ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചികിത്സാ രീതിയാണ് ആയുര്‍വേദം. ആയുര്‍വേദം എന്ന വാക്കിനെ പലരീതിയില്‍ വ്യാഖ്യാനിക്കാം. ആയുസിന്റെ അറിവെന്നോ ആയുസിനു വേണ്ടിയുള്ള ശാസ്ത്രമെന്നോ, എങ്ങനെ ആയാലും ആയുസും ആരോഗ്യവും നിലനിര്‍ത്താന്‍ ആയുര്‍വേദത്തിന് സാധിക്കുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്.

ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടാത്ത ആളുകള്‍ കുറവാണ്. ശരീരത്തിന്റെ ഓജസും തേജസും നിലനിര്‍ത്താനും വീണ്ടെടുക്കാനും ആയുര്‍വേദത്തില്‍ പ്രത്യേക ചികിത്സാ ശാഖ തന്നെയുണ്ട്. ആയുര്‍വേദത്തിലെ രസായനചികിത്സ കൊണ്ട് യൗവനം നിലനിര്‍ത്താന്‍ കഴിയും. ആയുര്‍വേദത്തിലെ എട്ടു ചികിത്സാശാഖകളില്‍ ഒന്നാണ് ഇത്. രസായന ചികിത്സയ്ക്ക് ആയുര്‍വേദം നല്‍കുന്ന വ്യാഖ്യാനം പുനര്‍ജീവനം എന്നാണ്.

സംസ്‌കൃതത്തില്‍ രസമെന്നാല്‍ സത്ത് എന്നും അയനം എന്നാല്‍ പാത എന്നുമാണ് അര്‍ഥം. രസായന ചികിത്സയുടെ ലക്ഷ്യം നഷ്ടപ്പെട്ട ഓജസ് വീണ്ടെടുക്കുക, ദീര്‍ഘായുസ് നല്‍കുക എന്നിവയാണ്. ആയുര്‍വേദ ചികിത്സയില്‍ ശരീരത്തിനാകമാനമുള്ള ചികിത്സയാണ് നല്‍കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് ആയുര്‍വേദ ചികിത്സാരീതികളൊക്കെ.

ഇന്നത്തെ തിരക്കുനിറഞ്ഞ ജീവിതത്തില്‍ സന്തോഷവും സൗഖ്യവും ആരോഗ്യവും തിരിച്ചറിയാനും വീണ്ടെടുക്കാനും ആയുര്‍വേദത്തിന് സഹായിക്കാന്‍ കഴിയും. ആയുര്‍വേദകൃതികളില്‍ പറയുന്നത് ഇന്ദ്രിയങ്ങളെ ഉണര്‍ത്താനും കോശങ്ങളെ പുനര്‍ജീവിപ്പിക്കാനും അതിലൂടെ ആരോഗ്യം നിലനിര്‍ത്താനും ആയുസ് വര്‍ധിപ്പിക്കാനും യൗവനം കാത്തുസൂക്ഷിക്കാനും രസായന ചികിത്സയിലൂടെ സാധിക്കുമെന്നാണ്.

ഇന്ന് വ്യാപകമായി പ്രയോഗത്തിലുള്ള രസായന ചികിത്സ പഞ്ചകര്‍മ ചികിത്സയാണ്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി നവജീവനം നല്‍കുക എന്നതാണ് പഞ്ചകര്‍മ ചികിത്സയുടെ ലക്ഷ്യം. ശരീരത്തിന് പ്രകൃത്യാ തന്നെയുള്ള രീതികളും അവസ്ഥയുമുണ്ട്. അത് വീണ്ടെടുക്കുന്നതിലൂടെ ശരീരത്തിന്റെ രോഗാവസ്ഥ മാറി ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താമെന്നതാണ് മെച്ചം. രോഗങ്ങള്‍ ഒഴിവാകുന്ന അവസ്ഥയെത്തുമ്പോള്‍ ശരീരത്തിലെ നാഡികള്‍ ഉത്തേജിപ്പിക്കപ്പെടുകയും മാനസികമായ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മാനസികാരോഗ്യമാണ് ശാരീരാരോഗ്യത്തിന്റെ പ്രധാന മാനദണ്ഡമെന്നാണ് ആയുര്‍വേദ മതം.

രസായനചികിത്സയുടെ നേട്ടങ്ങള്‍
  *ശരീരത്തിന്റെ യൗവനവും ഓജസും നിലനിര്‍ത്തുന്നു.
  *ആരോഗ്യവും ദീര്‍ഘായുസും നല്‍കുന്നു.
  *ശാരീരികവും മാനസികവുമായ ഉണര്‍വ് ലഭ്യമാക്കുന്നു.
  *ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കുന്നു.
  *ഓര്‍മശക്തി കൂട്ടുന്നു.
  *പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
  *ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നു.