സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഒന്നാണ് ഗർഭാശയമുഴ അല്ലെങ്കിൽ ഫൈബ്രോയിഡ്. ഗർഭാശയനീക്കംചെയ്യൽ ശസ്ത്രക്രിയയുടെ ഒരു പ്രധാന കാരണം കൂടിയാണത്. മുഴകൾ ഗർഭാശയത്തിന്റെ പലയിടത്തും ഉണ്ടാകാം.
ലക്ഷണങ്ങൾ
വളരെയധികം സ്ത്രീകളിൽ ഗർഭാശയമുഴ വൈദ്യപരിശോധനയ്ക്കിടയിലോ സ്കാനിങ്ങിലോ ആണ് തിരിച്ചറിയപ്പെടുന്നത്. ലക്ഷണങ്ങളുള്ളവരിലാകട്ടെ, സ്ഥാനത്തിനനുസരിച്ച് പല ലക്ഷണങ്ങൾ കാണപ്പെടാം. അമിതമായി കാണുന്ന ആർത്തവസ്രാവമാണ് ഗർഭാശയമുഴ ഉള്ളവരിൽ കാണപ്പെടുന്ന ഏറ്റവും സാധാരണയായ ലക്ഷണം. ചിലരിൽ വളരെയധികം രക്തസ്രാവം കാരണം രക്തക്കുറവ് ഉണ്ടാകുന്നു. ഗർഭാശയമുഴ ഉള്ളവരിൽ ചിലപ്പോൾ നടുവേദന, ആർത്തവസമയത്ത് തീവ്രമായ വയറുവേദന എന്നിവ വരാം.
വലുപ്പമുള്ള മുഴയാണെങ്കിൽ വയറുവീർപ്പ്, വസ്തിപ്രദേശത്ത് ബുദ്ധിമുട്ട് തുടങ്ങിയവ കാണുന്നു. ഗർഭാശയമുഖത്ത് ഉണ്ടാകുന്ന മുഴകളിൽ അടിക്കടി മൂത്രം പോകുക, മൂത്രം മുഴുവനായി ഒഴിഞ്ഞുപോകാതിരിക്കുക തുടങ്ങിയ മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ വരാം. ഗർഭാശയമുഴയുടെ കൃത്യമായ സ്ഥാനവും എണ്ണവും മറ്റും മനസ്സിലാക്കാൻ അൾട്രാസൗണ്ട് സ്കാനിങ് ഉപയോഗിക്കുന്നു.
ആർത്തവവിരാമത്തിനു ശേഷം സാധാരണയായി ഗർഭാശയമുഴ ചുരുങ്ങുന്നു. മുഴയുടെ വലുപ്പം, കാണുന്ന ലക്ഷണങ്ങൾ എന്നിവയ്ക്കനുസരിച്ചാണ് പൊതുവിൽ ചികിത്സ തീരുമാനിക്കുക.
പാരമ്പര്യമായി ഈ രോഗസാധ്യതയുള്ളവർ ജീവിതശൈലിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ചിറ്റമൃത്, ഗുഗ്ഗുലു, മുരിങ്ങപ്പട്ട, കൊടുവേലി തുടങ്ങിയവയിലേതെങ്കിലുമൊക്കെ അടങ്ങിയ ഔഷധക്കൂട്ടുകൾ വൈദ്യനിർദേശപ്രകാരം സേവിക്കാവുന്നതാണ്. രക്തസ്രാവം അധികം കാണുന്നവരിൽ വിരേചനം, ക്ഷീരവസ്തി തുടങ്ങിയവയും പ്രയോജനപ്രദമാണ്.
ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ടത്
- മത്സ്യമാംസങ്ങൾ, അച്ചാർ, വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.
- എരിവ്, പുളി, മുതിര, ഉഴുന്ന് ചേർത്തുണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ കുറയ്ക്കുക.
- ശരീരബലമനുസരിച്ച് ആവശ്യത്തിന് വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
- അമിതവണ്ണം ഉണ്ടെങ്കിൽ അത് കുറയ്ക്കുവാൻ ശ്രമിക്കുക.
- കൃത്യമായി മലശോധന ഇല്ലാത്തവർ അത് സുഗമമാക്കുന്ന തരത്തിലുള്ള ആഹാരരീതി ശീലിക്കുക.
- മൂത്രമൊഴിക്കാൻ തോന്നുമ്പോൾ അത് പിടിച്ചുവയ്ക്കാതിരിക്കുക.
(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
Content Highlights:how to manage fibroids Ayurveda tips, Ayurveda, Health