സ്വസ്ഥതകളുണ്ടെങ്കിലും ആരംഭിച്ചിട്ട് ദീര്‍ഘകാലമായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പൊതുവേ പുറത്തു പറയാന്‍ വിമുഖത കാണിക്കുന്ന ആരോഗ്യപ്രശ്‌നമാണ് വെള്ളപോക്ക്. 

സാധാരണഗതിയില്‍ അണ്ഡവിസര്‍ജനം നടക്കുന്ന സമയങ്ങളിലും ആര്‍ത്തവസ്രാവത്തിന് മുന്നോടിയായും ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയത്തും ഗര്‍ഭകാലത്തും  പ്രകടമായ രീതിയില്‍ സ്വാഭാവികമായും ഇത്തരത്തിലുള്ള യോനിസ്രാവം കാണാം. 

എന്നാല്‍ ചൊറിച്ചിലുണ്ടാവുക, മഞ്ഞ നിറം പോലെയോ മറ്റോ നിറവ്യത്യാസം കാണിക്കുക, രക്തം കലര്‍ന്ന് വരിക, വല്ലാത്ത ദുര്‍ഗന്ധം തോന്നുക, പുകച്ചില്‍ അനുഭവപ്പെടുക, മറ്റെന്തെങ്കിലും രൂപവ്യത്യാസത്തോടുകൂടി അമിതമായി ഉണ്ടാവുക എന്നിങ്ങനെ ഏതെങ്കിലും തരത്തില്‍ യോനിസ്രാവം കണ്ടാല്‍ വൈകാതെ തന്നെ വൈദ്യസഹായം തേടുക. 

ഇതിനോടൊപ്പം ചിലരില്‍  അടിവയറുവേദന, നടുവേദന, ആര്‍ത്തവകാലവേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍,  ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും കാണാറുണ്ട്. 

മിക്കപ്പോഴും അണുബാധ കാരണമാണ് യോനിസ്രാവപ്രശ്‌നങ്ങള്‍ കാണുന്നത്. വേണ്ടവിധത്തില്‍ വ്യക്തിശുചിത്വമില്ലാതിരിക്കുക, ആരോഗ്യക്കുറവ്, ലൈംഗികബന്ധം വഴി ഉണ്ടാകുന്ന ചില രോഗങ്ങള്‍, ഗര്‍ഭാശയസംബന്ധമായ നീര്‍ക്കെട്ട്, പ്രമേഹം, ഗര്‍ഭാശയ- യോനിസംബന്ധമായുള്ള കാന്‍സറുകള്‍ എന്നിവകൊണ്ട് പല തരത്തിലുള്ള യോനിസ്രാവപ്രശ്‌നങ്ങളുണ്ടാകാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • വ്യക്തിശുചിത്വം പാലിക്കുക. 
 • വൃത്തിയുള്ള കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രം ഉപയോഗിക്കുക. 
 • അടിവസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയെടുത്ത് വെയിലത്ത് ഉണക്കി ഉപയോഗിക്കുക. 
 • നനവുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. 
 • ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. 
 • സുരക്ഷിതമായ രീതിയില്‍ മാത്രം  ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. 
 • ആഹാരകാര്യത്തില്‍ എരിവ്- പുളി, നന്നേ കുറയ്ക്കുക. 
 • തൈര്, വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍, പുളിപ്പിച്ചെടുത്തവ, മുതിര, ഉഴുന്ന് മുതലായവ ഒഴിവാക്കുക. 
 • നെല്ലിയ്ക്ക, കൂവപ്പൊടി, വെള്ളരിയ്ക്ക, ചെറുപയര്‍, വാഴക്കായ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.  
 • ആവശ്യാനുസരണം വെള്ളം കുടിക്കുക. 
 • മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം.  
 • ഇളംചൂടുവെള്ളം കൊണ്ടോ നാല്പാമരപ്പട്ട, ത്രിഫലചൂര്‍ണം തുടങ്ങിയവയിലേതെങ്കിലും ഇട്ട് വെള്ളം തിളപ്പിച്ച് അരിച്ചെടുത്തതിനു ശേഷം  ഇളംചൂടോടെയോ യോനിഭാഗം കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. 
 • യോനിഭാഗം വൃത്തിയാക്കുന്ന സമയത്ത് മുന്‍പില്‍ നിന്ന് പിന്നിലോട്ട് കഴുകിവൃത്തിയാക്കുവാന്‍ ശ്രദ്ധിക്കണം. * അസാധാരണമായി യോനിസ്രാവവും മറ്റ് ബുദ്ധിമുട്ടുകളും കാണുമ്പോള്‍ വൈകാതെ തന്നെ  വൈദ്യപരിശോധനയ്ക്ക് വിധേയമാകുക.  
 • വൈദ്യനിര്‍ദേശാനുസരണം വേണ്ട  ഔഷധസേവയ്‌ക്കൊപ്പം അവഗാഹം, യോനിക്ഷാളനം, യോനിപിചു തുടങ്ങിയ ചികിത്സകള്‍ ചെയ്യുന്നത് ഫലപ്രദമായി കാണുന്നു. 
 • ലൈംഗികബന്ധത്തിലൂടെ വന്ന പ്രശ്‌നമാണെങ്കില്‍ പങ്കാളിക്കും ചികിത്സ വേണ്ടിവരും.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: How to prevent Vaginal white discharge Ayurveda tips you needs to know, Health, Women's Health