രോഗശമനത്തിന് അനുയോജ്യമായ ആഹാരവിഹാരങ്ങള്‍ ശീലിക്കുന്നതിനെയാണ് പത്ഥ്യം എന്ന് പറയുന്നത്. രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം നമ്മള്‍ സ്വീകരിക്കുന്ന തെറ്റായ ജീവിത രീതികളാണ്. അതിനെയാണ് അപത്ഥ്യം എന്ന് പറയുന്നത്. 

ആയുര്‍വേദ ചികിത്സയില്‍ പത്ഥ്യം ഉണ്ട്, അത് വളരെ ബുദ്ധിമുട്ടാണ് എന്ന തെറ്റായ ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. അതുമൂലം പലരും ആയുര്‍വേദ ചികിത്സയില്‍ നിന്ന് ഒഴിഞ്ഞുമാറാറുമുണ്ട്. ആയുര്‍വേദ ചികിത്സയില്‍ പത്ഥ്യം മുഖ്യം തന്നെയാണ്. ഒരോ രോഗിയിലും രോഗാവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങള്‍ വ്യത്യസ്തമായിരിക്കും. ഔഷധത്തിനും രോഗത്തിനും വിപരീതമായ ഗുണങ്ങളുള്ള ആഹാരവിഹാരങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതാണ് പത്ഥ്യം. ചില ഉദാഹരണങ്ങള്‍ സൂചിപ്പിക്കാം. 

കുട്ടികളില്‍ ചുമയും കഫക്കെട്ടും ഉള്ള അവസ്ഥയില്‍ തണുത്ത ആഹാരം, പാല്‍, തൈര് എന്നിവ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. ഇവയെല്ലാം കഫവര്‍ധകങ്ങളാണ്. ത്വഗ്രോഗങ്ങളില്‍ പുളി, എരിവ്, ഉപ്പ് എന്നിവ കുറയ്ക്കാനും പ്രമേഹത്തിന് മധുരം കുറയ്ക്കാനും ഗൗട്ടി ആര്‍ത്രൈറ്റിസ് ഉള്ളവര്‍ ചുവന്ന മാംസം, സീ ഫുഡ് എന്നിവ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു. വാതരോഗികളില്‍ എണ്ണ തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ ദേഹം കഴുകാന്‍ നിര്‍ദേശിക്കുന്നതും ചികിത്സാപത്ഥ്യമാണ്. 

ആയുര്‍വേദത്തില്‍ ഔഷധം സേവിച്ചുതുടങ്ങുന്ന സമയത്ത് പൂര്‍ണമായും മത്സ്യ-മാംസാഹാരങ്ങള്‍ ഒഴിവാക്കണം എന്നത് തെറ്റായ ധാരണയാണ്. ആയുര്‍വേദ ചികിത്സയില്‍ മാംസരസം, സൂപ്പ് എന്നിവയെല്ലാം ചില രോഗാവസ്ഥകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരു വ്യക്തി ഏത് ജീവിതസാഹചര്യത്തിലാണോ വളര്‍ന്നത്, ഏത് രീതികളാണോ ശീലിച്ചത് എന്നിവയെല്ലാം വളരെ പെട്ടെന്ന് മാറ്റുന്നതുതന്നെ രോഗകാരണമാകാം. 

അഹിതമായ മിശ്രണങ്ങള്‍

ഭക്ഷിക്കുന്ന ഏത് പദാര്‍ഥവും അത് ആഹാരമായാലും ഔഷധമായാലും ദോഷങ്ങളെ ശരീരത്തില്‍ നിന്ന് പുറത്തേക്ക് കളയുന്നില്ല എങ്കില്‍ അവ അഹിതമാണ്. 

മാങ്ങ, അമ്പഴങ്ങ, മാതളനാരങ്ങ, ചെറുനാരങ്ങ, ഞാവല്‍പ്പഴം, നെല്ലിക്ക തുടങ്ങിയ പുളിയുള്ള പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ കൂടെ പാല് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യ വിഭവങ്ങള്‍ ഉള്ളപ്പോഴും പാല്‍ ഒഴിവാക്കുന്നതാണ് നല്ലത്. മത്സ്യം ഉഷ്ണവീര്യവും പാല്‍ ശീതവീര്യവുമാണ്. തേനും നെയ്യും സമം ചേര്‍ത്ത് ഉപയോഗിക്കരുത്. നെയ്യ് സേവിച്ചിട്ട് മീതെ തണുത്ത പദാര്‍ഥം കഴിക്കുന്നതും ഒഴിവാക്കണം. 

(വൈദ്യരത്‌നം നഴ്‌സിങ് ഹോമിലെ മെഡിക്കല്‍ സൂപ്രണ്ട് ആണ് ലേഖിക)

Content Highlights: Should Fish and Meat be avoided while taking Ayurvedic medicine, Ayurveda, Health, Ayurveda Pathyam

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌