ന്താണ് ഉരമരുന്ന്? പേരില്‍ പറയുന്നത് പോലെ ഉരച്ചു കൊടുക്കുന്ന മരുന്നാണ് ഉരമരുന്ന് എന്ന് വേണം   പ്രാഥമികമായി മനസ്സിലാക്കുവാന്‍. പുരാതന കാലംതൊട്ടേ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് നമുക്ക് കേട്ടുപരിചയമുള്ള ഒരു പ്രയോഗമാണിത്. പഴയകാലത്ത് നേരിട്ട് കഴിക്കുവാന്‍ ബുദ്ധിമുട്ടുള്ളതോ, ചെറിയ അളവില്‍ മാത്രം ഉരച്ചു നല്‍കേണ്ടതോ ആയ മരുന്നുകള്‍ നല്‍കുന്ന സമ്പ്രദായം ആയിരിക്കാം പിന്നീട് ആ പേരില്‍ പ്രശസ്തമായത്. പല കമ്പനികളും ഉരമരുന്ന് എന്ന പേരില്‍ ഗുളികകള്‍ ഇന്ന് വിപണിയില്‍ ഇറക്കുന്നുണ്ട്.

16 മുതല്‍ 18 കൂട്ടം മരുന്നുകളാണ് ഇതിനായി ഉപയോഗപ്പെടുത്തി വന്നിരുന്നത് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു.

കടുക്ക, നെല്ലിക്ക, താന്നിക്ക, മായാക്ക്, രുദ്രാക്ഷം, വയമ്പ്, ഇടംപിരി, വലംപിരി, ഇരട്ടിമധുരം, ജാതിക്ക, മുത്തങ്ങ, തിപ്പലി എന്നിവ അവയില്‍ ചിലതുമാത്രം. ഈ പറഞ്ഞ മരുന്നുകള്‍ മരുന്നു പെട്ടിയില്‍ പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ അറകളില്‍ സംഭരിച്ച് സൂക്ഷിക്കുന്നു. മരുന്നുപെട്ടിയോടൊപ്പം മരുന്നുകള്‍ ഉരച്ച് എടുക്കുവാനും മറ്റും പാകത്തിന് വൃത്തിയുള്ള ഒരു കല്ലും ഉണ്ടാകും. രോഗവിവരവുമായി എത്തുന്ന വ്യക്തിയോട് കുട്ടിയുടെ കാര്യങ്ങളെല്ലാം അന്വേഷിച്ച് മനസ്സിലാക്കിയതിനുശേഷം മരുന്നു പെട്ടിയില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള  മരുന്നുകള്‍ എല്ലാം ഓരോന്നായി എടുത്തു ഒന്നോ രണ്ടോ വട്ടം ഉരയ്‌ക്കേണ്ട കല്ലില്‍ ഉരയ്ക്കുന്നു.

രോഗത്തിന് കൃത്യമായി വേണ്ട മരുന്ന് കൂടുതല്‍ വട്ടം ഉരയ്ക്കുന്നു. യുക്തമായ ദ്രവം- ഉദാഹരണത്തിന് വെള്ളം, തേന്‍, നെയ്യ്, മുലപ്പാല്‍ എന്നിവയിലേതെങ്കിലും ചേര്‍ത്ത് കുഞ്ഞിന് നല്‍കുന്നു. ഉദാഹരണത്തിന് മലബന്ധം ഉള്ള കുഞ്ഞിന് കടുക്കയും വയറിളക്കത്തിന് ജാതിക്കയും കൂടുതല്‍ പ്രാവശ്യം ഉരച്ച് നല്‍കുന്നു. അപ്പോള്‍ തോന്നാം എന്നാല്‍ പിന്നെ മറ്റ് മരുന്നുകള്‍ ഒഴിവാക്കി അസുഖത്തിന് വേണ്ടത് മാത്രം നല്‍കിയാല്‍ പോരെ എന്ന്. 

ഒരു അസുഖത്തിന് ചികിത്സിക്കുമ്പോള്‍ ആ മരുന്ന് മറ്റു രോഗങ്ങളെ ഉണ്ടാക്കുകയോ ഉണ്ടാകുവാനുള്ള സാഹചര്യം ശരീരത്തില്‍ സൃഷ്ടിക്കുകയോ ചെയ്യരുത് എന്നതാണ് ആയുര്‍വേദത്തിന്റെ അഭിപ്രായം. അത് പരിഗണിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട ഉര മരുന്നുകളുടെ കോംബോ ശരീരത്തിന്റെ സ്വസ്ഥതയെ നശിപ്പിക്കാതിരിക്കാനുള്ള ഒരു സംവിധാനമായിരിക്കാം എന്ന് കരുതാതെ നിര്‍വാഹമില്ല.

ഈ പറഞ്ഞത് അതിന്റെ ഒരു വശം. എന്നാല്‍ ഉരച്ചു കൊടുക്കുന്ന ഏതു മരുന്നും ഉര മരുന്നായി കണക്കാക്കാമെന്ന് മുന്‍പ് പറഞ്ഞുവല്ലോ. കടകളില്‍ ലഭ്യമായ, പലരും ചോദിച്ചു വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്ന ഉരമരുന്ന് ഗുളികകള്‍ ഏറെക്കുറെ ആ അര്‍ഥത്തെയാകും പ്രയോഗത്തില്‍ സാധൂകരിക്കുക.    വിവിധ കമ്പനികള്‍ ഉരമരുന്ന് ഗുളികകള്‍ തയ്യാറാക്കുന്നു. പലതിലും  ചേരുവകള്‍ വ്യത്യാസപ്പെടാം. തയ്യാറാക്കുന്ന ഉര മരുന്ന് ടാബ്‌ലറ്റുകളില്‍ ചേര്‍ക്കുന്ന മരുന്നുകളുടെ എണ്ണം, അളവ്, ഗുണം എന്നിവയൊക്കെ അനുസരിച്ച് അതിന്റെ ശരീരത്തിലുള്ള പ്രവര്‍ത്തനത്തിലും  വ്യത്യാസമുണ്ടാകാം. പലപ്പോഴും വയറു കേടിനും, ഗ്യാസിന്റെ ബുദ്ധിമുട്ടിനും, മേല്‍വയര്‍ വീര്‍പ്പിനുമൊക്കെയായി വൈദ്യനിര്‍ദേശമില്ലാതെ വളരെ ചെറിയ കുട്ടികളില്‍ പോലും ഉരമരുന്ന് ഗുളികകള്‍ വാങ്ങി നല്‍കുകയാണ് പൊതുവേ കാണാറ്.

മുലപ്പാല്‍ അല്ലാതെ മറ്റൊന്നും ശീലമില്ലാത്ത അന്നനാളവും  ദഹനവ്യവസ്ഥയുമൊക്കെയുള്ള  കുഞ്ഞുങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ വേണം ഇവ നല്‍കുവാന്‍. മറ്റേത് മരുന്ന് നല്‍കുമ്പോഴും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഉരമരുന്ന് ടാബ്‌ലറ്റുകള്‍ നല്‍കുമ്പോഴും പരിഗണിക്കേണ്ടതാണ്. വ്യക്തിയധിഷ്ഠിതമായ ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം. ഒരേ അസുഖത്തിന് പല വ്യക്തികളില്‍ പലതുപോലെ ആകും മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുന്നത്. സ്വയം തീരുമാനിച്ച് മരുന്നുകള്‍ വാങ്ങി നല്‍കി കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കരുത്. ഒരു വിദഗ്ധ ഡോക്ടറെ കണ്ട്  തീരുമാനമെടുക്കുകയാണ് വേണ്ടത്. 

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം ശിശുരോഗവിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍)

Content Highlights: What is  Uramarunnu for kids, Ayurveda, Health