കുഞ്ഞ് ശരിയായ രീതിയില്‍ വളരുന്നുണ്ടോയെന്ന് ആലോചിച്ച് മാതാപിതാക്കള്‍ക്ക് എപ്പോഴും ആശങ്കയാണ്. ആദ്യ മൂന്നുമാസങ്ങള്‍ കഴിഞ്ഞാല്‍ ഈ ആശങ്ക ശക്തമായിത്തുടങ്ങും. കുഞ്ഞിന് പ്രായത്തിന് അനുസരിച്ചുള്ള വളര്‍ച്ചയുണ്ടോയെന്ന് തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  • നാലു മാസം പ്രായമാകുന്നതോടെ കുഞ്ഞ് പുഞ്ചിരി വിട്ട് ഉറക്കെ ചിരിക്കാന്‍ തുടങ്ങുന്നു.
  • തന്റെ മുന്നില്‍ കാണുന്ന വസ്തുവിനെ രണ്ടു കൈയും ഉപയോഗിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു.
  • ആറു മാസമാകുന്നതോടെ വസ്തുക്കളെ/കളിപ്പാട്ടങ്ങളെ ഒരു കൈ കൊണ്ട് പിടിക്കാവുന്ന രീതിയിലേക്ക് അവന്‍/അവള്‍ വളരുന്നു. കൂടാതെ ബ, ദ, പ, ആ ഗൂ തുടങ്ങിയ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നു. ഒപ്പം അപരിചിതരെ മനസ്സിലാക്കുകയും അവരെ കാണുമ്പോള്‍ പരിഭ്രമം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു കൈ കുത്തി സ്വയം ഇരിക്കാനും കുഞ്ഞ് പ്രാപ്തനാകുന്നു.
  • എട്ടാം മാസമെത്തുന്നതോടെ കുഞ്ഞിന് പരസഹായമില്ലാതെ തന്നെ ഇരിക്കാന്‍ സാധിക്കുന്നു.
  • ഒന്‍പത് മാസമാകുന്നതോടെ ഉറപ്പോടെ അല്ലെങ്കിലും ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് ഒരു വസ്തുവിനെ പിടിക്കാന്‍ സാധിക്കുന്നു. കൈകള്‍ വീശി ബൈ പറയാനും മാമാ, ദാ ദാ തുടങ്ങി രണ്ടു അക്ഷരങ്ങള്‍ ചേര്‍ത്തു പറയാനും തുടങ്ങുന്നു. ഒന്‍പത് മാസമാകുന്നതോടെ പിടിച്ചു നില്‍ക്കാന്‍ കുഞ്ഞിന് കഴിയുന്നു.
  • അടുത്ത രണ്ടു മാസത്തിനുള്ളില്‍ സഹായമില്ലാതെ നില്‍ക്കാനും ഒരു വയസാകുന്നതോടെ പിടിച്ചു നടക്കാനും കുഞ്ഞ് പഠിക്കുന്നു. എന്നാല്‍ 10 മാസത്തോടെ നടക്കാന്‍ തുടങ്ങുന്ന കുട്ടികളുടെ എല്ലുകള്‍ക്ക് ബലക്കുറവും വളവും ഉണ്ടാകുന്നതായി കണ്ടുവരുന്നു.എന്റെ കുഞ്ഞ് എട്ട് മാസമായപ്പോഴേക്കും നടക്കാന്‍ തുടങ്ങി എന്ന് അഭിമാനത്തോടെ മറ്റുള്ളവരോട് പറയുമ്പോള്‍, വളരെ കരുതലോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍ എന്ന് ഓര്‍ക്കേണ്ടതാണ്
  • വിളിച്ചാല്‍ വിളിച്ച സ്ഥലത്തേക്ക് വരുന്നു. പന്ത് തട്ടിക്കളിക്കാനും തള്ളവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച് ഒരു വസ്തു പിടിക്കാനും കുഞ്ഞിന് സാധിക്കുന്നു. അമ്മ, അച്ച തുടങ്ങി അര്‍ഥപൂര്‍ണമായ വാക്കുകള്‍ ഉച്ചരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ചില കുട്ടികളില്‍ കുറച്ചു മാസങ്ങള്‍ കൂടെ കഴിഞ്ഞതിനു ശേഷമേ വാക്കുകള്‍ ഉച്ചരിക്കാന്‍ തുടങ്ങാറുള്ളൂ. അതിനാല്‍ ഇതൊരു പ്രശ്‌നമായി കണ്ട് ഉടനെ ഡോക്ടറെ കാണണമെന്നില്ല. മൂന്നോ നാലോ മാസം കൂടി കാത്തിരുന്ന ശേഷം മാത്രം ഡോക്ടറെ കണ്ടാല്‍ മതിയാകും. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ശ്രീപാര്‍വതി ആര്‍.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്‌

Content Highlights: Is your baby growing properly? Growth milestones from four months you needs to know, Health, Ayurveda