ലാഘവം കര്‍മ്മ സാമര്‍ത്ഥ്യം ദീപ്ത: അഗ്‌നിര്‍മേദസ: ക്ഷയ:
വിഭക്തഘനഗാത്രത്വം വ്യായാമാദുപജായതേ

വ്യായാമം ചെയ്യുന്നതു കൊണ്ട് ശരീരലാഘവം, പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാമര്‍ത്ഥ്യം, ദുര്‍മേദസിന് ക്ഷയം, വടിവൊത്ത ഉറച്ച ശരീരം എന്നിവ നേടാം.

വ്യായാമത്തിന് മേല്‍ പറഞ്ഞ ഗുണങ്ങളുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലരും- ഭൂരിഭാഗം ആളുകളും- അതിനായി മെനക്കെടാറില്ല. വീട്ടുജോലിയെല്ലാം കഴിഞ്ഞ് സമയമെവിടെ എന്ന് വീട്ടമ്മമാരും ജോലിത്തിരക്ക് കഴിഞ്ഞ് സമയം കിട്ടണ്ടേ എന്ന് ഉദ്യോഗസ്ഥരും ന്യായം കണ്ടെത്തുന്നു.

എന്തിന് വ്യായാമം ചെയ്യണം?

ഒരു യന്ത്രം കുറേ ദിവസങ്ങള്‍ അനങ്ങാതിരുന്നാല്‍ പിന്നീട് അതു പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതു പോലെ തന്നെ ആണ് ശരീരത്തിലെ മാംസപേശികളുടേയും സന്ധികളുടേയും സ്ഥിതി. സ്ഥിരമായി ചലിച്ചു കൊണ്ടിരുന്നാല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായിരിക്കും. ബാല്യാവസ്ഥയില്‍ ചലനങ്ങള്‍ സുഗമമായിരിക്കും- കളികളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ആയാസം ലഭിക്കുന്നു. എന്നാല്‍ പ്രായം ചെല്ലും തോറും പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നു. ഇരുന്ന് ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ടല്ലോ. ദിവസത്തില്‍ 8-10 മണിക്കൂര്‍ ഇരിക്കുക എന്ന പ്രവൃത്തി മാത്രമേ അവര്‍ ചെയ്യുന്നുള്ളൂ. പിന്നീട് അവരുടെ സന്ധികളും മാംസപേശികളും പ്രവര്‍ത്തനങ്ങള്‍ക്ക് വിമുഖത കാണിക്കുന്നതില്‍ അതിശയിക്കാന്‍ ഇല്ലല്ലോ!

കുട്ടികള്‍ വ്യായാമം ചെയ്യേണ്ടതുണ്ടോ?

കുട്ടികള്‍ക്ക് വ്യായാമത്തിന്റെ ആവശ്യകത ഇല്ല. കാരണം ശാരീരിക അധ്വാനം ഉണ്ടാവുന്ന രീതിയിലുള്ള കളികളില്‍ അവര്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കും വ്യായാമം ആവശ്യമായി വരുന്നു എന്തെന്നാല്‍ കുട്ടികളുടെ കളികളും വര്‍ച്വല്‍ (virtual) ആയി മാറിയിരിക്കുന്നു. അതിനാല്‍ കളികളിലൂടെ ശാരീരികാധ്വാനം ഇല്ലാത്ത കുട്ടികള്‍ക്ക് തീര്‍ച്ചയായും വ്യായാമം ചെയ്യേണ്ടതാണ്

ഏത് രീതിയിലുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടത്?

വ്യായാമം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏവര്‍ക്കും ജിമ്മില്‍ ഭാരമെടുക്കുന്ന ചിത്രമായിരിക്കും മനസ്സിലേക്ക് ഓടി വരിക. എന്നാല്‍ സാധാരണ ഒരു ജിമ്മില്‍ 35-40 വയസ്സിനു മുകളില്‍ പ്രായമുള്ള എത്ര പേരെ കാണാനാവും?

പൂരപ്പറമ്പുകളില്‍ വാങ്ങാവുന്ന ബലൂണുകള്‍ കണ്ടിട്ടില്ലേ? വാങ്ങുമ്പോള്‍ നല്ല ഭംഗിയായി ഇരിക്കുന്നവ രണ്ടു ദിവസം കഴിഞ്ഞാല്‍ രൂപത്തിന് മാറ്റം വരുന്നത്എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ. ഇതുപോലെ തന്നെ ആണ് ജിമ്മില്‍ നിന്ന് ഉണ്ടാകുന്ന ആകാരഭംഗി.

ഒരു പ്രായപരിധിക്കു ശേഷം ഈ വ്യായാമ മുറകള്‍ തുടരാന്‍ ഭൂരിപക്ഷം ആളുകള്‍ക്കും മടിയാകും. അവ ശീലിക്കാതിരിക്കുമ്പോള്‍ ശരീരത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഹാനി സംഭവിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ ഏതു പ്രായക്കാര്‍ക്കും എപ്പോഴും ശീലിക്കാവുന്ന വ്യായാമമുറകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

നടത്തം ഇത്തരത്തില്‍ ഉള്ള ഒന്നാണ്. അരമണിക്കൂര്‍ നടത്തം ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും പേശികള്‍ക്കും ഉണര്‍വ് നല്‍കാന്‍ പര്യാപ്തമാണ്. 
ശരീരത്തിനും മനസ്സിനും ഉണര്‍വും വ്യായാമവും നല്‍ക്കാന്‍ കഴിയുന്നതാണ് യോഗാഭ്യാസം. 

അസുഖങ്ങള്‍ ഇല്ലാതെ ശരീരത്തെ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൊറോണ എന്ന ഇത്തിരി കുഞ്ഞന്‍ ഏവര്‍ക്കും മനസ്സിലാക്കി തന്നതാണ്. ഭക്ഷണത്തെ പോലെ തന്നെ വ്യായാമവും ആരോഗ്യസംരക്ഷണത്തില്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. നടത്തം, യോഗ തുടങ്ങി എന്നും ചെയ്യാവുന്ന വ്യായാമ മുറകള്‍ തിരഞ്ഞെടുത്ത് ശീലമാക്കുക. ആരോഗ്യം നിലനിര്‍ത്തുക.

(അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പഞ്ചകര്‍മ്മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Benefits of regular exercise How exercise good for health Ayurveda tips, Health, Ayurveda