നിദ്രായത്തം സുഖം ദു:ഖം പുഷ്ടി കാര്‍ശ്യം ബലാബലം
വൃഷതാ ക്ലീബതാ ജ്ഞാനമജ്ഞാനം ജീവിതം ന ച

സുഖം- ദു:ഖം, ശരീരപുഷ്ടി- മെലിച്ചില്‍, ബലം- ബലമില്ലായ്മ, ജ്ഞാനം- അജ്ഞാനം, ജീവിതം- മരണം എന്നീ ദ്വന്ദ്വങ്ങള്‍ എല്ലാം തന്നെ നിദ്രയെ ആശ്രയിച്ചിരിക്കുന്നു.

ഈ വാക്യം കേള്‍ക്കുമ്പോള്‍ കുറച്ച് അതിശയോക്തി ഇല്ലേ എന്ന് തോന്നാം. സ്വാഭാവികം മാത്രം. 

രാത്രി-പകല്‍ എന്നിങ്ങനെയുള്ള ജൈവ ഘടികാരത്തോട് ഇണങ്ങിയാണ് മനുഷ്യശരീരം പ്രവര്‍ത്തിക്കുന്നത്. സൂര്യന്‍ ഉദിക്കുമ്പോള്‍ നമ്മുടെ ശരീരകോശങ്ങള്‍ വിശ്രമാവസ്ഥയില്‍ നിന്നും ഉണര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നു. സൂര്യന്‍ അസ്തമിക്കുന്നതോടു കൂടി പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ കണ്ടുപിടുത്തങ്ങളും ശാസ്ത്ര പുരോഗതിയും വഴി തന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടേയും രാത്രിയെ ഇല്ലാതാക്കിയിരിക്കുന്നു.

ആരോഗ്യസംരക്ഷണത്തിന് 5-8 മണിക്കൂര്‍ ഉറങ്ങണം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എപ്പോള്‍ ഉറങ്ങണം എന്നതും അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ്.

എപ്പോള്‍ ഉറങ്ങണം?

സൂര്യന്‍ അസ്തമിച്ച് ഉദിക്കുന്നതിനിടയിലുള്ള സമയത്ത് 6-8 മണിക്കൂര്‍ ഉറങ്ങുന്നതാണ് അഭികാമ്യം. എന്നാല്‍ ജോലിയുടെ സാഹചര്യങ്ങളാല്‍ രാത്രി ഉറങ്ങാന്‍ കഴിയാത്തവര്‍ അവരുടെ പകലുറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. എത്ര സമയമാണോ രാത്രി ഉറങ്ങാതിരിക്കുന്നത്, അതിന്റെ പകുതി സമയമെങ്കിലും പകല്‍ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്. ഉറക്കമിളച്ചതിന്റെ പകുതി സമയം മാത്രമേ പകല്‍ ഉറങ്ങേണ്ടതുള്ളൂ. അതില്‍ കൂടുതല്‍ ഉറങ്ങുന്നതും ആരോഗ്യത്തിനു ഹാനികരമാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഇതു ചെയ്യുന്നതാണ് അഭികാമ്യം. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ പ്രത്യേകിച്ചു ഈ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇത്തരം സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ടി.വി. കണ്ടോ മൊബൈലില്‍ കളിച്ചിരുന്നോ രാത്രി ഒരു മണി-രണ്ടു മണിക്കൊക്കെ ഉറങ്ങുകയും അതുകൊണ്ട് തന്നെ രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണ് നമ്മുടെ യുവ തലമുറയിലെ ഭൂരിഭാഗം പേരും. ഈ രീതി തുടരുന്ന കുടുംബങ്ങളും ഉണ്ട്. ശരീരം അതിന്റെ മുഴുവന്‍ പ്രസരിപ്പില്‍ നില്‍ക്കുന്ന യുവത്വത്തില്‍ ഇതെല്ലാം ഹരമായി തോന്നും. രാത്രി വൈകി ഉറങ്ങുന്നതു കൊണ്ട് എനിക്ക് പ്രശ്‌നമൊന്നും ഇല്ലല്ലോ എന്നും തോന്നാം. ശരീരം വാര്‍ധക്യത്തിലേക്ക് കടക്കുന്നതോടെ ആയിരിക്കും ഇത്തരം ശീലങ്ങളുടെ ബുദ്ധിമുട്ടുകള്‍ പ്രകടമാകാന്‍ തുടങ്ങുക. 40-50 വയസ്സിനിടയില്‍ പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ കാണപ്പെടുന്നവരില്‍ രാത്രി വളരെ വൈകി ഉറങ്ങുക എന്ന ശീലം ഉണ്ടായിരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. നീര്‍ക്കെട്ട്, സന്ധിവേദനകളുമായി വരുന്ന വീട്ടമ്മമാരില്‍ പകലുറക്കം എന്ന ശീലവും കാണാറുണ്ട്.

ഉറങ്ങാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഉറക്കം വരാതെ രാത്രി കഴിച്ചു കൂട്ടുന്നവരുമുണ്ട്. കുറേയധികം ചിന്തകളായിരിക്കും മിക്കവാറും ഇവരുടെ ഉറക്കത്തെ മാറ്റി നിര്‍ത്തുന്നത്. ചിന്തകളെ അകറ്റി നല്ല ഉറക്കം തരുന്ന രീതിയിലുള്ള റിലാക്‌സേഷന്‍ മുറകള്‍ ശീലിക്കുന്നത് ഇത്തരക്കാര്‍ക്ക് ഉപകാരമായിരിക്കും.

രാത്രി നന്നായി ഉറങ്ങു.....
പകല്‍ നന്നായി ഉണര്‍ന്നിരിക്കൂ....

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പഞ്ചകര്‍മ്മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: What are the health problems caused by sleeping late Ayurveda tips, Health, Ayurveda