ്ടോ? അതുണ്ട്. വി.പ്ര.ചി സമ്മതിക്കുന്നു. ഭാഗ്യം! പക്ഷെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചതോന്നുമല്ല ഡിഫ്ത്തീരിയയുടെ കാരണം. വി.പ്ര.ചി. നടത്തിവരുന്ന മാസികയില്‍ അത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (ചിത്രം3 കാണുക).

ചിത്രം 3 

anti vaccination movement

'ആസ്‌ബെറ്റോസ്, ടാല്‍ക്കം പൗഡര്‍, ടൂത്ത്‌പേസ്റ്റ്, ബോഡിസ്‌പ്രേ, കമ്പനി വിഷപ്പുക, പെയിന്റ്, വാര്‍ണീഷ്, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍, കുക്കിങ് ഗ്യാസ് തുടങ്ങി ഇംഗ്ലീഷ് മരുന്നുകള്‍ വരെയുള്ള എണ്ണമറ്റ വസ്തുക്കളാണ് ഡിഫ്ത്തീരിയയ്ക്ക് കാരണം. അമ്പോ! മനുഷ്യകുലം ഒന്നടങ്കം ഡിഫ്ത്തീരിയ പിടിച്ച് നശിച്ചുപോകാതിരുന്നത് ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍! തീര്‍ന്നില്ല, പ്ര.ശാ.പ്ര. അത്യുജ്ജ്വലമായ മറ്റൊരു കാരണം കൂടി വെളിപ്പെടുത്തുന്നു (വീഡിയോ 4 കാണുക). 

Video 4

ഇപ്പോഴെങ്കിലും ഇതറിഞ്ഞത് നന്നായി. മാംസഭക്ഷണമാണ് ഡിഫ്ത്തീരിയ പിടിപെടാന്‍ കാരണം! എത്ര ഗംഭീരമായ ശാസ്ത്രബോധം!  ടില്ഡയന്‍.. എന്ന് പറഞ്ഞ ശേഷം പ്ര.ശാ.പ്ര. തലചൊറിഞ്ഞു നോക്കുന്നതുകൊണ്ട് പ്രസ്തുത ടില്ഡന്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ഡോക്ടറാണെന്ന് നമുക്ക് അനുമാനിക്കാം. കേരളത്തില്‍ 'മാപ്പിളമാര്‍' മാത്രമാണ് ഇറച്ചി കഴിക്കുന്നത് എന്നൊരു ധ്വനിയും പ്ര.ശാ.പ്ര നല്‍കുന്നുണ്ട്. ഇതൊന്നുമറിയാതെ വര്‍ഷങ്ങളായി മാംസം കഴിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും ഡിഫ്ത്തീരിയ പിടിപെടാതെ സൂക്ഷിക്കട്ടെ. 

അപ്പോള്‍, വി.പ്ര.ചി., പ്ര.ശാ.പ്ര സംഘങ്ങളുടെ ചോദ്യമിതാണ്. ഡിഫ്ത്തീരിയയുടെ കാരണം ഇമ്മാതിരി വസ്തുക്കളായിരിക്കെ അവയൊന്നും നിരോധിക്കാതെ, പകരം വാക്‌സിന്‍ കുത്തിവെക്കണമെന്ന് പറയുന്നത് എന്ത് ന്യായമാണ്? അതുകൊണ്ട് സി.ബി.ഐ തന്നെ കാര്യം അന്വേഷിച്ച് തീര്‍പ്പാക്കണം. 

പക്ഷെ സി.ബി.ഐയെ അത്രക്കങ്ങ് വിശ്വസിക്കാമോ എന്ന സംശയം കൊണ്ടാവാം, പിന്നീട് ഈ ആവശ്യം ഒന്ന് തലതിരിച്ചിട്ടു.'വാക്‌സിന്‍ മരണങ്ങള്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണം' എന്നാക്കി. അതിന്റെ ന്യായം പിന്നീട് പ്രസിദ്ധീകരിച്ച നോട്ടീസില്‍ വ്യക്തമാക്കുകയുണ്ടായി (ചിത്രം4 നോക്കുക). 

ചിത്രം 4 

anti vaccination movement

'ഡിഫ്ത്തീരിയ ബാധിച്ച് ഒരു കുട്ടി മരിക്കുകയും, വാക്‌സിനേഷന്‍ എടുത്ത് അസംഖ്യം കുട്ടികള്‍ മാറാരോഗങ്ങളും മരണങ്ങളും സംഭവിച്ചിട്ടും വാര്‍ത്തയാക്കാതെ, ആരോഗ്യവകുപ്പ് നിര്‍ബന്ധിത വാക്‌സിനേഷന്‍ അടിച്ചേല്‍പ്പിക്കുന്നു'. അതുകൊണ്ട് വാക്‌സിന്‍ മരണങ്ങള്‍ സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണം. മാത്രമല്ല, 'സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുത്' ഇതൊക്കെയാണ് ആവശ്യങ്ങള്‍. 

ആദ്യം 'വാക്‌സിനെടുത്തു മരണമടഞ്ഞ അസംഖ്യം കുട്ടികളു'ടെ കാര്യമെടുക്കാം. ആരൊക്കെയാണ് ആ കുട്ടികള്‍? അതിന്റെ കണക്ക് പ്ര.ശാ.പ്ര പറയുന്നത് നോക്കാം (വീഡിയോ 5).

Video 5

അപ്പോള്‍ അതാണ് കാര്യം. തല്ക്കാലം ആരാണെന്നറിയില്ല. അതിനൊരു കണക്കുമില്ല. സര്‍വ്വേ നടത്തി ഇനി കണ്ടുപിടിക്കും. ഈ 'അസംഖ്യം' എന്നത് ഒരു തോന്നലും ആഗ്രഹവുമാണ്. നോട്ടീസടിച്ച് വിതരണം ചെയ്തശേഷം മാര്‍ച്ചും ധര്‍ണയും ഘോരഘോര പ്രസംഗവും കഴിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്. ആദ്യം ഒരു ആരോപണം ഉന്നയിക്കുക. പിന്നീട് അത് സ്ഥാപിക്കാന്‍ തെളിവിനായി ഇറങ്ങി പുറപ്പെടുക! ഇതാണ് ശാസ്ത്രീയ സമീപനം! 

മലപ്പുറം ഡി.എം.ഒ ഓഫീസില്‍ നിന്ന് കിട്ടിയ ഈ റിപ്പോര്‍ട്ട് ശ്രദ്ധിക്കുക (ചാര്‍ട്ട് 2) 

ചാര്‍ട്ട് 2 

Vaccination in Malappuram

വാക്‌സിനേഷന്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ബാധിച്ചു 2008 മുതല്‍ 2015 വരെ മലപ്പുറത്ത് കുട്ടികള്‍ മരണമടഞ്ഞതിന്റെയും ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു ചികില്‍സിച്ചതിന്റെയും കണക്കാണിത്. ഇത് മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആസ്പത്രിയിലും ചെന്നവരുടെ മാത്രം ലിസ്റ്റാണ്. കേസ് റിപ്പോര്‍ട്ടിങ് നേരത്തെ വേണ്ടത്ര കാര്യക്ഷമമല്ലാതിരുന്നതിനാല്‍ ഈ ലിസ്റ്റ് അപൂര്‍ണമാകാനാണ് സാധ്യത. മാത്രമല്ല, മലപ്പുറത്ത് ഭൂരിപക്ഷം പേരും സ്വകാര്യ ആസ്പത്രികളില്‍ ചികില്‍സിക്കുന്നതിനാല്‍ യഥാര്‍ഥ കണക്ക് ഇതിലുമെത്രയോ കൂടുതലായിരിക്കും. 

ഈ ലിസ്റ്റ് പ്രകാരം മാത്രം 2008-2015 കാലത്ത് 32 കുട്ടികള്‍ വാക്‌സിന്‍കൊണ്ട് തടയാവുന്ന രോഗങ്ങള്‍ മൂലം മലപ്പുറത്ത് മരിച്ചിട്ടുണ്ട്. അതില്‍ ഒരു കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും വാക്കുകളാണ് 'ഓഡിയോ 1' ല്‍ നാം കേട്ടത്. രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും വിവരങ്ങള്‍ക്ക് രേഖകളുണ്ട്. ഈ യാഥാര്‍ഥ്യത്തെയാണ് ഊഹാപോഹങ്ങള്‍ക്കൊണ്ട് മറച്ചുപിടിക്കാന്‍ നോക്കുന്നത്.

വാക്‌സിന്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കൃത്യമായി മനസ്സിലാക്കാനുള്ള ഏകീകൃതരീതികള്‍ ആഗോളതലത്തില്‍ തന്നെ വിദഗ്ധരുടെ നേതൃത്വത്തില്‍ രൂപീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അതിന് വ്യക്തമായ മാര്‍ഗരേഖകളും നടപടിക്രമങ്ങളുമുണ്ട്. ഒരാള്‍ക്ക് സ്വന്തം തോന്നലുകളുടെയും വിചാരങ്ങളുടെയും പേരില്‍ തീരുമാനിക്കാവുന്ന ഒന്നല്ല അത്. വസ്തുതകള്‍ ഇതായിരിക്കെ അസത്യം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ മറ്റു താല്‍പ്പര്യങ്ങളുണ്ടാവാം. അല്ലെങ്കില്‍ കാര്യങ്ങള്‍ യുക്തിപരമായി മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന അപഭ്രംശമാകാം.  

അന്ധകാരത്തിന്റെ 20 വര്‍ഷങ്ങള്‍ 

ചിത്രം 4 ലെ നോട്ടീസില്‍ പറയുന്ന മറ്റൊരു കാര്യം മലപ്പുറത്ത് വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണത്തെയും ആരോഗ്യവകുപ്പ് ഓര്‍ഡര്‍ചെയ്ത വാക്‌സിന്റെ അളവിനേയും സംബന്ധിക്കുന്ന കാര്യമാണ്. 43,000 കുട്ടികള്‍ക്ക് എന്തിനാണ് മൂന്നുലക്ഷം ഡിഫ്ത്തീരിയ വാക്‌സിന്‍ ഡോസുകള്‍ എന്നാണ് അവര്‍ ചോദിക്കുന്നത്? 'ഇത് മരുന്ന് കമ്പനികളെ സഹായിക്കനല്ലാതെ മറ്റെന്തിനാണ്?' 

ഈ കണക്കുകളൊക്കെ അവര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്നുതന്നെ കിട്ടിയതാണ്. വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തകരുടെ പൊതുസ്വഭാവം ഒരു വിഷയത്തെ കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ഒരിക്കലും അവര്‍ ശ്രമിക്കാറില്ല എന്നതാണ്. തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ള വസ്തുകളെ തെരഞ്ഞെടുത്ത്, അവയെ കൂട്ടിയിണക്കി ഒരു സിദ്ധാന്തം അവതരിപ്പിക്കും. അത് പരമസത്യമാണെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യും. രോഗനിഷ്ടമായ ഈ ചിന്താപ്രക്രിയയുടെ ഉദാഹരണമാണ് ഈ കണക്കുപറച്ചില്‍. 

വര്‍ഷങ്ങളായി ഒരു സമൂഹത്തിന്റെ ആരോഗ്യരക്ഷയെക്കുറിച്ച് ആശങ്കയുമായി നടക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സംഘത്തിന് ആ സമൂഹത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങള്‍ പോലും അറിയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മലപ്പുറത്തെ ജനസംഖ്യയെക്കുറിച്ച് അറിയില്ല. എത്ര കുട്ടികള്‍ അവിടെ ജീവിക്കുന്നു എന്നറിയില്ല. ഡിഫ്ത്തീരിയ രോഗത്തെക്കുറിച്ച് അറിയില്ല. അതിന്റെ സംക്രമണരീതികളെ കുറിച്ച് അറിയില്ല. രോഗപ്രതിരോധത്തെ കുറിച്ചോ വാക്‌സിനേഷനെ കുറിച്ചോ അറിയില്ല. വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശേഷി ശരീരത്തില്‍ എങ്ങനെ രൂപംകൊള്ളുന്നുവെന്നോ അത് എത്രകാലം നിലനില്‍ക്കുമെന്നോ അറിയില്ല. ചില വാക്‌സിനുകള്‍ എന്തിനാണ് ഒന്നിലധികം തവണ കുട്ടികള്‍ക്ക് നല്കുന്നതെന്നും അറിയില്ല. 20 വര്‍ഷമായി ഇവര്‍ വാക്‌സിനേഷന് പുറകേയാണെങ്കിലും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കാര്യമായി ഒരു ശ്രമവും നടത്തിയിട്ടില്ല. 

ഒരു വിഷയവുമായി വിയോജിക്കുന്നത് ഒരു തെറ്റല്ല. അത് ജനാധിപത്യപരമായ ഒരവകാശമാണ്. പക്ഷെ ഈ അവകാശത്തിന്റെ ഉദ്ദേശം സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന തുറന്ന ഒരു അവസരം സൃഷ്ടിക്കുക എന്നതാണ്. അതുകൊണ്ട് വിയോജിപ്പുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുംമുമ്പ് വസ്തുതകള്‍ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നതും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തവുമാണ്. 

2015 സപ്തംബര്‍ മാസത്തില്‍ രണ്ടുകുട്ടികള്‍ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ചു മരണമടഞ്ഞ ശേഷം ഉടന്‍ തന്നെ ആരോഗ്യവകുപ്പിലെയും, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിന്‍, പീഡിയാട്രിക്‌സ്, മൈക്രോബയോളജി വിഭാഗങ്ങളിലെയും വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങിയ സംഘം മലപ്പുറത്ത് വിശദമായ അന്വേഷണം നടത്തിയിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളെല്ലാം അവര്‍ സന്ദര്‍ശിച്ചു. അവരുടെ നിദ്ദേശപ്രകാരമുള്ള അടിയന്തിര  നടപടികളാണ് പിന്നീട് ആരോഗ്യവകുപ്പ് മലപ്പുറത്ത് കൈകൊണ്ടത്. 

അഞ്ചുസ്ഥലങ്ങളിലുള്ള കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ കുട്ടികളുടെ വീടിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളും സന്ദര്‍ശിച്ച് ഡിഫ്ത്തീരിയ വാക്‌സിന്‍ എടുക്കാത്ത 16 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികളെയും കണ്ടെത്തി. അവര്‍ക്ക് ഡിഫ്ത്തീരിയ വാക്‌സിന്‍ അടങ്ങിയ ടി.ഡി. വാക്‌സിന്‍ നല്‍കി. സംശയാസ്പദമായ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു തൊണ്ടയില്‍നിന്ന് സ്രവം എടുത്തു കള്‍ച്ചര്‍ പരിശോധനക്ക് കൊടുത്തു. അവര്‍ക്ക് എറിത്രോമൈസിന്‍ ഗുളിക നല്‍കി. രോഗബാധയുള്ള കുട്ടികളുമായി അടുത്തിടപഴകിയവര്‍ക്ക്  പ്രായഭേദമന്യേ വാക്‌സിന്‍ കൊടുത്തു. ഗുളികയും നല്കി. 

മലപ്പുറത്ത് 25 ശതമാനം കുട്ടികല്‍ പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തവരാണ്. എന്നാല്‍ ആശുപതികളില്‍ നടക്കുന്ന സാധാരണ വാക്‌സിനേഷന്റെയും സ്വകാര്യ ആസ്പത്രികളില്‍ നടന്നുവരുന്ന വാക്‌സിനേഷന്റെയും തൊട്ടുമുമ്പ് കഴിഞ്ഞിരുന്ന മിഷന്‍ ഇന്ദ്രധനുസിന്റെയും ഫലമായി കുറെയേറെ കുട്ടികള്‍ വാക്‌സിനേഷന്‍ പൂര്‍ണമാക്കിയിട്ടുണ്ടാവാം എന്നതിന്റെ അടിസ്ഥാനത്തില്‍ 16 വയസ്സില്‍ താഴെ വാക്‌സിനേഷന്‍ എടുക്കാത്ത മുഴുവന്‍ കുട്ടികളുടെയും എണ്ണം കൃത്യമായി നേരിട്ട് കണ്ടു രേഖപ്പെടുത്താന്‍ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയാണ് ചെയ്തത്. ഇതോടൊപ്പം ഡിഫ്ത്തീരിയ വാക്‌സിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. 

'വിഖ്യാത പ്രകൃതി ചികിത്സകന്‍' പറയുന്നതുപോലെ ചലത്തില്‍ നിന്നോ മലത്തില്‍ നിന്നോ ശവത്തില്‍ നിന്നോ അല്ല വാക്‌സിന്‍ ഉണ്ടാക്കുന്നത് എന്നതിനാല്‍ അത്യാവശ്യത്തിന് ഓടിചെന്ന് അത് കോരിയെടുത്തുകൊണ്ട് വരാന്‍ കഴിയില്ല. വാക്‌സിന്‍ നിര്‍മാണം ദൈര്‍ഘ്യമേറിയ ഒരു സാങ്കേതികവിദ്യയാണ്. ആവശ്യാനുസരണമാണ് അതുണ്ടാക്കുന്നത്. അതുകൊണ്ട് നേരത്തെ ഓര്‍ഡര്‍ ചെയ്യണം. അല്ലെങ്കില്‍ കാലതാമാസമുണ്ടാവും. അങ്ങനെ നിലവിലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി മൂന്നുലക്ഷം ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. 

വീടുകള്‍ സന്ദര്‍ശിച്ച ശേഷം മലപ്പുറത്ത് വാക്‌സിനേഷന്‍ എടുക്കാത്ത  വിവിധ പ്രായത്തില്‍പ്പെട്ട കുട്ടികളുടെ കണക്ക് ഇങ്ങനെയാണ്-

0-5 വയസ്സിനിടെ പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണം: 49,000
5-7 വയസ്സിനിടയില്‍ : 26,123
7-16 വയസ്സിനിടയില്‍: 1,68,000
മൊത്തം: 2,43,123 കുട്ടികള്‍ പൂര്‍ണമായോ ഭാഗികമായോ വാക്‌സിനേഷന്‍ ലഭിക്കാതെ മലപ്പുറത്തുണ്ട്. 

ഇതാണ് കഴിഞ്ഞ 20 വര്‍ഷത്തെ വാക്‌സിന്‍വിരുദ്ധ പ്രവര്‍ത്തനത്തിന്റെ നേട്ടം!

ഡിഫ്ത്തീരിയയും റ്റെറ്റനെസ്സും മീസില്‍സും ബാധിച്ച് മലപ്പുറത്ത് കുട്ടികള്‍ തുടര്‍ച്ചയായി മരിക്കുന്നതിന്റെ കാരണം ഇതാണ്. 

ഇനി മൂന്നുലക്ഷം വാക്‌സിന്‍ ഡോസിന്റെ  കാര്യം. 

പൂര്‍ണമായി ഡിഫ്ത്തീരിയ വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ശരിയായ അളവില്‍ രോഗപ്രതിരോധശേഷിയുണ്ടാവാന്‍ മൂന്ന് ഡോസ് വാക്‌സിന്‍ കൊടുക്കണം. ഭാഗികമായി വാക്‌സിനേഷന്‍ നല്‍കിയവര്‍ക്ക് ഒരു ഡോസ് മതിയാവും. അങ്ങനെ നോക്കുമ്പോള്‍ മൂന്നുലക്ഷം ഡോസ് എന്നത് ശരിയായ കണക്ക് തന്നെയാണ്. 

ഈ വസ്തുതകള്‍ മറച്ചുപിടിച്ച് ആരോഗ്യവകുപ്പിന്റെയും, ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളെ സംശയത്തോടെ വീക്ഷിക്കാന്‍ പരിശീലിപ്പിക്കുകയാണ് വി.പ്ര.ചിയുടെ നേതൃത്വത്തിലുള്ള വാക്‌സിന്‍ വിരുദ്ധസംഘം. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള ഒരു നടപടിയും കേരള സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. 

വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കോലാഹലങ്ങള്‍ മൂലം ശക്തമായിക്കൊണ്ടിരുന്ന വാക്‌സിനേഷന്‍ ഇപ്പോള്‍ അല്‍പ്പം മന്ദീഭവിച്ചിട്ടുണ്ട്. മാര്‍ച്ചിനും ധര്‍ണയ്ക്കും ശേഷം സാധാരണ വാക്‌സിനേഷന് വരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഡിഫ്ത്തീരിയ മരണങ്ങള്‍ക്ക് ശേഷം മലപ്പുറത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശക്തമാക്കി. അതിന്റെ പ്രതികരണമാണ് ഈ കോലാഹലങ്ങള്‍. യഥാര്‍ഥത്തില്‍ ഈ പരിപാടികള്‍ അവര്‍ സംഘടിപ്പിച്ചത് സ്വന്തം പ്രതിരോധത്തിന് വേണ്ടിയാണ് (വീഡിയോ 6 കാണുക).

Video 6

'ഞങ്ങള്‍ പറയുന്നത് കേട്ടാണ് വാക്‌സിന്‍ എടുക്കാതിരുന്നത് എന്ന് നിങ്ങള്‍ പറയരുത്. എന്തെങ്കിലും കുഴപ്പമുണ്ടാകുമ്പോള്‍ നിങ്ങള്‍ അങ്ങനെ പറയും. അത് വേണ്ട'. അടിസ്ഥാനമില്ലാത്ത വാദങ്ങളുയര്‍ത്തി വാക്‌സിന്‍ മാരകവിഷമാണെന്ന് ആവര്‍ത്തിച്ചു പറയുക. അവസാനം കുറ്റം ജനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുക.  രണ്ടു പതിറ്റാണ്ടായി തങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ മരണങ്ങള്‍ എന്ന വസ്തുത ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനുള്ള ശ്രമമാണിത്. 

മാര്‍ച്ചും ധര്‍ണയും വാക്‌സിന്‍വിരുദ്ധ പ്രവര്‍ത്തകര്‍ സ്വയം എടുക്കുന്ന ഒരു 'വാക്‌സി'നാണ്. ജനരോഷം തങ്ങള്‍ക്കുനേരെ തിരിയാതിരിക്കാനുള്ള ഒരു 'വാക്‌സിനേഷന്‍'. ആധുനിക വൈദ്യവിജ്ഞാനത്തെയും ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പിനെയും അധിക്ഷേപിക്കുന്നത് അതിന്റെ  ഭാഗമയാണ്. ഡോക്ടര്‍മാര്‍ പറയുന്നത് ജനങ്ങള്‍ വിശ്വസിക്കാതിരിക്കണം. ജനങ്ങള്‍ അവരെ സംശയിക്കണം. അതുകൊണ്ട് മുന്‍കൂറായി എറിയുന്ന ഒരു വടിയാണ് 'വിഖ്യാത പ്രകൃതി ചികിത്സക'ന്റെ അസഭ്യപ്രകടനവും സി.ബി.ഐ പ്രയോഗവും.

ഡിഫ്ത്തീരിയ ബാധ എങ്ങനെ 

Diphtheria
ഡിഫ്ത്തീരിയ രോഗാണു -
കൊറീന്‍ബാക്ടീരിയം ഡിഫ്ത്തീരിയെ

'കൊറീന്‍ബാക്ടീരിയം ഡിഫ്ത്തീരിയെ' ( Corynebacterium diphtheriae ) എന്ന രോഗാണുവാണ് ഡിഫ്ത്തീരിയക്ക് കാരണം. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയായിരിക്കും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍. പിന്നീട് തോണ്ടയും മൂക്കിന്റെ ഉള്‍ഭാഗവും ചുവന്ന് തടിക്കും. 

തൊണ്ടയുടെ മൃദുവായ ഭിത്തിയിലെ കോശങ്ങള്‍ രോഗാണുവിന്റെ ആക്രമണം മൂലം നശിച്ച് വെളുത്ത ചാരനിറത്തിലുള്ള അവശിഷ്ടമായി തോണ്ടയുടെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. മൂക്കില്‍ നിന്ന് ചോര കലര്‍ന്ന് മഞ്ഞനിറത്തിലുള്ള സ്രവം പുറത്തേക്ക് വരാം. കഴുത്തിലെ  കഴലകള്‍ അഥവാ ലിംഫ് ഗ്രന്ഥികള്‍ വീങ്ങി കഴുത്ത് വീര്‍ത്ത് നില്‍ക്കും. 

Diphtheria
തൊണ്ടയുടെ ഉള്‍ഭാഗം
ഡിഫ്ത്തീരിയയിലും
സാധാരണ ടോണ്‍സിലൈറ്റിസിലും

ഈയവസരത്തില്‍ രോഗാണു ഒരു പ്രത്യേക വിഷപദാര്‍ഥം ഉല്‍പ്പാദിപ്പിക്കും. അത് രക്തത്തില്‍ കലര്‍ന്ന് ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും തകരാറിലാക്കുന്നു. കുട്ടിയുടെ ഹൃദയം പ്രവര്‍ത്തനരഹിതമാവും. ശരീരം തളര്‍ന്ന് ബലഹീനമാവും. തൊണ്ട തടിച്ചുവീര്‍ത്ത് ശ്വസനം തടസ്സപ്പെടും. കുട്ടി മരണത്തിന് കീഴടങ്ങുന്നു. 

 

എന്താണ് വാക്‌സിന്‍?

ഒരു രോഗാണു ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചിലരില്‍ അത് കാര്യമായ അസുഖങ്ങളൊന്നും ഉണ്ടാക്കണമെന്നില്ല. ക്രമേണ രോഗാണു ശരീരത്തില്‍ നിന്ന് പിന്‍വാങ്ങും. എന്നാല്‍ മറ്റു ചിലരില്‍ അത് കാര്യമായ രോഗമുണ്ടാക്കും. അവരില്‍ മിക്കവരും പിന്നീട് രോഗവിമുക്തരാവുകയും ചെയ്യും. ഇവരില്‍ കുറച്ചുപേര്‍ മരണമടയുകയും ചെയ്യാം. ആദ്യത്തെ രണ്ടു കൂട്ടരുടെയും ശരീരത്തില്‍ രോഗാണുവിനെതിരെ പ്രതിരോധശക്തിയുണ്ടാവും. രോഗം വീണ്ടും ഉണ്ടാകുന്നതിനെ അത് തടയും. പക്ഷെ രോഗാണു ഒരാളുടെ ശരീരത്തില്‍ കടന്നുകഴിഞ്ഞാല്‍ ഇതിലേതാണ് സംഭവിക്കുക എന്ന് മുന്‍കൂട്ടി നമുക്ക് അറിയാനാവില്ല. 

ഈ അവസ്ഥക്കുള്ള പരിഹാരമാണ് വാക്‌സിന്‍. ആ പ്രത്യേക രോഗത്തെ തടായാനുള്ള വാക്‌സിന്‍ സ്വീകരിക്കുകയാണെങ്കില്‍ ശരീരത്തില്‍ ആ രോഗത്തിനെതിരായ പ്രതിരോധശക്തി ഉണ്ടായിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാനാകും.

രോഗമുണ്ടാക്കാതെ ശരീരത്തില്‍ രോഗത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ വാക്‌സിന്‍ സഹായിക്കുന്നു. ശക്തി ക്ഷയിപ്പിച്ചെടുത്ത രോഗാണുവോ, മൃതമായ രോഗാണുവോ, രോഗാണുവിന്റെ ഘടകങ്ങളോ ആയിരിക്കും വാക്‌സിനില്‍ ഉണ്ടായിരിക്കുക. അവ ശരീരത്തില്‍ പ്രയോഗിക്കുമ്പോള്‍ സ്വാഭാവികമായ രോഗപ്രതിരോധശക്തി ശരീരത്തില്‍ ഉണ്ടാവുന്നു. ശരീരത്തിേെന്റാ തന്നെ പ്രകൃത്യായുള്ള പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുക മാത്രമാണ് വാക്‌സിന്‍ ചെയ്യുന്നത്. ഇവിടെ ഒന്നും തന്നെ കൃത്രിമമായി സംഭവിക്കുന്നില്ല.

 

diphteriaമലപ്പുറവും ഡിഫ്ത്തീരിയയും തമ്മിലെന്ത്? (ലേഖനത്തിന്റെ ആദ്യഭാഗം)

സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലകളില്‍ ഒന്നായ മലപ്പുറത്തെ ടെറ്റനസ് മുതല്‍ ഡിഫ്ത്തീരിയ വരെയുള്ള  മഹാവ്യാധികളുടെ രോഗാണുക്കള്‍  അവയുടെ അഭയകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. അവയെ അഭംഗുരം അവിടെ നിലനിറുത്താന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്ന ശക്തമായ ഒരു വാക്‌സിനേഷന്‍ വിരുദ്ധസംഘവും ജില്ലയില്‍ സജീവമാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് ഇരുകൂട്ടര്‍ക്കും മലപ്പുറം പ്രിയങ്കരമായി തീര്‍ന്നത് വിചിത്രമാണ്. ഇവരുടെ നടുവില്‍ കുട്ടികള്‍ മരിച്ചു വീണുകൊണ്ടിരിക്കുകയാണ്...  
Read more.