മിക്ക മാനസിക രോഗികളുടെയും ബാല്യകാലം പരിശോധിച്ചാല്‍ മനസ്സിനെ പ്രക്ഷുബ്ധമാക്കുകയോ തളര്‍ത്തിക്കളയുകയോ ചെയ്തിട്ടുള്ള കാലഘട്ടത്തിലൂടെ അവര്‍ കടന്നു പോയിരുന്നു എന്ന് മനസ്സിലാക്കാം. ബാലചികിത്സയും മാനസിക ചികിത്സയും തമ്മില്‍ വളരെയധികം ബന്ധമുണ്ട് എന്നതിന്റെ തെളിവാണിത്.

ധര്‍മത്തില്‍ ഊന്നി നിന്നുകൊണ്ട് കാലാനുസൃതമായിട്ടുള്ള ആദര്‍ശങ്ങളെ ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് എത്തിക്കുക എന്നുള്ളത് വേദങ്ങളില്‍ എടുത്തു പറഞ്ഞിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആശയമാണ്. വേദങ്ങളില്‍ തന്നെ പ്രധാനമായിട്ടുള്ള അഥര്‍വവേദത്തിന്റെയും ഋഗ്വേദത്തിന്റെയും ഉപവേദമായിട്ടാണ് ആയുര്‍വേദത്തിനെ പരിഗണിച്ചിരിക്കുന്നത്.

പ്രധാനമായി എട്ട് അംഗങ്ങളോടു കൂടിയാണ് ആയുര്‍വേദം സംക്ഷിപ്തമായി രചിച്ചിട്ടുള്ളത്. ഇതില്‍ പറയുന്ന ഒരു അംഗമാണ് കൗമാരഭൃത്യം അഥവാ ബാലചികിത്സ. സമൂഹത്തിന്റെ  ഉന്നമനത്തില്‍ പുതിയ തലമുറയ്ക്കുള്ള പ്രാധാന്യത്തെ ആര്‍ഷ ശ്രേഷ്ഠന്മാര്‍ പണ്ടു മുതല്‍ക്കേ ശരിയായ രീതിയിലും ഗതിയിലും തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയാണ് ബാലന്മാരുടെ ശാരീരികവും മാനസികവുമായുള്ള ആരോഗ്യ പരിപാലനത്തിനും ബോധവത്കരണത്തിനും അവര്‍ പ്രധാന്യം നല്‍കിയിരുന്നത്.

കൗമാരഭൃത്യം എന്ന ആയുര്‍വേദത്തിലെ ബാലചികിത്സാ വിഭാഗത്തില്‍ ഒരു കുട്ടിയുടെ ജനനം മുതല്‍ 16 വയസ്സ് വരെയാണ് ബാലനായിട്ട് കണക്കാക്കുന്നത്. ഈ കാലഘട്ടത്തില്‍ ഉണ്ടാകുന്ന ജനിതക വൈകല്യങ്ങള്‍ മുതല്‍ കാലാനുസൃതമായിട്ട് വിപരീത രീതിയില്‍ വന്നനുഭവിക്കുന്ന രോഗങ്ങളെ വരെ ആചാര്യന്മാര്‍ ക്രോഡീകരിക്കുകയും അവയ്ക്കുള്ള ആഹാര നീഹാരാദികളും ചികിത്സകളും പറയുകയും (നിര്‍ദ്ദേശിക്കുകയും) ചെയ്തിട്ടുണ്ട്. ജനിതക വൈകല്യങ്ങള്‍ക്കും ബാലചികിത്സയില്‍ പ്രാധാന്യം ഉള്ളതിനാല്‍ ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതിന് മുന്‍പായിട്ട് അനുഷ്ഠിക്കേണ്ട ചര്യകളും ഗര്‍ഭകാലത്ത് സ്വീകരിക്കേണ്ട ആഹാര നീഹാരങ്ങളും കൂടി ഈ ബാലചികിത്സയില്‍ പറയുന്നുണ്ട്.

ഇന്ന് നമുക്ക് ലഭ്യമാകുന്ന ഔഷധങ്ങളും ചികിത്സാ രീതികളും കൊണ്ടു തന്നെ ബാല ചികിത്സയില്‍ അത്ഭുതാവഹമായ ഫലം പ്രതീക്ഷിക്കാവുന്നതാണ്. ബാല്യകാലത്ത് അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുള്ള പലതരം മാനസിക വ്യതിയാനങ്ങളും അനുഭവങ്ങളും ഭാവികാലത്തെ മാനസിക നിലയെയും നമ്മുടെ വ്യക്തി ജീവിതത്തെയും സമൂഹത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. അതുതന്നെയാണ് ഈ ചികിത്സയിലെ പ്രസക്തമായ ഒരു വസ്തുതയും.

മിക്ക മാനസിക രോഗികളുടെയും ബാല്യകാലം പരിശോധിച്ചു നോക്കിയാല്‍ അവിടെ അവരുടെയെല്ലാം മനസ്സിനെ പ്രക്ഷുബ്ധമാക്കുകയോ തളര്‍ത്തിക്കളയുകയോ ചെയ്തിട്ടുള്ള ഒരു കാലഘട്ടത്തിലൂടെ അവര്‍ കടന്നു പോയിരുന്നു എന്ന് മനസ്സിലാക്കാം. ഇതില്‍ നിന്ന് ബാലചികിത്സയും മാനസിക ചികിത്സയും തമ്മില്‍ വളരെയധികം ബന്ധമുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. ഇന്ന് ലഭ്യമായിട്ടുള്ള രചനകളില്‍ അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം, ചരകം, സുശ്രുതം എന്നിവയിലാണ് ബാലചികിത്സയയും മാനസിക ചികിത്സയും പറഞ്ഞിരിക്കുന്നത്. 

എന്നാലും ബാലചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗ്രന്ഥം ആയി കണക്കാക്കിയിരിക്കുന്നത് കാശ്യപസംഹിത ആണ്. ധര്‍മത്തിന്റെ സംസ്ഥാപനത്തിനായിട്ട് നിലകൊള്ളുന്ന ഈ സമൂഹത്തില്‍ കുട്ടികളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് അവരുടെ ആരോഗ്യ പരിപാലനം എന്നത് നമ്മുടെയെല്ലാം കര്‍ത്തവ്യവും ധര്‍മവും ആണ്.