ദ്വിഷ്ടവിഷ്ടംഭിദഗ്ധാമഗുരുരൂക്ഷഹിമാശുചി
വിദാഹി ശുഷ്‌കമത്യംബുപ്ലുതം ചാന്നം ന ജീര്യതി
ഉപതപ്‌തേന ഭുക്തം ച ശോകക്രോധക്ഷുദാദിഭിഃ
അഗ്‌നിയെ നിരീക്ഷിച്ച് മനസ്സിലാക്കി ശരിയായ മാത്രയിലുള്ള ആഹാരം കഴിക്കുന്നവരിലും ചിലപ്പോള്‍ ദഹനം ശരിയായി നടക്കണമെന്നില്ല. ഭക്ഷണത്തിന്റെ അളവ് അല്ലാതെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളെ മനസ്സിലാക്കാം.
1) ഇഷ്ടമില്ലാത്ത ഭക്ഷണം: ഒട്ടും ഇഷ്ടത്തോടെ അല്ലാതെ, ഇഷ്ടമില്ലാത്ത സ്ഥലത്ത്, ഇഷ്ടമില്ലാത്ത ആളുകളുടെ കൂടെ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കണം എന്നില്ല.
2) വയറു വീര്‍പ്പ് ഉണ്ടാക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍: അതായത് കഴിച്ചു കുറച്ചു സമയത്തിനു ശേഷം ഗ്യാസ് നിറഞ്ഞിരിക്കുന്ന പോലെ, ഏമ്പക്കം, കീഴ്ശ്വാസം പോലെ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവ
3) പാചകം ചെയ്യുമ്പോള്‍ കരിഞ്ഞു പോയവ: പാചകത്തിനിടയില്‍ അറിയാതെ അബദ്ധത്തില്‍ കരിയുന്നവ നാം ഒഴിവാക്കാറുണ്ട്. അല്‍ ഫാം ചിക്കന്‍ പോലെ പാചക രീതി തന്നെ കരിക്കുന്ന രീതിയിലുള്ളവ, സ്വാദിഷ്ടമാണെങ്കിലും അഗ്‌നിയെ ബാധിക്കുന്നവയാണ്.
4) നന്നായി പാകം ചെയ്യാത്തവ: സദ്യക്ക് കാണാറുള്ള ചോറ് ഇതിന് ഉത്തമോദാഹരണമാണ്.
5) ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളവ
6) എണ്ണമയം തീരെ ഇല്ലാത്ത രീതിയിലുള്ളവ
7) വളരെ തണുത്ത ഭക്ഷണം: ഭക്ഷണത്തിന്റെ കൂടെ തണുത്ത വെള്ളം കുടിക്കുന്നതും ദഹനത്തെ സാരമായി ബാധിക്കും.
8) ശുചിയല്ലാത്ത ഭക്ഷണം
9) വിദാഹി: അതായത് കഴിച്ച ശേഷം കൂടുതലായി വെള്ളം ദാഹം തോന്നിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം
10) നനവില്ലാതെ കഴിക്കുന്നത്: ഗ്രേവി ഇല്ലാത്ത കറികള്‍ കൂട്ടി ചപ്പാത്തി മുതലായവ കഴിക്കുന്നതും തോരന്‍ മാത്രം കൂട്ടി, കറികള്‍ ചേര്‍ക്കാതെ ചോറുകഴിക്കുന്നതും ഇതിനു ഉദാഹരണമാണ്.
11) അധികം വെള്ളത്തോടെ കഴിക്കുന്നത്: കറികള്‍ വളരെയധികം ചേര്‍ത്ത് കഴിക്കുന്നത്.
12) സങ്കടം, ദേഷ്യം എന്നീ വികാരങ്ങളാല്‍ മനസ് ബാധിക്കപ്പെട്ട സമയത്ത് ഭക്ഷണം കഴിക്കുന്നത്: ഇതും ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്നു.
13 ) അതിയായി വിശന്നതിനു ശേഷം ഭക്ഷണം കഴിക്കുന്നത്
ഈ രീതിയിലുള്ള ഭക്ഷണം വല്ലപ്പോഴും ഒരിക്കല്‍ കഴിക്കുന്നതു കൊണ്ട് അഗ്‌നി നാശമാകണമെന്നില്ല. എന്നാല്‍ നിരന്തരമായി ഈ ശീലങ്ങള്‍ പാലിക്കുന്നത് അഗ്‌നിയെ വളരെ പ്രതികൂലമായി ബാധിക്കും.
(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം പഞ്ചകര്‍മവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Content Highlights: How eating habits affect digestion Ayurveda tips, Health, Ayurveda