തൊടുപുഴ: അപൂർവരോഗം അരയ്ക്കുതാഴെ തളർത്തിയ തയ്യൽക്കാരിയുടെ ജീവിതത്തിന് പുതുജീവൻ നൽകി ആയുർവേദം. തയ്യൽ മെഷീൻ ചവിട്ടിക്കറക്കി ജീവിതം മുമ്പോട്ട് പോകുന്നതിനിടയിലാണ് നാലുവർഷങ്ങൾക്ക് മുൻപ് മുണ്ടക്കയം വെട്ടിക്കിഴക്കേതിൽ ജോബിയുടെ ഭാര്യ ഹണി(34)യെ അപൂർവരോഗം പിടികൂടുന്നത്.സുഷുമ്ന നാഡിയിൽ സെറിബല്ലം ചുരുങ്ങുന്ന അപൂർവ അവസ്ഥയാണ് വൈദ്യശാസ്ത്രം ഹണിയിൽ കണ്ടെത്തിയത്. െസറിബെല്ലത്തിന്റെ ഒരുഭാഗം വളർന്ന് സുഷുമ്നാ നാഡിയിലേക്ക്‌ കൂടിച്ചേരുന്ന അർണോൾഡ് ചിയേരി മൽഫോർമേഷൻ എന്ന അവസ്ഥയായിരുന്നു ആദ്യം. അതിനെ തുടർന്ന് സുഷുമ്നനാഡിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സിറിഞ്ചോമൈലിയ എന്ന അവസ്ഥയും ഉണ്ടായതോടെ നാലോളം സർജറികൾ നടത്തിയെങ്കിലും ഹണിയുടെ അരയ്ക്കുതാഴോട്ട് തളർന്നു.

പ്രതിക്ഷകൾ അസ്തമിച്ചു ജീവിതം എങ്ങോട്ടെന്ന് എന്ന നിലയിൽ നിൽക്കുമ്പോഴാണ് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ പഞ്ചകർമ്മ ചികിത്സയിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് മൂന്നുമാസങ്ങൾക്ക് മുമ്പ് ഇവിടെത്തിയത്. തുടർന്ന് മെഡിക്കൽ ഓഫീസറായ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചകർമ്മ ചികിത്സയും ചിട്ടയാർന്ന ഫിസിയോ തെറാപ്പിയും ഹണിയെ ജീവിതത്തിലേക്ക്‌ വീണ്ടും കൈപിടിച്ച് നടത്തുകയായിരുന്നു.

നട്ടെല്ലിൽ വെള്ളക്കെട്ട് രൂപപ്പെട്ട് തലച്ചോറിലെ സെറിബല്ലം സുഷ്മന നാഡിയിലേയ്ക്ക് ചുരുങ്ങുന്ന അപൂർവരോഗമായ സിറിബോമൈലിയ, ഹൈഗ്രോമ, മെനിജ്ഞോസിൽ എന്നിവ ഒരുമിച്ചാണ് ഹണിയെ ബാധിച്ചതെന്ന് ഡോ. സതീഷ് വാര്യർ പറഞ്ഞു. തൊടുപുഴ റിലീഫ് ഫിസിയോ തെറാപ്പി സെന്ററിലെ ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറിന്റെ സേവനവും ഹണിയെ തിരികെ ജീവിതത്തിലേക്ക് നടക്കാൻ സഹായിച്ചു. ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചുവടുകൾ വെക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പൂർണ ആരോഗ്യവതിയായി മാറുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഭർത്താവ് ജോബിയുടെ തുച്ഛ വേതനമാണ് കുടുംബത്തിന്റെ വരുമാനം. ഹണിയെ ഉപജീവനമായ തൊഴിലിലേക്ക്‌ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ.