യദന്നം ദേഹ ധാത്വോജോ ബല വര്‍ണാദിപോഷണം
തത്രാഗ്‌നിര്‍ഹേതു:

ഗ്‌നി കാരണമാണ് ഏതൊരാഹാരവും ശരീരത്തേയും ഓജസിനേയും ബലത്തേയും വര്‍ധിപ്പിക്കുന്നത്.

നാം കഴിക്കുന്ന ആഹാരം ശരീരത്തിന് ആവശ്യമായ ഊര്‍ജം, ബലം, പുഷ്ടി, ഓജസ് അതുവഴി ആയുസ് എന്നിവ പ്രദാനം ചെയ്യണമെങ്കില്‍ ആ ആഹാരം നമ്മുടെ ശരീരത്തിന്റെ ഭാഗമായി പരിണമിക്കണം. ഈ പരിണാമത്തെ സാധ്യമാക്കുന്നത് നമ്മുടെ ദഹനശക്തിയാണ്. 'അഗ്‌നി' എന്ന പേരില്‍ അറിയപ്പെടുന്ന തത്വം ഈ ദഹനശക്തി തന്നെയാണ്.

നമുക്കറിയാം അഗ്‌നി അഥവാ തീയുടെ സഹായത്താലാണ് നാം പാചകം ചെയ്യുന്നത്. അരി വെള്ളത്തിന്റെ സാന്നിധ്യത്തില്‍ അഗ്‌നിയുമായി സമ്പര്‍ക്കം വരുമ്പോള്‍ വെന്ത് മൃദുവായ ചോറായി മാറുന്നു. ദ്രവരൂപത്തിലുള്ള അരിമാവ് ചൂടുള്ള ചട്ടിയില്‍ ഒഴിച്ച് പാകം ചെയ്യുമ്പോള്‍ ഖര രൂപത്തിലുള്ള ദോശയാകുന്നു. പുറത്ത് കാണുന്ന അഗ്‌നി എങ്ങനെയാണോ വിറകുകൊള്ളിയെ കത്തിച്ച് ചാരമാക്കി മാറ്റുന്നത്, അതേ പ്രകാരം തന്നെയാണ് ശരീരത്തിനുള്ളിലെ തീ നാം കഴിക്കുന്ന ആഹാരത്തെ പാകം വരുത്തി ശരീരമാക്കി മാറ്റുന്നത്.

ആഹാരം പാചകം ചെയ്യുന്ന കാര്യത്തില്‍ തീയുടെ ശക്തി എത്ര മാത്രം പ്രധാനമാണോ അതുപോലെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രാധാന്യമേറിയതാണ് ദഹനശക്തി അഥവാ ഉള്ളിലെ തീയുടെ ശക്തി. അഗ്‌നി ശരിയായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ നാം കഴിച്ച ഭക്ഷണ പദാര്‍ഥങ്ങളിലെ അന്നജവും കൊഴുപ്പും ധാതുലവണങ്ങളും വിറ്റാമിനുകളും ശരീരത്തിന് പ്രയോജനകരമായ രീതിയില്‍ പ്രാപ്യമാവുകയുള്ളൂ. ആഹാരത്തിലടങ്ങിയ പോഷകങ്ങള്‍ ശരീരത്തിലേക്ക് പരിണമിക്കണമെങ്കില്‍ പചനക്രിയ നന്നായി നടക്കണം.

ഒരു കുടുംബത്തിലെ എല്ലാവരും ഒരേ ഭക്ഷണം കഴിക്കുന്നവരായിരിക്കും. എന്നാല്‍ ചിലര്‍ക്ക് മാത്രം ചില ധാതുലവണങ്ങളുടേയോ വിറ്റാമിനുകളുടേയോ കുറവ് സംഭവിക്കുന്നു. ഇത് ഉണ്ടാകുന്നത് ഭക്ഷണത്തില്‍ അവയുടെ കുറവുകൊണ്ടല്ല മറിച്ച് അവ ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടാത്തതുകൊണ്ടാണ്. ഇവിടെ അഗ്‌നിയെ പ്രവര്‍ത്തനക്ഷമമാക്കുക/ അഗ്‌നിയുടെ കര്‍മ ശക്തി വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളാണ് പ്രാവര്‍ത്തികമാക്കേണ്ടത്. കുറവുള്ള പോഷകങ്ങളെ കൂടുതല്‍ അളവിലോ ഗുളിക രൂപത്തിലോ കഴിക്കുന്നത് മാത്രം പര്യാപ്തമാവുകയില്ല.

ശരീരത്തില്‍ നിന്നും ഭിന്നമായ ഭക്ഷണ പദാര്‍ഥങ്ങളെ പരിണമിപ്പിച്ച് ശരീരത്തിന് തുല്യമായി മാറ്റുന്നത് അഗ്‌നിയാണ്. അഗ്‌നി ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ദഹനപ്രക്രിയ തകരാറിലാവുകയും അത് തുടര്‍ന്നു നിന്നാല്‍ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ഉള്ളിലെ 'തീ' കെടാതെ സൂക്ഷിക്കൂ.....

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പഞ്ചകര്‍മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: What is Agni in human body Ayurveda concept, Health, Ayurveda