ലോക്ക്ഡൗണ്‍കാലഘട്ടം കുട്ടികളുടെ ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചിരിക്കുന്നു. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടി.വി. തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ കുട്ടികളുടെ ജീവിതത്തില്‍ വലിയ രീതിയിലുള്ള സ്വാധീനംതന്നെ ചെലുത്തിയിരുന്നു. സ്‌കൂളുകളും മറ്റുസ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതുവഴി ഹോംവര്‍ക്ക്, അസൈന്‍മെന്റ് തുടങ്ങിയ എല്ലാ പാഠ്യപ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍വഴി തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ഈ അവസരത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചകളോ, പാളിച്ചകളോ വരാന്‍ അനുവദിച്ചുകൂടാ. അതിനാല്‍ ചിലകാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഉറക്കം
കുട്ടികളുടെ ആരോഗ്യത്തില്‍ ഉറക്കത്തിന് വലിയ സ്ഥാനമുണ്ട്. കുട്ടികള്‍ നേരത്തെ ഉറങ്ങുന്നതും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതുമായ ശീലം അവരില്‍ വളര്‍ത്തിയെടുക്കണം. പകലുറക്കം ഒഴിവാക്കുവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവയുടെ ദീര്‍ഘനേരമുള്ള ഉപയോഗം ഉറക്കത്തെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമെയുള്ള കംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവയുടെ ഉപയോഗസമയം ശാസ്ത്രീയമായി ക്രമീകരിക്കേണ്ടതുണ്ട്.

കുളി
ആരോഗ്യസംരക്ഷണത്തില്‍ കുളിക്ക് പ്രധാന പങ്കുണ്ട്. അതിരാവിലെ വ്യായാമം ചെയ്തുകഴിഞ്ഞാല്‍ വിയര്‍പ്പടങ്ങിയശേഷം കുളിക്കുന്നതാണ് ഉത്തമം. തലയില്‍ പതിവായി തേയ്ക്കാറുള്ള എണ്ണതന്നെ ഉപയോഗിക്കാം. ദേഹത്ത് എണ്ണതേച്ച് അരമണിക്കൂര്‍ കഴിഞ്ഞു കുളിക്കുന്ന ശീലം ആഴ്ചയില്‍ ഒരിക്കലെങ്കിലും പതിവാക്കുക. തലയില്‍ അധികം തണുത്തതോ ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ദേഹത്ത് ഇളംചൂടുവെള്ളം ഉപയോഗിക്കാം. വേനല്‍കാലത്ത്  തണുത്തവെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്.

ആഹാരം
കൃത്യമായ സമയക്രമം പാലിച്ച് ഭക്ഷണം കഴിക്കണം. ഇതില്‍ പ്രഭാതഭക്ഷണത്തിന്നാണ് ഏറെ പ്രാധാന്യം. ഇടയ്ക്കിടെ ആഹാരസാധനങ്ങള്‍ കൊറിക്കുന്ന ശീലം പാടെ ഉപേക്ഷിക്കണം. ആരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും കുട്ടികള്‍ക്ക് കഴിക്കാം. ഒന്നും ഒഴിവാക്കേണ്ടതില്ല. പക്ഷേ ദഹനം ശ്രദ്ധിക്കണം. അമിതാഹാരം പാടില്ല. ഭക്ഷണത്തില്‍ ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, കാല്‍സ്യം, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ആവശ്യത്തിന് വെള്ളം കുടിക്കണം.

വ്യായാമം
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ കളിക്കുന്നതിന്റെ തോത് കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ ദിവസത്തില്‍ നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെയോ വൈകുന്നേരങ്ങളിലോ ഉള്ള വ്യായാമമാണ് ഉത്തമം. മൂക്കിന്റെ തുമ്പത്തു വിയര്‍പ്പുപൊടിയുന്നതുവരെ വ്യായാമം ചെയ്യണം. അല്ലെങ്കില്‍ ശരീരം അനങ്ങുന്ന കളികളോ യോഗയോ മറ്റു വ്യായാമങ്ങളോ കുട്ടികളെ  ശീലിപ്പിക്കണം.

കണ്ണുകളുടെ ആരോഗ്യം
കംപ്യൂട്ടറും മൊബൈല്‍ഫോണും ധാരാളം ഉപയോഗിക്കേണ്ടിവരുന്നതുകൊണ്ട് കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സ്വാഭാവിക കാഴ്ചശക്തി, നിറം, ശാരീരിക-മാനസിക ആരോഗ്യം എന്നിവ സംരക്ഷിക്കണം. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ മുറിയില്‍ ആവശ്യമായ വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക. രാവിലെ ഉറക്കമുണര്‍ന്ന ശേഷവും രാത്രി കിടക്കുവാന്‍ പോകുന്നതിനുമുന്‍പും കണ്ണുകള്‍ തണുത്തവെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ത്രിഫലാദി ചൂര്‍ണം തഴിയായി (എണ്ണയില്‍ മുക്കിവെക്കാന്‍ ഉപയോഗിക്കുന്ന തുണി) കണ്ണുകള്‍ക്ക് മുകളില്‍ 15-20 മിനിറ്റ് വയ്ക്കുന്നത് ഉത്തമമാണ്. ഇത് വൈകുന്നേരങ്ങളില്‍ ചെയ്യുക. ഇതുവഴി  കണ്ണുകള്‍ക്ക് തണുപ്പ് ലഭിക്കും.

ത്രിഫലാദിതഴി
ത്രിഫലാദിചൂര്‍ണം ചൂടുള്ളതോ തണുത്തതോ ആയ വെള്ളത്തില്‍ ചാലിച്ച് കുറുക്കി കുഴമ്പുരൂപത്തിലാക്കുക. ചൂടുവെള്ളത്തില്‍ ആണെങ്കില്‍ അത് നന്നായി തണുത്തതിനുശേഷം ഉപയോഗിക്കുക. കണ്ണുകള്‍ അടച്ച് മുകളില്‍ ഒരു ചെറിയ തുണിവെച്ചതിനുശേഷം അതിനുമുകളിലായി നല്ലകനത്തില്‍ പുരട്ടുക. 15-20 മിനിറ്റ് കണ്ണടച്ചിരിക്കുക. അതിനുശേഷം തഴി എടുത്തുമാറ്റി കണ്ണുകള്‍ നന്നായി തണുത്തവെള്ളത്തില്‍ കഴുകുക. ചന്ദനാദിവര്‍ത്തി മുലപ്പാലിലോ വെള്ളത്തിലോ അരച്ച് കണ്ണില്‍ എഴുതുന്നതും കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

കണ്ണുകളുടെ പേശികള്‍ക്ക് ഉണ്ടാകുന്ന ക്ഷീണം മാറാനുള്ള ഒരു വ്യായാമരീതിയാണ് പാമിങ്. വായിക്കുമ്പോഴും കംപ്യൂട്ടര്‍, ടി.വി. തുടങ്ങിയവ ഉപയോഗിക്കുമ്പോഴും കണ്ണുകള്‍ക്കുണ്ടാകുന്ന ക്ഷീണത്തെ മാറ്റുവാനായി ഇടയ്ക്കിടയ്ക്ക് ഇവ ചെയ്യുന്നത് നല്ലതാണ്.

പാമിങ്
ഇരുകൈപ്പത്തികളും തുറന്നുമലര്‍ത്തിവെക്കുക. ഇനി ഒരുകൈപ്പത്തിയുടെ മുകളില്‍ അടുത്ത കൈപ്പത്തി വിലങ്ങനെ പിടിക്കുക. അതിനുശേഷം രണ്ടുകൈപ്പത്തികള്‍കൊണ്ടും കണ്ണുകള്‍ നന്നായി മൂടുക. ശേഷം മുപ്പതുവരെ എണ്ണുക. അതിനുശേഷം കൈപ്പത്തികള്‍ ഒരുമിനിറ്റുനേരം താഴ്ത്തിപ്പിടിക്കുക. വീണ്ടും രണ്ട് കണ്ണുകളും മൂടി മുപ്പതുവരെ എണ്ണുക. ഇതുപോലെ അഞ്ചുപ്രാവശ്യം ചെയ്യണം.

(കോഴിക്കോട് കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബാലരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Precautions to take on child health during online learning ayurveda treatments, Health, Ayurveda