ദേഹവാക് ചേതസാം ചേഷ്ടാ പ്രാക്ശ്രമാത് വിനിവർത്തയേത്

ശരീരം, വാക്ക്, മനസ്സ് എന്നിവ കൊണ്ട് തളർന്നു പോകും വരെ പ്രവർത്തിക്കരുത്.

രീരം ക്ഷീണിക്കുന്നതു വരെ അധ്വാനിക്കരുത് എന്നത് പലപ്പോഴും മിക്കവാറും പിൻതുടരുന്ന ഒരു കാര്യമായിരിക്കും. ആഗ്രഹമില്ലെങ്കിൽ കൂടെ ശരീരം ക്ഷീണം പ്രകടിപ്പിക്കുന്നതോടെ പ്രവൃത്തികൾ നിർത്താൻ നിർബന്ധിതരാകാറുണ്ട്. എന്നാൽ വാക്കിന്റെയോ മനസ്സിന്റെയോ കാര്യത്തിൽ ഈ ക്ഷീണം നാം അറിയാറില്ല. അറിഞ്ഞാലും അതു നിർത്താൻ ശ്രമിക്കാറില്ല.

വാക്കുകൾ കൊണ്ടുള്ള പ്രവൃത്തി

ഒരു പാട് സംസാരിക്കുക എന്നത് ചിലരുടെ ശീലം/ ശൈലി ആണ്. പ്രാസംഗികരോ അധ്യാപകരോ പോലുള്ളവർ അവരുടെ ജോലി സംബന്ധമായി അധികം സമയം സംസാരിക്കേണ്ടി വരുന്നു. നഴ്സറി ക്ലാസുകളിലെ ടീച്ചർമാർക്ക് വലിയ ശബ്ദത്തിൽ സംസാരിക്കുക എന്ന അധ്വാനം കൂടി വേണ്ടി വരുന്നു. ഇത് അവരുടെ തൊണ്ടയിലും ശരീരത്തിലും ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല.
അതിനാൽ തന്നെ അധിക നേരവും വലിയ ശബ്ദത്തിലും വാക് പ്രവൃത്തി ചെയ്യുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ്. സാഹചര്യവശാൽ കഴിയാത്തവർ ബാക്കി സമയങ്ങളിൽ സംസാരം കഴിവതും കുറയ്ക്കുന്നത് ആരോഗ്യത്തിന് സഹായകരമായിരിക്കും.

മനസ്സുകൊണ്ടുള്ള പ്രവൃത്തി

മനസ്സ് എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നുണ്ടോ? സ്വാഭാവികമായും തോന്നുന്ന ഒരു സംശയം. ചിന്തിക്കുക, ഊഹിക്കുക, സങ്കൽപ്പിക്കുക, മനസ്സിലാക്കുക തുടങ്ങിയവ എല്ലാം മനസ്സ് ചെയ്യുന്ന കർമ്മങ്ങളാണ്. ഇവയുടെ അമിതമായ പ്രയോഗം അതായത് അധികമായി ചിന്തിക്കുക, ഒരു പ്രശ്നം ഉണ്ടെങ്കിൽ അതിന്റെ ഏറ്റവും ഭയാനകമായ വശം സങ്കൽപിക്കുക തുടങ്ങിയവ മനസ്സിന് ക്ഷീണം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഇവ മനസ്സ് ക്ഷീണിക്കുന്നതിനു മുൻപ് നിർത്തേണ്ടതാണ്. നിരന്തരമായി ചിന്തിക്കുക, സങ്കൽപിക്കുക എന്നിവ ചെയ്താൽ മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

നമ്മുടെ ജീവിതം എന്നത് മനസു കൊണ്ടും ശരീരം കൊണ്ടും വാക്കു കൊണ്ടും ചെയ്യുന്ന പ്രവൃത്തികൾ ആണ്. ഇവ കൂടാതെ ഒരാൾക്ക് ജീവിക്കാനാവില്ല. എന്നാൽ ഇവ 'മിത'മായേ ആകാവൂ...'അമിത'മായി ശരീരത്തെ ക്ഷീണിപ്പിക്കുന്ന രീതിയിലാകാതെ ശ്രദ്ധിക്കാം

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീപാർവതി ആർ.
അസിസ്റ്റന്റ് പ്രൊഫസർ
പഞ്ചകർമ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, കൂറ്റനാട്

Content Highlights:How to relieve Mental fatigue, Health, Ayurveda, Mental Health