തൊരു വ്യക്തിയുടെയും ജനിതകപരമായ രേഖകൾ സൂക്ഷിച്ചുവെക്കുന്ന ശരീരകോശത്തിൽ ഉള്ള സൂക്ഷ്മാംശങ്ങളെ ക്രോമസോമുകൾ എന്നു പറയുന്നു. ക്രോമസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ചില രോഗാവസ്ഥകൾ സൃഷ്ടിച്ചേക്കാം. അത്തരത്തിൽ ഇരുപത്തിയൊന്നാമത് ക്രോമസോം ജോഡിയിൽ ഒരു അധിക ക്രോമസോം വരുന്ന അവസ്ഥയാണ് ഡൗൺസിൻഡ്രം എന്നത്. മൂന്ന് ക്രോമസോമുകൾ ഇരുപത്തിയൊന്നാമത്തേതിൽ എന്നത് കൊണ്ട് എല്ലാ വർഷവും മൂന്നാമത്തെ മാസമായ മാർച്ചിലെ 21ാം ദിവസം ലോക ഡൗൺ സിൻഡ്രം ദിനമായി ആചരിക്കുന്നു.

900 കുട്ടികൾ ജനിക്കുമ്പോൾ അതിൽ ഒരു കുട്ടിക്ക് ഡൗൺ സിൻഡ്രം ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഡൗൺ സിൻഡ്രം കുട്ടികളെ മറ്റു കുട്ടികളിൽ നിന്ന് ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയുവാൻ ഏറെക്കുറെ സാധിക്കും. മുഖത്തു കാണുന്ന മാറ്റങ്ങൾ പ്രത്യക്ഷ സൂചനകളകാം. തലയുടെ വലുപ്പക്കുറവും, പരന്ന മൂക്കും, പലപ്പോഴും പുറത്തേക്ക് തള്ളി നിൽക്കുന്ന നാക്കും, കണ്ണുകളിലെ മാറ്റങ്ങളും ഉദാഹരണം ആകാം. പേശീബലക്കുറവും, ഭാഷാ വികാസത്തിലെ പോരായ്മകളും, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ശ്രവണ- കാഴ്ച വൈകല്യങ്ങളും ഈ കുഞ്ഞുങ്ങളിൽ കണ്ടേക്കാം. ഹൃദ്രോഗം തൈറോയ്ഡ് രോഗങ്ങൾ മുതലായ സങ്കീർണതകളും അത്രയ്ക്ക് അപൂർവമല്ല.

40 വയസ്സിന് മുകളിലുള്ള സ്ത്രീ ആദ്യമായി ഗർഭിണിയാകുമ്പോൾ ഡൗൺ സിൻഡ്രമിനുള്ള സാധ്യത വർധിക്കുന്നു എന്നത് മറ്റുകാരണങ്ങളോടൊപ്പം പ്രധാനപ്പെട്ട ഒന്നാണ് എന്നത് ശ്രദ്ധിക്കാം. സ്കാനിങ്, രക്തപരിശോധനകൾ എന്നിവ വഴിയൊക്കെ ഈ അസുഖം ഗർഭാവസ്ഥയിൽ തന്നെ കണ്ടുപിടിക്കുവാൻ സാധിക്കുന്നു. ഡൗൺ സിൻഡ്രം എന്ന അവസ്ഥ നിർണയിക്കപ്പെട്ട ഒരു കുഞ്ഞിന്റെ രക്ഷിതാക്കൾ രണ്ടാമതൊരു കുട്ടിയെ ആഗ്രഹിക്കുന്നത് മുൻപ് ജനറ്റിക് കൗൺസിലിംഗിന് വിധേയമാകുക. ഒരു വിദഗ്ധനായ കൗൺസിലർക്ക് വേണ്ട നിർദേശങ്ങൾ നൽകാൻ സാധിക്കും.

ഇന്ന് ലഭ്യമായ ഒരു ചികിത്സാരീതിയും ഡൗൺ സിൻഡ്രമിനെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാം എന്ന് അവകാശപ്പെടുന്നില്ല  എങ്കിലും, സംയോജിത ചികിത്സാരീതികൾ ഏറെ പ്രയോജനം ചെയ്യുന്നതായി കാണുന്നു. ഹൃദ്രോഗം ഉൾപ്പെടെയുള്ള അവസ്ഥകളിൽ ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടി വരാം.

ഒരു ഡൗൺ സിൻഡ്രമുള്ള കുഞ്ഞ് മറ്റൊരു ഡൗൺ സിൻഡ്രമുള്ള കുഞ്ഞിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അവരുടെ പ്രശ്നങ്ങളും ഇതുപോലെ വ്യത്യാസപ്പെട്ടിരിക്കുന്നു. മലബന്ധം,  ഇടയ്ക്കിടയ്ക്കുണ്ടാകുന്ന കഫക്കെട്ട് , ദഹന വ്യവസ്ഥയിലെ തകരാറ്, ഉറക്ക പ്രശ്നങ്ങൾ എന്നിവയിൽ ആയുർവേദ ചികിത്സ ഉപയോഗപ്പെടുത്താം. തീർത്തും വ്യക്തിയധിഷ്ഠിത രീതിയിൽ നിർണയിക്കപ്പെടുന്ന ആയുർവേദ മരുന്നുകളും ഒപ്പം നടത്താവുന്ന ഉദ്വർത്തനം, അഭ്യം​ഗം ഉൾപ്പെടെയുള്ള ബാഹ്യ ചികിത്സ രീതികളും പേശീ ബലക്കുറവുൾപ്പെടെയുള്ള അവസ്ഥകളിൽ പ്രയോജനം ചെയ്യാം. ജീവിതശൈലി മെച്ചപ്പെടുവാനും ഈ രീതികൾ സഹായിച്ചേക്കും. ഒപ്പം നൽകുന്ന സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഓക്യൂപഷണൽ തെറാപ്പി എന്നിവയും ഏറെ  ഗുണം ചെയ്യുന്നു.

 പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളെക്കാൾ താഴ്ന്ന ക്ലാസ്സുകളിൽ ഒരുപരിധിവരെ സാമ്പ്രദായിക വിദ്യാഭ്യാസ രീതിയിൽ തന്നെ ഇവരെ കൊണ്ടുപോകുവാൻ സാധിച്ചേക്കാം. ആവശ്യമെങ്കിൽ സ്പെഷ്യൽ സ്കൂളുകളുടെ സേവനം ഉപയോഗപ്പെടുത്തുക. സമാനമനസ്കരായ രക്ഷിതാക്കളുമായി ചേർന്ന് ഇവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുവാൻ കൈക്കൊള്ളുന്ന ആശയങ്ങൾ പരസ്പരം പങ്കുവെക്കുക. ഡൗൺസിൻഡ്രം സൊസൈറ്റികളുടെ സേവനം ഉപയോഗപ്പെടുത്തുക. മറ്റു വളർച്ച വൈകല്യങ്ങളെ അപേക്ഷിച്ചു സാമൂഹികപരമായും വ്യക്തിപരമായും ഉള്ള ഇടപെടലുകളിലെ പ്രശ്നങ്ങൾ ഡൗൺ സിൻഡ്രം കുട്ടികളിൽ തീരെ കുറവാണ്. മറ്റു കുട്ടികളോട് ഇടപഴകുവാനും അപകടരഹിതമായി കളികളിൽ ഏർപ്പെടുവാനും ഈ കുഞ്ഞുങ്ങളെയും പ്രോത്സാഹിപ്പിക്കുക. ഏറെ സന്തോഷം ആഗ്രഹിക്കുന്ന ആ  കുഞ്ഞുമനസ്സുകളോടൊപ്പം ചേർന്ന് അവരെ പുനരധിവസിപ്പിക്കുക.

(ഒല്ലൂർ വെെദ്യരത്നം ആയുർവേദ കോളേജിലെ ബാല ചികിത്സ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights: Can a baby with Down syndrome live normally, Health, Ayurveda