ആധുനിക വൈദ്യശാസ്ത്രവബോധത്തെ  രൂപപ്പെടുത്തുന്നതില്‍ ചിത്രകലയുടെ സ്ഥാനമെന്തായിരുന്നു?

ഡോക്ടര്‍മാരെ പരമബോറന്മാരായാണ് സാധാരണയായി ജനങ്ങള്‍ കാണുന്നത്. രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചുമല്ലാതെ മറ്റൊന്നുമറിയാത്ത അരസികന്മാര്‍. പക്ഷെ ചരിത്രം അങ്ങനെയല്ല. കേട്ടോ. ആധുനിക വൈദ്യശാസ്ത്ര തത്വങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയ 14-15 നൂറ്റാണ്ടുകളിലെ ഉത്പതിഷ്ണുക്കളായ ഭിഷഗ്വരന്മാര്‍ ഒരിക്കലും അങ്ങനെയായിരുന്നില്ല. വിവിധ വിജ്ഞാന മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ശാസ്ത്രവബോധവര്‍ദ്ധിക്ക് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ അവര്‍ ശ്രദ്ധാലുക്കളായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ അവരുടെ അന്വേഷങ്ങള്‍ പുറംതോടു പൊട്ടിച്ചു പുറത്തുവന്നു. ആകാശത്തിന്റെ ശരീരം തുറന്ന് മനുഷ്യന്‍ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടു.  ഇതിനു സമാനമായിരുന്നു സ്വന്തം ശരീരത്തിനുള്ളിലേക്കുള്ള അവന്റെ യാത്ര.  ''ശരീരശാസ്ത്രത്തിന്റെ നൂറ്റാണ്ട് (The Century of Anatomy)' എന്നാണ് പതിനാറാം നൂറ്റാണ്ട് അറിയപ്പെടുന്നത്. മനുഷ്യശരീരശാസ്ത്രം പ്രധാന പഠന വിഷയമായിത്തീര്‍ന്നു. അക്കാദമിക് രംഗത്ത് മാത്രമല്ല, നാലാളുകള്‍ കൂടുന്നിടത്തെല്ലാം ജിജ്ഞാസയോടെ സംസാരിക്കുന്നത്ര ജനപ്രിയമായിത്തീര്‍ന്നു ശരീരം.  

വൈദ്യശാസ്ത്ര സംബന്ധമായി മൂന്ന് കാര്യങ്ങളാണ് പതിനാറാം നൂറ്റാണ്ടിന്റെ പ്രത്യേകത 

 
(1) ചതുര്‍ദ്ദോഷസിദ്ധാന്തത്തില്‍ നിന്ന് അവയവങ്ങളെ കേന്ദ്രീകരിച്ചുള്ള  പുതിയ രോഗനിദാന സമീപനത്തിന്റെ തുടക്കം
(2) ആദ്യത്തെ ആധികാരിക ശരീരശാസ്ത്രഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം 
(3) ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുന്ന സാങ്കേതിക വിദ്യയുടെ വികാസം 
  
'ജ്ഞാനം' ചിലപ്പോഴൊക്കെ ഒരു  പകര്‍ച്ചവ്യാധിയെപ്പോലെയാണ്. ജനങ്ങളെ അതെങ്ങനെയൊക്കെ ആവേശിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. താല്പര്യമുളവാക്കുന്ന വിഷയത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് വലിയ അന്വേഷങ്ങള്‍ ആരംഭിക്കും. ശരീരശാസ്ത്രം ജനപ്രിയമായിത്തീര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് പഠിക്കാന്‍  വേണ്ടത്ര പുസ്തകങ്ങളില്ല എന്നത് വലിയൊരു പ്രശ്‌നമായിത്തീര്‍ന്നു. പുസ്തകങ്ങള്‍ മാത്രമല്ല, ചിത്രങ്ങളുമില്ല. ഉള്ളവയൊക്കെ കൈകള്‍കൊണ്ടെഴുതിയ പഴഞ്ചന്‍ മാനുസ്‌ക്രിപ്റ്റുകളാണ്. അവയൊന്നും ജനങ്ങള്‍ക്ക് ലഭ്യമല്ല. മെഡിക്കല്‍ സ്‌കൂളുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലഭ്യമായാല്‍ തന്നെ അവയെക്കൊണ്ട് വലിയ പ്രയോജനവുമില്ല.  അതില്‍  എഴുതിവെച്ചിരിക്കുന്നതില്‍ മിക്കതും തെറ്റാണെന്ന് ഭിഷഗ്വരന്മാര്‍ തന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ശരിയെന്താണെന്ന് ആരും എഴുതിവെയ്ക്കുന്നതുമില്ല. ശരീരശാസ്ത്രം പഠിക്കാന്‍ ഇനി ഒരൊറ്റ വഴിയേയുള്ളൂ. നേരിട്ട് കണ്ടുപഠിക്കണം. പക്ഷെ ശരീരം കീറിമുറിച്ചു പഠിക്കുന്നത് മെഡിക്കല്‍ സ്‌കൂളുകളിലാണ്.  ജനങ്ങള്‍ അതെങ്ങനെ കാണും?  പൊതുവേദിയില്‍ സംഘടിപ്പിക്കുന്ന  ശരീരം കീറിമുറിക്കലില്‍ (Public dissection) വിജ്ഞാനകുതുകികളായ ജനങ്ങള്‍ക്ക് താല്പര്യമുണ്ടാവുന്നത് അങ്ങനെയാണ്.  പബ്ലിക് ഡിസ്‌കഷന്‍  അക്കാലത്തെ ഒരു വലിയ സംഭവമാണ്. ആദ്യകാലത്ത് ശരീരം മുറിക്കുന്നതും പഠിക്കുന്നതും ഒരാളായിയിരുന്നില്ല. 'മുറിക്കല്‍ വിദഗ്ധന്‍'  ശരീരം ഓരോ ഭാഗമായി തുറക്കുമ്പോള്‍ ഭിഷഗ്വരന്‍ അടുത്തുനിന്ന് ശരീരഘടന വിശദീകരിക്കും.  ഭിഷഗ്വരന്‍ നേരിട്ട് ഡിസെക്ഷന്‍ ചെയ്തുതുടങ്ങുന്നത് പിന്നീടാണ്.  ഡിസെക്ഷന്റെ ഈ 'പൊതുപ്രദര്‍ശനം' പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്ന ഒന്നാണ്.  ശാസ്ത്രമായിരുന്നില്ല ജനങ്ങളെ ആകര്‍ഷിച്ചത്. ഡിസ്‌കഷന്‍ സാഹസികമായ ഒരു  കൌതുകകാഴ്ചയായിരുന്നു. ഒരു ഹൊറര്‍ സിനിമയെപ്പോലെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന  എന്റര്‍റ്റെയിന്‍മെന്റ്.  ചിലപ്പോഴൊക്കെ ടിക്കറ്റുവെച്ച് സമൂഹത്തിലെ ഉന്നതന്മാര്‍ക്ക് വേണ്ടി നടത്തുന്ന ഒരു 'കലാപരിപാടി'യും.  പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും പൊതു ഡിസ്‌കഷന്‍ ശരീരാന്തരിക കാഴ്ചകളുടെ വേദിയായിത്തീര്‍ന്നു.  അതുവരെ കണ്ട ശരീരമായിരുന്നില്ല മനുഷ്യശരീരം.  ഡിസെക്ഷന്‍ പുതിയ യുക്തിചിന്തയുടെ പ്രചാരണായുധമായി മാറി.  ഇറ്റലിയിലെ ഫ്‌ലോറന്‍സായിരുന്നു അതിന്റെ കേന്ദ്രം. യൂറോപ്പിലെ ശരീരശാസ്ത്രതല്‍പരരായ ഗവേഷകന്മാര്‍ ഇറ്റലിയിലേക്ക് വന്നു. എന്നാല്‍ അവരെക്കാള്‍ കൂടുതല്‍ ഇക്കാര്യത്തില്‍ താല്പര്യം കാട്ടിയത് യൂറോപ്പിലെ ചിത്രകാരന്മാരാണ്.
2
ചിത്രകാരന്മാരുടെ അനാട്ടമി പഠനം.
ബാര്‍റ്റോലൊമിയോ പസാറൊറ്റി 1500 ല്‍ വരച്ച ചിത്രം
 മനുഷ്യശരീര ചിത്രീകരണം,  പ്രത്യേകിച്ചും നഗ്‌നശരീര (Nude) ചിത്രീകരണം, യൂറോപ്യന്‍ ചിത്രകലയിലെ ഒരു പ്രധാനവിഷയമായതിനാല്‍ മനുഷ്യശരീര ഘടനയില്‍ അവഗാഹം നേടേണ്ടത് അനിവാര്യമാണെന്ന് ചിത്രകാരന്മാര്‍ മനസിലാക്കിയിരുന്നു. ശരീരം തുറന്നു പഠിക്കാന്‍ ഫ്‌ലോറന്‍സില്‍ മതപരമായ തടസ്സങ്ങളൊന്നുമില്ല.  ഭിഷഗ്വരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും ആശുപത്രികളിലും മെഡിക്കല്‍ സ്‌കൂളുകളിലും നടക്കുന്ന  ഡിസ്‌കഷന്‍ കാണാം.  പൊതുവേദിയില്‍ വെച്ചുള്ള ശരീരം മുറിക്കല്‍ കാണാന്‍ വലിയ  ജനാവലി കാത്തുനില്‍ക്കുന്നു. അവിടെ  ഡിസ്‌കഷനുവേണ്ടി ഉപയോഗിച്ചിരുന്നത് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ ശരീരമാണ്.  ശിക്ഷയുടെ ഭാഗമാണ് ഡിസ്‌കഷന്‍. അതായത്, കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച്  ന്യായാധിപര്‍  വധശിക്ഷയും ശരീരം കീറിമുറിക്കലും വിധിക്കും. മുറിക്കുന്നത് നീതിയുടെ പ്രശ്‌നമായതിനാല്‍ ആരുടെ മുഖത്തും മനസ്താപം കാണാനില്ല.  വര്‍ഷത്തില്‍ മൂന്നോ നാലോ തവണയുണ്ടാവും ഇത്തരം ഡിസ്‌കഷന്‍. ശരീരശാസ്ത്രജ്വരം യൂറോപ്പിലെങ്ങും പടര്‍ന്നുപിടിക്കുന്നു.  ചിത്രകാരന്മാര്‍  ഈ അവസരം ശരീര പഠനത്തിനായി ഉപയോഗിച്ചു.  അവര്‍ പഴയതുപോലെയല്ല തങ്ങളുടെ മോഡലുകളെ കാണുന്നത്.  പഴയതുപോലെയല്ല ഭിഷഗ്വരന്മാര്‍ രോഗികളുടെ ശരീരത്തിലേക്ക് നോക്കുന്നത്. പുതിയ ശരീരവും പുതിയ നോട്ടവും വൈദ്യശാസ്ത്ര-ചിത്രകല സങ്കല്പങ്ങളെത്തന്നെ തിരുത്തിക്കുറിക്കുന്ന വിജ്ഞാന വിസ്‌പ്പോടനത്തിന് തന്നെ  വഴിതുറന്നിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനമാണ് 'ചതുര്‍ദ്ദോഷസിദ്ധാന്ത'ത്തിന്റെ പര്യവസാനം. 
 

എന്താണ് ചതുര്‍ദ്ദോഷങ്ങള്‍? 

ദോഷങ്ങള്‍ എന്ന വാക്ക് 'ചീത്തയായത്' എന്നര്‍ത്ഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്.  പഴയ വൈദ്യസമ്പ്രദായത്തിലെ ഒരു സങ്കല്‍പ്പമാണത്.  ആരോഗ്യകരമായ അവസ്ഥയെ നിയന്ത്രിച്ചുകൊണ്ട് ശരീരത്തില്‍ നിലനില്‍ക്കുന്ന അടിസ്ഥാന ദ്രവ്യങ്ങളാണ് ദോഷങ്ങള്‍ (Humours).  ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റ (Hippocrates 460-370 BC) സാണ് ചതുര്‍ദ്ദോഷസിദ്ധാന്തത്തിന് രൂപംനല്‍കുന്നത്.  ഹിപ്പോക്രാറ്റസിന്റെ വൈദ്യത്തെ റോമന്‍ സാമൂഹിക ജീവിതത്തിനനുഗുണമായി പരിഷ്‌കരിച്ചുകൊണ്ട് ഗേലന്‍ (Galen 130-210 AD) ചതുര്‍ദ്ദോഷങ്ങളെ പുതിയ രീതിയില്‍ വ്യാഖ്യാനിച്ചു. തത്വചിന്തയും മതവും ജ്യോതിഷ വിചാരങ്ങളുമൊക്കെ കലര്‍ന്ന ഒരു മിശ്രിതമാണ് ഗേലന്റെ നിഗമനങ്ങള്‍. ഗേലന്റെ കാഴചപ്പാടില്‍ ശരീരവും മനസ്സും ആത്മാവും സംയോജിച്ച ഒറ്റ അസ്തിത്വമാണ് മനുഷ്യന്‍. അവ തമ്മില്‍ വേര്‍തിരിക്കാനാവില്ല.  ഓരോന്നും പരസ്പരം പരിപോഷിപ്പിക്കുകയും  സ്വാധീനിക്കുകയും ചെയ്യുന്നു.  ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ദോഷദ്രവ്യങ്ങള്‍ ശരീരത്തിനുള്ളില്‍  ദ്രാവകരൂപത്തില്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ്.   രക്തം (Blood), കഫം (Phlegm), പിത്തം (Choler), കരിംപിത്തം (Black Bile) എന്നിവയാണ് നാല് ദോഷങ്ങള്‍. പിത്തത്തെ  Yellow Bile അഥവാ മഞ്ഞനിറമുള്ള പിത്തമെന്നും കരിംപിത്തത്തെ Melancholy എന്നും വിളിക്കും.  ഓരോ ദോഷദ്രവ്യത്തിലും വീണ്ടും നാല് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. താപം (Heat), ശീതം (Cold), ഈര്‍പ്പം (Moisture), വരള്‍ച്ച (Dryness).  ദോഷങ്ങളുടെ സന്തുലിതമായ അവസ്ഥയാണ് ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നത്. അവ തുല്യഅളവിലായിത്തീരുക എന്നല്ല അര്‍ത്ഥമാക്കുന്നത്. ആരോഗ്യത്തെ നിശ്ചയിക്കാന്‍ കഴിയുംവിധം ഓരോന്നും ആവശ്യമായ അനുപാതങ്ങളില്‍ സന്തുലിതമായി നിലനില്‍ക്കണം. പക്ഷെ ഈ അവസ്ഥ ആര്‍ജ്ജിക്കുക എളുപ്പമല്ല. അതിനാല്‍ ഗേലന്റെ അഭിപ്രായത്തില്‍ പൂര്‍ണ്ണാരോഗ്യമുള്ളവര്‍ വളരെ അപൂര്‍വ്വമായിരിക്കും.  സാധാരണഗതിയില്‍ ഓരോ വ്യക്തിയിലും ഏതെങ്കിലും ഒരു ദോഷദ്രവ്യം അമിതമായി ഉണ്ടായിരിക്കും. അതാണ് ആ വ്യക്തിയുടെ പ്രകൃതത്തെ നിശ്ചയിക്കുക. അങ്ങനെ അടിസ്ഥാനപരമായി നാല്  മനുഷ്യപ്രകൃതങ്ങളാണുള്ളത്.  രക്തപ്രകൃതം (sanguine) കഫപ്രകൃതം (Phlegmatic)   പിത്തപ്രകൃതം (Choleric)  മ്ലാനപ്രകൃതം (Melancholic).  ഇവയോരോന്നും പലരീതികളില്‍ കൂടിക്കലര്‍ന്ന് എണ്ണിത്തീരാനാവാത്ത മനുഷ്യപ്രകൃതികള്‍ വേറെയും.   ഓരോ വ്യക്തിയുടെയും പ്രകൃതമാണ് അയാളുടെയോ/അവളുടെയോ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത്. ഗേലന്റെ സിദ്ധാന്തപ്രകാരം ഭൗതികവും ആത്മീയവും എന്ന രീതിയില്‍ മനുഷ്യസത്തയെ വേര്‍തിരിക്കാനാവില്ല. അതിനാല്‍ ആത്യന്തികമായി മനുഷ്യന്റെ ഇന്ദ്രിയവൃത്തിയും അത്മാവുമാണ് ആരോഗ്യത്തെ നിയന്ത്രിക്കുന്നത്. ദോഷദ്രവ്യങ്ങള്‍ നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്. അവ മനുഷ്യരുടെ വികാരവിചാരങ്ങളെ നിശ്ചയിക്കുന്നു. ശരീരാകൃതിയേയും രൂപത്തെയും സ്വാധീനിക്കുന്നു. ദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പരിഹരിക്കാനാവുമോ? കഴിയും. എങ്ങനെ? ഒരു വ്യക്തിയുടെ  ദോഷദ്രവ്യങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് അയാളുടെ/അവളുടെ  ഭക്ഷണം, പാനീയങ്ങള്‍, വിശ്രമം, ഉറക്കം, വിസര്‍ജ്ജനം, വ്യായാമം, മാനസികാവസ്ഥ, അന്തരീക്ഷം. അവ ഏത് നിമിഷവും മാറിമറിഞ്ഞുപോകാം. ഈ മാറിമറിച്ചിലുകളാണ്  ആരോഗ്യത്തിനും രോഗത്തിനും ഹേതു. 
 
ഗേലന്റെ അഭിപ്രായത്തില്‍ ആരോഗ്യത്തോടെ ജീവിക്കുന്നതിനേക്കാള്‍ ഒരാള്‍ രോഗിയായിത്തീരാനാണ് സാധ്യത. അതിനാല്‍ എപ്പോഴും ശ്രദ്ധ വേണം. ഓരോരുത്തരും അവരവരുടെ ദോഷങ്ങളെ നോക്കി നോക്കി ജാഗ്രതയോടെ  ഇരിക്കണം. മാറ്റങ്ങള്‍ കൈയ്യോടെ പിടികൂടണം. ഉടന്‍ പ്രതിക്രിയ ആരംഭിക്കണം. അതില്‍ പ്രധാനം ഭക്ഷണക്രമമാണ്. മറ്റൊന്ന്, പെരുമാറ്റവികാസവും. അന്നത്തെ ഭിഷഗ്വരന്മാരുടെ മരുന്നുകുറിപ്പടികള്‍ നല്ല 'പാചകക്കുറിപ്പുകള്‍' കൂടിയായിരുന്നു.  പലവിധ ഭക്ഷണച്ചേരുവകളിലൂടെ ദോഷദ്രവ്യക്രമീകരണം സാധ്യമാകുമെന്നായിരുന്നു വിശ്വാസം. ചികിത്സവിധികളുടെ  കൂട്ടത്തില്‍  ആത്മദോഷപരിഹാരാര്‍ത്ഥം പ്രാര്‍ഥനയുമുണ്ടായിരിക്കും.  പക്ഷെ ഇതുകൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല  സ്ത്രീകളുടെ രോഗങ്ങള്‍.   മനുഷ്യരുടെ കൂട്ടത്തില്‍ സ്ത്രീകളുടെ കാര്യം പരിതാപകരമാണ്. ഗേലന്റെ അഭിപ്രായത്തില്‍ സ്ത്രീകളുടെ  ശരീരത്തില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ഏറ്റവും ചീത്തയായ ദോഷദ്രവ്യം. പരാജിതരിലും താഴ്ന്നവരിലും കാണുന്ന ദോഷങ്ങളും മ്ലേച്ഛമാണ്.  കുലീനന്മാര്‍ ഭാഗ്യവാന്മാരാണ്. അവരിലാണ് ഏറ്റവും മികച്ച ദോഷദ്രവ്യങ്ങള്‍ ഉണ്ടാവുക. സ്വതബോധവും മൂല്യസങ്കല്‍പ്പനങ്ങളും സദാചാരചിന്തയുമൊക്കെ ചതുര്‍ദ്ദോഷസിദ്ധാന്തത്താല്‍ നിയന്ത്രിതമായതിനാല്‍ കുലീനന്മാര്‍ ഉന്നതന്മാരായി തീര്‍ന്നിരിക്കുന്നു.
 
രോഗവും മരണവും ആരോഗ്യവുമൊക്കെ ഇങ്ങനെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ക്ക് ചെയ്യാനാവുന്നത് ഇനി ഇതാണ്.  സ്വയമറിയണം. സ്വന്തം അവസ്ഥയെ തിരച്ചറിഞ്ഞു അതിനുള്ളില്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കണം. ദോഷദ്രവ്യങ്ങളാല്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന വ്യക്തിത്വത്തെയും  സ്വത്വത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ, സ്വയം നിരീക്ഷിച്ചു മനസിലാക്കിയ ശേഷം  ചിന്തയിലും പ്രവൃത്തിയിയിലും  വേണ്ട മാറ്റങ്ങള്‍ വരുത്തി  ആരോഗ്യമുള്ളവരായിത്തീരണം.  14-15 നൂറ്റാണ്ടുകളിലും അതിനു മുന്‍പുമുണ്ടായിരുന്ന രോഗനിദാനശാസ്ത്രത്തിന്റെ ഏകദേശരൂപം ഇതാണ്. 
 
പാപത്തെ മഹാരോഗപ്പകര്‍ച്ചകളുടെ കാരണമായി ചൂണ്ടിക്കാട്ടാനും കടുത്ത അനുഷ്ടാനങ്ങള്‍ക്കുള്ളില്‍ മനുഷ്യരെ വരിഞ്ഞുകെട്ടാനും ജീവിതത്തിന്റെ സമസ്തമേഖലകളില്‍ പിടിമുറുക്കാനും മതവിശ്വാസങ്ങള്‍ക്ക് അവസരമൊരുക്കിയതില്‍ ഗേലന്റെ സിദ്ധാന്തങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഗേലന്റെ കാലശേഷം 1500 വര്‍ഷം പിന്നിട്ട്, പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും ജനങ്ങള്‍ക്കിത് മതിയായി.  ചതുര്‍സിദ്ധാന്തം ഫലപ്രദമല്ലെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി.  മനുഷ്യശരീരത്തിന്റെ  ഘടനയെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പുതിയ അവബോധമാണ്  ഇതിനു പ്രേരണയായത്. നിരവധി അവയവങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരം. അവയവങ്ങള്‍ തകരാറിലാവുമ്പോള്‍ രോഗമുണ്ടാവുന്നു. എങ്കില്‍ ക്ഷതമേറ്റ അവയവങ്ങളെ ചികിത്സിക്കുമ്പോള്‍ രോഗശമനമുണ്ടാവുമല്ലോ. ശരീരത്തെ മുഴുവന്‍ എന്തിന് ചികിത്സക്ക് വിധേയമാക്കണം? അതുകൊണ്ട് രോഗനിര്‍ണ്ണയം കൂടുതല്‍ കൃത്യമാവുകയാണ് വേണ്ടത്. ഏതൊക്കെ അവയവങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചതെന്ന് കണ്ടുപിടിക്കണം. അതിനനുസരിച്ച് ചികിത്സകള്‍ക്ക് രൂപം നല്‍കണം. പുതിയ ഒരു വൈദ്യസമ്പ്രദായത്തിന്റെ തുടക്കമായിരുന്നു അത്.    
 
ശരീരശാസ്ത്രവിപ്ലവത്തിന് സമാന്തരമായി സാംസ്‌കാരിക രംഗത്ത് അപ്പോള്‍ വലിയൊരു കുതിച്ചുചാട്ടം നടക്കുകയായിരുന്നു. പുതിയൊരു ദൃശ്യഭാഷയുടെ രൂപീകരണമാണത്.  പ്രിന്റിംഗിന്റെ വികാസവും പ്രചാരവുമായിരുന്നു ഇതിന് കാരണം.  ആധുനിക വൈദ്യശാസ്ത്ര വിജ്ഞാനവിനിമയത്തെ ഇത് വന്‍തോതില്‍ സഹായിച്ചു.  ശരീരശാസ്ത്രം പഠിക്കാന്‍ പഴയ രീതിയിലുള്ള എഴുത്തുപുസ്തകങ്ങള്‍ അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ  കാലമായിരുന്നു അത്.  എഴുത്തുവിവരണത്തിലൂടെ (written text) മാത്രം ശരീരഘടനയെ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ഭിഷഗ്വരന്മാര്‍ക്ക് മനസിലായി. എഴുത്തിനൊപ്പം ചിത്രങ്ങളും (visual text) വേണം. ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ഫലപ്രദമാണ്. പക്ഷെ അങ്ങനെയുള്ള പുസ്തകങ്ങള്‍ അന്ന് ലഭ്യമായിരുന്നില്ല. ഡിസ്‌കഷന്‍ കണ്ട് ശരീരചിത്രങ്ങള്‍ വരച്ചുണ്ടാക്കണം. അതിന് ചിത്രകാരന്മാരുടെ സഹായം വേണം.  ചിത്രകാരന്മാര്‍ ശരീരശാസ്ത്രപഠന രംഗത്തേക്ക് വരുന്നത് അങ്ങനെയാണ്.  ഭിഷഗ്വരന്‍ മനുഷ്യശരീരം ഡിസെക്ട് ചെയ്യുമ്പോള്‍ ചിത്രകാരന്‍ അടുത്തുനിന്നു നോക്കി വരയ്ക്കും. വരച്ച ചിത്രങ്ങള്‍ പ്രിന്റ് ചെയ്തു പതിപ്പുകള്‍ എടുക്കും. ശാസ്ത്രവും കലയും സംയോജിക്കുവാന്‍ ഇത് അവസരമൊരുക്കി. ശാസ്ത്ര-കല സങ്കലനം പതിനാറാം നൂറ്റാണ്ടിന്റെ ഏറ്റവും സവിശേഷത ഇതാണ്.  
 
ചിത്രങ്ങള്‍ തടിയിലും (woodcut) തകിടിലും (engraving) കൊത്തിയെടുത്ത് പ്രിന്റ് ചെയ്യുക, അമ്ലം ഉപയോഗിച്ച് മുദ്രണം (Etching) ചെയ്യുക-ഇവയൊക്കെയായിരുന്നു അന്നത്തെ രീതി. ഇത്തരം ജോലിചെയ്യുന്നവരും പ്രിന്റ്ര്മാരും ചിത്രകാരന്മാര്‍ക്കൊപ്പാം ശാസ്ത്രത്തിന്റെ വഴിയിലൂടെ നടന്നുതുടങ്ങി. നിരീക്ഷിക്കുക, യാഥാര്‍ത്ഥ്യം കണ്ടെത്തുക, പ്രകൃതിപ്രതിഭാസങ്ങളുടെ ആന്തരിക സത്യം തിരിച്ചറിയുക, യഥാതഥമായി ചിത്രീകരിക്കുക: പുതിയ ഒരു ദൃശ്യസംസ്‌കാരവും ദൃശ്യഭാഷയും ക്രമേണ രൂപപ്പെട്ടുവന്നു. ഇതിന്റെ ഭാഗമായി പുതിയ ഒരു വിഭാഗം ചിത്രകാരന്മാര്‍ രംഗത്തുവന്നു. ശരീരഘടനയുടെ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിത്രകാരന്മാരായിരുന്നു അവര്‍. അവരില്‍ പലരും ശരീരശാസ്ത്രകാരന്മാര്‍ എന്ന ഖ്യാതിയും നേടി. Artist Anatomist (ശരീരശാസ്ത്രചിത്രകാരന്മാര്‍) എന്നാണ് ഇവരെ വിളിച്ചിരുന്നത്.  ആദ്യകാലത്ത്,  വൈദ്യശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവേഷകന്മാരെയും ഭിഷഗ്വരന്മാരെയും അപേക്ഷിച്ച് ശരീരശാസ്ത്രത്തില്‍ കൂടുതല്‍ സമര്‍ത്ഥരും അറിവുള്ളവരുമായിരുന്നു ഇത്തരം  ചിത്രകാരന്മാര്‍. അവര്‍ സ്വതന്ത്രമായി മനുഷ്യശരീരം ഡിസെക്റ്റ് ചെയ്തു. ചിത്രങ്ങള്‍ വരച്ചു പ്രിന്റ് ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ചിത്രങ്ങളെക്കാള്‍ അവ  മികച്ചതായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  അവ അക്കാദമിക് വൃത്തങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. മെഡിക്കല്‍ അദ്ധ്യാപകര്‍ യൂണിവേഴ്‌സിറ്റിയിലെ പഴയ  ചിത്രങ്ങള്‍ മടക്കിവെച്ച് ശരീരചിത്രകാരന്മാരുടെ ചിത്രങ്ങള്‍ തങ്ങളുടെ ലക്ചര്‍ ക്ലാസുകളില്‍ ഉപയോഗിച്ചു തുടങ്ങുക പോലും ചെയ്തു.   
 
ശാസ്ത്രവും കലയും തമ്മിലുള്ള ഐക്യപ്പെടല്‍ പതിനാറാം നൂറ്റാണ്ടിന്റെ സവിശേഷതയാണെങ്കിലും ഈ പ്രവണത പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍  തന്നെ ആരംഭിച്ചിരുന്നു. മുന്‍പ് പറഞ്ഞതുപോലെ  നഗ്‌നമനുഷ്യരൂപം വരക്കാന്‍ ശരീരഘടനയെക്കുറിച്ച് അറിയണം എന്ന വസ്തുതയാണ് ചിത്രകാരന്മാരെ ശാസ്ത്രപഠനത്തിലേക്ക് നയിച്ചത്.  മനുഷ്യരൂപം വരച്ചു ശരിയാകണമെങ്കില്‍ പേശികളെക്കുറിച്ച് ചിത്രകാരന് അറിവ് വേണം. ശരീരം ചലിക്കുമ്പോള്‍ ഏതൊക്കെ പേശികള്‍ സങ്കോചിക്കുമെന്നും വികസിക്കുമെന്നും അറിയണം. മനുഷ്യശരീരത്തിലെ അസ്ഥികളുടെ ഘടനയറിയാതെ പേശികളുടെ പ്രവര്‍ത്തനങ്ങളെ  മനസിലാക്കാനും സാധ്യമല്ല.  ഈ ഉദ്ദേശത്തോടുകൂടി  ഡിസ്‌കഷന്‍ നേരിട്ട് കണ്ടു വരച്ചുപഠിച്ചു തുടങ്ങിയ ആദ്യചിത്രകാരന്മാരിലൊരാളാണ് അന്റോണിയോ ഡെല്‍ പൊല്ലൈയൂലൊ (Antonio del Pollaiuolo 1431-1496).  ഇദ്ദേഹത്തിന്റെ സഹോദരനാണ് പിയറോ ഡെല്‍ പൊല്ലൈയൂലൊ (Piero Del Pollaiuolo 1443-1496) പൊല്ലൈയൂലൊ സഹോദരന്മാര്‍ ഫ്‌ലോറന്‍സിലെ അറിയപ്പെടുന്ന സ്വര്‍ണ്ണപ്പണിക്കാരായിരുന്നു.
 
ചിത്രകാരന്മാരും ശില്‍പ്പികളും കൊത്തുപണിക്കാരുമാണ്.  അന്റോണിയോയുടെ ശിഷ്യനാണ് പ്രശസ്ത ചിത്രകാരനായ  സാന്‍ട്രോ ബോട്ടിസെല്ലി  (Sandro Botticelli 1445-1510).  പൊല്ലൈയൂലൊ സഹോദരന്മാരില്‍, അന്റോണിയോ ഡെല്‍ പൊല്ലൈയൂലൊവാണ് പുതുമയോടുകൂടിയ ആദ്യത്തെ മൗലികമായ ശരീരശാസ്ത്രചിത്രീകരണം നിര്‍വ്വഹിക്കുന്നത്.  1470 ലായിരുന്നു അത്. നഗ്‌നപുരുഷന്മാരുടെ യുദ്ധം (Battle of nude men) എന്നറിയപ്പെടുന്ന ചിത്രം പൊല്ലൈയൂലൊ ചെമ്പ് തകിടില്‍ കൊത്തിയെടുക്കുകയായിരുന്നു. 
 
6
നഗ്‌നപുരുഷന്മാരുടെ യുദ്ധം -
അന്റോണിയോ പൊല്ലൈയൂലൊയോ നിര്‍മ്മിച്ച ചിത്രം

ഭിഷഗ്വരന്മാര്‍ക്കൊപ്പവും തനിച്ചും നിരവധി ഡിസെക്ഷനില്‍ പങ്കെടുത്ത അനുഭവസമ്പത്തിന്റെ പരിണിതഫലമായ ഈ ചിത്രം ഫ്‌ലോറന്‍സിലെ മറ്റുചിത്രകാരന്മാര്‍ക്ക് പൊല്ലൈയൂലൊയുടെ ശരീരചിത്രീകരണം ഒരു  മാതൃകയായിത്തീര്‍ന്നു. അസ്ഥിയും പേശിയുമാണ് പുറമേ കാണുന്ന ശരീരഘടനയുടെ അടിസ്ഥാനം എന്ന് മനസിലാക്കിയ അന്റോണിയോ വിവിധ രീതികളില്‍ ചലിക്കുന്ന മനുഷ്യശരീരങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഓരോ പേശിയെയും പ്രത്യേകമായി തന്റെ ചിത്രത്തില്‍ വ്യക്തമായി ചിത്രീകരിച്ചുവെച്ചു. പക്ഷെ അന്റോണിയോയുടെ ചിത്രങ്ങള്‍ പണ്ഡിതസദസ്സുകളില്‍  അന്ന് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല. പ്രിന്റിംഗ് അല്‍പ്പാല്‍പ്പം തുടങ്ങിയിരുന്നെങ്കിലും പൊല്ലൈയൂലൊയുടെ രീതി പിന്തുടര്‍ന്ന് നവീന ശരീരചിത്രങ്ങള്‍ പ്രിന്റ്‌റു ചെയ്യാന്‍ ആരും ശ്രമിച്ചില്ല. ആദ്യകാലത്ത്, മെഡിക്കല്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചിരുന്ന പേശികളില്ലാത്ത ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുന്നതിലായിരുന്നു ഏവര്‍ക്കും താല്പര്യം.  1500 ന്റെ തുടക്കത്തിലാണ് ഇതിനു മാറ്റമുണ്ടാവുന്നതും നേരത്തേ സൂചിപ്പിച്ച ശരീരശാസ്ത്രചിത്രകാരന്മാര്‍ രംഗത്ത് വരുന്നതും.  പൊല്ലൈയൂലൊ സഹോദരന്മാര്‍ക്ക് ശേഷം നാം കാണുന്നത് രണ്ടു മഹാരഥന്മാരെയാണ്. ലിയനാര്‍ഡോ ഡാവിഞ്ചി (Leonardo da Vinci 1452 - 1519).

6
ഡാവിഞ്ചി

മൈക്കലാഞ്ചലോ (Michelangelo 1475 -1564). അതോടെ മനുഷ്യരൂപത്തിന് അത്യസാധാരണമായ  പൂര്‍ണ്ണത കൈവന്നു.  ഡാവിഞ്ചി ഒരേ സമയം ചിത്രകാരനും ഗവേഷകനും ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും സാങ്കേതികവിദഗ്ദനും  ഡിസൈനറുമായി.  ഒരു ചിത്രകാരനെപ്പോലെയും ശാസ്ത്രജ്ഞനെപ്പോലെയും അദ്ദേഹം ശരീരഘടന പഠിച്ചു.  'സാന്ത മറിയ നുവോ' ആശുപത്രിയിലായിരുന്നു ഡാവിഞ്ചിയുടെ ശരീരപഠനം. സ്വന്തം കൈകള്‍കൊണ്ട് അദ്ദേഹം കഡാവര്‍ ദിസെക്റ്റ് ചെയ്തു.

7
മൈക്കലാഞ്ചലോ

പക്ഷെ മൈക്കലാഞ്ചലോ ഒരു ശില്‍പ്പിയെപ്പോലെയും ചിത്രകാരനെപ്പോലെയുമാണ് ശരീരത്തെ സമീപിച്ചത്. ശാസ്ത്രത്തില്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല.  ജീവിതകാലം മുഴുവന്‍ മനുഷ്യശരീരത്തിന്റെ പൂര്‍ണ്ണതയെ കണ്ടെത്താനായി ശ്രമിച്ച മൈക്കലാഞ്ചലോ അത്യപൂര്‍വ്വമായ പരിപൂര്‍ണ്ണതയെ തന്റെ ശില്പങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ ശേഷവും വിഷാദവാനും നിരാശനുമായി മരണമടഞ്ഞു.  

 

6
ഡാവിഞ്ചിയുടെ ശരീരപഠന കുറിപ്പുകള്‍
8
മൈക്കലാഞ്ചലോയുടെ ശരീരപഠനം 
പതിനാറാം നൂറ്റാണ്ടിന്റെ പകുതിവരെ ചിത്രകാരനായ ശരീരശാസ്ത്രകാരനായിരുന്നു ശാസ്ത്രജ്ഞനായ ശരീരശാസ്ത്രകാരനേക്കാള്‍ മനുഷ്യഘടനയെക്കുറിച്ച് അറിവുണ്ടായിരുന്നയാള്‍. ഒടുവില്‍ 1543 ല്‍ യഥാര്‍ത്ഥ വിപ്ലവം സംഭവിച്ചു.  ഇറ്റലിയിലെ പാദുവ യൂണിവേഴ്‌സിറ്റിയിലെ ഭിഷഗ്വരനായിരുന്ന ആന്ദ്രിയാസ് വെസാലിയസ് (Andreas Vesalius 1514 - 1564) ആദ്യത്തെ ആധികാരികമായ സചിത്ര സംപൂര്‍ണ്ണ ശരീരശാസ്ത്രഗ്രന്ഥം (De Humani Corporis Fabrica -  On the Structure of the Human Body) പ്രസിദ്ധീകരിച്ചു.  നിറയെ ചിത്രങ്ങളുള്ള ഒരു പുസ്തകം.  തടിയില്‍ കൊത്തിയ 200 ഓളം ചിത്രങ്ങ (woodcuts) ളാണ് പുസ്തകത്തിന്റെ പ്രിന്റ്‌റിംഗിനുവേണ്ടി വെസാലിയസ് ഉപയോഗിച്ചത്.  ചിത്രങ്ങളുടെ ഉള്ളടക്കത്തെ തീരുമാനിച്ചത് വെസാലിയസ് തന്നെയായിരുന്നു. ആദ്യമായി ചിത്രകാരനായ ശരീരശാസ്ത്രകാരന് പകരം ശാസ്ത്രജ്ഞനായ ശരീരശാസ്ത്രകാരന്‍ ശരീരശാസ്ത്രചിത്രങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിച്ചു. ചിത്രകാരന്റെ ജോലി ശരീരശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശാനുസരണം വരക്കുക എന്നത് മാത്രമായിത്തീര്‍ന്നു. വെസാലിയാസിന്റെ മേല്‍നോട്ടത്തില്‍ നിരവധി ചിത്രകാരന്മാര്‍ പുസ്തകത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തു. ഇറ്റാലിയന്‍ ചിത്രകല ആചാര്യനായിരുന്ന ടിറ്റിയന്‍ പോലും കൊര്‍പ്പോറിസ് ഫബ്രിക്കക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.  
 
'ഭിഷഗ്വരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും ഒരുപോലെ ഗുണപ്രദമായ പുസ്തകം' എന്നാണ് വെസാലിയസ് തന്റെ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. മനുഷ്യശരീരം കീറിമുറിക്കാന്‍ താല്പര്യമില്ലാത്തവരും മൃദുലഹൃദയരുമായ ചിത്രകാരന്മാര്‍ക്ക് തന്റെ പുസ്തകം  വഴികാട്ടിയായിരിക്കും.  ശരീരം ഡിസെക്ട് ചെയ്യാതെ പുസ്തകം നോക്കി അവര്‍ക്ക് മനുഷ്യശരീരം പഠിക്കാം.  എന്നാല്‍ പുസ്തകത്തിന്റെ സഹായത്തോടെ ഡിസെക്ട് ചെയ്യാന്‍ മടിയുള്ള ഭിഷഗ്വരന്മാരെ വെസാലിയസ് കണക്കിന് ശകാരിക്കുകയും ചെയ്തു.  1555 ല്‍ പുസ്തകം പുനര്‍പ്രസിദ്ധീകരിച്ചു. 
11
വെസാലിയസ് എഴുതിയ പുസ്തകത്തിന്റെ പുറംചട്ട
 
 
വെസാലിയസിന്റെ പുസ്തകം വലിയ മാറ്റങ്ങള്‍ക്കു തിരികൊളുത്തി. ശാസ്ത്രഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്തിന്റെ ആവശ്യകത ഏവര്‍ക്കും മനസിലായി. ഡാവിഞ്ചിക്ക് പറ്റിയ അബദ്ധം വെസാലിയസ് തിരുത്തുകയായിരുന്നു. ശരീരത്തെ കലാപരമായി ചിത്രീകരിക്കുക എന്നതിനേക്കാള്‍ ശരീരശാസ്ത്രഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം വന്നു. ചിത്രകാരന്മാര്‍ ശരീരത്തെക്കുറിച്ചുള്ള സൈദ്ധാന്തിക വിഷയങ്ങളിലേക്ക് തിരിഞ്ഞു. പണ്ഡിതന്മാരായ ചിത്രകാരന്മാരുടെ ഒരു പ്രത്യേക വിഭാഗം ഉരുത്തിരിഞ്ഞു.  ശാസ്ത്രജ്ഞന്മാരായ ശരീരശാസ്ത്രകാരന്മാര്‍ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിച്ചത്. ശാസ്ത്രത്തെ അവര്‍ കൂടുതല്‍ ആഴത്തില്‍ വിപുലീകരിച്ചു. മൈക്രോസ്‌കൊപ്പിന്റെ സഹായത്തോടുകൂടി ശരീരത്തിന്റെ സൂക്ഷ്മഘടനയെ അവര്‍ പഠിക്കാന്‍ ആരംഭിച്ചു.  എന്താണ് ശരീരത്തിന്റെ യഥാര്‍ത്ഥ രൂപം എന്ന ഈ അന്വേഷണം ആരോഗ്യത്തിന്റെയും രോഗത്തിന്റെയും കാരണങ്ങളെ അനാവരണം ചെയ്യാന്‍ പിന്നീട് സഹായകമായിത്തീര്‍ന്നു. പ്രിന്റിംഗ് വലിയൊരു വ്യവസായമായി വളരാന്‍ തുടങ്ങി.  പതിനാറാം നൂറ്റാണ്ടിന്റെ അവസാനം ഇതാണ് നാം കാണുന്നത്.  
 
കലയുടെയും ശാസ്ത്രത്തിന്റെയും ഒരുമിച്ചുചേരല്‍ ഇരുകൂട്ടര്‍ക്കും ഗുണകരമായിത്തീര്‍ന്നു എന്നതാണ് വസ്തുത. ശാസ്ത്രപഠനത്തെയും ശാസ്ത്രവബോധത്തെയും അത് ത്വരിതപ്പെടുത്തി. മനുഷ്യനെ മൂടിനിന്ന മിഥ്യയുടെ ലോകം തകര്‍ന്നുതുടങ്ങി.  ഒരു പുതിയ മനുഷ്യന്‍ പിറന്നു. അസ്ഥിയും പേശിയും രക്തക്കുഴലും നാഡികളുമുള്ള യഥാര്‍ത്ഥ മനുഷ്യന്‍.  ശരീരം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് വന്നു.  ശരീരത്തിലേക്ക് യഥാതഥമായി നോക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു.  ചിത്രകാരന്മാര്‍ യാഥാര്‍ഥ്യത്തെ  കൃത്യതയോടെ അവതരിപ്പിക്കാന്‍ ശരീരത്തെ വീണ്ടും വീണ്ടും വരച്ചുപഠിച്ചു.  ഇത് യഥാതഥമായ ഒരു ദൃശ്യഭാഷയുടെ പിറവിക്ക് കാരണമായിത്തീര്‍ന്നു. സാങ്കേതിക വിദ്യ പുതിയ ദൃശ്യഭാഷയുമായി സംയോജിച്ചു. പ്രിന്റിംഗ് ഈ യഥാതഥത്വത്തിന് വലിയ പ്രചാരം നല്‍കി. ചിത്രകാരന്മാര്‍ പുതിയകാലത്തെ സ്വാംശീകരിച്ചു. ചിത്രകലയിലെ റിയലിസം അങ്ങനെ ആരംഭിച്ചു. റിയലിസത്തിന്റെ പ്രഭവകേന്ദ്രം 'ദൈവമല്ലാതായിത്തീര്‍ന്ന' മനുഷ്യനായിരുന്നു. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ മനുഷ്യശരീരം. 
 
* * * * * 
പതിനേഴാം നൂറ്റാണ്ടില്‍ പണ്ഡിതന്മാരായ ചിത്രകാരന്മാരെ നാം കണ്ടുമുട്ടുന്നു.  മതവും രാഷ്ട്രീയവും ഏറ്റുമുട്ടുന്ന സംഘര്‍ഷപൂര്‍ണ്ണമായ സാമൂഹികജീവിതം. അറിവിനു മേല്‍ വിശ്വാസം വീണ്ടും പിടിമുറുക്കുന്നു.  പരിഷ്‌കരണത്തിന് ബദലായി പ്രതിപരിഷ്‌കരണ പ്രസ്ഥാനം. ചിത്രകല ഇതിനുള്ളിലൂടെ സഞ്ചരിക്കാതെ തരമില്ല. പുതിയ ലോകത്തെ വ്യാഖ്യാനിക്കാതിരിക്കാനുമാവില്ല.  കല സത്യദര്‍ശമാണ്. എന്താണ് സത്യം? അത് അജ്ഞേയമായ ഒന്നല്ല. സത്യം വസ്തുനിഷ്ഠമാണ്.  സൂക്ഷ്മമായ ഇന്ദ്രിയഅവബോധ മില്ലാതെ അതറിയാന്‍ സാധ്യമല്ല. അതുകൊണ്ട് സൂക്ഷ്മമായി നിരീക്ഷിക്കണം.  ചിത്രകാരന്‍ സ്വയം തന്നെത്തന്നെയും, മുന്നിലിരിക്കുന്ന മോഡലിനെയും, പ്രകൃതിയെയും. 
 
ശരീരരൂപം മാത്രമല്ല, അതിന് മേല്‍ വീഴുന്ന പ്രകാശത്തിന്റെ വിന്യാസം, നിറങ്ങളുടെ വിതാനങ്ങള്‍,  എല്ലാം നിരീക്ഷിക്കേണ്ടതുണ്ട്.  രോഗിയെ ഭിഷഗ്വരന്‍ കേള്‍ക്കും പോലെയാണത്. രോഗലക്ഷണങ്ങളെയും രോഗസൂചനകളെയും നിര്‍ദ്ധാരണം ചെയ്തും  ശരീരപരിശോധന ഫലങ്ങളെ വിശകലനം ചെയ്തും ഒരു സവിശേഷ ജീവല്‍പ്രക്രീയയെ അനാവൃതമാകുന്നത് പോലെയും.  കരവാഗിയോയും (Caravaggio 1571-1610)  റംബ്രാന്‍ഡും  (Rembrandt  1606-1669) റൂബെന്‍സു (Rubens 1577-1640)മാണ് ഈ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രകാരന്മാര്‍. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി നിശ്ചയമായും അവരെക്കുറിച്ച് അറിഞ്ഞിരിക്കണം. എന്തുകൊണ്ട് ? അതാവട്ടെ  അടുത്തയാഴ്ച്ച നമ്മുടെ വിഷയം.