face creamവെളുത്തു മിനുത്ത മുഖം എല്ലാവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ മോഹമാണ്. ഈ ആഗ്രഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഫേസ്‌ക്രീമുകള്‍ (മുഖലേപങ്ങള്‍) വിപണിയില്‍ തള്ളിക്കയറ്റം നടത്തുന്നത്. ഇവയില്‍ത്തന്നെ ആയുര്‍വേദിക് ക്രീമുകള്‍ക്ക് പ്രിയം കൂടുതലാണ്. എന്നാല്‍, ഇവയുടെ ഉപയോഗത്തിന് ആയുര്‍വേദത്തില്‍ പറയുന്ന യഥാര്‍ഥ മുഖലേപവുമായി യാതൊരു ബന്ധവും ഇല്ല. മാത്രമല്ല ഇവ ആയുര്‍വേദ തത്ത്വങ്ങള്‍ക്ക് വിപരീതവുമാണ്.

നിലവില്‍ ഉപയോഗിക്കുന്ന മിക്ക ക്രീമുകളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ക്രീമുകള്‍ മുഖത്തു പുരട്ടുന്നത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഇതുമൂലം ചിലര്‍ക്ക് മുഖത്ത് കുരുക്കള്‍, ചുട്ടുനീറ്റല്‍, കറുപ്പുനിറം എന്നിവ ഉണ്ടാകുന്നുണ്ട്. ചെറുപ്രായത്തില്‍ ഇത്തരം ക്രീമുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്, മധ്യവയസ്സില്‍ മുഖത്ത് കറുപ്പുനിറം ഉണ്ടാക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇത്തരം മുഖലേപങ്ങള്‍ തൊലിയുടെ ഉപരിതലത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. അതാണ് നിറംമാറ്റം വരുന്നതിനു നിദാനം. ഇതിന്റെ ഫലമായി തൊലിയുടെ സാധാരണ രോഗപ്രതിരോധശേഷി ഇല്ലാതാകും. ഇതു രോഗബാധ എളുപ്പമാക്കുന്നു.

മുഖത്തു കുരുക്കള്‍, കറുത്തപാടുകള്‍, പഴുപ്പ് തുടങ്ങി കാന്‍സര്‍വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുറം തൊലി നശിക്കന്നതുകൊണ്ട് വെയിലുകൊണ്ടാല്‍ പൊള്ളലും ചുവപ്പുനിറവും കുരുക്കള്‍ എന്നിവയും ഉണ്ടാകുന്നു. ക്രീമുകളില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും സൂര്യപ്രകാശം തട്ടുമ്പോള്‍ കറുത്ത നിറമായി മാറുന്നതാണ്.

യഥാര്‍ഥ മുഖലേപം തൊലിയുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതായിരിക്കണം. രക്തചംക്രമണം ശരിയാക്കുന്നതും ആയിരിക്കണം. ആയുര്‍വേദത്തില്‍ വിധിക്കുന്ന മുഖലേപത്തിന്റെ ശാസ്ത്രീയത ഇതാണ്. അതു മനസ്സിലാക്കി വേണം മുഖലേപം ഉപയോഗിക്കേണ്ടത്.

തൊലി രണ്ടുവിധമുണ്ട്. വരണ്ടത്, എണ്ണമയമുള്ളത് എന്നിങ്ങനെ. ഇതു രണ്ടുമല്ലാത്ത സാധാരണ ചര്‍മവും കാണപ്പെടുന്നു.
ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ത്വക്കിനു മാറ്റം ഉണ്ടാകും. അതുപോലെ കാലാവസ്ഥയ്ക്കനുസരിച്ചും തൊലിയില്‍ വ്യത്യാസം
കാണപ്പെടും. അതുകൊണ്ട് തൊലിയുടെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ഔഷധം വേണം മുഖത്ത് ലേപനം ചെയ്യാന്‍.

ആയുര്‍വേദത്തില്‍ മൂന്നുവിധത്തില്‍ മുഖലേപത്തെക്കുറിച്ച് പറയുന്നുണ്ട്
digit1ദോഷത്തെ ശമിപ്പിക്കുന്നത്:- ഇതു മുഖത്തുണ്ടാകുന്ന രോഗങ്ങള്‍ക്കനുസരിച്ച് യുക്തമായ ഔഷധങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

digit2 വിഷശമനം:- അന്തരീക്ഷ മലിനീകരണം മൂലം മുഖത്ത് പലവിധ വിഷവസ്തുക്കളും അടിഞ്ഞുകൂടി പലവിധ ഉപദ്രവങ്ങളും ഉണ്ടാക്കും. അതുപോലെ സോപ്പുകള്‍, ക്രീമുകള്‍ എന്നിവയുടെ അത്യുപയോഗം പല വിഷവികാരങ്ങളും ഉണ്ടാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വിഷശമനമായ ഔഷധങ്ങള്‍ കൊണ്ട് മുഖത്തു ലേപനം ചെയ്യാം.

digit3വര്‍ണം ഉണ്ടാക്കുന്നത്:- മുഖത്തിനു മിനുസവും തിളക്കവും ഉണ്ടാക്കുന്ന ഔഷധങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ നിറമുണ്ടാക്കുന്ന പല ഔഷധങ്ങളും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചും ശരീരപ്രകൃതിക്കനുസരിച്ചും വേണം ലേപന ഔഷധങ്ങള്‍ തിരഞ്ഞെടുക്കാന്‍. ചൂടോടുകൂടിയും തണുപ്പിച്ചും ലേപനം ചേയ്യേണ അവസ്ഥകള്‍ ഉണ്ട്. രോഗാവസ്ഥയില്‍ ഒരു സെന്‍റിമീറ്റര്‍ കനത്തില്‍ വേണം ലേപനം ചെയ്യാന്‍. വിഷശമനത്തിനായി നാലിലൊന്ന് സെ.മീ. കനത്തിലും നിറം ലഭിക്കാന്‍ മൂന്നിലൊന്നു സെ.മീ. കനത്തിലും ലേപനം ചെയ്യുന്നു.

ഔഷധങ്ങള്‍ യുക്തമായ ദ്രവത്തില്‍ അരച്ചുവേണം ലേപനം ചെയ്യാന്‍. മരുന്നുകള്‍ തരി ഒട്ടുമില്ലാതെ സൂക്ഷ്മമായി അരയ്ക്കണം. ശുദ്ധജലം, പനിനീര്‍, പാല്‍, മോര്, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തേന്‍ എന്നിവയാണ് സാധാരണ ചേര്‍ക്കാന്‍ വിധിക്കുന്ന ദ്രവ്യങ്ങള്‍.

ഇവ അവസ്ഥാനുസരണം ഉപയോഗച്ചാല്‍ യഥാര്‍ഥ ഫലം ലഭിക്കും. ഏലാദി ചൂര്‍ണം, മുഖദൂഷികാദി ലേപം, ത്രിഫല ചൂര്‍ണം, നാല്പാമരാദി ചൂര്‍ണം എന്നിവ സാമാന്യമായി ലേപനത്തിന് ഉപയോഗിക്കുന്ന ഔഷധങ്ങളാണ്.
ഋതുക്കള്‍ക്കനുസരിച്ചുള്ള മുഖലേപം

മഞ്ഞുകാലം, മഴക്കാലം, ചൂടുകാലം എന്നിവയുടെ മാറ്റത്തിനനുസരിച്ച് ആറ് ഋതുക്കള്‍ ഉണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിവയാണ് അവ. ഋതുക്കള്‍ക്കനുസരിച്ച് അന്തരീക്ഷത്തില്‍ മാറ്റം കാണപ്പെടും. അതനുസരിച്ച് ചര്‍മത്തിനും വ്യത്യസ്തത അനുഭവപ്പെടും. അതിനാല്‍ ഋതുക്കള്‍ക്കനുസരിച്ചുള്ള ചര്‍മസംരക്ഷണം വേണ്ടിവരുന്നു. ആയുര്‍വേദത്തില്‍ ഓരോ ഋതുവിലും പ്രത്യേകം പ്രത്യേകം മുഖലേപം വിധിക്കുന്നുണ്ട്. ഈ ലേപങ്ങള്‍ വളരെ ഫലപ്രദവും ആണ്.


ശിശിരകാലം:- (മകരം, കുംഭം മാസം): ഈ സമയത്ത് കണ്ടകാരി വേര്, കറുത്ത എള്ള്, മരമഞ്ഞള്‍ തൊലി, തൊലികളഞ്ഞ യവം എന്നിവ യുക്തമായ ദ്രവ്യത്തില്‍ അരച്ച് മുഖത്ത് ലേപനം ചെയ്യാം.
വസന്തകാലം:- (മീനം-മേടം): ഈ കാലത്ത് ദര്‍ഭവേര്, ചന്ദനം, രാമച്ചം, നെന്മേനി വാക, ശതകുപ്പ, പച്ചരി എന്നിവ ചേര്‍ത്ത് ലേപനത്തിന് ഉപയോഗിക്കുന്നു.
ഗ്രീഷ്മകാലം:- (എടവം-മിഥുനം): ആമ്പല്‍ക്കിഴങ്ങ്, ചെങ്ങെഴുനീര്‍ കിഴങ്ങ്, സൗഗന്ധിക പുഷ്പം, കറുക, ഇരട്ടിമധുരം, ചന്ദനം എന്നിവ ചേര്‍ത്ത് ലേപനം ആവാം.
വര്‍ഷകാലം:- (കര്‍ക്കടകം-ചിങ്ങം): ഈ ഋതുവില്‍ ചന്ദനം, എള്ള്, രാമച്ചം, ജടാമാഞ്ചി, തകര, പതിമുഖം എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
ശരത്കാലം:- (കന്നി-തുലാം): ഈ സമയത്ത് താലീസപത്രം, പൊട്ടപ്പുല്ല്, പുണ്ഡരികക്കരിമ്പ്, ഇരട്ടിമധുരം, കുശപ്പുല്ല്, ആറ്റുദര്‍ഭ, തകര, അകില്‍ എന്നിവ ഫലപ്രദമാണ്.
ഹേമന്തകാലം:- (വൃശ്ചികം-ധനു): ഇക്കാലത്തേക്കായി ലന്തപ്പരിപ്പ്, ആടലോടകവേര്, പാച്ചൊറ്റിത്തൊലി, വെളുത്ത കടുക് എന്നിവ വിധിക്കുന്നു.

കാലാവസ്ഥയ്ക്കനുസരിച്ച് മേല്പറഞ്ഞ ഔഷധങ്ങള്‍ നന്നായി അരച്ച് മുഖത്ത് ലേപനം ചെയ്യണം. ലേപം ഉണങ്ങിപ്പിടിക്കുന്നതിനു മുന്‍പുതന്നെ എടുത്തുകളയണം. അല്ലെങ്കില്‍ ഇടയ്ക്കിടെ നനച്ചുകൊണ്ടിരിക്കണം. ഏകദേശം 10 മിനിറ്റുനേരം ലേപം മുഖത്തു നിര്‍ത്തിയാല്‍ മതി. ഇതു നീക്കം ചെയ്യുന്നത്, പാലുകൊണ്ടോ മറ്റു ദ്രവങ്ങളെക്കൊണ്ടോ നനച്ചുവേണം.

തുടര്‍ന്ന് മുഖത്ത് വെളിച്ചെണ്ണ തേച്ച് തിരുമ്മി കഴുകിക്കളയണം. മുഖലേപനം ചെയ്യുന്ന ദിവസങ്ങളില്‍ പകല്‍ ഉറങ്ങരുത്. തീയിന്റെ ചൂട്, വെയില്‍ എന്നിവയും ഏല്ക്കരുത്. അധികം സംസാരിക്കുക, ദേഷ്യപ്പെടുക, വ്യസനിക്കുക എന്നിവ പാടില്ലാത്തതാണ്. കാരണം അതുകൊണ്ട് മുഖത്ത് രക്തചംക്രമണം വ്യത്യാസപ്പെടുകയും വിപരീതഫലം ഉണ്ടാവുകയും ചെയ്യും. ജലദോഷം, ദഹനക്കേട്, കടുത്ത വേദന എന്നിവ ഉള്ളവര്‍, ഉറക്കമൊഴിച്ചിരിക്കേണ്ടിവരുന്നവര്‍, മൂക്കില്‍ മരുന്നുറ്റിക്കുന്നവര്‍ തുടങ്ങിയവര്‍ ഈ സമയത്ത് മുഖലേപം പ്രയോഗിക്കരുത്.

ഗുണങ്ങള്‍: ശരിയായി മുഖലേപം ഉപയോഗിച്ചാല്‍ അകാലത്തിലുള്ള ജരാനരകള്‍, കരിമുഖം, തിമിരരോഗം, മുഖത്തുണ്ടാകുന്ന പാടുകള്‍ എന്നിവ ഇല്ലാതാകും. കണ്ണിനു കാഴ്ചശക്തി വര്‍ധിക്കും. മുഖം എല്ലായേ്പാഴും പ്രസന്നവും മിനുസമുള്ളതും താമരപ്പൂപോലെ മനോജ്ഞവും ആയിരിക്കും. ശാസ്ത്രീയമായുള്ള മുഖലേപനത്തോടൊപ്പം, ധാരാളം വെള്ളം കുടിക്കുകയും പോഷകപ്രധാനവും സാത്വികവുമായ ആഹാരം ശീലിക്കുകയും വേണം. സര്‍വോപരി മാനസികമായ ശാന്തതയും സന്തോഷവും മുഖത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകും. മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ.

ഡോ. ശ്രീകൃഷ്ണന്‍