തൃഷ്ണാ ക്ഷയ: പ്രതമകോ രക്തപിത്തം ശ്രമ: ക്ലമ:
അതിവ്യായാമത: കാസോ ജ്വരച്ഛര്‍ദ്ദിശ്ച ജായതേ

തിയായി വ്യായാമം ചെയ്യുന്നതു കൊണ്ട് ദാഹം, ക്ഷീണം, ശ്വാസതടസ്സം, ചുമ, പനി, ഛര്‍ദ്ദി മുതലായവ ഉണ്ടാകാം. അധികമായി വ്യായാമം ചെയ്താലുള്ള ബുദ്ധിമുട്ടുകള്‍ ആണ് ഇവയെല്ലാം. ആരെങ്കിലും അധികമായി വ്യായാമം ചെയ്യുമോ എന്ന് സ്വാഭാവികമായും സംശയം തോന്നാം. എന്നാല്‍ ഇന്ന് അതിവ്യായാമം എന്നത് വളരെ സാധാരണമായി. മാറിയിരിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

എത്ര സമയം വ്യായാമം ചെയ്യാം?

ഒരാള്‍ ഇത്ര സമയം വ്യായാമം ചെയ്യണം എന്ന് തീര്‍ച്ചപ്പെടുത്തി പറയാനാവില്ല.കാരണം ഓരോരുത്തരുടേയും ശരീര ബലവും ജീവിതരീതികളും ആഹാരശൈലിയും വ്യത്യസ്തമാണല്ലോ. പ്രായവും ശ്രദ്ധിക്കേണ്ട ഒരു ഘടകം ആണ്. 70 വയസ്സായ ഒരാള്‍ക്ക് ഇണങ്ങുന്ന വ്യായാമങ്ങള്‍ ആയിരിക്കില്ല 30 വയസ്സായ ഒരാള്‍ക്ക് ചേരുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതുപോലെ വ്യത്യാസം ഉണ്ടാവും. അതിനാല്‍ ഓരോരുത്തരും ചെയ്യേണ്ട വ്യായാമത്തിന്റെ അളവും രീതികളും വ്യത്യസ്തമായിരിക്കും. 

തന്റെ ശാരീരിക ബലത്തിന്റെ പകുതി മാത്രമേ വ്യായാമത്തിനായി ഉപയോഗിക്കാവൂ. അതായത് വ്യായാമത്തിനു ശേഷം തീര്‍ത്തും തളര്‍ന്നു പോകുന്ന തരത്തില്‍ ആവരുത്. നെറ്റിയിലും മൂക്കിന്‍ തുമ്പിലും വിയര്‍പ്പ് പൊടിയാന്‍ തുടങ്ങിയാല്‍ ശരീരം വിയര്‍ത്തു എന്ന് മനസ്സിലാക്കാം. വ്യായാമം മതിയാക്കാം എന്ന സൂചന കൂടിയാണിത്.

എപ്പോഴാണ് വ്യായാമം ചെയ്യേണ്ടത്?

വയര്‍ ഒഴിഞ്ഞിരിക്കുമ്പോള്‍ അതായത് ഭക്ഷണത്തിനു മുന്‍പ് ചെയ്യുന്നതാണ് അഭികാമ്യം. ഇപ്രകാരം സാധിക്കില്ലെങ്കില്‍ ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം വ്യായാമം ചെയ്യാം.

ഇന്ന് കണ്ടു വരുന്ന ഒരു രീതിയാണ് രാത്രി രണ്ടു മണി - മൂന്നുമണി വരെ ടര്‍ഫുകളില്‍ കളിക്കുക എന്നതാണ്. ഉറങ്ങാനായി പ്രകൃതി ഉദ്ദേശിച്ചിരിക്കുന്ന സമയത്ത്, സ്ഥലം പ്രകാശപൂരിതമാക്കി - തന്റെയും മറ്റു ജീവജാലങ്ങളുടേയും ഉറക്കം ഇല്ലാതാക്കി - അമിതമായി ശാരീരിക അദ്ധ്വാനം ചെയ്യുക. രാത്രി ഉറങ്ങാതിരിക്കുന്നതു തന്നെ ദേഹത്തില്‍ രൂക്ഷത ഉണ്ടാക്കും. കൂടെയുള്ള അദ്ധ്വാനം ദേഹത്തിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ദിനവും ഇത് തുടര്‍ന്നാല്‍ ദേഹസുഖത്തിനായി ചെയ്യുന്ന വ്യായാമം തന്നെ ആതുരതക്ക് കാരണമാകാം. തീര്‍ച്ചയായും കളി ഒരു നല്ല വ്യായാമരീതിയാണ്. എന്നാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ ശരീരത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കളിക്കുന്നത് ഉദ്ദേശത്തിന്റെ വിപരീത ഫലമാണ് ഉണ്ടാക്കുക.

വ്യായാമത്തിന്റെ കാര്യത്തില്‍ 'ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് ' എന്ന പഴഞ്ചൊല്ലുപോലെയാണ് അവസ്ഥ. ഭൂരിഭാഗം ആളുകളും ചെയ്യുന്നില്ല. ചെയ്യുന്നവരില്‍ ഭൂരിഭാഗമാകട്ടെ അമിതാവേശത്താല്‍ അതിവ്യായാമം ചെയ്ത് ശരീരത്തെ ക്ഷീണിപ്പിക്കുന്നു. തന്റെ ലിംഗം, പ്രായം, ശാരീരിക ബലം, സമയം, അളവ് എന്നീ ഘടകങ്ങളെ മനസിലാക്കി  വേണം വ്യായാമരീതികള്‍ തിരഞ്ഞെടുത്ത് ശീലിക്കാന്‍.

സൂര്യ നമസ്‌കാരം, യോഗാസനങ്ങള്‍, നടത്തം തുടങ്ങിയ വ്യായാമ മുറകള്‍ മിതമായും സുഖമായും സ്ഥിരമായും അനുഷ്ഠിക്കുന്നത് ആരോഗ്യപരിപാലനത്തി ന് സഹായകരമായിരിക്കും.

വിവരങ്ങള്‍ നല്‍കിയത്- ഡോ. ശ്രീപാര്‍വതി ആര്‍
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ വിഭാഗം, അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജ് കൂറ്റനാട്

Content Highlights: Right Time To Exercise, Benefits Of Workout As Per Ayurveda