ശാരീരിക-മാനസിക സുസ്ഥിതിയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ശരിയായ ഉറക്കം. ആർത്തവവിരാമകാലത്തോടനുബന്ധിച്ച് ഒട്ടുമിക്ക സ്ത്രീകളെയും  അലട്ടുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. അത് അവരുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്നു. ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന ക്ഷീണം കാരണം ഉത്പാദനക്ഷമതയും  സർഗ്ഗാത്മകതയും കുറയുന്നു. 

സ്ത്രീകളിൽ ശാരീരികവും മാനസികവും ആയി കുറേയധികം മാറ്റങ്ങൾ വരുന്ന സമയമാണ് ആർത്തവവിരാമകാലം. ഉറക്കം വരായ്ക അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് ഉണരുക എന്നതാവും ചിലപ്പോൾ ബുദ്ധിമുട്ടിക്കുക. ഉറക്കം  മാനസികാരോഗ്യം, ജീവിതശൈലി, മറ്റാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.  ശരീരത്തിൽ അധികമായി ചൂടനുഭവപ്പെടുക, അതുപോലെ വിയർക്കുക. ഇത് ആർത്തവവിരാമ കാലത്തെ ഒരു സുപ്രധാന ലക്ഷണമാണ്.  രാത്രികളിൽ ഇങ്ങനെയുണ്ടാകുമ്പോൾ ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ കാലയളവിൽ  വൈകാരികതലത്തിലെ  പ്രകടമായ ചില  വ്യത്യാസങ്ങൾ കാരണം വീടുകളിലേയും  ജോലിസ്ഥലങ്ങളിലേയും അന്തരീക്ഷം വൈഷമ്യകരമാകാം.  അതുമാത്രമല്ല, ഉത്കണ്ഠ , വിഷാദം, മറവി ഇങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഇതിനോടൊപ്പം സ്ത്രീകളിൽ കാണാറുണ്ട്. 

എന്തെല്ലാം ശ്രദ്ധിക്കാം ? 

  • ആർത്തവവിരാമകാലത്ത് ഊർജ്ജസ്വലതയും ആത്മവിശ്വാസവും  നഷ്ടപ്പെടാതിരിക്കാൻ എപ്പോഴും എന്തെങ്കിലും വഴികൾ കണ്ടുപിടിക്കുക. സംഗീതം, മറ്റു വിനോദങ്ങൾ, എഴുത്ത് പോലുള്ള  സർഗ്ഗാത്മകമായ കാര്യങ്ങൾ തുടങ്ങിയവ   അതിന് സഹായകമാകും.
  • കൃത്യമായി ലഘുവ്യായാമങ്ങൾ ചെയ്തുകൊണ്ടിരിക്കുക. നൃത്തം ചെയ്യുന്ന ശീലമുള്ളവരാണെങ്കിൽ നൃത്താഭ്യാസം തുടരുന്നതും ഗുണകരമാകും.  ശ്വസനവ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക.  നല്ല സുഹൃത്തുക്കളും  ബന്ധുക്കളുമായി നിരന്തരം സംഭാഷണത്തിലേർപ്പെടുക. സമയം കിട്ടുമ്പോൾ കുട്ടികളോടൊപ്പം ബാഡ്മിൻ്റൺ, കാരംസ് തുടങ്ങിയവ കളിക്കുക.  
  • രാത്രിയിൽ അധികം വൈകാതെ ഭക്ഷണം കഴിക്കുക. ലഘുഭക്ഷണമാണുത്തമം. അത്താഴം കഴിഞ്ഞ് വേഗത്തിലല്ലാതെ അല്പം നടക്കാം. 
  • ഭക്ഷണത്തിൽ നാടൻപഴങ്ങൾ ഉൾപ്പെടുത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുക. 
  • സമീപത്തുള്ള ഡോക്ടറെ കണ്ട് അവനവൻ്റെ ശരീരസ്ഥിതിക്ക് ഉതകുന്നുണ്ടെങ്കിൽ മാത്രം  കച്ചൂരാദിചൂർണ്ണം, പഞ്ചഗന്ധചൂർണ്ണം തുടങ്ങിയവയിൽ ഏതെങ്കിലും  പൊടി ക്ഷീരബല ചേർത്ത് നെറുകയിലിടാം. അൽപനേരം കഴിഞ്ഞ് തുടച്ചുമാറ്റണം. കഫക്കെട്ട്, പനി, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഇത് ചെയ്യാൻ പാടില്ല. 
  • തലയിലും ശരീരത്തും  എണ്ണതേച്ച് കുളിക്കുന്നതും ഗുണം ചെയ്യും. 
  • കിടക്കാൻ നേരം കാൽവെള്ളയിലും എണ്ണ തേയ്ക്കാം. കിടക്കുന്നതിന് മുൻപുള്ള ഒരു മണിക്കൂറിൽ ടിവി, മൊബൈൽ ഫോൺ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. 
  • ഉറക്കം നഷ്ടപ്പെട്ടാൽ  പ്രഭാതഭക്ഷണത്തിനു മുൻപ് അല്പനേരം കിടക്കുന്നത് തളർച്ചയുണ്ടാകാതിരിക്കാൻ സഹായിക്കും. 
  • ക്ഷീരധാര, തൈലധാര തുടങ്ങിയ ചികിൽസാരീതികൾ ഓരോരുത്തരുടേയും ആരോഗ്യസ്ഥിതിയ്ക്കനുസരിച്ച്  വൈദ്യനിർദ്ദേശപ്രകാരം ചെയ്യുക. 
  • ദൈനംദിന കാര്യങ്ങളെ പോലും വളരെയധികം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഉറക്കക്കുറവും  ആർത്തവവിരാമകാലത്തെ മറ്റാരോഗ്യപ്രശ്നങ്ങളും കാണുന്നുണ്ടെങ്കിൽ ഒട്ടും മടിക്കാതെ വൈദ്യസഹായം തേടുക.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗവിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Menopause related sleeping problems Insomnia Ayurveda tips, Health