ശിരോരോഗങ്ങളുടെ പട്ടികയിലാണ് ആയുര്‍വേദത്തില്‍ മൈഗ്രേനെപ്പെടുത്തിയിട്ടുള്ളത്. ശിരസ്സില്‍ വേദന ഉണ്ടാക്കുന്ന രോഗങ്ങളെ ആചാര്യന്‍മാര്‍ പ്രത്യേക പരിഗണന നല്‍കി വിശദീകരിക്കുന്നുണ്ട്. അതില്‍ മൈഗ്രേനും ഉള്‍പ്പെടുന്നു. ശുശ്രുതാചാര്യന്‍ വിവരിക്കുന്ന 11 രോഗങ്ങളില്‍ അര്‍ധാവഭേദകമാണ് മൈഗ്രേനുമായി കൂടുതല്‍ സാദൃശ്യമുള്ളത്. തീവ്രതയേറിയും കുറഞ്ഞുമുള്ള തലവേദനയോടൊപ്പം ചിലപ്പോള്‍ ഓക്കാനം, ശബ്ദം കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട്, പ്രകാശത്തിലേക്ക് നോക്കാന്‍ പ്രയാസം തുടങ്ങിയ പ്രശ്‌നങ്ങളും ചേര്‍ന്നുള്ളതാണ് മൈഗ്രേന്‍. ഈ രോഗാവസ്ഥയുടെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ടുതന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള എല്ലാ തലവേദനയും പൊതുവേ മൈഗ്രേന്‍ എന്ന് കരുതിപ്പോരുന്നു.

ഹോര്‍മോണ്‍ വ്യതിയാനം, ചില ഭക്ഷണവും പാനീയങ്ങളും അമിതമായ ഉത്കണ്ഠ, കഠിനമായ ശാരീരികാധ്വാനം എന്നിവ മൈഗ്രേന്‍ ഉണ്ടാക്കാറുണ്ട്.  ഇത്തരം രോഗങ്ങളുണ്ടാകുന്നതിന് ചില കാരണങ്ങള്‍ കൂടി ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നു. മലമൂത്രാദികളുടെ വിസര്‍ജനം തടസ്സപ്പെടുത്തുക, കൂടുതല്‍ ഉറക്കം, ഉറക്കക്കുറവ്, പകല്‍ ഉറക്കം, തലയില്‍ എണ്ണതേച്ച് കുളിക്കാതിരിക്കല്‍, ഉച്ചത്തില്‍ സംസാരം, മഞ്ഞുകൊള്ളുക, ശക്തമായി കാറ്റേല്‍ക്കുക, പരിചിതമല്ലാത്ത ഗന്ധം, പൊടി, പുക, വെയില്‍, എളുപ്പം ദഹിക്കാത്ത ഭക്ഷണം, തണുത്ത വെള്ളം കുടിക്കല്‍, തലയ്ക്ക് ക്ഷതം, ദുഷിച്ച ആഹാരം കഴിക്കുക, കൂടുതല്‍ കരയുക, കണ്ണുനീര്‍ തടയുക, വിഷമിക്കുക. ഇക്കാരണങ്ങളാല്‍ വാതാദി ദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് ചിലപ്പോള്‍ ത്രിദോഷങ്ങളും കോപിച്ചാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്.

ചികിത്സകള്‍

പല മൈഗ്രേന്‍ തലവേദനകളും 34 മണിക്കൂറിനുള്ളില്‍ ശമിക്കും. എന്നാല്‍ ചിലത് മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കാറുണ്ട്. ഒരുമാസത്തില്‍ നാലുതവണ വരെ ഇത് ആവര്‍ത്തിക്കുന്നവരുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം മൈഗ്രേന്‍ ഉണ്ടാകുന്നവരെയും കാണാം.

ചെറുതായി ചൂട് കൊടുത്ത് പേശികളെ സാന്ത്വനപ്പെടുത്തുകയോ ചൂടുവെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ മൈഗ്രേന്‍ കുറയാറുണ്ട്. തലവേദന തുടങ്ങുന്ന ഉടനെതന്നെയും മൈഗ്രേന്‍ ആരംഭിച്ച് അധികനാളായിട്ടില്ലാത്തവരിലും ഇത് കൂടുതല്‍ ഗുണപ്പെടാറുണ്ട്.
ചൂട് കൊടുത്ത് വിയര്‍പ്പിക്കുക, മൂക്കില്‍ മരുന്ന് ഇറ്റിക്കുക, ഔഷധപുക ഏല്‍പ്പിക്കുക, വയറിളക്കുക, തലയില്‍ മരുന്ന് അരച്ചുപുരട്ടുക, തല തുണികൊണ്ട് കെട്ടിവയ്ക്കുക, മരുന്നുകൊടുത്ത് ഛര്‍ദിപ്പിക്കുക, തലയില്‍ മരുന്നുകള്‍ തളംകെട്ടി നിര്‍ത്തുക, ശിരോവസ്തി, രക്തമോക്ഷം തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങളുണ്ട്. നെയ്യ്, ചുവന്ന അരി, നവരയരി, പാല്‍, മാംസം, മുരിങ്ങയില, മുന്തിരിങ്ങ, ചീര, പാവയ്ക്ക, മാങ്ങ, നെല്ലിക്ക, മാതളനാരങ്ങ, നാരങ്ങ, മോര്, കരിക്കിന്‍ വെള്ളം എന്നിവകൂടി ശിരോരോഗമുള്ളവര്‍ ഉപയോഗിക്കണമെന്ന് ആയുര്‍വേദത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുണ്ട്.

അര്‍ധാവഭേദക രോഗത്തെ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ കണ്ണിന്റെയോ ചെവിയുടെയോ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് ആചാര്യന്മാര്‍ സൂചന നല്‍കുന്നു. ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണ ഡോക്ടറുടെ നിര്‍ദേശപ്രകാരം തലയില്‍ തേക്കുകയും രാത്രിയില്‍ നെയ്യ് സേവിച്ച് പുറമേ ചൂടുപാല്‍ കുടിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. തലയില്‍ തേക്കുന്നതിന് നാരായണതൈലം, മാഷതൈലം, പ്രസാരണി തൈലം എന്നിവ പ്രയോജനം ചെയ്യും. തലയിലും ദേഹത്തും ബലാതൈലം തേയ്ക്കുന്നത് നല്ലതു തന്നെ.

എന്നാല്‍ ഔഷധങ്ങളുപയോഗിച്ച് ഛര്‍ദിക്കുകയും, വയറിളക്കുകയും, മൂക്കില്‍ മരുന്ന് ഇറ്റിക്കുകയും ചെയ്യുകയാണ് അര്‍ധാവഭേദകം ശമിപ്പിക്കുന്നതിനുള്ള പ്രധാന ചികിത്സകളായി ആയുര്‍വേദം പറയുന്നത്. കൂടാതെ കഷായവസ്തി, സ്‌നേഹവസ്തി എന്നിവയും ചെയ്യാന്‍ നിര്‍ദേശമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പഞ്ചകര്‍മചികിത്സയില്‍പ്പെടുന്ന 5 ചികിത്സകളും ചെയ്തുമാത്രമേ അര്‍ധാവഭേദകം ശമിപ്പിക്കുന്നതിന് സാധിക്കുകയുള്ളൂ. വേദനസംഹാരികള്‍ ഒഴിവാക്കാനും ആയുര്‍വേദ ചികിത്സകൊണ്ട് സാധിക്കും.

ഭക്ഷണം

ഗോതമ്പ് കൊണ്ടുള്ള പലഹാരങ്ങള്‍ നെയ്യില്‍ പാകപ്പെടുത്തിയതും ചെറുപയര്‍പരിപ്പും ആഹാരമായി കഴിക്കുകയും, ചൂടുപാല്‍ കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്.  ഭക്ഷണത്തോടൊപ്പം കറിവെച്ച മാംസമോ, കാച്ചിയ പാലോ ഉള്‍പ്പെടുത്തുന്നത് നല്ലതുതന്നെ. നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ ഉഴുന്നോ മുതിരയോ ചെറുപയറോ രാത്രിയില്‍ കഴിച്ച് പുറമേ ചൂടുള്ള പാല്‍ കുടിക്കുന്നതും നല്ലതാണ്.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഓറഞ്ച്, പച്ചക്കറികൾ, മധുരക്കിഴങ്ങ്, കാരറ്റ്, തവിടുള്ള അരികൊണ്ടുള്ള ഭക്ഷണം, ഉണക്കിയതും പാകപ്പെടുത്തിയതുമായ പഴങ്ങൾ എന്നിവ മെെ​ഗ്രേൻ സാധ്യത കുറയ്ക്കുന്നവയാണ്. അമിത ഉപ്പ് ഉപയോ​ഗം, മോണോസോഡിയം ​ഗ്ലൂട്ടാമേറ്റ് പോലെയുള്ള രുചിവർധക പദാർഥങ്ങൾ, മദ്യം, കാലാവസ്ഥയിലെ വ്യത്യാസം, ടെൻഷൻ, ഉറക്കത്തിനുണ്ടാകുന്ന തടസ്സം, ചില മരുന്നുകൾ എന്നിവ മെെ​ഗ്രേൻ വർധിക്കാൻ ഇടയാക്കും. മുട്ട, തക്കാളി, ഉള്ളി, പാലുത്പന്നങ്ങൾ, പാസ്ത, ബ്രെഡ്, പുളിയുള്ള പഴങ്ങൾ, ചോക്ലേറ്റ്, നടസ് എന്നിവയും മെെ​ഗ്രേൻ ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. 

(ചേരമാൻ തുരുത്ത് ​ഗവ.ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ലേഖകൻ)

മാതൃഭൂമി ആരോ​ഗ്യമാസിക വാങ്ങാം

Content Highlights: Ayurveda treatments to cure Migraine, health, Ayurveda, Migraine