ശിരസ് എന്നത് നമ്മുടെ ശരീരത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു ചെടിയുടെ വേരില്‍ നല്‍കപ്പെടുന്ന വെള്ളവും വളവും ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്നു. അതുപോലെ തന്നെ, ശിരസ്സില്‍ പ്രയോഗിക്കപ്പെടുന്നവയുടെ വീര്യം അഥവാ ഗുണം ശരീരം മുഴുവന്‍ വ്യാപിക്കുന്നു. തലയില്‍ പ്രയോഗിക്കുന്ന ധാര, വസ്തി എന്നിവ പ്രയോജനപ്രദമാകുന്നത് ഇപ്രകാരത്തിലാണ്. ആയുര്‍വേദം ഈ പ്രയോജനത്തെ ചികിത്സാരീതി ആയി ഉപയോഗിക്കുന്നു. പണ്ടുകാലത്ത് ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനാലാണ് തലയ്ക്ക് എണ്ണ തേക്കുക എന്നത് ജീവിതശൈലിയുടെ ഭാഗമായത്.

ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ച് ശിരസിന് ശീലമായ അല്ലെങ്കില്‍ സുഖകരമായ ഗുണങ്ങള്‍ തണുപ്പും (ശീതം) എണ്ണമയവും (സ്‌നിഗ്ധം) ആണ്. ഈ രണ്ടു ഗുണങ്ങളുടേയും സമീകൃതമായ ഒരു സംയോജനം ആയിരിക്കണം തലയില്‍ ഉപയോഗിക്കേണ്ടത്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴഞ്ചൊല്ലും ഇത് തന്നെയാണ് ഉദ്‌ബോധിപ്പിക്കുന്നത്.

നമ്മുടെ കാലാവസ്ഥയുടെ ഇപ്പോഴത്തെ പ്രത്യേകതകള്‍ കൊണ്ടും ഭക്ഷണ ശീലങ്ങള്‍ കൊണ്ടും തല ചൂടുപിടിക്കാന്‍ ഉള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഈ ചൂടില്‍ നിന്നും ശിരസ്സിനെ സംരക്ഷിക്കാന്‍ നിത്യവും തലയില്‍ എണ്ണ തേയ്ക്കുന്നത് സഹായിക്കും. കൂടാതെ ഉറക്കക്കുറവ്, അകാലനര, മുടി കൊഴിച്ചില്‍ എന്നിവ ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യും.

ഞാന്‍ എന്നും എണ്ണ തേക്കാറുണ്ട്. ഷാംപൂ ഉപയോഗിച്ച് മെഴുക്ക് ഇളക്കുകയും ചെയ്യും. എന്നിട്ടും എന്റെ മുടി വരണ്ട പോലെ ആണല്ലോ?

എന്നും ഷാംപൂ പോലുള്ള രാസവസ്തുക്കള്‍ തലയില്‍ ഉപയോഗിക്കുന്നത് തലയിലേയും മുടിയിഴകളിലേയും സ്വാഭാവികമായ എണ്ണമയത്തെ തന്നെ ഇല്ലാതാക്കും. ഇത് മുടിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. ശിരസ്സിന് എണ്ണമയം ഉണ്ടാകണം എന്നതിനാണ് എണ്ണ തേക്കുന്നത് അതുകൊണ്ടുതന്നെ എന്നും മെഴുക്കിളക്കേണ്ടതില്ല.

എണ്ണതേച്ച് മെഴുക്ക് കളയാതെ കുളിച്ചാല്‍ നീരിറക്കം പോലെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവര്‍ ഉണ്ട്. അവര്‍ക്ക് എന്നും മെഴുക്ക് കഴുകി കളയാവുന്നതാണ്. അതിനായി നമുക്ക് ചുറ്റും ലഭ്യമായ വെള്ളിലം താളി, ചെമ്പരത്തി, നീരോലിത്താളി തുടങ്ങിയ പ്രകൃതിദത്തമായ ഷാംപൂകള്‍ ഉപയോഗിക്കാം. 
വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഇവയൊക്കെ അറിയുന്നുണ്ടാവും. അവരില്‍ നിന്നും ചോദിച്ച് മനസ്സിലാക്കി ഇവ ഉപയോഗിക്കാം.

ഞങ്ങളുടെ വീടിന്റെ അടുത്തൊന്നും ഈ പറഞ്ഞവ ഒന്നും കിട്ടാനില്ല എന്നാണെങ്കില്‍ ചെറുപയര്‍ പൊടി ഇതിനായി ഉപയോഗിക്കാം.

തലയ്ക്ക് എണ്ണ തേക്കണം എന്നത് പഴമക്കാര്‍ പറയുന്നത് കൊണ്ടോ ആയുര്‍വേദം അനുശാസിക്കുന്നു എന്നത് കൊണ്ടോ ഉള്ള നിര്‍ബന്ധബുദ്ധി അല്ല. ആരോഗ്യം എന്നതിലേക്കുള്ള ഒരു വഴി ആണ് ഇത്. തന്റേതായ ശാരീരിക പ്രത്യേകതകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അനുയോജ്യമായത് തിരഞ്ഞെടുത്ത് പ്രയോഗിച്ച് അനുഭവിച്ചറിഞ്ഞു ശീലമാക്കേണ്ടതാണ്...

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Is it necessary to apply oil on the head ayurveda tips, Health, Ayurveda