രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും മെച്ചപ്പെടുത്താനും ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കാം. രോഗം ബാധിച്ചവര്‍ക്ക് ചികിത്സയ്ക്ക് എന്ന നിലയിലല്ല ഈ ഔഷധങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് മനസ്സിലാക്കണം.

1. അവിപത്തിചൂര്‍ണം തേനില്‍ ചാലിച്ച് രാവിലെ വെറുംവയറ്റില്‍ കഴിച്ച് വയറിളക്കുക (23 ആഴ്ചയില്‍ ഒരിക്കല്‍).
2. സുദര്‍ശനം ഗുളിക 1 വീതം രണ്ട്-മൂന്ന് നേരം ഭക്ഷണശേഷം കഴിക്കാം.
3. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ ഓരോ ഭാഗവും മഞ്ഞള്‍പ്പൊടി മൂന്നുഭാഗവും ചേര്‍ത്തുവെച്ച് തേന്‍ചേര്‍ത്ത് കുറേശ്ശെയായി പലവട്ടം കഴിക്കുക (56 തവണ).

ചില വിശേഷ മരുന്നുകൂട്ടുകള്‍

കഫക്കെട്ടിന്: പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ നീരില്‍ ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ കല്‍ക്കണ്ടവും ചേര്‍ത്ത് യോജിപ്പിച്ച് പലവട്ടമായി കുടിക്കുക.

തുമ്മലിന്: കരിനൊച്ചിയില, വരട്ടുമഞ്ഞള്‍, കുരുമുളക് ഇവ തിളപ്പിച്ച് വെള്ളം പലവട്ടമായി കുടിക്കാം.

തലനീരിറക്കം: രാസ്‌നാദി ചൂര്‍ണം അല്പമെടുത്ത് ചെറുനാരങ്ങനീരില്‍ ചാലിച്ച് ചൂടാക്കി ചെറുചൂടോടെ നെറുകയില്‍ തളംവയ്ക്കുക. 30 മിനിറ്റ് കഴിഞ്ഞ് തുടച്ചുകളഞ്ഞ് അല്പം രാസ്‌നാദിചൂര്‍ണം മാത്രമായി തേക്കുക. ദിവസവും രാവിലെ ഏഴുമണിക്ക് ചെയ്യാം.

ജീവിതചര്യയില്‍ ശ്രദ്ധിക്കേണ്ടത്

പകലുറക്കം  വേണ്ട. പകലുറക്കം കഫത്തെ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഈ സമയത്ത് ഒഴിവാക്കണം. കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് അല്പം പകലുറക്കമാവാം. ഉറങ്ങിയേ മതിയാവൂ എന്നുണ്ടെങ്കില്‍ വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

  • ആവശ്യത്തിനുള്ള ഉറക്കം ആരോഗ്യത്തിന് അനിവാര്യമാണ്. നേരത്തേ ഉറങ്ങുക. ആറുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. ഒരുപാട് രാത്രി വൈകി ഉറങ്ങുന്നതും ഒരുപാട് വൈകി ഉണരുന്നതും നല്ലതല്ല.
  • ശരീരബലത്തെ ശ്രദ്ധിക്കാതെയുള്ള അമിതാധ്വാനം ഒഴിവാക്കുക.
  • വ്യായാമം മിതമായ രീതിയില്‍ ചെയ്യുക.
  • എണ്ണ തേച്ച് ചൂടുവെള്ളത്തില്‍ കുളിക്കുക.
  • നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് അധികസമയം ഇരിക്കരുത്.

മാനസികാരോഗ്യം

ശരീരത്തിന് ആരോഗ്യം ലഭിക്കണമെന്നുണ്ടെങ്കില്‍ മാനസികമായും ആരോഗ്യമുണ്ടായിരിക്കണം. ഭയം, ഉത്കണ്ഠ തുടങ്ങിയവ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രോഗങ്ങളെക്കുറിച്ചുള്ള ഭയം അല്ല, ജാഗ്രതയാണ് വേണ്ടത്. സമയാസമയങ്ങളില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ നിങ്ങളും കുടുംബവും പരിപൂര്‍ണമായി പാലിക്കണം.

പരിസരശുചിത്വം

പുകയ്ക്കാന്‍: കുന്തിരിക്കം, കടുക്, വെളുത്തുള്ളി, ആര്യവേപ്പില, മഞ്ഞള്‍ എന്നിവ വീട്ടിനകത്തും പരിസരത്തും പുകയ്ക്കണം. അപരാജിതധൂപചൂര്‍ണം, അഷ്ടഗന്ധം തുടങ്ങി പുകയ്ക്കാനായി ലഭിക്കുന്ന കൂടുകളും ഉപയോഗിക്കാം.

പുകയിലക്കഷായം: 250 ഗ്രാം പുകയില 3 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ലിറ്ററാക്കി വറ്റിക്കുക. അതില്‍ 1 ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കുക (50 ഗ്രാം സോപ്പുപൊടിയും കൂടി ചേര്‍ത്തിളക്കുന്ന രീതിയുമുണ്ട്). ഇതില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പരിസരങ്ങളില്‍ തളിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി
ആയുഷ് മെഡിക്കല്‍ ഓഫീസര്‍
അയ്മനം ആയുര്‍വേദ ഡിസ്‌പെന്‍സറി, കോട്ടയം

Content Highlights: How to boost immunity with Ayurveda medicines, Ayurveda lifestyle, Health