ര്‍ഭകാലത്ത് വളരെ സാധാരണമായി കണ്ടുവരുന്നതാണ് ഓക്കാനവും ഛര്‍ദിയും. ഭൂരിഭാഗം സ്ത്രീകളിലും ഗര്‍ഭകാലത്ത് ശരീരത്തുണ്ടാകുന്ന സ്വാഭാവിക വ്യതിയാനങ്ങളുടെ ഭാഗമായി ഇതു കാണാം. ആദ്യത്തെ നാല് മുതല്‍ ആറ് ആഴ്ച കാലത്ത്  തുടങ്ങി, ഏതാണ്ട് 20 ആഴ്ചക്കാലമാകുമ്പോഴേക്ക് ശമിക്കുന്ന രീതിയാണ് പൊതുവായി കണ്ടു വരുന്നത്. എന്നാല്‍ ചിലരില്‍ ഗര്‍ഭകാലത്തുടനീളം ഇത് നീണ്ടുനില്‍ക്കുന്നതായും കാണാം. ചിലരില്‍ ഛര്‍ദി വര്‍ധിക്കുന്നതു മൂലം, ശരിയായി ആഹാരം കഴിക്കാന്‍ സാധിക്കാതാകും. അതുവഴി നിര്‍ജലീകരണത്തിനും പോഷകകുറവിനും കാരണമായി തീര്‍ന്നേക്കാം. അതിനാല്‍ ശ്രദ്ധയോട് കൂടി തന്നെ ഈ അവസ്ഥയെ പരിഗണിക്കേണ്ടതുണ്ട്.

ചെറിയ രീതിയില്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ അറിയാന്‍

  • ഗര്‍ഭിണിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ആരോഗ്യകരമായി പാകം ചെയ്ത് കഴിക്കുക.
  • ആഹാരം അളവ് കുറച്ച്, കൂടുതല്‍ തവണകളായി കഴിക്കുക.
  • ജ്യൂസുകള്‍ ഉപയോഗിക്കുമ്പോള്‍ അളവ് കുറച്ച് പല തവണകളായി കുടിക്കുക.
  • മലരിട്ട് തിളപ്പിച്ച വെള്ളം/മലര്‍ക്കഞ്ഞി എന്നിവ ക്ഷീണമകറ്റാന്‍ ഉപയോഗിക്കാം.
  • ചെറുപയര്‍, നേന്ത്രപ്പഴം, പച്ചക്കറികള്‍ എന്നിവ സൂപ്പ് ആക്കി നെയ്യ്  താളിച്ചുപയോഗിക്കാം.
  • വയര്‍ എരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിവ അനുഭവപ്പെട്ടാല്‍ മല്ലി തണുത്ത വെള്ളത്തില്‍ തലേന്ന് രാത്രി ഇട്ടുവെച്ച വെള്ളം രാവിലെ പഞ്ചസാര ചേര്‍ത്ത് കഴിക്കാം.
  • മാതളം, ഉണക്കമുന്തിരി, പേരക്ക തുടങ്ങിയ പഴങ്ങള്‍ കഴിക്കാം.
  • നറുവെണ്ണ മലര്‍ ചേര്‍ത്ത് അല്പാല്പം കഴിക്കാം. 
  • എണ്ണ അമിതമായി ചേര്‍ത്തവ, വറുത്തവ, അമിത ഉപ്പ്-പുളി-എരിവ്, കൃത്രിമ നിറങ്ങള്‍ ചേര്‍ന്നവ എന്നിവ കഴിവതും ഒഴിവാക്കുക.

ഔഷധങ്ങള്‍ 
ലക്ഷണ തീവ്രതയും ഗര്‍ഭം എത്ര മാസമായി എന്നതും അനുസരിച്ച് ദ്രാക്ഷാദി കഷായം, മാദിഫല രസായനം, വില്‍വാദി ലേഹ്യം എന്നിവ വൈദ്യ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. (ഔഷധ മാത്ര, ഏതവസരത്തില്‍ മരുന്നുപയോഗിക്കുന്നു എന്നിവ പ്രസക്തമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കുക.)നിജലീകരണം പോലെയുള്ള അവസ്ഥകള്‍, ഗര്‍ഭത്തിന്റെയും ഗര്‍ഭിണിയുടെയും ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ ലക്ഷണങ്ങള്‍ കൂടുക എന്നിവ കണ്ടാല്‍ ചിലപ്പോള്‍ ആശുപതിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നേക്കാം.

ഗര്‍ഭസ്ഥ ശിശുവില്‍ കാണുന്ന ചില ജനിതക വൈകല്യങ്ങളിലും ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കണ്ടേക്കാം.  അതിനാല്‍, അമിതമായ ഗര്‍ഭകാല  ഛര്‍ദിയെ അവഗണിക്കാതെ വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. ബന്ധുക്കളുടെ സ്‌നേഹവും മാനസിക പിന്തുണയും ഏറ്റവും ആവശ്യമായ സമയം കൂടിയാണെന്നതിനാല്‍, കുടുംബാംഗങ്ങളും ഈ വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പ്രസൂതി തന്ത്രം& സ്ത്രീരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:  Ayurvedic tips to relieve nausea during pregnancy, Ayurveda, Pregnancy Care