കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അപരാജിത ധൂപചൂര്‍ണം പുകയ്ക്കുന്നത് സംബന്ധിച്ച് പല വിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധ അവബോധം തീര്‍ക്കാനും അന്തരീക്ഷ ശുദ്ധി വരുത്താനും ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും ഒരേ സമയം ധൂമസന്ധ്യ എന്ന പേരില്‍ അപരാജിത ധൂപചൂര്‍ണം പുകച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ആയുര്‍വേദ വിധി പ്രകാരമുള്ള അപരാജിത ധൂപചൂര്‍ണം പുകയ്ക്കലിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 

കഷായങ്ങളും തൈലങ്ങളും ലേഹ്യങ്ങളും മാത്രമാണ് ആയുര്‍വേദം എന്നത് തെറ്റിദ്ധാരണയാണ്. അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ സാംക്രമിക രീതികളെക്കുറിച്ച് (modes of transmission) വിശദമായി തന്നെ പറയുന്നുണ്ട്. 

സാംക്രമികമായി ഒരു ജനതയെ മുഴുവന്‍ ബാധിച്ചേക്കാവുന്ന രോഗങ്ങളെ കുറിച്ച് കൃത്യമായ അവബോധം ആയുര്‍വേദ വൈദ്യശാഖയ്ക്ക് ഉണ്ടായിരുന്നു. ഇത്തരം രോഗങ്ങളില്‍ പ്രമുഖമായത് ജ്വരം അഥവാ പനി തന്നെയാണ്. പകരുന്ന തരത്തിലുള്ള പനിയുടെ ചികിത്സ വിവരിക്കുന്ന സന്ദര്‍ഭത്തിലാണ് ധൂപനം അഥവാ പുകയ്ക്കുക എന്ന ചികിത്സാരീതിയെ പരിചയപ്പെടുത്തുന്നത്. പരിസരം പുകക്കാനായി നിര്‍ദേശിക്കുന്ന മറ്റൊരു സന്ദര്‍ഭം ജനിച്ച ഉടനെ കുഞ്ഞിനെ താമസിപ്പിക്കുന്ന മുറികളെ കുറിച്ചാണ്. തീര്‍ച്ചയായും ഈ ചികിത്സാക്രമം അസുഖം പരത്തുന്ന, സംക്രമണത്തിനു കാരണമായ കീടാണുക്കളെ ഇല്ലാതാക്കാനുള്ള മാര്‍ഗമാണ് എന്ന് ഈ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ആധുനിക രാസപദാര്‍ഥങ്ങളെ കൊണ്ടുള്ള അണുനശീകരണമാര്‍ഗങ്ങള്‍ മുന്‍പന്തിയിലേക്ക് വന്നതോടെ ധൂപനം പോലുള്ള രീതികള്‍ ഉപയോഗിക്കാതായി. പ്രചാരത്തില്‍ ഇല്ല എന്നത് കൊണ്ട് മാത്രം പ്രയോജനപ്രദമല്ല എന്നോ ശാസ്ത്രീയമല്ല എന്നോ പറയാനാവില്ലല്ലോ. 

അപരാജിത എന്ന് പേരിട്ടിട്ടുള്ള ഒരു കൂട്ടം മരുന്നുകള്‍ ആണ് പനിയുളളപ്പോള്‍ പുകയ്ക്കാനായി ഉപയോഗിക്കേണ്ടത്. ഈ മരുന്നുകളുടെ കൂട്ടം പറയുന്ന വിധത്തില്‍ പ്രയോഗിക്കപ്പെട്ടാല്‍ ഒരിക്കലും പരാജയപ്പെടില്ല എന്ന അര്‍ത്ഥത്തിലാണ് 'അപരാജിത'  എന്ന പേര് നല്‍കിയിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷം കോവിഡ് 19 തുടങ്ങിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വിഭാഗം തൃശൂര്‍ ജില്ലയില്‍ അപരാജിത ധൂപനത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി പഠനം നടത്തിയിരുന്നു. ധൂപനത്തിനു ശേഷം കീടാണുക്കളുടെ അളവ് 95 ശതമാനം കുറഞ്ഞു എന്ന് തന്നെ ആണ് ഇതില്‍ നിന്നും വ്യക്തമായത്. 

അപരാജിത ധൂപചൂര്‍ണത്തില്‍ അടങ്ങിയിട്ടുള്ളത്

വയമ്പ്, നാന്‍മുകപ്പുല്ല്, അകില്‍, വേപ്പ്, എരിക്ക്, ദേവതാരം, ഗുഗ്ഗുലു, ചെഞ്ചല്യം തുടങ്ങിയവ പൊടിച്ചെടുക്കുന്നതാണ് അപരാജിത ധൂപചൂര്‍ണം. ആന്റി വൈറല്‍ പ്രഭാവം ഉള്ള ഔഷധങ്ങളാണ് ഇവ.

ചെയ്യേണ്ട വിധം

ധൂപനം ചെയ്യാനായി കനലില്‍ അപരാജിത ധൂപചൂര്‍ണം ഇട്ട് അതില്‍ നിന്നുയരുന്ന പുക മുറിയില്‍/വീട്ടില്‍ നിറയാന്‍ അനുവദിക്കുക. ആളുകള്‍ക്ക് പുറത്തിറങ്ങി നില്‍ക്കാം. അര മണിക്കൂര്‍ പുകച്ചതിനു ശേഷം അര മണിക്കൂര്‍ മുറി/വീട് അടച്ചിടുക. ഇതാണ് ധൂപനത്തിനുള്ള രീതി.

പുകച്ചാല്‍ ശ്വാസകോശത്തിന് രോഗങ്ങള്‍ ഉണ്ടാകുമോ? 

ധൂപനം എന്ന രീതിയില്‍ ആ പുക ആളുകള്‍ ശ്വസിക്കണം എന്ന് പറയുന്നില്ല. പരിസരം പുകയ്ക്കണം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. അതിനാല്‍ ധൂപനം നടത്തുക വഴി ആര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അതുസംബന്ധിച്ചുള്ള വിവാദങ്ങള്‍ എല്ലാം അര്‍ഥമില്ലാത്തതാണ്. 

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: What is Aparajitha Dhooma Choornam an ayurvedic fumigant, Ayurveda, Health, Covid19