കൗമാരപ്രായക്കാരിൽ സാധാരണയായി കാണുന്ന പ്രശ്നമാണ് മുഖക്കുരു.  എന്നാൽ മധ്യവയസ്ക്കരായ ചില സ്ത്രീകളും  മുഖക്കുരുവും അതുകൊണ്ടുണ്ടാകുന്ന  പാടുകളും കാരണം ചികിൽസാസഹായം തേടിയെത്തുന്ന കാഴ്ച അത്യപൂർവ്വമല്ല. അധികകാലം നിൽക്കുന്ന മുഖക്കുരു പ്രശ്നം കൊണ്ട് പലരിലും മനഃപ്രയാസം ഉണ്ടാക്കുന്നതായും കാണുന്നു. 

എണ്ണമയം നിറഞ്ഞ  ചർമ്മമുള്ളവരിലാണ് മുഖക്കുരു കൂടുതലായി കാണുന്നത്. പ്രധാനമായും പുരുഷഹോർമോണിൻ്റെ അളവ് കൂടുതലായി കാണുന്ന സ്ത്രീകളിൽ മുഖക്കുരു  കാണുന്നു. പി.സി.ഒ.എസ്. എന്ന രോഗമുള്ളവരിൽ  മുഖക്കുരു ഒരു ലക്ഷണമായി കണ്ടുവരുന്നു. മുഖക്കുരുവിനൊപ്പം ആർത്തവപ്രശ്നങ്ങൾ, മുടികൊഴിച്ചിൽ, മുഖത്തും താടിയിലും മറ്റും ഉണ്ടാകുന്ന കട്ടിയായ രോമവളർച്ച തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. 

എന്തെല്ലാം ശ്രദ്ധിക്കാം?

  • അടിക്കടി മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കിലോ ഇതിനോടൊപ്പം മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കുക. 
  • നെയ്യ്, എണ്ണ തുടങ്ങിയവ നന്നേ ചേർത്ത് പാകം ചെയ്ത ഭക്ഷണം, വറുത്തതും പൊരിച്ചതും ആയ ഭക്ഷണപദാർത്ഥങ്ങൾ,  ചോക്ലേറ്റ്, തൈര് തുടങ്ങിയവ  ഒഴിവാക്കുക.
  • സൗന്ദര്യവർദ്ധകവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക.
  • മധുരപലഹാരങ്ങളും, ധാരാളം എരിവും പുളിയും ചേർത്തതും അതുപോലെ ഉഴുന്ന് ചേർത്ത ആഹാരപദാർത്ഥങ്ങളും പാലുല്പന്നങ്ങളും, കശുവണ്ടിപരിപ്പ്, മുതിര, വഴുതിനങ്ങ തുടങ്ങിയവയും  കുറയ്ക്കുക .
  • ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക. 
  • മുഖക്കുരു വരുമ്പോൾ അത് ഞെക്കി പൊട്ടിക്കാതിരിക്കുക. മുഖം ദിവസവും 2 - 3 തവണ കഴുകി വൃത്തിയാക്കുക. 
  • ആര്യവേപ്പ്, ചിറ്റമൃത്, നറുനീണ്ടി മുതലായവ  അടങ്ങിയ ചില ഔഷധക്കൂട്ടുകളുടെ ഉപയോഗം ചിട്ടയായ ഭക്ഷണക്രമത്തോടൊപ്പം ആയാൽ പ്രയോജനപ്രദമായി കാണുന്നു.
  • മുൾത്താണിമിട്ടി പനിനീരിൽ ചാലിച്ച് പുറമേ തേച്ച് പിന്നീട് കഴുകി കളയുക.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗവിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Pimples Causes, Symptoms, and Treatment, Health, Ayurveda