യുർവേദത്തിൽ ആഹാരം മഹാഭേഷജയമാണ്. ആഹാരത്തിൽ ശരിയായ ശ്രദ്ധ നൽകാത്തതുകൊണ്ടാണ് മിക്ക രോ​ഗങ്ങളും ഉണ്ടാകുന്നത്. ശാരീരികവും മാനസികവും, ബുദ്ധിപരവുമായ പല പ്രശ്നങ്ങളും വിരുദ്ധാഹാരങ്ങൾ മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് ആഹാര, പാനീയങ്ങൾ പഥ്യവും ശുദ്ധവുമായിരിക്കാൻ ആയുർവേദം എടുത്തുപറയുന്നത്. 

പഥ്യമായ ആഹാരമായാലും മറ്റൊന്നിനോട് കൂടിച്ചേരുമ്പോൾ അപഥ്യവും ശരീരത്തിന് ഹാനികരവുമാവുന്നതാണ് വി​രുദ്ധാഹാരം. പരസ്പരം കൂട്ടിക്കലർത്താൻ പാടില്ലാത്തവ ഒന്നിച്ച് ചേർത്തുണ്ടാക്കുന്ന ഇത്തരം ഭക്ഷ്യവിഭവങ്ങൾ ആരോ​ഗ്യത്തിന് ​ഗുണകരമല്ല. പാല് പുളിയുള്ള ഫലവർ​ഗങ്ങളുമായി ചേരുന്നത് സംയോ​ഗ വിരുദ്ധമാണ്. 

എല്ലാ ആഹാര പദാർഥങ്ങളും എല്ലാക്കാലത്തേക്കും വേണ്ടിയുള്ളതല്ല. പ്രത്യേകിച്ച് പഴവർ​ഗങ്ങളും പച്ചക്കറികളും. എന്നാൽ വേനൽക്കാലത്ത് ലഭിച്ചിരുന്ന മാമ്പഴവും തണ്ണിമത്തനുമൊക്കെ ഇപ്പോൾ ഏതുകാലത്തും മാർക്കറ്റിൽ ലഭ്യമാണ്. അതുകൊണ്ട് നാം കഴിക്കുന്ന പലതും കാലവിരുദ്ധമാകാനുള്ള സാധ്യതയുണ്ട്. 

വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്ന ശീലവും കൂടിവരുന്നു. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുൻപ് അടുത്ത ആഹാരം കഴിക്കുന്നതുമൂലം ദഹനവ്യവസ്ഥ തകിടംമറിയുന്നു. ഇത് കോഷ്ഠവിരുദ്ധമായിത്തീരും. മലമൂത്ര വിസർജനം ചെയ്യാതെ തടഞ്ഞുവെച്ച്, വിശപ്പില്ലാതെ ആഹാരം കഴിക്കുന്ന രീതിയാണ് കർമവിരുദ്ധം. 

വിരുദ്ധാഹാരങ്ങളിൽ ശ്രദ്ധിക്കേണ്ടത്

 • പഴങ്ങൾക്കൊപ്പം പാൽ കുടിക്കരുത്. 
 • പഴുത്തതും പഴുക്കാത്തതുമായ ഫലങ്ങൾ ഒന്നിച്ച്‌കഴിക്കാത്തതാണ് നല്ലത്. 
 • നന്നായി തണുത്തതും ചൂടുള്ളതുമായ ഭക്ഷണപാനീയങ്ങൾ ചേർത്ത് ഉപയോ​ഗിക്കരുത്. 
 • നെയ്യ്, തേൻ, എണ്ണ എന്നിവ രണ്ടോ മൂന്നോ മൂന്നും കൂടിയോ തുല്യ അളവിൽ ചേർത്ത് കഴിക്കരുത്. 
 • കൂൺ കടുകെണ്ണയിൽ പാകപ്പെടുത്തിയാൽ വിരുദ്ധമാകും. 
 • തേൻ ചൂടാക്കി ഉപയോ​ഗിക്കുന്നതും ചൂടുള്ള വസ്തുക്കൾ ചേർത്ത് ഉപയോ​ഗിക്കുന്നതും ചൂടുകാലത്ത് ഉപയോ​ഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 
 • പാലിനൊപ്പം മത്സ്യം, ചെമ്മീൻ, ഉപ്പ്, ചക്കപ്പഴം, പുളിരസമുള്ള മാങ്ങ, പച്ചക്കറികൾ, മോര്, മുതിര, മുള്ളങ്കി എന്നിവ ഉപയോ​ഗിക്കാൻ പാടില്ല. 
 • മത്സ്യത്തിനോടൊപ്പം തേൻ, ശർക്കര, എള്ള്, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഉപയോ​ഗിക്കാൻ പാടില്ല.
 • തെെരിനൊപ്പം കോഴിയിറച്ചി, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, പായസം ഇവ ഉപയോ​ഗിക്കാൻ പാടില്ല. 
 • വാഴപ്പഴത്തിന്റെ കൂടെ തെെരും മോരും വേണ്ട.
 • ചൂടുള്ള ആഹാരത്തോടൊപ്പം മദ്യം, തെെര് ഇവ ഉപയോ​ഗിക്കാൻ പാടില്ല.
 • രാത്രിയിൽ തെെര് ഒഴിവാക്കുന്നതാണ് ഉചിതം. 
 • നാരങ്ങയോടൊപ്പം തെെര്, പാൽ, വെള്ളരി, തക്കാളി എന്നിവ ഉപയോ​ഗിക്കരുത്. 

ആഹാരക്രമത്തിലെ സുരക്ഷാ മുൻകരുതലായി ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും പരസ്പരം വിരുദ്ധമായവ കഴിക്കേണ്ടി വന്നേക്കാമെന്നതിനാൽ അവ മൂലമുണ്ടാകുന്ന രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങളും ആയുർവേദം പറയുന്നുണ്ട്. ഇത്രയും കാലം നമ്മൾ ശീലിച്ച വിരുദ്ധാഹാരങ്ങളെ പെട്ടെന്ന് ഉപേക്ഷിക്കുന്നത് ശരീരത്തിന് അസ്വസ്ഥതകൾ ഉണ്ടാക്കാം. അതിനാൽ ശീലമായിപ്പോയവയെ പതുക്കെ നിയന്ത്രിക്കുന്നതാണ് ഉചിതം. അതിനാൽ ശീലമായിപ്പോയവയെ പതുക്കെ നിയന്ത്രിക്കുന്നതാണ് ഉചിതം. അതിനോടൊപ്പം പഥ്യാഹാരം ശീലമാക്കുകയും വേണം. 

അമിതവണ്ണമുള്ളവർ ശീലിക്കേണ്ട കാര്യങ്ങൾ

 • വെെകീട്ട് ആറ് മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത്. 
 • പപ്പായ, പേരയ്ക്ക എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
 • മെെദ ചേർന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. 
 • ദിവസവും അരമണിക്കൂർ വ്യായാമം.
 • ഭക്ഷണത്തിന് മുൻപ് ഒരു ​ഗ്ലാസ് വെള്ളം കുടിക്കുക. 
 • ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. 
 • മധുരം കുറയ്ക്കുക. 

(കിടങ്ങൂർ ​ഗവ.ആയുർവേദ​ ആശുപത്രിയിലെ ആയുഷ് മെഡിക്കൽ ഓഫീസറാണ് ലേഖകൻ)

മാതൃഭൂമി ആരോ​ഗ്യമാസിക വാങ്ങാം

Content Highlights: Virudhaharam in Ayurveda, Health, Ayurveda, Food