ധ്യകേരളത്തിന്റെ കിഴക്ക് ചില പ്രദേശങ്ങളില്‍ ഒഴിച്ച് മറ്റെല്ലാ സ്ഥലത്തുനിന്നും പ്രളയജലം പിന്‍വാങ്ങിക്കഴിഞ്ഞു. റിലീഫ് ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള തിരക്കിലാണ്.  എന്നാല്‍ വെള്ളപ്പൊക്കവുമായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 'പ്രളയം' അവസാനിക്കുന്നില്ല. പുതിയ കര്‍മ്മപരിപടികളിലേക്ക് അവര്‍ പ്രവേശിച്ചു.   വെള്ളപ്പൊക്കം സൃഷ്ടിക്കുന്നആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുക,  പ്രളയാനന്തരം ഉണ്ടാകാനിടയുള്ള രോഗങ്ങളെ മുന്‍കൂട്ടിക്കണ്ട് തടയുക, ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് അവബോധം  നല്‍കുക എന്നിവയാണവ. 
 
വെള്ളപ്പൊക്കത്തോടനുബന്ധിച്ചുള്ള മരണങ്ങള്‍ പ്രളയസമയത്ത് മാത്രമല്ല, പ്രളയത്തിന് ശേഷവും സംഭവിക്കും.  ശരിയായ  രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍  വെള്ളപ്പൊക്കത്തിനു ശേഷമായിരിക്കും മരണസംഖ്യ കൂടുതല്‍ ഉയരുക.  ജനങ്ങള്‍  അത് തിരിച്ചറിയെണ്ടതുണ്ട്.  പ്രളയാനന്തരം ആദ്യത്തെ മൂന്നുമാസം ആരോഗ്യ കാര്യങ്ങളില്‍ നാം  എത്രമാത്രം  ജാഗ്രത പുലര്‍ത്തുന്നു എന്നതായിരിക്കും നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ട് ഒരു ആരോഗ്യ പ്രവര്‍ത്തകനെ  സംബന്ധിച്ചിടത്തോളം ജലം പിന്‍വാങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്.
 
വെള്ളപ്പൊക്കത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഇനിയാണ് ആരംഭിക്കുക.  ഈ ഘട്ടം തരണം വിജയകരമായി തരണം ചെയ്യാന്‍ ഔദ്യോഗിക സംവിധാനം മാത്രം മതിയാവില്ല. വലിയ ജനപങ്കാളിത്തം ആവശ്യമായ സാമൂഹിക ആരോഗ്യപ്രവര്‍ത്തനമാണത്.  നാം ഓരോരുത്തരും ഒരു ആരോഗ്യ സന്നദ്ധപ്രവര്‍ത്തക/പ്രവര്‍ത്തകന്‍ (health volunteer) കൂടി ആയിത്തീരേണ്ടതുണ്ട്.  ഒരു ഹെല്‍ത്ത് വോളന്റ്റിയര്‍ ഈ സമയത്ത് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്. 
 
വെള്ളപ്പൊക്കത്തിനു ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് നമ്മുടെ ശ്രദ്ധയിലുണ്ടാകേണ്ടത്. 
 
1. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും അവയുടെ പ്രതിരോധവും 
2. പകര്‍ച്ചേതരവ്യാധി (non communicable diseases) കളുടെയും ദീര്‍ഘസ്ഥായി രോഗങ്ങ (chronic diseases) ളുടെയും നിയന്ത്രണം 
3. മാനസികാരോഗ്യപ്രശ്‌നങ്ങളുടെ മുന്‍കൂട്ടിയുള്ള തിരിച്ചറിയല്‍, അവയുടെ പ്രതിരോധം 
4. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം
5. മാലിന്യസംസ്‌കകരണം  

(ഒന്ന്) പകര്‍ച്ചവ്യാധികള്‍

വെള്ളപ്പൊക്കമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പകര്‍ച്ചവ്യാധികളാണ്. പകര്‍ച്ചവ്യാധികളുടെ കൂട്ടത്തില്‍ അഞ്ച് കാര്യങ്ങള്‍ നാം പ്രത്യേകമായി ഓര്‍ക്കണം 
 
ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 
എലിപ്പനിയുടെ വ്യാപനം
അണുബാധകള്‍ 
മീസില്‍സ് (മണ്ണന്‍, ചപ്പട്ട)  
ഡെങ്കിപ്പനി, മലമ്പനി  

ജലജന്യരോഗങ്ങള്‍

പ്രളയജലവുമായുള്ള സമ്പര്‍ക്കം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്  നമ്മുടെ ഉദരത്തിനുള്ളിലാണ്.  രോഗാണുക്കള്‍ പ്രളയജലത്തിലൂടെ ശരീരത്തിനുള്ളില്‍ കടക്കുക,  കുടിവെള്ളസ്രോതസ്സുകള്‍ മലിനപ്പെടുക,  വെള്ളപ്പൊക്കത്തില്‍ പൊട്ടിപ്പോകുന്ന പൈപ്പുകളിലൂടെ വിസര്‍ജ്ജ്യം കലര്‍ന്ന ജലം പൊതുജലവിതരണ സംവിധാനത്തില്‍ കലരുക,  ശുദ്ധജലത്തിന്റെ അപര്യാപ്തത എന്നിവയാണ് ഇതിന് കാരണങ്ങള്‍.  ഭക്ഷണപാനീയങ്ങളും വിസര്‍ജ്ജവും രണ്ട് വഴികളിലൂടെയാണ് സഞ്ചരിക്കേണ്ടത്. വെള്ളപ്പൊക്കം അവയെ കൂട്ടിയോജിപ്പിക്കുന്നു.   

ജലജന്യരോഗങ്ങളില്‍ പ്രധാനപ്പെട്ടവ 

വയറിളക്കരോഗവും അതിസാരവും 
ടൈഫോയ്ഡ്
കോളറ  
ഹെപ്പറ്റൈറ്റിസ് 'എ'യും 'ഇ'യും 
 
വയറിളക്കം, അതിസാരം  
 
ആദ്യത്തെ മൂന്ന് രോഗങ്ങളിലും വയറിളക്കം പൊതുവായ ലക്ഷണമാണ്. മൂന്ന് തവണയില്‍ കൂടുതല്‍ വയറിളകിപ്പോയാല്‍ അത് വയറിളക്കരോഗമാണെന്ന് സംശയിക്കണം.  വയറിളകുന്നതില്‍ രക്തം കലര്‍ന്നിട്ടുണ്ടെങ്കില്‍ രോഗം  അതിസാരമായി. രണ്ടിനും രണ്ടുതരം ചികിത്സയാണ്. അതിസാരത്തിന് ആന്റിബയോട്ടിക് കൊടുക്കേണ്ടിവരും. രണ്ടിന്റെയും പൊതുവായ സങ്കീര്‍ണ്ണത നിര്‍ജ്ജലീകരണമാണ്. ഓ.ആര്‍.എസ്സ് നല്‍കിയുള്ള പാനീയ ചികിത്സ തീര്‍ച്ചയായും വേണം. ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റിയ 1 ലിറ്റര്‍ ജലത്തില്‍ 1 പാക്കറ്റ് ഓ.ആര്‍.എസ് പൊടി കലക്കി ഓ.ആര്‍. എസ് ലായനി തയ്യാറാക്കണം.  അത് രോഗിക്ക് ഇടവിട്ട് കൊടുക്കണം.  ഉപ്പിട്ട കഞ്ഞിവെള്ളത്തില്‍ അല്പം നാരങ്ങ നീര് ഒഴിച്ചാല്‍ അതും വയറിളക്ക രോഗിക്ക് നല്‍കാവുന്ന മികച്ച ഔഷധമായി മാറും. കട്ടന്‍ കാപ്പിയും,  കട്ടന്‍ ചായയും വേണ്ട. നല്ലതല്ല. വയറിളക്കമുള്ള മുലകുടിക്കുന്ന കുട്ടിക്ക് മുലപ്പാല്‍ നീഷേധിക്കരുത്. മാഹാപാപം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗിക്ക് ആന്റിബയോട്ടിക്കുകള്‍ കൊടുക്കരുത്. ഓരോരുത്തരുടെയും ഭാവനക്ക് അനുസരിച്ച്  ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ രോഗിയുടെ അവസ്ഥ കൂടുതല്‍ വഷളായിത്തീരും.  ഏറ്റവും പ്രധാനം ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥ  (നിര്‍ജ്ജലീകരണം) തിരിച്ചറിയുക എന്നതാണ്. രോഗിയെ അല്പം നിരീക്ഷിച്ചാല്‍ അത് അറിയാനാവും. 
 
ചര്‍മ്മം വരളുക, ചുളിയുക 
ചര്‍മ്മം മുകളിലേക്ക് വലിച്ച ശേഷം വിട്ടാല്‍ പഴയ സ്ഥിതിയിലേക്ക് പോവാതെ ചുളുങ്ങി തന്നെയിരിക്കുക 
നാവ് ഉണങ്ങിക്കിടക്കുക 
കണ്ണ് കുഴിയുക 
മൂത്രമൊഴിക്കുന്നത്തിന്റെ അളവ് കുറയുക 
മയങ്ങിക്കിടക്കുക 
നെഞ്ചിടിക്കുക 
നാഡിമിടിന്റെ ശക്തി കുറയുക വേഗത കൂടുക 
 
ഇവയൊക്കെയാണ് ശരീരത്തില്‍ നിന്ന് അപകടകരമായി ജലം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങള്‍.  കുട്ടികളിലും വൃദ്ധജനങ്ങളിലും നിര്‍ജ്ജലീകരണം  അത്യന്തം അപകടകരമാണ്.  ഈ ലക്ഷണങ്ങള്‍ ആരില്‍ കണ്ടാലും ഉടനടി  ഡോക്ടറുടെ ഉപദേശം തേടുക.  

ടൈഫോയ്ഡ്

ഒരു പടിക്കെട്ട് കയറിവരും പോലെ പനി ഓരോ ദിവസവും കൂടിക്കൂടിവരുന്നു. നാവില്‍ വെളുത്ത പാടയും. അത് ടൈഫോയ്ഡാണ്.  പഴയ കാലത്തെ ഒരു വമ്പന്‍ ജ്വരമായിരുന്നു ടൈഫോയ്ഡ്. സന്നിപാതജ്വരം. വെള്ളപ്പൊക്കം ഉണ്ടാവുമ്പോള്‍ ഡ്രാക്കുളയെപ്പോലെ കക്ഷി ഉയര്‍ത്തെഴുന്നേല്‍ക്കും.  പനിയാണ് പ്രധാന ലക്ഷണം.  വയറില്‍ കൊളുത്തിവേദനയും ശര്‍ദ്ദിയും വയറിളക്കവും കാണും. പനി ഓരോ ദിവസവും കൂടും. കുളിരും വിറയലുമുണ്ടാവും.  ലബോറട്ടറി പരിശോധനയും ആന്റിബയോട്ടിക് ചികിത്സയും വേണം. സൂപ്പര്‍ മരുന്നുകളും ചികിത്സയുമുണ്ട്. പേടിക്കേണ്ട. പനിപിടിച്ച് ഡോക്ടറെ കാണാത നടക്കാതിരുന്നാല്‍ മതി. 

കോളറ   

കോളറയാണ് കൂട്ടത്തില്‍ ഭീകരന്‍.  ശരീരത്തിലെ ജലം ഒറ്റയടിക്ക് ചോര്‍ന്നുപോവുന്ന അവസ്ഥ.  ടോയ് ലെറ്റില്‍ പോയവര്‍ തിരിച്ചുവരാനാവാതെ അവിടെത്തന്നെ വീണുപോവും. വിസര്‍ജ്ജ്യം കഞ്ഞിവെള്ളം പോലെയിരിക്കും. ഇത്തരം വയറിളക്കം എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ ഉടനടി ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇതൊരു പൊതുജനാരോഗ്യ അത്യാഹിതമാണ്. ഉടനടി പ്രതിരോധ നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ രോഗത്തെ പിടിച്ചാല്‍ കിട്ടില്ല. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ രോഗിയേയും കിട്ടില്ല. പഴയകാലത്തെപ്പോലെ കോളറ ഇന്ന് കാണുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ അത് ഇല്ലാതായിട്ടുമില്ല. ഇടയ്ക്കിടക്ക് കോളറ തലപൊക്കുന്നതായി കേള്‍ക്കാറുണ്ടല്ലോ.  വെള്ളപ്പൊക്കം കോളറ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെ വന്‍തോതില്‍ ഇരട്ടിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിനു ശേഷം നാം വളരെ വളരെ ഭയക്കേണ്ട പകര്‍ച്ചവ്യാധിയാണ് കോളറ. 
 
ആഹാരത്തോട് വെറുപ്പ്, പനി, മനംപുരട്ടല്‍, ശര്‍ദ്ദി, കണ്ണില്‍ മഞ്ഞനിറം.  മൂത്രത്തില്‍ കടും മഞ്ഞ;  ഇവയൊക്കെയാണ്  ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍. രോഗിയായിത്തീരുന്ന മനുഷ്യനെ നട്ടം തിരിച്ചിട്ട് തനിയെ മാറുന്ന രോഗങ്ങളാണ് ഹെപ്പറ്റൈറ്റിസ് എ, ഇ. തനിയെ മാറുമെങ്കിലും ചികിത്സ അത്യാവശ്യം. രോഗം മാറുന്നതുവരെ ശരീരത്തെ നിരന്തരം നിരീക്ഷിച്ചും പരിശോധിച്ചും പരിപാലിച്ചും സംരക്ഷിച്ചു നിറുത്തണം. രോഗം ചിലപ്പോള്‍ കോപിച്ചു ഗുരുതരമായി തീരാം, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ക്കും വൃദ്ധരിലും. 

ജലജന്യരോഗങ്ങളുടെ പ്രതിരോധം 

ജലജന്യരോഗങ്ങളെയെല്ലാം പ്രതിരോധിക്കുന്നത് ഒരേ രീതിയിലാണ്. നാല് കാര്യങ്ങളാണ് ഇതെക്കുറിച്ചും പറയാനുള്ളത്.  

ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കല്‍  

ജനങ്ങള്‍ റിലീഫ് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയ ശേഷം  കിണറുകള്‍ ശുചിയാക്കി ഉപയോഗിച്ചു തുടങ്ങുംവരെയും തകരാറിലായ പൊതുജലവിതരണ സംവിധാനം പുനസ്ഥാപിച്ചുവരെയും ശുദ്ധമായ കുടിവെള്ളം നല്‍കേണ്ടതുണ്ട്.  ഇത് ടാങ്കര്‍ ലോറികളില്‍ ഓരോ വീട്ടിലും എത്തിക്കാം. അല്ലെങ്കില്‍ 10-50 വീടുകള്‍ക്ക് ഒരു വലിയ പൊതുടാങ്ക് എന്ന രീതിയില്‍ സ്ഥാപിച്ചു അതിലേക്ക് വെള്ളം എത്തിച്ചാല്‍ മതിയാകും.  ചിലപ്പോള്‍  ഇത് രണ്ടാഴ്ച വരെയോ ഒരു മാസം വരെയോ ഇത് തുടരേണ്ടിവന്നേക്കാം. ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന വെള്ളം ക്ലോറിന്‍ ലായനിയോ ക്ലോറിന്‍ ഗുളികയോ  ഉപയോഗിച്ച് ശുദ്ധീകരിക്കണം. ക്ലോറിനേറ്റ് ചെയ്ത വെള്ളം ഒരു മണികൂര്‍ കഴിഞ്ഞു മാത്രമേ ഉപയോഗിക്കാവു.  വെള്ളം ചൂടാക്കാന്‍ ഇലക്ട്രിസിറ്റിയോ, ഗ്യാസോ, സ്‌ടൌവോ ലഭ്യമാണെങ്കില്‍ കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുന്നതാണ് ഉത്തമം.  ക്ലോറിനേറ്റ് ചെയ്ത വെള്ളവും തിളപ്പിച്ചാറ്റി കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.   ക്ലോറിന്‍ ലായനി തയ്യാറാക്കുന്ന വിധം താഴെ വിശദീകരികരിക്കുന്നു. 
 

ക്ലോറിനേഷനും ശുചീകരണവും 

പ്രളയപ്രദേശങ്ങളിലെ  കിണറുകളിലെ വെള്ളവും, ടാങ്കുകളിലെ വെള്ളവും,  വിതരണം ചെയ്യുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക. പ്രളയത്താല്‍ മലിനമായ ജലം  അപകടകാരിയാണ്. രോഗങ്ങള്‍  അന്തവും കുന്തവുമില്ലാതെ പകരും.  വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ മാത്രമല്ല, കരയിലിരുന്നവരെയും പിടികൂടും. അതില്ലാതാക്കാനുള്ള നമ്മുടെ മുന്നിലെ വഴിയാണ് ക്ലോറിനെഷന്‍. 

ക്ലോറിനേഷനെക്കുറിച്ച് മൂന്ന് കാര്യങ്ങളാണ് നാം അറിയേണ്ടത്. 

സൂപ്പര്‍ ക്ലോറിനേഷന്‍ 
വീട്ടില്‍ ഉപയോഗിക്കാനുള്ള ക്ലോറിന്‍ ലായനി
ക്ലോറിന്‍ ഗുളികകള്‍ 
 

എന്താണ് സൂപ്പര്‍ ക്ലോറിനേഷന്‍ ? 

പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിലെയും ടാങ്കുകളിലെയും ഓവര്‍ ഹെഡ് ടാങ്കുകളിലെയും  ജലം അണുവിമുക്തമാക്കാനുള്ള  മാര്‍ഗ്ഗമാണ് സൂപ്പര്‍ ക്ലോറിനേഷന്‍.  വെള്ളം തിളപ്പിച്ച് കുടിക്കുന്നത്  പലപ്പോഴും വെള്ളപ്പൊക്ക സ്ഥലങ്ങളില്‍ സാധ്യമാകണമെന്നില്ല.  ഇത്തരം അവസരങ്ങളില്‍ ക്ലോറിനേഷന്‍ തന്നെയാണ് രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗം. പ്രളയത്തിനു ശേഷം സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ 40%  വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിലൂടെ ഒഴിവാക്കാനാവും.  
 
ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ചാണ് സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുന്നത്.  പക്ഷെ വെള്ളം കലങ്ങിക്കിടക്കുന്ന അവസരത്തില്‍  ബ്ലീച്ചിംഗ് പൌഡര്‍ പ്രവര്‍ത്തിക്കില്ല. കലങ്ങിയ വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നതും നല്ലതല്ല. ഇത്തരം അവസരങ്ങളില്‍, വെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളെ ആശ്രയിക്കാതെ തരമില്ല.  കിണറിലെ വെള്ളം അനക്കാതെ നിറുത്തിയാല്‍ ഒരാഴ്ചക്കുള്ളില്‍ അത് തെളിയും. കിണറ്റുവെള്ളം തെളിയുന്നതിനു മുന്‍പ് ക്ലോറിനേഷന്‍ നടത്തിയവര്‍ വെള്ളം തെളിഞ്ഞതിനു ശേഷം  വീണ്ടും ക്ലോറിനേഷന്‍ ചെയ്യണം.  

സൂപ്പര്‍ ക്ലോറിനേഷന്‍ എങ്ങനെചെയ്യാം ?

പ്രളയശേഷമുള്ള ആരോഗ്യപരിരക്ഷയെ സംബന്ധിച്ച്  ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകളില്‍  സൂപ്പര്‍ ക്ലോറിനേഷനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക. 
 
 
 
ആരോഗ്യവകുപ്പിന്റെ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍  കൂടുതല്‍ ലളിതമായും ജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാക്കാനും കഴിയുന്നവിധത്തില്‍ സാങ്കേതികത ഒഴിവാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം  മെച്ചപ്പെടുത്തി നല്‍കിയിട്ടുണ്ട്.   ഈ ലേഖകന് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത് മെഡിക്കല്‍ കോളേജിന്റെ രീതിയായതിനാല്‍ അതു താഴെ കൊടുക്കുന്നു. 
ആരോഗ്യവകുപ്പിന്റെ നിദ്ദേശങ്ങള്‍ വേണ്ടവര്‍ മുകളിലെ ലിങ്ക് നോക്കുക.
 
1000 ലിറ്റര്‍ വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാന്‍  5 ഗ്രാം  ബ്ലീച്ചിംഗ് പൌഡറാണ് നാം ഉപയോഗിക്കേണ്ടത്.  ഒരു തൊടി (ഉറ/റിംഗ്) വെള്ളം 1000 ലിറ്ററാണ്.  5 ഗ്രാം എന്നത് ഒരു തീപ്പട്ടിക്കവറില്‍ കൊള്ളാവുന്നത്രയും അല്ലെങ്കില്‍ ഒരു സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍. 
 
ആദ്യം ആവശ്യമായ ബ്ലീച്ചിംഗ് പൌഡര്‍  അളന്നെടുത്ത് ഒരു ബക്കറ്റില്‍ ഇടണം. അഞ്ചു തൊടി വെള്ളമുണ്ടെങ്കില്‍  5x5 ഗ്രാം (25 ഗ്രാം) ബ്ലീച്ചിംഗ് പൌഡറാണ് വേണ്ടത്.  കുറച്ചു വെള്ളം ചേര്‍ത്ത് ഇളക്കി അതിനെ പേസ്റ്റ് പരുവത്തിലാക്കണം.  
 
പിന്നീട് ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം നിറച്ച് മിക്‌സ് ചെയ്യുക.  ഈ ലായനി 10-15 മിനിട്ട് അനക്കാതെ വെയ്ക്കണം. ബക്കറ്റിന്റെ മുകളിലെ വെള്ളം തെളിഞ്ഞുവരും.  അത് കിണറിന്റെ തൊട്ടിയിലേക്ക് പകര്‍ന്ന്, കിണറ്റു വെള്ളത്തിലേക്ക് താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കണം.  ഒരു മണികൂറിന് ശേഷം മാത്രം കിണറ്റിലെ വെള്ളം ഉപയോഗിച്ചു തുടങ്ങാം.  
 
ഇതേ തോതില്‍,  വെള്ളവും  ബ്ലീച്ചിംഗ് പൌഡറും ചേര്‍ത്ത ലായനി ഉപയോഗിച്ച്  ടാങ്കിലെയും ഓവര്‍ ഹെഡ് ടാങ്കിലെയും വെള്ളം  സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യാം. തെളിഞ്ഞ ലായനി ടാങ്കിലെ വെള്ളത്തില്‍ ഇളക്കിച്ചേര്‍ക്കുക. 
 
ടാങ്കും, ഓവര്‍ ഹെഡ് ടാങ്കും ആദ്യമായി സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും മുന്‍പ്,  അതിലുള്ള വെള്ളം മുഴുവന്‍ ഒഴുക്കിക്കളയുക.  പിന്നീടു ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ചു ടാങ്ക് ഉരച്ചുകഴുകണം. ടാങ്കില്‍ വെള്ളം നിറച്ചുശേഷം  സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. പൈപ്പിലൂടെ ഈ വെള്ളം അഞ്ചുമിനിറ്റ് തുറന്നു വിടണം. 
 
ആഴ്ചയില്‍ രണ്ടു ദിവസം ജലസോത്രസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യണം. അത് രണ്ടുമാസം വരെ തുടരണം. 
 

ക്ലോറിന്‍ ലായനിയും വീട്ടുശുചിത്വവും   

 
ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന  കുടിവെള്ളം അണുവിമുക്തമാക്കി ശുദ്ധീകരിക്കാനും   വീട് ശുചിയാക്കാനും  വീട്ടില്‍ തന്നെ നമുക്ക്  ക്ലോറിന്‍ ലായനി തയ്യാറാക്കാം.  ഇത് ആവശ്യാനുസരണം 1% - 5% സാന്ദ്രതകളില്‍  ഉണ്ടാക്കാം. 
 
പ്രളയബാധിത പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനത്തിലൂടെ വരുന്ന വെള്ളവും ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന വെള്ളവും മിക്കപ്പോഴും ഉപയോഗിക്കാന്‍  പാകത്തില്‍ ശുദ്ധമാകണമെന്നില്ല. ഇങ്ങനെയുള്ള എല്ലാ ഘട്ടങ്ങളിലും വീട്ടിലെ വെള്ളം   നാം ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക.   5 % സാന്ദ്രതയുള്ള  ക്ലോറിന്‍ ലായനിയാണ് ഇതിന് വേണ്ടത്.    
എന്നാല്‍ വീടിന്റെ ഭിത്തിയും തറയും അണുവിമുക്തമാക്കാനും പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ ശുചിയാക്കാനും നാം ഉപയോഗിക്കേണ്ടത് 1 % സാന്ദ്രതയുള്ള ക്ലോറിന്‍ ലായനിയാണ്. 
 
1% - 5% സാന്ദ്രതകളില്‍ ക്ലോറിന്‍ ലായനി തയ്യാറാക്കുന്ന വിധം 
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം വിശദീകരിക്കുന്നത് ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 
 
15 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ (3 തീപ്പട്ടിക്കവര്‍ അല്ലെങ്കില്‍ മൂന്ന് സ്പൂണ്‍) അര ഗ്ലാസ് (100 മി. ലി) വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കി 15-20 മിനിറ്റ് അനക്കാതെ വെയ്ക്കുക. ഇതിന്റെ തെളിയാണ് ക്ലോറിന്‍ ലായനിയായി ഉപയോഗിക്കുന്നത്.   
 
ഈ ലായനിയില്‍ നിന്ന് 8 തുള്ളി ( 0.5 മി.ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ 5 %  ക്ലോറിന്‍ ലായനി ലഭിക്കും. ഈ ലായനിയുടെ  2 ടീസ്പൂണ്‍ (10 മി.ലി) 20 ലിറ്റര്‍ വെള്ളത്തിന് എന്ന് കണക്കില്‍ ചേര്‍ത്ത്  കുടിക്കാനുള്ള  വെള്ളം നമുക്ക് അണുവിമുക്തമാക്കാം
 
ക്ലോറിന്‍ ലായനി ചേര്‍ത്ത് 1 മണികൂര്‍ കഴിഞ്ഞു വെള്ളം ഉപയോഗിക്കാം 
 
5% ക്ലോറിന്‍ ലായനിലേക്ക് നാലിരട്ടി വെള്ളം കൂടി ചേര്‍ക്കുന്നതാണ് 1 % ക്ലോറിന്‍ ലായനി.  വീടും വീട്ടുപകരങ്ങളും പാത്രങ്ങളും കഴുകി അണുവിമുക്തമാകാന്‍ ഉപയോഗിക്കേണ്ടത് 1% ക്ലോറിന്‍ ലായനിയാണ്. 
 
ക്ലോറിന്‍ ലായനി സമയം കഴിയുംതോറും വീര്യം കുറയും.  അതുകൊണ്ട് ഓരോ ദിവസവും  പുതിയതായി അവ തയ്യാറാക്കണം.  എന്നാല്‍ ക്ലോറിന്‍ ലായനി കൊണ്ട് അണുവിമുക്തമാക്കിയ ജലം കൂടുതല്‍ നേരം സൂക്ഷിച്ചു വെയ്ക്കാം.  
 
കുടിക്കാനുള്ള വെള്ളം എപ്പോഴും  തിളപ്പിച്ചാറ്റി ഉപയോഗിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്ന് നാം ഓര്‍ത്തിരിക്കുക.  
 
ക്ലോറിന്‍ ഗുളികകള്‍ 
 
ബ്ലീച്ചിംഗ് പൌഡറിന്  പകരം ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിച്ചും  കുടിവെള്ളം നമുക്ക് അണുവിമുക്തമാക്കാം  ഒരു ക്ലോറിന്‍  ഗളിക  500 മി. ഗ്രാമാണ്.  20 ലിറ്റര്‍ (ഒരു കുടം) വെള്ളം ശുദ്ധീകരിക്കാന്‍  1 ക്ലോറിന്‍ ഗുളിക എന്നതാണ് കണക്ക്.  ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളം ഉപയോഗിക്കാം.  
 
 
കലങ്ങിയ വെള്ളം എങ്ങനെ അരിക്കാം?
 
ഇതിനൊരു നാടന്‍ രീതിയുണ്ട്.  നമുക്ക് വേണ്ടത്  ചുവട്ടില്‍ ചെറിയ തുളയുള്ള ഒരു പാത്രമോ, കുടമോ,  അല്ലെങ്കില്‍ തലകീഴായി പിടിച്ച ചുവടുതുറന്ന പ്ലാസ്റ്റിക്ക് കുപ്പിയോ മാത്രമാണ്.  അതിനുള്ളില്‍ ആദ്യം ചെറിയ കല്ലുകള്‍ ഇടുക. അതിനുമുകളില്‍ മണല്‍ വിരിക്കണം.  അതിനും മുകളില്‍ കരിക്കട്ട നിറയ്ക്കുക. അതാ, അതൊരു  ഗംഭീരമായ  അരിപ്പയായി മാറി.  അതിനുള്ളിലേക്ക് ഒഴിക്കുന്ന വെള്ളം താഴെകൂടി  ഒഴുകി പുറത്തുവരുന്നത് നന്നായി തെളിഞ്ഞിരിക്കും. ഈ ജലം ക്ലോറിനേറ്റ് ചെയ്തും തിളപ്പിച്ചാറ്റിയും കുടിവെള്ളമായി ഉപയോഗിക്കാം.    
 
വീട് ശുചീകരിക്കല്‍ 
 
ആദ്യം വീട്ടില്‍ അടിഞ്ഞു കിടക്കുന്ന ചെളി വെള്ളം ഫ്‌ലഷ് ചെയ്തു നീക്കണം.  പിന്നീട് സോപ്പ് ഉപയോഗിച്ച് നന്നായി വീട് കഴുകാം.  അവസാനം ക്ലോറിന്‍ ലായനി (1%) കൊണ്ട് വീടിന്റെ പ്രതലങ്ങളും തറയും വീട്ടുപകരങ്ങളും അണുവിമുക്തമാക്കാം. എറ്റവും ശ്രദ്ധയോടെ ശുചീകരിക്കേണ്ടത് അടുക്കളയാണ്. വീട് കഴുകുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കണം. ഗ്ലൌസുകള്‍ ഉപയോഗിക്കാം.  ഗ്ലൌസ്സും  ഷൂസും ലഭ്യമല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച്  കൈകളും കാലുകളും പൊതിഞ്ഞു സംരക്ഷിക്കാം.  തുടര്‍ന്നുള്ള ദിവസങ്ങളിലും വീട്  ക്ലീന്‍ ചെയ്യാന്‍ ഡെറ്റോള്‍ പോലെയുള്ള ലായനികള്‍ക്ക്  പകരം ക്ലോറിന്‍ ലായനി ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലോറിന്റെ മണം കൂടുതലാണെങ്കില്‍ അത് മാറ്റാനായി മാത്രം ഡെറ്റോള്‍ വേണമെങ്കില്‍ ഉപയോഗിക്കാം.  
 
 
പാത്രങ്ങള്‍ വൃത്തിയാക്കല്‍
 
ആദ്യം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. പിന്നീട്  ക്ലോറിന്‍ ലായനി (1%)  ഉപയോഗിച്ച്  അണുവിമുക്തമാക്കണം. ഒടുവില്‍ തിളപ്പിച്ച വെള്ളം കൊണ്ട്  പാത്രങ്ങള്‍ കഴുകണം. അല്ലെങ്കില്‍ തിളച്ച വെള്ളത്തില്‍ മുക്കിവെയ്ക്കണം  
 
വീടിന്റെ പരിസരം 
 
വെള്ളപ്പൊക്കം വലിയ തോതില്‍ വീടിന്റെ പരിസരത്തെ മലിനമാക്കിയിട്ടുണ്ടെങ്കില്‍ ബ്ലീച്ചിംഗ് പൌഡറും നീറ്റുകക്കയും  മിശ്രിതമാക്കി വിതരണം. കുമ്മായവും ഉപയോഗിക്കാം. 
 
ഭക്ഷ്യവസ്തുക്കള്‍ മലിനമാകാതെ സൂക്ഷിക്കല്‍
 
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കൂടിക്കലരാതെ സൂക്ഷിക്കണം.  പാകം ചെയ്ത ഭക്ഷണം മൂടിവെയ്ക്കണം.  ദുര്‍ഗന്ധവും അരുചിയുമുള്ള ഭക്ഷണം ഒഴിവാക്കുക, പൊതുസ്ഥലത്ത് തുറന്നുവെച്ച  ഭക്ഷണം, തണുത്ത ഭക്ഷണം, നനഞ്ഞ ഭക്ഷണം  എന്നിവ കഴിക്കരുത്. കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യണം.  യാത്ര ചെയ്യുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കൈയ്യില്‍ കരുതുക. ബോട്ടില്‍ വാട്ടര്‍ സുരക്ഷിതമല്ല. ബോട്ടില്‍ വെള്ളവും തിളപ്പിച്ചാറ്റി കുടിക്കുന്നതാണ് നല്ലത്.  പ്രളയജലം കൊണ്ട് നനഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഒരിക്കലും കഴിക്കരുത്. 
 
കൈ കഴുകല്‍ 
 
രോഗപ്രതിരോധത്തില്‍ അതിപ്രധാനമായ സ്ഥാനമാണ് കൈകഴുകലിനുള്ളത്. നിരവധി രോഗാണുക്കള്‍ നമ്മുടെ കൈകളിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. കൈകള്‍ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകുന്നത് പകര്‍ച്ചവ്യാധികളെ തടയാന്‍ വളരെയേറെ സഹായിക്കുന്നു. 
 
കൈകള്‍ നനച്ച് സോപ്പ് പുരട്ടിയ ശേഷം മിനിമം 20-30 സെക്കന്റ് സമയമെങ്കിലും സോപ്പ് പത  കൈയ്യുടെ എല്ലാഭാഗത്തും ഉരച്ചുവൃത്തിയാക്കണം.  പിന്നീട് കൈകഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. 
 
നീര്‍ബന്ധമായും കൈകഴുകേണ്ട സാഹചര്യങ്ങള്‍   
 
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ്
വേവിക്കാത്ത മാട്ടിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തശേഷം 
ടോയിലറ്റില്‍ പോയ ശേഷം
രോഗിയായ വ്യക്തിയെ പരിചരിക്കുന്നതിന് മുന്‍പും അതിനു ശേഷവും 
മുറിവും വൃണങ്ങളും വെച്ചുകെട്ടുന്നതിനു മുന്‍പും ശേഷവും 
മൃഗങ്ങളെയും, മൃഗംങ്ങളുടെ വിസര്‍ജ്ജ്യവസ്തുക്കളെയും കൈകാര്യം ചെയ്ത ശേഷം 
മാലിന്യങ്ങള്‍ കൈകാര്യം ചെയ്തശേഷം 
 
 
എലിപ്പനിയുടെ വ്യാപനം  
 
കേരളത്തിന്റെ കാര്യത്തില്‍ നാം ഏറ്റവും ശ്രദ്ധ നല്‍കേണ്ട ഒരു പകര്‍ച്ചവ്യാധിയാണ് എലിപ്പനി.  എലിപ്പനി വളരെ വേഗം പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തിലൂടെയാണ്  ഓരോ മലയാളിയും ദിനംപ്രതി കടന്നുപോവുന്നത്.  വെള്ളപ്പൊക്കത്തോടനുബധിച്ചു എലിപ്പനി വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.  പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍.   റിലീഫ് ക്യാമ്പുകളില്‍ നിന്ന് ആദ്യം വീട്ടിലേക്ക് ആളുകള്‍ മടങ്ങിപ്പോയത് അവിടെയാണ്.  ബന്ധുക്കളുടെ വീടുകളില്‍ താമസിച്ചിരുന്നവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയതും ആദ്യം അവിടെത്തന്നെ. മിക്കവരും രോഗപ്രതിരോധത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെയാണ് വീടുകളില്‍ താമസം ആരംഭിച്ചത്. വീട് ശുചിയാക്കുമ്പോള്‍ എനിപ്പനി ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം.   
 
എന്താണ് എലിപ്പനി ? 
 
കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി.  എലിയുടെ മൂത്രത്തിലൂടെയും വിസര്‍ജ്യത്തിലൂടെയും പകരുന്ന രോഗമായതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ എലിയിലൂടെ മാത്രമല്ല,  പശു,  കാള, എരുമ, ആട്, തുടങ്ങിയ  മൃഗംങ്ങളുടെ മൂത്രത്തിലൂടെയും എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും. പ്രളയജലവുമായ സമ്പര്‍ക്കം രോഗസാധ്യത വര്‍ധിപ്പിക്കുന്നു.  രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ്  രോഗം ഏറ്റവും കൂടുതല്‍ പിടിപെടുക. 
 
എലിപ്പനി എങ്ങനെ തടയാം 
 
കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത് 
വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്)  കാലുറയും ധരിക്കുക. അവ ലഭ്യമല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക.  ശുചീകരണ പ്രവൃത്തി ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടില്‍ പിടിച്ചുവെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കണം. 
വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക 
വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക 
മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും. 
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍  200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ ( 100 മി.ഗ്രാമിന്റെ 2 ടാബ്ലെറ്റ്)  കഴിക്കുക.  ഒരാഴ്ചത്തേക്ക് അത്ര മതിയാവും.  അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം. കുട്ടികളിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മരുന്നും ഡോസും വ്യത്യസ്തമാണ്. അത് ഡോക്ടറുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക
 
എലിപ്പനി ബാധിച്ചവരെ എങ്ങനെ നേരത്തെ തിരിച്ചറിയാം? 
 
വേണ്ടത്ര രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവര്‍ക്കും  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗസാധ്യത കൂടുതലാണ്. കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. വേണമെങ്കില്‍ ഡോക്ടറോട് അങ്ങോട്ട് ചോദിക്കുകയുമാവാം. ''ഡോക്ടറെ എലിപ്പനിയാണോ? വെള്ളക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ട്.'' ഒരു പക്ഷെ അങ്ങനെ ചോദിക്കുന്നതിലൂടെ ഡോക്ടറെ നിങ്ങള്‍ സഹായിക്കുകയാവാം ചെയ്യുന്നത്. എലിപ്പനി തുടക്കത്തിലെ സംശയിച്ചാല്‍ വേഗം ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം  സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം.  സൂക്ഷിക്കുക. 
 
കടുത്ത പനിയോടോപ്പാം പേശികള്‍ക്ക് നല്ല വേദനയുണ്ടാവും. പേശികളില്‍ അമര്‍ത്തുമ്പോള്‍ ''അയ്യോ'' എന്ന് പറഞ്ഞുപോകുന്ന ഒരുതരം വേദനയുണ്ടെങ്കില്‍ മിക്കവാറും അത് എലിപ്പനി തന്നെയായിരിക്കും. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്റെ വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ മണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും കടും മഞ്ഞ കാണാം.   ''ഓഹോ, ഇത് നമ്മുടെ മഞ്ഞപ്പിത്തമല്ലേ'' എന്ന് കരുതി നാട്ടുമരുന്നും ഒറ്റലിയും കഴിച്ചുകൊണ്ടിരുന്നു കളയരുത്. വലിയ അപകടമുണ്ടാവും.  പനിയോടുകൂടിയ മഞ്ഞപ്പിത്തം എലിപ്പനിയുടെ ഭയങ്കരമായ ലക്ഷണമാണ്. സമയം ഒട്ടും കളയാതെ ഡോക്ടറുടെ സേവനം തേടുക. 
 
രോഗം തുടക്കത്തില്‍ തന്നെ സംശയിക്കുക എന്നത് എലിപ്പനിയുടെ കാര്യത്തില്‍ പ്രധാനമാണ്. രോഗം പിടിപെടാതെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ്  അതിലും പ്രധാനം.    
 
അണുബാധകള്‍
 
പ്രളയജലവുമായുള്ള സമ്പര്‍ക്കം കാരണം കണ്ണ്, ചെവി, ചര്‍മ്മം, ശ്വാസകോശം എന്നീ അവയവങ്ങളില്‍ രോഗബാധയുണ്ടാവാം . ചെറിയകുട്ടികള്‍ നിറുത്താതെ കരയുന്നത് ഒരു പക്ഷെ ചെവിയില്‍ അനുബാധയുടെ ലക്ഷണമാവാം.  കുട്ടിക്കത് പറയാന്‍ അറിയില്ല. 
 
ചെറിയ ജലദോഷയും തൊണ്ടവേദനവേദനയും  മൂക്കൊലിപ്പുമായി തുടങ്ങി, ഇപ്പോള്‍ ചുമയും ശ്വാസംമുട്ടലുമുണ്ടെങ്കില്‍ അത്  H1N1 പനിയാണോ എന്ന് സംശയിക്കണം.  രോഗി ഗര്‍ഭിണിയാണെങ്കില്‍  ആന്റിവൈറല്‍ ഗുളിക ഉടനെ കൊടുത്തുതുടങ്ങണം. H1N1 പനി ഗര്‍ഭിണികളില്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും. 
 
പ്രളയജലം ധൂളികളായി ശ്വാസകോശത്തില്‍ കടക്കുന്നത് അണുബാധകള്‍ക്ക് കാരണമാകാം. കുട്ടികള്‍ക്ക് തൊണ്ടയിലും ശ്വാസനാളത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അണുബാധയാണ് ഇതില്‍ പ്രധാനം. ഇത് പിന്നീടത് ന്യുമോണിയയിലേക്ക് നയിക്കാം. പനി, ചുമ, കഫം, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങള്‍. കഫം മഞ്ഞനിറമാകുന്നത് അണുബാധയുടെ സൂചനയാണ്. ന്യുമോണിയയായി മാറിയാല്‍ ശ്വാസംമുട്ടല്‍ ഉണ്ടാവും. കഫത്തില്‍ രക്തമയം കാണാം.  രോഗം ബാധിച്ചകുട്ടി  അതിവേഗത്തില്‍ ശ്വസിക്കും. ഉടന്‍ തന്നെ കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിക്കണം എന്നാണ് അതിന്റെ അര്‍ഥം. 
 
അത്ര സാധാരണമല്ലെങ്കിലും ശ്രദ്ധിക്കേണ്ട ഒന്നാണ് തലച്ചോറിലെ അണുബാധ. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗം പകരും. കടുത്ത പനിയും തലവേദനയും ശര്‍ദ്ദിയുമാണ് ലക്ഷണങ്ങള്‍. ഒരു പമ്പില്‍ നിന്ന് പുറത്തേക്ക് ചാടുന്നപോലെയാവും  രോഗി ശര്‍ദ്ദിക്കുക. ഡോക്ടറെ നിര്‍ബന്ധമായും കാണണം. 
 
കൂട്ടത്തില്‍ ക്ഷയരോഗത്തിന്റെ കാര്യം മറന്നുപോകരുത്. ക്ഷയരോഗത്തിനു തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഔഷധം മുടങ്ങിപ്പോകാം എന്നതാണ് ഒന്നാമത്തെ കാര്യം. പക്ഷെ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ ആദ്യം മുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടാവില്ല.  രോഗം പുതിയതായി ബാധിച്ചവരെ  കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം.  ഏതൊരാളിലും  രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ കഫം പരിശോധിച്ചു ക്ഷയരോഗം ഇല്ല എന്ന് ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ ചമ്മല്‍ പാടില്ല. 
 
മുറിവുകളില്‍ അണുബാധയുണ്ടാകുന്നതാണ് മറ്റൊരു വിഷയം.  അവ നന്നായി കഴുകി ഡ്രസ്സ് ചെയ്യണം. ഡോക്ടറുടെ നിദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വരും.   മുറിവിലൂടെ റ്റെറ്റനസ് അണുബാധ പിടികൂടുക എന്നതാണ് മറ്റൊരപകടം.  പ്രതിരോധകുത്തിവെയ്പ്പുകള്‍ എടുത്തിട്ടുള്ളവര്‍ ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല.  എന്നാല്‍ റ്റെറ്റനസിനെതിരെ പ്രതിരോധം നല്‍കുന്ന DPT, Pentavalent എന്നിവയുടെ വാക്‌സിനേഷനുകള്‍ എടുത്തിട്ടില്ലാത്ത ചെറിയ കുട്ടികള്‍ക്കും  DT വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത വലിയ കുട്ടികള്‍ക്കും റിസ്‌ക്കുണ്ട്. മുടങ്ങിയ വാക്‌സിനേഷനുകള്‍  നല്‍ക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ഡോക്ടരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ ഉപദേശം തേടുക. 
 
മീസില്‍സും പ്രതിരോധകുത്തിവെയ്പ്പും  
 
വെള്ളപ്പൊക്കത്തിനു ശേഷം പടര്‍ന്നുപിടിക്കാന്‍ വലിയ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് മീസില്‍സ് (മണ്ണന്‍, ചപ്പട്ട). മീസില്‍സ് നിസ്സാരമായ രോഗമല്ല.  മീസില്‍സിനെതിരായ കുത്തിവെയ്പ്പ് (MMR, MR വാക്‌സിനേഷന്‍) കുറഞ്ഞ സ്ഥലങ്ങളിലാണ് മീസില്‍സ് പകര്‍ച്ചവ്യാധിക്ക് സാധ്യത.  ഇക്കഴിഞ്ഞ മീസില്‍സ്-റുബെല്ല (MR) വാക്‌സിനേഷന്‍ സമയത്ത് കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെയ്പ്പ് നല്‍കാത്ത മാതാപിതാക്കള്‍ എത്രയും പെട്ടെന്ന് മീസില്‍സിനെതിരായ കുത്തിവെയ്പ്പ് കുട്ടികള്‍ക്ക് കൊടുക്കുക.  മീസില്‍സിനെതിരായ പ്രതിരോധകുത്തിവെയ്പ്പ് കുട്ടികളെ ശ്വാസകോശരോഗങ്ങളില്‍ നിന്നും ന്യുമോണിയയില്‍ നിന്നും രക്ഷിക്കും എന്നറിയുക. 
 
പനീയാണ് മീസില്‍സിന്റെ പ്രധാന ലക്ഷണം. ശരീരത്തില്‍ വറുത്തുചുവന്ന മണല്‍ വിതറിയിട്ടപോലെ തിണര്‍പ്പുകളുണ്ടാവും. മൂക്കൊലിക്കും.  കണ്ണു ചുവക്കും.  കുട്ടി വളരെ അസ്വസ്ഥനായിത്തീരും.  
 
രോഗം ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കുട്ടിക്ക് ചുമയുണ്ടാവും.  പ്രകൃതിദുരന്ത സമയത്തുണ്ടാകുന്ന മീസില്‍സ് ഒരു കാട്ടുതീയാണ്. അതിവേഗം രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കും. രോഗം മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്നത് അത്യന്തം ഗുരുതരമാണ്.  പ്രതിരോധകുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി കാര്യം പറയുക.  മീസില്‍സിനെതിരായി കുത്തിവെയ്‌പ്പെടുക്കാത്ത കുട്ടികള്‍ ഒരു പ്രദേശത്ത് കൂടുതല്‍ ഉണ്ടാകുന്നത് ഈ സമയത്ത് എല്ലാവര്‍ക്കും ഒരു പൊതുജനാരോഗ്യ വിപത്താണ്. വളരെ ശ്രദ്ധിക്കുക.   
 
ഡെങ്കിപ്പനിയും മലമ്പനിയും 
 
രണ്ടും വെള്ളപ്പൊക്കത്തിനുശേഷം വര്‍ധിക്കാന്‍ സാധ്യതയുള്ള  പകര്‍ച്ചവ്യാധികളാണ്. നമുക്കറിയാവുന്നതുപോലെ രണ്ടുരോഗവും പരത്തുന്നത് കൊതുകുകളാണ്. രണ്ടും രണ്ടുതരം കൊതുകുകള്‍.  ഡെങ്കിപ്പനിയുടെ കൊതുകുകള്‍ താരതമ്യേന ശുദ്ധജലത്തില്‍ വളരുന്നു.  വീടിനും വീടിന്റെ പരസരത്തും കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ ഡെങ്കിക്കൊതുക് പെറ്റ് പെരുകും.  ഇലകളിലും മരപ്പൊത്തുകളിലും മഴവള്ളം കെട്ടിനില്‍പ്പുണ്ടാവും.  നാടുമുഴുവനും കിടക്കുന്ന  പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും  ഡെങ്കിയുടെ മരണക്കെണികളായി മാറും. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിനെ പ്രളയജലം പുറത്തെടുത്തു കൂട്ടിയിട്ടിരിക്കുകയാണ്. അതെല്ലാം നീക്കം ചെയ്യണം.  ഒരാഴ്ചയില്‍ കൂടുതല്‍ അതില്‍ വെള്ളം കെട്ടിനിന്നാല്‍ ഡെങ്കിക്കൊതുക് വളരും. അതൊക്കെ ചോര്‍ത്തിക്കളയണം. പിടിച്ചുവെച്ചിരിക്കുന്ന കുടിവെള്ളം വലയിട്ടു മൂടണം. ഒഴുകാതെ നില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും വളരുന്നവയാണ് മലമ്പനി പരത്തുന്ന കൊതുകുകള്‍. ആരോഗ്യവകുപ്പ് ചെയ്യുന്ന കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോരുത്തരം, കൊതുകുവല, കുന്തിരിക്കം പുകക്കല്‍, കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ തുടങ്ങിയ വ്യക്തിപരമായ സുരക്ഷിത്വം സ്വീകരിക്കണം. 
 
മലമ്പനി തിരിച്ചറിയുക 
 
മലമ്പനിയുള്ള വ്യക്തിയെ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിസിക്കേണ്ടത് രോഗം പടരാതെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. പനിയാണ് മലമ്പനിയുടെയും ലക്ഷണം. പക്ഷെ അത് സാധാരണ പനിയല്ല. ഇടവിട്ടുള്ള പനിയാണ്. മിക്കപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലുള്ള പനി.  കടുത്ത പനിയുണ്ടായി രോഗി കിടുങ്ങിവിറക്കും. വിയര്‍ത്തു കുളിച്ചു പനി നിലയ്ക്കും. പിന്നീട് കുറെ മണിക്കൂറുകള്‍ രോഗി നോര്‍മലായിരിക്കും. പക്ഷെ  വീണ്ടും പനി പ്രത്യക്ഷമാവും. രോഗി കിടുങ്ങിവിറക്കും. ഒരു മത്സ്യം പിടയുന്നതുപോലെ.  ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം ഗുരുതരമായിത്തീരും. എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.  രോഗിയെ ചികിത്സിക്കുന്നത്തിനൊപ്പം രോഗം പടരാതിരിക്കാന്‍ ആ പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍  അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. അത് ആരോഗ്യപ്രവര്‍ത്തകര്‍ നിവ്വഹിക്കും. 
 
വിശ്വാസം അതാണ് പ്രധാനം 
 
എല്ല് പൊടിയുന്നത് പോലെയുള്ള ശരീരവേദനയോടുകൂടിയ പനിയാണ് ഡെങ്കിപ്പനി. നല്ല തലവേദനയും ഉണ്ടാവും. ശരീരത്തില്‍ ചുവര്‍ന്ന തിണര്‍പ്പുകള്‍ കാണും.  നെഞ്ചും മുഖവുമൊക്കെ റെഡ് ഒക്‌സൈഡ് പുരട്ടി മിനുക്കിയ നിലം പോലെ ചുവന്നു വരും.  ഡോക്ടറെ കണ്ടു ഉപദേശം തേടണം. മൂന്നൊ, നാലോ ദിവസം കൊണ്ട് പനി മാറിയെന്ന് വരാം. അസുഖം മാറിയതായി വിചാരിച്ചു ഉത്സാഹം കൂട്ടരുത്. വിശ്രമിക്കണം. ഡെങ്കിപ്പനിയുടെ കാര്യത്തില്‍ പനി മാറിയതിനു ശേഷമാണ് ചിലരില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുക. രക്തക്കുഴലുകള്‍ ചോര്‍ന്ന് രക്തസ്രാവം ഉണ്ടാവാം. ചിലപ്പോള്‍ രക്തക്കുഴലിലെ വെള്ളം ചോര്‍ന്നു കുഴലിനു പുറത്തേക്ക് വരും രക്തക്കുഴല്‍ വറ്റും. ബി.പി താഴും. ഇതാണ് ഡെങ്കി ഷോക്ക് സിഡ്രോം. ഡോക്ടര്‍ ഓരോ ദിവസവും പരിശോധിച്ചു ഇത്തരം സങ്കീര്‍ണ്ണതകളുണ്ടോ എന്ന് നോക്കും. ചികിത്സിച്ചു ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ ആരോഗ്യം നിലനിറുത്തും. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശങ്ങളെ വിശ്വസിക്കുക.  പനി ചികിത്സയില്‍ ഏറ്റവും പ്രധാനം അത് തന്നെ. ഡോക്ടറും രോഗിയും തമ്മിലുള്ള പരസ്പര ഐക്യം. വിശ്വാസം. 
 
തുടക്കത്തില്‍ സൂചിപ്പിച്ച പ്രകാരം, പ്രളയശേഷം ഉണ്ടാകാവുന്ന അഞ്ചു പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍  ഒന്ന് മാത്രമാണ് ഇതുവരെ പറഞ്ഞത്. പകര്‍ച്ചവ്യാധികളാണ് ഏറ്റവും മുഖ്യമായത് എന്നതുകൊണ്ടാണ് ഇത്രയും ദീഘര്‍ഘമായി എഴുതിയത്.  ചെറിയ കുറിപ്പുകളും സോഷ്യല്‍ മീഡിയ ബാനറുകളും ഇവയെക്കുറിച്ച് മൊത്തത്തില്‍  ഒരു ധാരണ നല്‍ക്കാന്‍ പര്യാപ്തമാവില്ല എന്നത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്.  എങ്കിലും വളരെ  സാമാന്യമായ ചില കാര്യങ്ങള്‍ മാത്രമാണിത്.  താല്പര്യമുള്ളവര്‍ക്ക് വായിക്കാം. ഒരു ഹെല്‍ത്ത് വോളന്റിയറെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്രയും പറഞ്ഞത്.  ബാക്കിയുള്ള വിഷയങ്ങള്‍  വരും ദിവസങ്ങളില്‍ ചെറിയ കുറിപ്പുകളായി എഴുതാമെന്ന് വിചാരിക്കുന്നു. 
 
റഫറന്‍സ്:
1. Health and Sanitation aspects of  Flood Management, Integrated Flood Management Tools Series No.23 version 1.0 © World Meteorological Organization, 2015
2. Floods in the WHO European Region: health effects and their prevention, Edited by:  Bettina Menne and Virginia Murray, WHO, 2013 
3. Flooding and Communicable Diseases, Fact sheet, Risk assessment and Preventive measures, WHO, Communicable Disease Working Group on Emergencies, HQ   
4. Gaitonde R, Gopichandran V. The Chennai floods of 2015 and the health system response. Indian J Med Ethics. 2016 Apr-Jun;1(2) NS: 71-5.
5. 2018 വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു സംസ്ഥാന  ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍, മാര്‍ഗ്ഗരേഖകള്‍ 
6. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം ഉപയോഗിക്കുന്നത്തിനുള്ള നിര്‍ദ്ദേശങ്ങള്‍.  തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം.
7. നന്ദി: ഡോ. ജയകൃഷ്ണന്‍, പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്. ഡോ. ഇന്ദു.പി.എസ്, അഡീഷണല്‍ പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം