വിനാ അപി ഭേഷജൈ: വ്യാധി: പഥ്യാദേവ നിവർത്തതേ
ന തു പഥ്യവിഹീനസ്യ ഭേഷജാനാം ശതൈരപി
മരുന്നില്ലെങ്കിലും രോഗം പഥ്യം കൊണ്ടേ ശമിച്ചിടും
പഥ്യമില്ലെങ്കിൽ മാറില്ല നൂറു നൂറൗഷധങ്ങളാൽ
ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ സ്ഥിരം ചോദ്യങ്ങളിൽ ഒന്നാണ് ഈ മരുന്നിന് പഥ്യമുണ്ടോ ഡോക്ടർ? പലപ്പോഴും പല രോഗികളേയും ആയുർവേദ ചികിത്സയിൽ നിന്നും അകറ്റി നിർത്തുന്നതും ഈ പഥ്യം തന്നെ ആണ്.
എന്താണ് പഥ്യം?
പഥ്യം എന്ന വാക്കിന്റെ അർഥം മാർഗത്തിന് ഹിതമായത് എന്നതാണ്. ഒരു ചികിത്സകൻ നൽകുന്ന, ആഹാരരീതികളിലേയും ജീവിതശൈലിയിലേയും നിർദേശങ്ങളെ ആരോഗ്യത്തിലേക്കുള്ള വഴിക്ക് ഹിതമായത് എന്ന അർത്ഥത്തിലാണ് പഥ്യം എന്നു പറയുന്നത്.
ഏതൊരു യന്ത്രവും കേടുവന്നാൽ അതിന്റെ പ്രവർത്തനങ്ങളെ നിശ്ചലമാക്കിയതിനു ശേഷമാണ് കേടുപാടുകൾ തീർക്കുന്നത്. എന്നാൽ മനുഷ്യശരീരത്തിൽ ഇത് സാധ്യമല്ലല്ലോ. അതിനാൽ ശരീരത്തിന് തന്റെ നിരന്തര പ്രവർത്തനങ്ങളുടെ ജോലി ഭാരം കഴിയുന്നത്ര കുറയുന്ന രീതിയിലുള്ള ആഹാരരീതികളും ജീവിതശൈലിയും പിൻതുടരണം. ദഹനം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ കുറഞ്ഞ ഊർജം മാത്രമേ ചിലവാക്കേണ്ടി വരുന്നുള്ളൂ. ഇത്തരത്തിൽ ചെയ്താൽ ശരീരം തന്റെ ഊർജത്തിന്റെ സിംഹഭാഗവും രോഗശമനത്തിനായി പ്രയോജനപ്പെടുത്തും.
അതിനാലാണ് ചികിത്സകൻ ദഹിക്കാൻ ബുദ്ധിമുട്ടുള്ള മാംസാഹാരങ്ങളേയും വറുത്ത/പൊരിച്ച ഭക്ഷണ വസ്തുക്കളേയും ഒഴിവാക്കാൻ നിർദേശിക്കുന്നത്. എരിവ്, പുളി എന്നീ രസങ്ങളുടെ അമിതോപയോഗം കുറയ്ക്കാൻ പറയുന്നത്. ഉറക്കത്തിനും ഭക്ഷണത്തിനും ചിട്ടയുണ്ടാവണം എന്ന് പറയുന്നത്.
പലപ്പോഴും നാം ശീലിക്കുന്ന ചില ശൈലികൾ ഉണ്ടായ രോഗത്തിന് കാരണമാകുന്നുണ്ടാകാം. ഇവ മാറ്റാതെ പൂർണമായ രോഗശമനം സാധ്യമാവുകയില്ല. രോഗകാരണങ്ങളായ ഇത്തരം ശീലങ്ങളെയും പഥ്യം ആചരിക്കുന്നതിലൂടെ ഒഴിവാക്കാനാകും.
പഥ്യം എന്നത് രോഗിയെ ബുദ്ധിമുട്ടിക്കാനുള്ളതല്ല, രോഗമുള്ളവർക്കും ഇല്ലാത്തവർക്കും ആരോഗ്യത്തിലേക്കുള്ള വഴിയൊരുക്കൽ ആണ്. വഴികൊട്ടി അടക്കാതെ ആരോഗ്യത്തിലേക്ക് സഞ്ചരിക്കൂ......
(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പഞ്ചകർമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Content Highlights:What is Pathyam What will happen if we didnt follow Pathyam properly during the Ayurvedic treatment, Ayurveda, Health