ർഭാശയത്തിൻ്റെ അകത്തെ പാളിയാണ് എൻഡോമെട്രിയം. എന്നാൽ ഇത് ഗർഭാശയത്തിൻ്റെ പേശിപാളിയിൽ പ്രകടമാകുന്ന അവസ്ഥയാണ്  അഡിനോമയോസിസ്സ്. നാൽപത് കഴിഞ്ഞ, പ്രസവിച്ച സ്ത്രീകളിലാണ് ഈ രോഗം  പൊതുവിൽ കണ്ടുവരുന്നത്.  

 ലക്ഷണങ്ങൾ

അമിതമായ രക്തസ്രാവം, ആർത്തവസമയത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന തുടങ്ങിയവ ലക്ഷണങ്ങളായി വരാം. ചില സ്ത്രീകളിൽ ഇത്തരം  ലക്ഷണങ്ങൾ തീരെ ഉണ്ടാകില്ല. അഡിനോമയോസിസ്സിനോടൊപ്പം ചിലരിൽ എൻഡോമെട്രിയോസിസ്സ്, അതുപോലെ ഗർഭാശയമുഴ എന്നീ രോഗങ്ങളും  കണ്ടുവരുന്നു. ഇത്തരക്കാരിൽ വസ്തിപ്രദേശത്ത് വേദന അനുഭവപ്പെടാം.  വന്ധ്യത അനുഭവിക്കുന്ന ചെറുപ്പക്കാരായ ചില സ്ത്രീകളിലും അഡിനോമയോസിസ്സ് കാണാറുണ്ട്. 

അഡിനോമയോസിസ്സ് ഉള്ള സ്ത്രീകളിൽ ഗർഭാശയത്തിന് വലുപ്പകൂടുതൽ ഉണ്ടാകുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം അൾട്രാസൗണ്ട് സ്കാനിംഗ്, എം.ആർ.ഐ. തുടങ്ങിയ പരിശോധനകളും ആവശ്യാനുസരണം ചെയ്യുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഭക്ഷണശീലങ്ങളും ജീവിതശൈലിയും ആരോഗ്യകരമാക്കുക.  ഓരോ രോഗിയിലേയും അവസ്ഥയനുസരിച്ച് സമീപത്തുള്ള ആയുർവേദഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ വേണ്ട ചികിത്സ സ്വീകരിക്കുക. 
  • രക്തസ്രാവം അധികമായി കാണുന്നവർ എരിവ്, പുളി, വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ, മത്സ്യം, മുതിര, ഉഴുന്ന് ചേർത്ത ആഹാരപദാർഥങ്ങൾ തുടങ്ങിയവ പരമാവധി കുറയ്ക്കുക. 
  • റാഗി, മാതളം, നെല്ലിയ്ക്ക തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താം. ചിറ്റമൃത്  അടങ്ങിയ ഔഷധകൂട്ടുകൾ ഗുണം ചെയ്യും. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം 
  • അമിതമായ വേദനയുണ്ടെങ്കിൽ പരിപ്പ്, കടല, വൻപയർ  തുടങ്ങിയവ കുറയ്ക്കുക. 
  • മലശോധന അനായാസമാക്കുന്ന ആഹാരകാര്യങ്ങൾ ശീലിക്കുക. 
  • മൂത്രം തടഞ്ഞുവയ്ക്കുന്ന ശീലമുണ്ടെങ്കിൽ അത് തീർത്തും ഒഴിവാക്കുക. 
  • ശരീരബലമനുസരിച്ച് നിത്യവും വ്യായാമം ചെയ്യാവുന്നതാണ്. ആർത്തവകാലത്ത് വ്യായാമം  ഒഴിവാക്കാം. 
  • വിരേചനം, വസ്തി, പിചു, ഉത്തരവസ്തി തുടങ്ങിയ ചികിത്സാരീതികൾ പ്രയോജനപ്രദമാണ്.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക) 

Content Highlights: What is Adenomyosis Symptoms, causes and treatments, Health, Ayurveda