ട്ടിസം എന്ന അവസ്ഥയെ പറ്റിയുള്ള അവബോധം പൊതുസമൂഹത്തില്‍ വളര്‍ത്തുന്നതിനായി ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കപ്പെടുന്നു. ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല മറിച്ച് തന്നിലേക്ക് തന്നെ ഉള്‍വലിയുന്ന ഒരു സ്വഭാവ വൈകല്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ജനിക്കുന്ന 160 കുട്ടികളില്‍ ഒരാള്‍ ഓട്ടിസം ബാധിതനായി ജനിക്കുന്നു. ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ഷങ്ങള്‍ പിന്നിടുന്നതോടെ കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ കണക്കുകളും ഒട്ടും തന്നെ ആശാവഹമല്ല. 

മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ നിമിത്തം ആശയഗ്രഹണം, ആശയവിനിമയം, സാമൂഹീകരണം എന്നീ മൂന്നു മേഖലകളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഓട്ടിസം കുട്ടികളില്‍ ഉണ്ടാകുന്നു. ഇതില്‍ കൂടുതലും ആണ്‍കുട്ടികള്‍ ആണ്. അഞ്ച് ഇരട്ടിയാണ് ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ രോഗസാധ്യത. 

ഓട്ടിസം ചികിത്സയില്‍ ഏറ്റവും പ്രാധാന്യം നേരത്തെ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച പരിചരണം നല്‍കുക എന്നതാണ്. ആയുര്‍വേദത്തില്‍ ഓട്ടിസം ചികിത്സ കേവലം ഔഷധസേവ മാത്രമല്ല, മറിച്ച് ഓരോ കുട്ടികളുടെയും ശരീര പ്രകൃതിക്കും മാനസിക പ്രകൃതിക്കും അനുയോജ്യമായി ചിട്ടപ്പെടുത്തിയ ആഹാര-വിഹാരങ്ങളും വിവിധ ചികിത്സകളും ഉള്‍പ്പെടുന്നതാണ്. ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ ഇത്തരം കുട്ടികളില്‍ അധികമായി കാണുന്നത് കൊണ്ട് അവ പരിഹരിക്കുന്നതിനുള്ള ചികിത്സകളാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. 

അവയില്‍ പ്രധാനം ദഹന പ്രക്രിയ ശരിയായി നടക്കാത്തത് മൂലം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ആമത്തെ (അപക്വ അന്നരസം) ദഹിപ്പിക്കാനുള്ള ഔഷധ പ്രയോഗങ്ങളാണ്. 
പാലും പാലുത്പ്പന്നങ്ങളും ഗോതമ്പും ഗോതമ്പുല്‍പ്പന്നങ്ങളും ഒഴിവാക്കേണ്ടതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളോട് ശരീരം പ്രതിപ്രവര്‍ത്തിക്കുന്നതിനാല്‍ ഓട്ടിസം ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് കാണാറുണ്ട്. 

പുളിപ്പിച്ചുണ്ടാക്കുന്നതും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വിശപ്പിനനുസരിച്ച് ശരീരത്തിന് ഹിതവും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ ശീലിപ്പിക്കേണ്ടതാണ്. 

ശിരസില്‍ എണ്ണ തേക്കുക, പൊടി തിരുമ്മുക, ഔഷധദ്രവ്യങ്ങള്‍ പുകയ്ക്കുക, യോഗ, പ്രാണായാമം തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് അനാവശ്യ ചോദനകളെ നിയന്ത്രിക്കുന്നതിന് ഉതകുന്ന തലപൊതിച്ചില്‍, ശിരോപിചു, ക്ഷീരധാര, തൈലധാര തുടങ്ങിയ വിവിധതരം ശിരോധാരകള്‍, പഞ്ചകര്‍മ്മങ്ങളായ നസ്യം, വസ്തി തുടങ്ങിയ ചികിത്സകള്‍ എന്നിവ അവസ്ഥാനുസാരേണ ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. 

കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി ആയുര്‍വേദ ചികിത്സകള്‍ മറ്റു അനുബന്ധ ചികിത്സകളായ സ്പീച്ച് തെറാപ്പി, ഒക്ക്യൂപേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി തുടങ്ങിയവയോടൊപ്പം ചെയ്യുകയാണെങ്കില്‍ ഓട്ടിസം ലക്ഷണങ്ങള്‍ ഒരു പരിധി വരെ ഫലപ്രദമായി പരിഹരിക്കുവാന്‍ സാധിക്കും.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബാലചികിത്സ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: World Autism Awareness Day 2021, Ayurveda tips to control Autism, Health