നേത്ര ഗോളത്തിനുള്ളില്‍ മര്‍ദ്ദം കൂടി ഞരമ്പുകളെ ബാധിച്ച് കാഴ്ച നഷ്ടമാകുന്ന രോഗമാണ് ഗ്ലോക്കോമ. അന്ധതയുണ്ടാക്കുന്ന നേത്രരോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഈ രോഗം കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നു. രോഗകാരണങ്ങളെ അടിസ്ഥാനമാക്കി പലതരത്തില്‍ ഉണ്ടെങ്കിലും ഗ്ലോക്കോമയെ പ്രധാനമായും രണ്ടു വിധമായി തിരിക്കാം.

1. തീവ്രമായ തലവേദന, കണ്ണു കടച്ചില്‍, ഓക്കാനം, കണ്ണു ചുവപ്പ് തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളോടുകൂടിയ ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ.
2. വേദനാരഹിതവും സാവധാനം കാഴ്ചയെ ബാധിക്കുന്നതുമായ ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ.

ആയുര്‍വേദം ഏതൊരു രോഗത്തെയും അതില്‍ ഉള്‍പ്പെടുന്ന ദോഷാവസ്ഥയെയും ലക്ഷണങ്ങളെയും രോഗിയുടെ ബലത്തിനെയും അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. കണ്ണില്‍ നീര്‍ക്കെട്ട്, വേദന, ചുവപ്പ്, തലവേദന തുടങ്ങിയ പ്രകടമായ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ യുക്തമായ ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കഷായം കൊണ്ടുള്ള നേത്രധാര, കണ്ണില്‍ മരുന്നു ഇറ്റിയ്ക്കുക, കണ്ണില്‍ അട്ടയിടുക, വയറിളക്കുക തുടങ്ങിയ ശോധന കര്‍മ്മങ്ങള്‍ ഔഷധ സേവയോടൊപ്പം ചികിത്സാരീതികളായി അവലംബിക്കാം. എന്നാല്‍ നേത്രത്തിലെ മര്‍ദത്തിന് ക്രമാതീതമായ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ആധുനിക ശാസ്ത്രത്തിലെ ശസ്ത്രക്രിയകളെ അവലംബിക്കേണ്ടതായി വരാം.
 
രണ്ടു വിഭാഗം ഗ്ലോക്കോമകളിലും പലപ്പോഴും 75-80 ശതമാനം ഞരമ്പുകള്‍ക്ക് നാശം സംഭവിച്ചു കഴിഞ്ഞാല്‍ മാത്രമേ രോഗിയ്ക്ക് കാഴ്ചക്കുറവ് അനുഭവപ്പെടുകയുള്ളൂ. ഈ അവസ്ഥയില്‍ നേത്രമര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം രോഗിയുടെ തകരാറിലായ ഞരമ്പുകളെ ബലപ്പെടുത്തി കാഴ്ചശക്തി മെച്ചപ്പെടുത്തുക എന്നതാണ് ആയുര്‍വേദ ചികിത്സയിലൂടെ ഉദ്ദേശിക്കുന്നത്.  മരുന്നുകള്‍ സേവിക്കുന്നതിനോടൊപ്പം തന്നെ കണ്ണില്‍ മരുന്നെഴുതുക (അഞ്ജനം), മൂക്കില്‍ മരുന്നു ഇറ്റിയ്ക്കുക (നസ്യം), ശിരസ്സില്‍ ധാര ചെയ്യുക, കണ്ണില്‍ മരുന്നു നിര്‍ത്തുക (തര്‍പ്പണം) തുടങ്ങിയ ചികിത്സാരീതികള്‍ വളരെയധികം പ്രയോജനപ്രദമാണ്. ഇവ കാഴ്ചയ്ക്കു സഹായിക്കുന്ന ഞരമ്പുകളെ ബലപ്പെടുത്തുകയും അതുവഴി കാഴ്ചശക്തി മികവാര്‍ന്നതാക്കുകയും ചെയ്യുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാല്‍ ഇവയെല്ലാം തന്നെ ഒരു നേത്രരോഗവിദ​ഗ്ധന്റെ നിര്‍ദേശപ്രകാരവും മേല്‍നോട്ടത്തിലും ആയിരിക്കണം നിര്‍വഹിക്കുന്നത്. അല്ലെങ്കില്‍ ഗുണത്തിനു പകരം ദോഷം സംഭവിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. 

രോഗം വരാതിരിക്കാന്‍

ശക്തമായ കുടുംബപാരമ്പര്യവും, അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം, മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവരില്‍ രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ ഇവര്‍ നേത്രസംരക്ഷണത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

 • കൃത്യമായ ഇടവേളകളില്‍ നേത്രപരിശോധന നടത്തുക. (പ്രത്യേകിച്ചും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍)
 • അമിതമായ സ്‌ക്രീന്‍ സമയം കുറയ്ക്കുക.
 • ജോലിസംബന്ധമായി സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ സാധിക്കാത്തവര്‍ കൃത്യമായി നേത്രവ്യായാമങ്ങള്‍ ചെയ്യുക.
 • അസമയത്തുള്ള കുളി പ്രത്യേകിച്ചും ഉച്ചക്കുളി ഒഴിവാക്കുക.
 • വൈദ്യ നിര്‍ദ്ദേശപ്രകാരം ഹിതമായ എണ്ണ ശിരസ്സിലും കാല്‍പ്പാദത്തിലും ദേഹത്തും തേച്ചു കുളിക്കുക.
 • പകലുറക്കവും രാത്രി ഉറക്കമിളപ്പും ഒഴിവാക്കുക.
 • മലബന്ധം ഉണ്ടാകുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക.
 • മലമൂത്രാദി വേഗങ്ങളെ തടയാതിരിക്കുക.
 • ഭക്ഷണത്തില്‍ ചീര, അഗത്തി, നെല്ലിക്ക, മാതളം, മുരിങ്ങയില തുടങ്ങിയവ ഉള്‍പ്പെടുത്തുക.
 • അമിതമായ ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങള്‍ കുറയ്ക്കുക.
 • അമിതമായ ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങള്‍ കുറയ്ക്കുക.
 • ത്രിഫലാ ചൂര്‍ണ്ണം (കടുക്ക, താന്നിക്ക, നെല്ലിക്ക) നെയ്യും ശകലം തേനും ചേര്‍ത്ത് സേവിയ്ക്കുന്നത് നേത്ര ആരോഗ്യത്തിന് ഹിതകരമാണ്.

സ്വയംചികിത്സ അരുത്

അസുഖ ലക്ഷണങ്ങള്‍ വരാന്‍ കാത്തുനില്‍ക്കാതെ കൃത്യമായ നേത്ര പരിശോധനയ്ക്കും യഥാസമയം ചികിത്സയ്ക്കും വിധേയമാകുന്നത് ഒരു പരിധി വരെ ഈ രോഗത്തിന്റെ തീവ്രത തടയാന്‍ സഹായിക്കും.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ ശാലക്യതന്ത്രം വിഭാ​ഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: World Glaucoma Week, Ayurveda tips to cure Glaucoma, Health, Eye Health