തൈ: ഭവേത് വിഷമസ്തീക്ഷ്‌ണോ മന്ദ: സ്യാത് തൈ: സമൈരപി

അഗ്നിയെ നാലായി തരം തിരിക്കാം - വിഷമം, തീക്ഷ്ണം, മന്ദം, സമം. ഓരോന്നിനേയും വിശദമായി പരിചയപ്പെടാം.

ചില ആളുകള്‍ക്ക് വിശപ്പ് സമമല്ലാത്ത രീതിയില്‍ ആയിരിക്കും. ചിലപ്പോള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും എളുപ്പം ദഹിക്കുകയും വിശപ്പ് സമയത്ത് അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും കൂടാതെ തന്നെ ലഘുവായ എളുപ്പം ദഹിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാന്‍ പോലും കുറേയേറെ സമയമെടുക്കുകയും ചെയ്യുന്നു. വിശപ്പ് സമയത്ത് ഇല്ലാതിരിക്കയും ചെയ്യുന്നു. ദഹനശക്തി അഥവാ അഗ്‌നി അനിശ്ചിതമായ രീതിയില്‍ പെരുമാറും. അഗ്‌നിക്ക് കൂടുതലായി വാതത്തിന്റെ സ്വാധീനം ഉള്ളപ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്.

തീക്ഷ്ണാഗ്‌നി

തീക്ഷ്ണാഗ്‌നി ഉള്ള ഒരാള്‍   കഴിക്കുന്ന ഏതൊരാഹാരവും വളരെ പെട്ടെന്ന് ദഹിക്കപ്പെടുന്നു. ഒരു ഭക്ഷണത്തിനു ശേഷം മൂന്നു മണിക്കൂറിനു ശേഷമേ അടുത്ത ആഹാരത്തിനു വിധിയുള്ളൂ.എന്നാല്‍ അഗ്‌നി തീക്ഷ്ണമായവര്‍ക്ക് അതിനു ഏറെ മുന്‍പ് തന്നെ വിശക്കുന്നു. ഉദാഹരണമായി രാവിലെ പ്രാതലിനു ശേഷം 11 മണി ആകുമ്പോഴേക്കും തന്നെ വിശപ്പ് അനുഭവപ്പെടുന്നു. അഗ്‌നിയില്‍ പിത്തത്തിന്റെ സ്വാധീനം സംഭവിക്കുമ്പോഴാണ് ഈ സ്ഥിതി ഉണ്ടാകുന്നത്.

മന്ദാഗ്‌നി

അഗ്‌നി മന്ദമായിരിക്കുമ്പോള്‍ ആഹാരം വളരെ പതുക്കെ മാത്രമേ ദഹിക്കുകയുള്ളൂ. കഫ ദോഷത്തിന്റെ സ്വാധീനത്തിലാണ് അഗ്‌നി മന്ദമാകുന്നത്. രാവിലെ കഴിച്ച ആഹാരം ഉച്ചഭക്ഷണത്തിന്റെ സമയമായാലും ദഹിക്കാതെ, വിശപ്പ് അനുഭവപ്പെടാതെ ഇരിക്കും. പിന്നീട് സമയമായല്ലോ എന്ന കാരണത്താല്‍ ആയിരിക്കും ഇവര്‍ ഉച്ചഭക്ഷണം കഴിക്കുന്നത്. വിശപ്പ് ഉള്ളതുകൊണ്ടാവില്ല.

സമാഗ്‌നി

വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങള്‍ക്കും സമമായി അഗ്‌നിയില്‍ സ്വാധീനം ഉള്ളപ്പോള്‍ ദഹനശക്തി നല്ലതായി ഇരിക്കും. അഗ്‌നി സമമായിരുന്നാല്‍ ആഹാരം കൃത്യമായി ഭുജിക്കപ്പെടുകയും കൃത്യമായ ഇടവേളകളില്‍ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.

ദഹനശക്തിയുടെ ഈ നാല് ഭേദങ്ങളില്‍ സമാഗ്‌നി ആണ് ആരോഗ്യത്തിന് കാരണമാകുന്നത്. മറ്റു മൂന്ന് വിഭാഗങ്ങളും അഗ്‌നിയുടെ ദൗര്‍ബല്യത്തെ കാണിക്കുന്നു. ഓരോരുത്തരും തന്റെ വിശപ്പിനേയും ഭക്ഷണ രീതികളേയും നിരീക്ഷിച്ചാല്‍ ഏതു വിഭാഗത്തിലാണ് സ്വന്തം അഗ്‌നിയുടെ അവസ്ഥ എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. മനസ്സിലാക്കി, അഗ്‌നിയെ സമമായി നിലനിര്‍ത്തുക എന്നതാണ് ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം
 
  (അസിസ്റ്റന്റ് പ്രൊഫസര്‍ പഞ്ചകര്‍മ്മ വിഭാഗം അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം കൂറ്റനാട്)

Content Highlights: There are four types of digestive system in Ayurveda and plan your eating habits