സ്ത്രീകളുടെ ഇടയിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്ന രോഗമായി മാറിയിരിക്കുന്നു പി.സി.ഒ.എസ്. അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം. പൊതുസമൂഹത്തിൽ ഈ രോഗത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കുക, പി.സി.ഒ.എസ്. ബാധിക്കപ്പെട്ട രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, അതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള ഉപദ്രവരോഗങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ലോകത്ത് പലയിടത്തും 2020 സെപ്റ്റംബർ മാസം പി.സി.ഒ.എസ്. അവബോധ മാസമായി കണക്കാക്കി നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ലക്ഷണങ്ങൾ

പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ പല ലക്ഷണങ്ങളും കാണാം. ക്രമംതെറ്റിവരുന്ന ആർത്തവം, മേൽചുണ്ടിന്റെ ഭാഗം, താടി, നെഞ്ച്, അടിവയറിന്റെ ഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ അമിതമായി കാണുന്ന രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ, കഴുത്തിന്റെ പിൻഭാഗത്തും കക്ഷത്തും മറ്റും കാണുന്ന കറുത്തപാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരക്കാരിൽ സാധാരണയായി കാണുന്നു. മിക്കപ്പോഴും ആർത്തവം വൈകി വരുന്നു. ചിലരിലാകട്ടെ, രക്തസ്രാവം നീണ്ടുനിൽക്കുന്നതായും കാണാം.

പി.സി.ഒ.എസ്. ബാധിക്കപ്പെട്ട സ്ത്രീകളിൽ 30-50 ശതമാനം അമിതവണ്ണമുള്ളവരാണ്. മെലിഞ്ഞ ശരീരപ്രകൃതിക്കാരിലും ഇത് കാണുന്നുണ്ട്. ഈ രോഗം ഉള്ളവരിൽ മിക്കപ്പോഴും അണ്ഡോത്‌പാദനം കൃത്യമല്ലാത്തതുകൊണ്ട് പലപ്പോഴും വന്ധ്യത കാണപ്പെടുന്നു. ഗർഭധാരണം നടന്നാൽ ഗർഭസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.

ചികിത്സ

ചികിത്സയിൽ ഔഷധത്തേക്കാൾ പ്രാധാന്യം വ്യായാമത്തിനാണ്. ശരീരബലം കണക്കാക്കി, ചിട്ടയായി ചെയ്യുന്ന വ്യായാമം വളരെ പ്രയോജനപ്രദമായി കാണുന്നു. അതുപോലെതന്നെ, ഭക്ഷണകാര്യത്തിലും അതീവശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്രിമമായ നിറങ്ങളും രുചിക്കൂട്ടുകളുമടങ്ങിയ ഭക്ഷണപദാർഥങ്ങൾ, ദഹിക്കാൻ പ്രയാസമുള്ളവ എന്നിവ ഒഴിവാക്കുക. വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. മലമൂത്രവിസർജ്ജനത്തിന് തോന്നുമ്പോൾ അത് തടഞ്ഞുവയ്ക്കാതിരിക്കുക.

മാനസിക പിരിമുറുക്കം പരമാവധി കുറയ്ക്കുക. ഒന്നിനെപ്പറ്റിയും അമിതമായി ചിന്തിക്കാതിരിക്കുക. ഒഴിവുസമയങ്ങളിൽ നൃത്തം ചെയ്യുക, സംഗീതം കേൾക്കുക, വായന, ബാഡ്മിന്റൺ കളിക്കുക എന്നിങ്ങനെ അവനവന് താത്‌പര്യമുള്ള ഏതെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ട് മാനസികോല്ലാസം കണ്ടെത്തുക.

പി.സി.ഒ.എസ്സിൽ ആയുർവേദചികിത്സ വളരെ ഫലപ്രദമായി കാണുന്നു. ചിട്ടയായ വ്യായാമത്തിനും ഭക്ഷണക്രമത്തിനുമൊപ്പം വൈദ്യനിർദേശപ്രകാരം ചെയ്യുന്ന ഔഷധസേവ, വസ്തി, വമനം തുടങ്ങിയവ അത്യന്തം ഗുണം ചെയ്യുന്നു. വന്ധ്യതയുള്ളവരിൽ ഇത്തരം ചികിത്സാവിധികൾ ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണുന്നുമുണ്ട്.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ലേഖിക)

Content Highlights:How to cure PCOS Polycystic ovary syndrome ayurveda treatments, Health, Ayurveda, Women's Health