ന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങള്‍ വൈദ്യപഠനം ആരംഭിച്ച എണ്‍പതുകള്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കുള്ളിലെ ചെറിയൊരു തുരുത്തായിരുന്നുവെന്ന് തോന്നുന്നു. ഇന്നത്തെക്കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതോ ഒരന്യദേശമായിരുന്നു അത്.  വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തവണ്ണം വിദൂരമായ ഒന്ന്.  'എന്തൊരു സ്പീഡ്' എന്നൊക്കെ അന്ന് തോന്നിയിരുന്നെങ്കിലും എത്ര സാവകാശമായിരുന്നു സമയത്തിന്റെ ഒഴുക്ക്..! വേഗത ഭാവിച്ചുകൊണ്ട് പതുക്കെ ഒഴുകുന്ന കാറ്റ്, തിരക്കുകൂട്ടി അലസമായി നീങ്ങുന്ന സൈക്കിള്‍ യാത്രക്കാര്‍, ഗൗരവത്തോടെ മുഖം വീര്‍പ്പിച്ചു പോകുന്നു ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍. ആര്‍ക്കും സമയമില്ല. പക്ഷെ ആരും ഒന്നും ചെയ്യുന്നതുമില്ല. ഇതിനിടയിലിരുന്നുകൊണ്ടാണ് ഗഹനമായ മെഡിക്കല്‍ പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കേണ്ടത്. ഗൈഡുകളും പോക്കറ്റ് എഡിഷന്‍ സഹായികളും ഇല്ല. നീന്തല്‍ വസ്ത്രങ്ങളില്ലാതെ നേരെ കടലിലേക്ക് ചാടണം. കാമ്പസ് മുഴുവന്‍ കൂട്ടം ചേര്‍ന്ന് നീന്തിനടക്കുന്ന വെളുത്ത മീനുകള്‍, വിദ്യാര്‍ഥികള്‍..! 

തിരുവനന്തപുരം നഗരത്തില്‍ നിന്ന് രാവിലെ നാല് ബസ്സുകളിലായി വരുന്ന വിദ്യാര്‍ഥികള്‍ ഒഴികെ മറ്റുള്ളവരെല്ലാം അന്ന് മൂന്ന് മെന്‍സ് ഹോസ്റ്റലുകളിലും ഒരു ലേഡീസ് ഹോസ്റ്റലിലുമായിട്ടാണ് താമസിച്ചിരുന്നത്. ഹൗസ് സര്‍ജന്‍മാര്‍ക്ക് പ്രത്യേക ക്വാര്‍ട്ടേഴ്‌സ്. ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കാമ്പസിനുള്ളിലേക്ക് മാറി വേറൊരു ഹോസ്റ്റല്‍. അവരില്‍ ഭൂരിപക്ഷവും നാട്ടിന്‍പുറങ്ങളിലെ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. സ്വന്തമായി വാഹനമുള്ളവര്‍ തീരെ കുറവ്. ബൈക്കില്‍ വരുന്നത് അഞ്ച് പേര്‍ മാത്രം.  മൂന്ന് പേര്‍ യെസ്ഡിയില്‍. ഒരാള്‍ ബുള്ളറ്റില്‍. ടി.വി.എസ് അന്ന് ലേബര്‍റൂമിലാണ്. ഹീറോഹോണ്ട ഗര്‍ഭം ധരിച്ചിട്ടുമില്ല.  എവിടെയും മുഴുദാരിദ്ര്യം. ധനദാരിദ്ര്യം. സ്‌നേഹദാരിദ്യം. അതിന്റെ ഭാഗമായുള്ള നെടുവീര്‍പ്പുകള്‍ റോഡിന്റെ പല ഭാഗങ്ങളിലായി ഉയരുന്നത് നടന്നുപോകുമ്പോള്‍ കേള്‍ക്കാം. മറ്റെന്തു ചെയ്യാനാണ് !  മൊബൈല്‍ ഫോണില്ല,  വീഡിയോ ചാറ്റില്ല. ഭാവനകളും അശരീരികളും ചിറകടിച്ചുയരുന്ന വെറും ആകാശം മാത്രമാണ് മുകളില്‍.  മൂന്നാമത്തെ മെന്‍സ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന പ്രേംകുമാര്‍, മണക്കാട്ട് നിന്നും വരുന്നിരുന്ന രാജ്കുമാര്‍  എന്നിവര്‍ ഒഴിച്ച് മറ്റാരും എന്റെ പരിചയത്തില്‍ കമ്പ്യൂട്ടറിനെക്കുറിച്ചോ ഇന്റര്‍നെറ്റിനെക്കുറിച്ചോ അന്ന് പറയുന്നത് കേട്ടിട്ടില്ല. ഇക്കൂട്ടത്തില്‍ രാജ്കുമാര്‍ വളരെ മുന്നേ പറന്നുപോയ ഒരു കിളിയാണ്. എം.ബി.ബി.എസ് കഴിഞ്ഞ് സിദ്ധവൈദ്യം പഠിച്ച രാജ്കുമാര്‍ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും ഭാരതപര്യടനം പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ ഊട്ടിയില്‍ ഏതോ മലയുടെ മുകളില്‍ ജീവിച്ചുവരുന്നു. കേരളത്തിലെ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ നോഡല്‍ ഓഫീസറായ ഡോ: റാണി. കെ.ആര്‍ അദ്ദേഹത്തിന്റെ സഹോദരിയാണ്. ഒരിക്കല്‍ റാണിയും രാജ്കുമാറും രാജിന്റെ പത്‌നിയായ കാലിഫോര്‍ണിയക്കാരി സൂസനും എന്റെ ക്ലിനിക്കില്‍ വന്നു. ഫ്രാന്‍സില്‍ നിന്ന് ജര്‍മനിയിലേക്ക് നടന്നുപോകും വഴി ശേഖരിച്ച ഒരു പുരാതന കടല്‍ ജീവിയുടെ ഫോസില്‍ അവശിഷ്ടം രാജ്കുമാര്‍ അന്ന് സമ്മാനമായി തന്നു. 

'ഇത് കൈയ്യില്‍ കിട്ടിയപ്പോള്‍ തനിക്കു തരാനാണ് തോന്നിയത്.' 
രാജ്കുമാര്‍ പറഞ്ഞു. 
'ആഹാ' എത്ര മനോഹരമായ ലോകം! 
ആരും കണ്ടെത്തിയിട്ടില്ലാത്ത ഒരു നാട്ടിന്‍പുറത്ത് വെറും ജി.പിയായി കഴിയുന്ന അപരിഷ്‌കൃതനായ ഡോക്ടറുടെ മുന്നിലെത്തിയ ആ അപൂര്‍വ്വ വസ്തുവിനെ ഞാന്‍ കൗതുകത്തോടെ നോക്കി. നീണ്ട സഹസ്രാബ്ദങ്ങള്‍ ഫോസില്‍ കഷണത്തെ ഏതു നിമിഷവും വഴുതിപ്പോകുന്ന ഒരു സ്വപ്നത്തെപ്പോലെ അതിമൃദുലമാക്കിത്തീര്‍ത്തിരുന്നു. വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുമെന്ന് കരുതി ഇരുകൈകളും കൊണ്ട് അതിനെ മുറുകെപ്പിടിച്ചു നിന്ന എന്നെ നോക്കി രാജ്കുമാര്‍ ചിരിച്ച ചിരി ഇന്നും ഓര്‍മ്മയുണ്ട്. തിരിഞ്ഞുനോക്കിയാല്‍ നിരവധി മുഖങ്ങള്‍ തെളിഞ്ഞ ചിരിയോടെ അങ്ങനെ നില്‍ക്കുന്നത് കാണാം. അസാധാരണമായ ബുദ്ധിവൈഭവമുള്ള  വലിയൊരു വിദ്യാര്‍ഥിസമൂഹത്തെ പരിചയപ്പെടാനായതാണ് മെഡിക്കല്‍ കോളേജില്‍ പഠിച്ചത്തിന്റെ യഥാര്‍ത്ഥ നേട്ടം. ഏത്രയെത്ര മിടുക്കന്മാരെയാണ് കണ്ടുമുട്ടിയത്.! ഡോക്ടര്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ വരാതിരുന്നെങ്കില്‍ വലിയ ശാസ്ത്രജ്ഞന്‍മാരും നയതന്ത്രവിദഗ്ദരും ചരിത്രകാരന്മാരും എഴുത്തുകാരുമാകേണ്ട പ്രതിഭാശാലികള്‍..! അവരൊക്കെ എവിടെപ്പോയി? അത്ഭുതം തോന്നുന്നു. നമ്മുടെ വൈജ്ഞാനിക ജീവിതവും സാഹിത്യവും ശുഷ്‌കമായിപ്പോയതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍  അതിനൊറ്റ കാരണം മക്കള്‍ ഡോക്ടര്‍മാരും എന്‍ജിനീയറന്മാരുമാകുന്നതാണ് വലിയകാര്യം എന്ന് തെറ്റിദ്ധരിച്ചുപോയ കേരളത്തിലെ മാതാപിതാക്കളാണ്. 

വീണ്ടും വീണ്ടുമോര്‍ക്കാന്‍ അത്ര മധുരതരമായ അനുഭവമൊന്നുമല്ല മെഡിക്കല്‍ വിദ്യാഭാസം. ആയിരുന്നുവെങ്കില്‍ വൈവിധ്യങ്ങളോടെ മെഡിക്കല്‍ പഠനത്തിനായി പോകുന്ന ബുദ്ധിശാലികള്‍ അച്ചിലിട്ട് വാര്‍ത്ത പ്രൊഫെഷണലുകളായി പുറത്തേക്ക് വരില്ലായിരുന്നു. ഡോക്ടര്‍മാര്‍ എന്ന നിലയില്‍ അവര്‍ക്ക് കിട്ടുന്ന പ്രൊഫഷണല്‍ പരിശീലനത്തിന്റെ നിലവാരത്തെക്കുറിച്ച് സംശയിക്കേണ്ടതില്ല. പക്ഷെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ബിരുദപഠനത്തിനായി ചെലവഴിക്കുന്ന നാലോ അഞ്ചോ വര്‍ഷക്കാലത്തിനുള്ളില്‍ വ്യക്തിത്വവളര്‍ച്ചയെ സഹായിക്കുന്ന എന്ത് പരിശീലനമാണ് അവര്‍ക്ക് ലഭിക്കുന്നത് ? ഒരു വ്യക്തിയുടെ മാനസികവും ലൈംഗികവുമായ വളര്‍ച്ച പൂര്‍ണ്ണരൂപം പ്രാപിക്കുന്ന നീണ്ടയൊരു കാലയളവിലാണ് ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കലായത്തിനുള്ളില്‍ കഴിയുന്നത്. ഈ കാലഘട്ടം മികവുറ്റ നൈപുണ്യങ്ങള്‍ ആര്‍ജിച്ചു തരണം ചെയ്യാന്‍ ആരാണ് അവരെ സഹായിക്കുന്നത്? എത്ര മെഡിക്കല്‍ അധ്യാപകര്‍ക്ക് അതിനു കഴിയുന്നുണ്ട് ? ഇത് എങ്ങനെയാണ് നമ്മുടെ ആതുരശുശ്രൂഷ രംഗത്തെ സ്വധീനിക്കുന്നതെന്ന് നാം പഠിക്കേണ്ടതാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെപ്പോലെ പ്രധാനമാണ് മെഡിക്കല്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം.  അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഡോക്ടറും രോഗിയും തള്ളിലുള്ള ബന്ധം എന്നുപോലും പറയേണ്ടിവരും. അറിവിന്റെ ഉടമസ്ഥന്‍ രണ്ടു സ്ഥലത്തും അധികാരപ്രയോഗത്തിന്റെ കേന്ദ്രമായിത്തീരുന്നു. വിദ്യാര്‍ഥികേന്ദ്രീകൃത വിദ്യാഭ്യാസം സാധ്യമാകാതെ രോഗികേന്ദ്രീകൃത ചികിത്സസംവിധാനം രൂപപ്പെടുത്താന്‍ കഴിയില്ല. ഈ ദിശയില്‍ ചില മാറ്റങ്ങള്‍ ഇന്ന്  നടന്നുവരുന്നതായി സുഹൃത്തുക്കളായ മെഡിക്കല്‍ അധ്യാപകര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും പുറത്തേക്ക് പ്രതിഫലിച്ചു കാണുന്നില്ല. പൊതുവായ വിഷയങ്ങളെക്കുറിച്ച് മാത്രമല്ല പ്രൊഫെഷണല്‍  കാര്യങ്ങളെക്കുറിച്ചുള്ള ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ പോലും ഇന്നും സങ്കുചിതവും ബാലിശവുമാണ്. 

എങ്കിലും, പഠനത്തിന്റെ ഭാഗമായി  ഞങ്ങളുടെ അധ്യാപകര്‍  നിര്‍ബന്ധപൂര്‍വ്വം നിഷ്‌കര്‍ഷിചിരുന്ന ചല കാര്യങ്ങള്‍ ഇന്നാലോചിക്കുമ്പോള്‍ അര്‍ത്ഥവത്തായി തോന്നുന്നു. അതിലൊന്നാണ് രോഗികളുടെ കേസ് ഷീറ്റ് എഴുത്ത്. അതായത് രോഗചരിത്ര രചന.  ഇന്റ്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ദയവുമില്ല.  രോഗിയുടെ ചരിത്രം വള്ളിപുള്ളി തെറ്റാതെ എഴുതി വെയ്ക്കുക തന്നെ വേണം. ഞങ്ങളുടെ അധ്യാപകരുടെ  കടുംപിടുത്തം കണ്ടാല്‍ മെഡിക്കല്‍ പഠനം മൊത്തത്തില്‍  ചരിത്ര രചനയാണെന്ന് തോന്നും.  മെഡിസിന്‍, സര്‍ജറി വാര്‍ഡുകളില്‍ ക്ലിനിക്കല്‍ പഠനം ആരംഭിക്കുന്ന മൂന്നാം വര്‍ഷവും, അവസാനവര്‍ഷവും, ഹൗസ് സര്‍ജന്‍സി സമയത്തും,  പി.ജി പഠനകാലത്തുമൊക്കെ വിദ്യാര്‍ഥികള്‍ കേസ് ഷീറ്റ് എഴുതണം. രോഗിയുടെ ഇപ്പോഴത്തെ പ്രശ്‌നം, അതെങ്ങനെ ആരംഭിച്ചു, എങ്ങനെ ഈ അവസ്ഥയിലായി, രോഗിക്ക് നേരത്തെയുണ്ടായിരുന്ന രോഗങ്ങള്‍, മുന്‍കാല ചികിത്സകള്‍, കുടുംബരോഗചരിത്രം, രോഗിയുടെ ശീലങ്ങള്‍, വ്യക്തിഗതമായ സവിശേഷതകള്‍... ഇങ്ങനെപോകും ചരിത്ര രചന. രോഗിയുടെ അടുത്തിരുന്ന് രോഗി പറയുന്നതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കണം. ഉചിതമായ ചോദ്യങ്ങളിലൂടെ വിശദാംശങ്ങള്‍ കണ്ടെത്തണം. പിന്നീട് അടുക്കും ചിട്ടയിലും  അവയൊക്കെ ഓരോ തലക്കെട്ടില്‍ കുറിച്ചുവെയ്ക്കണം. അനാറ്റമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ ഒന്നര വര്‍ഷം പഠിച്ചശേഷം രോഗികളെ സ്റ്റെതസ്‌ക്കൊപ്പ് വെച്ച് പരിശോധിച്ച് വേഗം രോഗം കണ്ടുപിടിച്ചു കളയാം എന്ന ആവേശത്തില്‍  മെഡിക്കല്‍ വാര്‍ഡിലെത്തിയ ഞങ്ങളെ അധ്യാപകര്‍ ആദ്യം പഠിപ്പിച്ചത് ഒരൊറ്റ കാര്യമാണ്. ഒരു രോഗചരിത്രം എങ്ങനെ തയ്യാറാക്കാം. അതിനായി അവര്‍ കാണിച്ച ക്ഷമയെ ആദരവോടുകൂടി മാത്രമേ ഇന്ന് സ്മരിക്കാന്‍ കഴിയൂ. എന്റെ അധ്യാപകരായിരുന്ന ഡോ: മാത്യു തോമസ്, ഡോ: ജോയ് ഫിലിപ്പ്, ഡോ: വിജയലക്ഷ്മി, ഡോ: ശുഭ, ഡോ: മധുസൂദനന്‍ ഡോ: ഗോപകുമാര്‍, ഡോ: അന്നമ്മ ചാക്കോ എന്നിവര്‍ ഇക്കാര്യത്തില്‍ അതീവ നിഷ്ഠ പുലര്‍ത്തിയിരുന്നവരാണ്. വിശദാംശങ്ങള്‍ ചോര്‍ന്നുപോയാല്‍ അപ്പോള്‍ തന്നെ അവര്‍ കൈയ്യോടെ പിടികൂടും. അവസാന വര്‍ഷം, ഒരു രോഗിയുടെ അടുത്തിരുന്നു ഞാന്‍ തയ്യാറാക്കിയ ബൃഹത്തായ ക്ലിനിക്കല്‍ ഹിസ്റ്ററി മുന്‍ ശുണ്ഠിക്കാരനായ എന്റെ  പ്രൊഫസ്സര്‍ പമ്പരം കറക്കി വിടും പോലെ ഒറ്റയേറ്!   വാരാന്തയില്‍ കൂടി പോവുകയായിരുന്ന അറ്റന്‍ഡര്‍ അത് ചാടിപ്പിടിച്ചു തന്നു. ഞാന്‍ എഴുതിയ ഡയഗ്‌നോസിസ് തെറ്റിപ്പോയോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ പ്രൊഫസര്‍ ചോദിച്ചു. 

'സന്തോഷ്, തൊഴില്‍ എവിടെ?' 
രോഗിയുടെ തൊഴില്‍ എന്താണെന്ന് ഞാന്‍ എഴുതിയിരുന്നില്ല.  അത് ചോദിക്കാന്‍ മറന്നുപോയി എന്നതാണ് സത്യം. 'തൊഴിലും രോഗവുമായി ബന്ധമുണ്ടാകില്ല എന്നാണോ പഠിച്ചിട്ടുള്ളത്.'അതൊരു വലിയ പാഠമായിരുന്നു. ഓരോ വ്യക്തിയും അവരുടെ രോഗവും വ്യതിരിക്തമാണ്. രോഗനിര്‍ണ്ണയം ആരംഭിക്കേണ്ടത് അയാളുടേത്/അവളുടേത് മാത്രമായ ചരിത്രത്തില്‍ നിന്നാണ്. രോഗശമന പദ്ധതി പുറത്തുനിന്ന് രോഗിയിലേക്ക് പോകുന്നതല്ല, രോഗിയില്‍ നിന്ന് പുറത്തേക്ക് വരുന്നതാണ്. ശരിയായ രോഗചരിത്രരേഖയില്ലാതെ അത് അസാധ്യമാണ്. ഇത് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന താത്വികസമീപനമാണെന്ന് എന്റെ അധ്യാപകര്‍ പറഞ്ഞിരുന്നില്ല. അവരുടെ പരിപ്രേക്ഷ്യം വ്യത്യസ്തമായിരുന്നു. പക്ഷെ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അത് വലിയൊരു ജീവിതപാഠം കൂടിയാവുമായിരുന്നു. വൈദ്യപരിശീലനത്തെ നയിക്കുന്ന ദാര്‍ശനികവും സാമൂഹികവുമായ തത്വങ്ങളുടെ വിശദീകരണമില്ലായ്മയാണ് വൈദ്യവിദ്യാഭ്യാസത്തെ വരണ്ട അനുഭവമാക്കി മാറ്റുന്നത്. എങ്കിലും,  'ക്ലിനിക്കല്‍ ഭാഷ' ഇന്ന് കൂടുതല്‍ കൂടുതല്‍ 'ബയോമെഡിക്കല്‍ വര്‍ത്തമാനമായി' തീരുന്നത് കാണുമ്പോള്‍, രോഗിയുടെ തൊഴില്‍ എഴുതിവെയ്ക്കാത്തതു കാരണം  ആശുപത്രി വരാന്തയിലേക്ക് പറന്നുപോയ പഴയ ഒരു കേസ്ഷീറ്റിനെ ഓര്‍മ്മ വരും. 

'ക്ലിനിക്കല്‍ രോഗചരിത്രം' രോഗത്തെക്കുറിച്ചുള്ള 'ആഖ്യാന'മാണ്. രോഗിയില്‍ നിന്ന് ഭിഷഗ്വരന്‍ കണ്ടെത്തുന്ന കഥ. എന്താണ്  ഈ കഥാഖ്യാനത്തിന്റെ പ്രാധാന്യം?  രോഗി അവനവനായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു ജൈവരാസപദാര്‍ത്ഥം എന്ന നിലയിലേക്ക് വേര്‍പെട്ടു പോകുന്നതിനെ അത് പ്രതിരോധിക്കുന്നു. ഒരാള്‍ രോഗിയായിത്തീരുന്നതും രോഗശമനമുണ്ടാകുന്നതും ക്രമാനുഗതമായ ഒരു പ്രക്രീയയാണ്. പക്ഷെ രോഗിയായി തീരുന്ന ഒരാള്‍ രോഗത്തെ അനുഭവിക്കുന്നത് അങ്ങനെയാകണമെന്നില്ല. ജീവാവസ്ഥയില്‍  സംഭവിക്കുന്ന ഒരു വിച്ഛേദമാണ്. സ്വന്തം വ്യക്തിത്വത്തില്‍ നിന്നുള്ള വേര്‍പെടലാണ്. അപവ്യക്തീകരണം. സ്വത്വാധികാരത്തിന്റെ നഷ്ടം.  രോഗത്തെക്കുറിച്ചുള്ള ക്രമാനുഗതമായ ആഖ്യാനത്തിലൂടെ തനിക്ക് നഷ്ടമായ കാലബോധത്തെ തിരിച്ചുപിടിക്കുകയാണ് ചെയ്യുന്നത്. എന്തെന്നാല്‍ ഒരാളെ ഏകകാലത്തിനുള്ളിലേക്ക് തള്ളിയിടുന്ന അവസ്ഥയാണ് രോഗം. രൂപരഹിതമായ വര്‍ത്തമാനകാലമാണത്. ഈ രൂപരാഹിത്യത്തിന്റെ നടുവില്‍ രോഗിക്ക് ഭൂതകാലം നഷ്ടമാവുന്നു. ഭാവി  അണഞ്ഞുപോകുന്നു. രോഗിയായിത്തീരുന്ന മനുഷ്യന്റെ പരിപ്രേക്ഷ്യത്തില്‍, ജീവിച്ചുകൊണ്ടിരിക്കുക എന്ന തന്റെ അവസ്ഥയിലുണ്ടാകുന്ന ഒരു പ്രതിസന്ധിയാണിത്.  ഇതില്‍ നിന്ന് അയാള്‍ പുറത്ത് കടക്കേണ്ടതുണ്ട്. യാഥാര്‍ത്ഥ്യത്തെ രോഗി ക്രമബദ്ധമായി വീണ്ടും കണ്ടെത്തുകയും സ്വയം അതിനുള്ളില്‍ പ്രതിഷ്ടിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാവുക. അതിനാല്‍, രോഗിക്ക് സ്വയം വെളിപ്പെടുത്താനും വിശദീകരിക്കനുമുള്ള ഒരിടം ചികിത്സ പരിചരണ സംവിധാനത്തില്‍ ഉണ്ടാകേണ്ടത് അതിപ്രധാനമാണ്.  രോഗി അവന്റെ കഥപറയുന്നതും ഭിഷഗ്വരന്‍ അത് കേള്‍ക്കുകയും ചെയ്യുന്നതാണ് രോഗശമനപ്രക്രീയകളുടെ പ്രഭവകേന്ദ്രം.ഒരു സമയക്രമത്തിനുള്ളില്‍ രോഗാവസ്ഥയെ പ്രതിഷ്ടിക്കുന്നത് രോഗിക്കും ഡോക്ടര്‍ക്കും വ്യത്യസ്ത അനുഭവങ്ങളാവും നല്‍കുക. രോഗത്തിന്റെ വേദനയും രോഗപീഢയും സഹിക്കാന്‍ രോഗിയെ അത് പ്രാപ്തനാക്കുന്നു. ഭിഷഗ്വരനെ സംബന്ധിച്ചിടത്തോളം പരിശോധിക്കാനും ചികിത്സിക്കാനും  കഴിയുന്ന ഒരു ഘടനക്കുള്ളിലേക്ക് രോഗാവസ്ഥയെ ചുരുക്കിയെടുക്കാനും സാധിക്കുന്നു. സൂക്ഷ്മമായ രോഗചരിത്രം രോഗനിര്‍ണ്ണയത്തിലേക്ക് തുറക്കുന്ന വാതിലാണ്.  മാത്രമല്ല, ആഖ്യാനം നൈതികവുമാണ്. മനുഷ്യജീവനെക്കുറിച്ചൊരു മൂല്യബോധം അതിനുള്ളില്‍ സ്വാഭാവികമായുണ്ടായിരിക്കും.  

ഒരു സത്യത്തിന്റെ ഇരുപുറവും സമാന്തരമായി സഞ്ചരിക്കുന്നവരാണ് ഡോക്ടറും രോഗിയും. വൈദ്യശാസ്ത്ര സംബന്ധമായ വസ്തുതകളെ ഇരുവരും സമീപിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും. ശാസ്ത്രസത്യങ്ങളെ ജനങ്ങള്‍ യുക്തിപൂര്‍വ്വം പിന്തുടരുന്നില്ല എന്നത് ഡോക്ടര്‍മാര്‍  പൊതുവേ പറയുന്ന ഒരു പരാതിയാണ്. അതുകൊണ്ട് 'എന്തിനധികം സംസാരിക്കണം' അവര്‍ക്ക് മനസിലാകില്ല' ഇതാണ് പൊതുവേ കാണുന്ന സമീപനം. 

ജനങ്ങളെക്കുറിച്ചുള്ള ഈ മുന്‍വിധി ചികിത്സയെ ഡോക്ടര്‍ കേന്ദ്രീകൃതവും പിതൃമേധാവിത്വപരവുമാക്കിത്തീര്‍ത്തിരിക്കുന്നു. യുക്തിയേക്കാള്‍,  രൂപകാത്മകമായ ചിന്തയിലൂടെയാണ് ജനങ്ങള്‍ സത്യത്തെ അറിയുന്നതെന്ന് നാം ഇനിയെങ്കിലും അംഗീകരിക്കണം. ഇത് സങ്കീര്‍ണ്ണമായ ഒരു പ്രക്രീയയാണ്. ചരിത്രപരവും സാമൂഹികവും ആത്മനിഷ്ടവുമായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു സമൂഹത്തില്‍ രൂപകങ്ങള്‍ രൂപപ്പെടുക. സത്യവും വിശ്വാസവും മിഥ്യാബോധവുമൊക്കെ അതില്‍ ഉള്‍ചേര്‍ന്നു കിടക്കുന്നു. എത്ര തന്നെ അസംബന്ധമെന്ന് പുറമേ തോന്നുമെങ്കിലും അനുഭവങ്ങളെ കോര്‍ത്തിണക്കി ജനങ്ങള്‍ സൃഷ്ടിക്കുന്ന 'അനുഭവാധിഷ്ടിതമായ ഒരു  യുക്തി' അതിനുള്ളിലുണ്ടായിരിക്കും. ശാസ്ത്രജ്ഞാനത്തേക്കാള്‍, തങ്ങളുടെ ജീവിതത്തില്‍ വേരൂന്നിനില്‍ക്കുന്ന അനുഭവങ്ങളുടെ കാര്യകാരണ ബന്ധമായിരിക്കും അതിന്റെ അടിസ്ഥാനം. ഉദാഹരണമായി 'ഇന്‍ഫ്‌ലമേഷന്‍' എന്നത് ഡോക്ടര്‍ക്ക്, ഒരു ശാരീരിക ക്ഷതത്തിനെതിരായ ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ്.  പക്ഷെ  ഒരു സാധാരണ മനുഷ്യന് അതൊരു 'നീര്‍ക്കെട്ടാ'ണ്.  ശരിയാണ്, അതില്‍ കുറച്ചു നീരുണ്ട്. പക്ഷെ എന്താണ് ഈ കെട്ടിനില്‍ക്കല്‍ ? ഒരു ആധുനിക ചികിത്സകന് ഊഹിക്കാന്‍ കഴിയാത്തവണ്ണം ശരീരത്തെക്കുറിച്ചുള്ള പ്രാദേശികവും പ്രാചീനവുമായ ധാരണകള്‍ അടങ്ങുന്നതാണ് പുറമേ നിരുപദ്രവകരമായി തോന്നുന്ന 'കെട്ടിനില്‍ക്കല്‍'. ജനങ്ങള്‍ക്ക്  ശരീരദൂഷ്യത്തിന്റെ സൂചനയാണത്. അത് അശുദ്ധിയാണ്.പക്ഷെ വൈദ്യന്‍ പറയുന്ന ദോഷവും  ജനങ്ങള്‍ ഉദ്ദേശിക്കുന്ന ദൂഷ്യവും ഒന്നാകണമെന്നില്ല. അവയുടെ വ്യാഖ്യാനം സംസ്‌കാരിമായും സാന്ദര്‍ഭികമായും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് രോഗാവസ്ഥ എന്നത് തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തില്‍ ഒരു മെഡിക്കല്‍ പ്രോഫെഷണല്‍   തിരിച്ചറിയുന്ന ഒരു യാഥാര്‍ഥ്യമായിരിക്കുമ്പോള്‍ തന്നെ രൂപകങ്ങളെ അടിസ്ഥാനമായി ജനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന 'സത്യ'വുമാണ്. ഈ രണ്ടു ലോകങ്ങളെയും പൊരുത്തപ്പെടുന്ന ഒരു ഭാഷയെ വികസിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ പ്രയുക്തശാസ്ത്രങ്ങള്‍ മനുഷ്യശബ്ദത്തില്‍ സംസാരിക്കുന്നതില്‍ പരാജയപ്പെട്ടുപോകും.  ആധുനിക വൈദ്യശാസ്ത്രത്തിലെ അസാധാരണമായ സാങ്കേതികമായ മുന്നേറ്റം  ഈ വിവര്‍ത്തനപ്രക്രീയയെ ഇന്ന്  അതീവ സങ്കീര്‍ണ്ണമാക്കി മാറ്റിയിരിക്കുന്നു.  യുക്തിയുടെയും അനുഭവങ്ങളുടെയും അകലം ഇന്ന് വര്‍ധിച്ചുവരികയാണ്.  'ആഖ്യാനാത്മക വൈദ്യ(Narrative Medicine) ത്തിന്റെ സ്ഥാനത്ത്  ക്ലിനിക്കല്‍ ട്രയലുകളേയും  സ്റ്റാറ്റിസ്റ്റിക്‌സിനെയും ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള പുതിയ വൈദ്യസമീപനത്തിന്റെ  (Evidence Based Medicine)  വരവോടുകൂടി ഇത് കൂടുതല്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു. 

പുതിയ സമീപനം രോഗനിര്‍ണ്ണയത്തേയും ചികിത്സയേയും എത്ര ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടോ അത്രയുമളവില്‍ വൈദ്യശാസ്ത്രത്തെ  'ഡേറ്റ'യില്‍ ഊന്നിയുള്ള (data based) ആശയവിനിമയമായും മാറ്റിയിട്ടുണ്ട്.  ഡോക്ടര്‍മാര്‍ തെളിവുകളേയും 'ഡേറ്റ'യെയും കുറിച്ചു കൂടുതല്‍ക്കൂടുതല്‍ ഉത്കണ്ഠാകുലരാവുന്നു.  ജനങ്ങള്‍  തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും.  അതിബൃഹത്തായ മെഡിക്കല്‍ 'ഡേറ്റ'ക്കുള്ളില്‍ തങ്ങളെ പ്രതിഷ്ടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രത്തില്‍ നിന്ന് ജനങ്ങള്‍ അകന്നുപോവുന്ന കാഴ്ച നാം കാണാതിരിക്കരുത്. ആരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും യുക്തിക്കോ അനുഭവങ്ങള്‍ക്കോ നിരക്കാത്ത അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ മാതൃകയാക്കുന്നതിന്റെ കാരണമന്വേഷിക്കുമ്പോള്‍ ഈ സാഹചര്യത്തെക്കൂടി കണക്കിലെടുക്കണം. ആധുനികവൈദ്യശാസ്ത്രഭാഷ ഇന്ന് വിജ്ഞാന സഹവര്‍ത്തിത്വത്തെ പരിഗണിക്കാത്തതും ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു സംഭാഷണമായിത്തീര്‍ന്നിരിക്കുന്നു. വൈദ്യശാസ്ത്രം ഒരു പ്രയുക്തശാസ്ത്രമായതിനാല്‍ ഈ അവസ്ഥ ഭിഷഗ്വരന്മാര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.  ഒരേ അരങ്ങില്‍ വിരുദ്ധ ദിശകളിലേക്ക് സഞ്ചരിക്കുന്ന കഥാപാത്രങ്ങളായിരിക്കുന്നു ഭിഷഗ്വരനും രോഗിയും. 

സമകാലികമായ ഒരു വിഷയം ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം എന്ന് വിചാരിക്കുന്നു.ഇക്കഴിഞ്ഞ വര്‍ഷാവസാനം മീസില്‍സിനും റുബെല്ലക്കും എതിരെ നടന്ന പ്രതിരോധ കുത്തിവെയ്പ്പിന്റെ  അഥവാ എം. ആര്‍  വാക്‌സിനേഷന്‍ കാമ്പയിന്റെ കാര്യം തന്നെയെടുക്കാം. വൈദ്യഭാഷയില്‍ ഉപയോഗിക്കുന്ന 'തെളിവുകളും ആഖ്യാനവും' തമ്മിലുള്ള അന്തരം ഈ കാമ്പയിനില്‍ മറനീക്കി പുറത്തുവന്നു.  കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ട ഒന്നാണ് ഈ വിഷയം. 

വാക്‌സിനുകള്‍ മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് വളരെയധികം സുരക്ഷിതമാണെന്ന് നമുക്കറിയാം. അത്രമാത്രം നവീനവും പരിഷ്‌കൃതവുമായ സാങ്കേതിക വിദ്യയാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും പാര്‍ശ്വഫലരഹിതമാണ് ഇന്ന് ലാഭ്യമാകുന്ന വാക്‌സിനുകള്‍. എങ്കിലും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സാധ്യമാക്കാന്‍ നമുക്കാവുന്നില്ല. ഇതിന് പ്രധാനകാരണം രക്ഷിതാക്കളുടെ വിസമ്മതമാണ്. ഇതിനെ സഹായിക്കുന്ന സാമൂഹിക അന്തരീക്ഷവും നിലനില്‍ക്കുന്നു. വാക്‌സിനേഷന്‍ വിമുഖത ഒരിക്കലും ലളിതമായ വിഷയമല്ല. സങ്കീര്‍ണ്ണമാണത്. അതിലൊന്ന്, ഒരു പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ശാസ്ത്രവിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന  ആശയവിനിമയരീതികളിലെ  പ്രതിസന്ധിയാണ്. ഇതിലെ മുഖ്യപ്രതി ജനങ്ങളല്ല, ആരോഗ്യപ്രവര്‍ത്തകരാണ്. 

വൈദ്യശാസ്ത്രം ഇന്ന് അതിന്റെ ക്ലാസിക്കല്‍ കാലഘട്ടത്തെപ്പോലെലെ ഒരു 'ആഖ്യാനകല'യല്ല എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്, പരിശോധിച്ച് തെളിയിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രയുക്ത സാങ്കേതിക ശാസ്ത്രമാണ്. അവിടെ ഒരു ചികിത്സകന്റെ അല്ലെങ്കില്‍ ഒന്നിലധികം ചികിത്സകരുടെ അനുഭവങ്ങള്‍ക്കോ രോഗിയുടെ സവിശേഷമായ സങ്കല്പങ്ങള്‍ക്കോ സ്ഥാനമില്ല.  പുതിയ വൈദ്യസമീപനത്തിന്റെ ഭാഷയില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഘടകമാണ്  സ്റ്റാറ്റിസ്റ്റിക്‌സ്. സ്ഥിതിവിവരക്കണക്കുകളുടെ ശരാശരിയെയാണ് മിക്കപ്പോഴും സത്യത്തെ വ്യാഖ്യാനിക്കുന്നത്. അതിനാല്‍ ആഖ്യാനപരമായ വൈദ്യസമീപനത്തില്‍ സ്വീകാര്യമായിരുന്ന 'വ്യതിചലങ്ങള്‍'ക്ക്  പുതിയ വൈദ്യഭാഷയില്‍ ഇടം കിട്ടാതെ പോകുന്നു. Evidence Based Medicine ന്റെ യുഗത്തില്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും  അത്തരം ഒരു ഭാഷയില്‍ സംസാരിക്കാനാണ്  അറിഞ്ഞോ അറിയാതെയോ   വൈദ്യവിദ്യാര്‍ഥികള്‍ പരിശീലിപ്പിക്കപ്പെടുന്നത്.  വാക്‌സിന്‍ സുരക്ഷിത്വം, വാക്‌സിനേഷന്‍ ഫപപ്രാപ്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുന്നതും ഇന്ന് ഈ ഭാഷയിലൂടെയാണ്.  പക്ഷെ ഇത് സാധാരണ ജനങ്ങള്‍ക്ക്  ഉചിതമായ ഒരു ആശയവിനിമയ രീതിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം.  

പറയുന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യമാകില്ല.  അതായത്,  ഡോക്ടറും ഡോക്ടറും തമ്മില്‍  അല്ലെങ്കില്‍ ഡോക്ടര്‍ സമൂഹത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറുന്ന ഭാഷയുടെ തുടര്‍ച്ച എന്നവണ്ണം ജനങ്ങളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് മാത്രമല്ല, അത് വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും. ശാസ്ത്രജ്ഞാനത്തെ ആഖ്യാനമാക്കി മാറ്റുന്ന ശീലങ്ങളെ പുനര്‍ജ്ജീവിപ്പിക്കുകയും പുതിയ പ്രചരണ രീതികള്‍ക്കനുസരിച്ച് മാറ്റുകയും ചെയ്യേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ ആഖ്യാനരീതിയെ ഇന്ന് ഫലപ്രദമായി പയോഗിക്കുന്നത് വാക്‌സിനേഷന്‍ വിരുദ്ധപ്രവര്‍ത്തകരാണ്. അവരുടെ പ്രവര്‍ത്തനരീതി ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാന്‍ കഴിയും. ക്ലാസിക്കല്‍ ശാസ്ത്രാവബോധത്തിന്റെ ഭാഷാരീതി ശാസ്ത്രത്തിനെതിരായി ഉപയോഗിക്കുന്നതാണ് നാം കാണുന്നത്.  നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ ശാസ്ത്രവിരുദ്ധമായ ഒരു കഥ (narrative) ജനങ്ങളുടെ മനസ്സില്‍ അവര്‍  എഴുതിച്ചേര്‍ക്കുന്നു. 'മൂത്രം കരളില്‍ നിന്ന് വരുന്നു' എന്നത് എത്ര പെട്ടെന്നാണ് സ്വീകാര്യമായിത്തീരുന്നത് ! വാക്‌സിനേഷന്‍ എത്ര പെട്ടെന്ന് ഒരു ഗൂഡാലോചനയായിത്തീരുന്നു !  വൈദ്യാഖ്യാനത്തെ (Narrative Medicine) ഉപേക്ഷിച്ച ആധുനിക വൈദ്യശാസ്ത്രം തന്നെയാണ് ഈ അവസ്ഥ സംജാതമാക്കിയത്. ആഖ്യനത്തോടൊപ്പം ആധുനിക വൈദ്യശാസ്ത്രം  ജനങ്ങളെയും ഉപേക്ഷിച്ചു. അതിനു പകരമായി, ആഖ്യാനത്തിന്റെ ഒരു പാരഡി സൃഷ്ടിച്ചുകൊണ്ട് കപടശാസ്ത്രവാദികള്‍ ജനങ്ങളെ കൈയ്യിലെടുക്കുകയും ചെയ്തു. ആധുനിക വൈദ്യശാസ്ത്രം സൃഷ്ടിച്ച ശൂന്യതയെ അവര്‍ ഉപയോഗപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

ഇതിനു പരിഹാരം പ്രതികഥാഖ്യാന (counter-narrative) ത്തിലൂടെ ഈ സാഹചര്യത്തെ മാറ്റുക എന്നതാണ്.  പക്ഷെ തെളിവുകളും സ്റ്റാറ്റിസ്റ്റിക്‌സും ഉപയോഗിച്ച്,  ഒരു കഥയെ പൊളിച്ച് അകത്തുകയറാനോ, പ്രതികഥ സൃഷ്ടിക്കാനോ കഴിയില്ല. കഥയ്ക്ക്  പകരം കഥ തന്നെ വേണം. ശാസ്ത്രകഥ. അത് ആഖ്യാനം ചെയ്യുകയും വേണം. വ്യക്തികളുടെ മൂല്യബോധത്തെയും, വിശ്വാസ്യതയേയും വൈകാരികതലങ്ങളെയും, ജീവിത വീക്ഷണത്തെയും സ്വാധീനിക്കാന്‍ ആഖ്യാനങ്ങള്‍ക്ക് മാത്രമേ കഴിയൂ.  വാക്‌സിന്‍ വിരുദ്ധപ്രചരണം മെഡിക്കല്‍ കമ്മ്യൂണിക്കേഷനേക്കാള്‍ ഫലപ്രദമായി തീരുന്നത് ഈ ആഖ്യാന സ്വഭാവം കൊണ്ടാണ്.  വിവര (information) ത്തെ ആഖ്യാനമാക്കുന്നതിലൂടെ അവര്‍ ജനങ്ങളില്‍ ഒരു മൂല്യബോധം അഥവാ പ്രതിബദ്ധതയുടെതായ ഒരു ധാരണ സൃഷിക്കുന്നുണ്ട്. ഈ മൂല്യബോധത്തിന്റെ പുറംചട്ടയുള്ളതുകൊണ്ടാണ് ജനങ്ങള്‍ അവരിലേക്ക് ആകൃഷ്ടരായിത്തീരുന്നത്. അത് മൂല്യങ്ങളെക്കുറിച്ച് ഒരു  ഭ്രമം മാത്രമാണെന്ന് ജനങ്ങള്‍ അറിഞ്ഞുകൊള്ളണമെന്നില്ല. അത് തിരിച്ചറിയണമെങ്കില്‍ ശാസ്ത്രത്തിന്റെ മൂല്യബോധവുമായി ജനങ്ങള്‍ പരിചിതമായിത്തീരണം.
 
ആഖ്യാനം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം കൂടി പറയാം ആഖ്യാനം എന്നത് ഒരു കഥ തന്നെ. ഡോക്ടര്‍മാര്‍ക്ക് കഥകള്‍ക്ക് ക്ഷാമമില്ലല്ലോ. ഓരോ ചികിത്സാനുഭവവും ഒരു കഥയാണ്. ഓരോ രോഗിയും, ആരോഗ്യത്തെക്കുറിച്ചും രോഗത്തെക്കുറിച്ചുമുള്ള ഒരു വിവരണമാണ്. അത് തിരിച്ചറിയാനും പറയാനും പഠിക്കുക എന്നതാണ് പ്രധാനം. മനുഷ്യബന്ധങ്ങളെയും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്ന ആശയവിനിമയ പ്രക്രിയയാണത്. ചുരുക്കത്തില്‍,  ജനങ്ങളുടെ ജീവിതത്തെ അര്‍ത്ഥവത്താക്കിത്തീര്‍ക്കുന്ന  വിജ്ഞാനത്തെ ആഖ്യാനരൂപത്തില്‍ അവതരിപ്പിക്കുന്ന ഹൃദയപൂര്‍വ്വമായ സംഭാഷണമാണത്.  വൈദ്യപ്രയോഗത്തില്‍ കഥപറച്ചിലിന് വലിയ സ്ഥാനമുണ്ട് എന്ന് നാം അറിയണം. ഡോക്ടര്‍മാര്‍ അത് സ്വായത്തമാക്കേണ്ടതുണ്ട്. ഒരു പക്ഷെ വൈദ്യവിദ്യാര്‍ഥികളുടെ പരിശീലനത്തില്‍ പോലും അത് ഉള്‍പ്പെടുത്തേണ്ടിവരും. വിദേശ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍,  വൈദ്യശാസ്ത്രവസ്തുതകളെ ആഖ്യാനരൂപത്തില്‍ അവതരിപ്പിക്കാനുള്ള പരിശീലനം അവരുടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്നുണ്ട് എന്ന കാര്യം നാം അറിയണം. വാക്‌സിനേഷന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ മെഡിക്കല്‍ വിനിമയങ്ങളിലും സഹവര്‍ത്തിത്വത്തിന്റേതായ ആശയസംവേദനകള്‍ രീതികള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. ഗവേഷണഫലങ്ങളിലൂടെ തെളിയിക്കപ്പെട്ട വസ്തുതകളാല്‍ സമ്പുഷ്ടമായിത്തീര്‍ന്ന ആധുനിക വൈദ്യത്തിലേക്ക് ക്ലാസിക്കല്‍ വൈദ്യത്തിന്റെ ആഖ്യാനപരതയെ സന്നിവേശിപ്പിക്കുന്നതിലൂടെ ശാസ്ത്രത്തിന്റെ സുന്ദരമായ  പ്രപഞ്ചത്തിലേക്ക് കടന്നുവരാന്‍ ജനങ്ങള്‍ക്ക് മുന്നില്‍ നാം ഒരു വാതില്‍ തുറന്നുവെയ്ക്കുകയാണ് ചെയ്യുന്നത്. 

Read More.. അവരാണ് ഒരു മഹാമാരിക്ക് വേണ്ടി ജീവന്‍ ബലികൊടുത്ത രക്തസാക്ഷികള്‍