രു സ്ത്രീയുടെ ജീവിതയാത്രയിലെ ഒരു സുപ്രധാന കാലഘട്ടമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തെ ആദ്യ മൂന്നു മാസങ്ങളില്‍ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നോക്കാം. 

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണ്ണായക സമയം കൂടിയാണത്. ആഹാരകാര്യത്തിന് മാത്രമല്ല, ജീവിതരീതിയ്ക്കും വിചാരങ്ങള്‍ക്കും  ഒക്കെ ഒരു നല്ല പങ്കുണ്ട്. തന്റെയുള്ളില്‍ വളരുന്ന കുഞ്ഞിനുവേണ്ടി സ്വന്തം ആരോഗ്യകാര്യത്തില്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. 

 • അടിവയറുവേദനയോ രക്തസ്രാവമോ  പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഡോക്ടറെ കാണുക. ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളവര്‍ എക്‌സ് റേ പോലുള്ള പരിശോധനകള്‍ ഒഴിവാക്കുക. 
 • കൃത്രിമമായ നിറരുചിക്കൂട്ടുകളടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. 
 • ആവശ്യാനുസരണം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. 
 • ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ മലര്, മല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ലഘുഭക്ഷണം ചെറിയ അളവില്‍ ഇടവിട്ട് കഴിക്കാന്‍ നോക്കാം.  കിടക്കുമ്പോള്‍ തലഭാഗം കുറച്ച് ഉയര്‍ത്തി വച്ച് കിടക്കുന്നത് നന്നാവും. 
 • ദഹിക്കാന്‍ പ്രയാസമുള്ളവ, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, അമിതമായ എരിവും പുളിയും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. * മലശോധന സുഗമമാക്കുന്ന വിധത്തിലുള്ള ഭക്ഷണരീതി കൈക്കൊള്ളുക. 
 • പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇലക്കറികളും ഒക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. 
 • സാധിക്കുമെങ്കില്‍ വീട്ടിലുണ്ടാക്കിയ പച്ചക്കറികളും മറ്റും പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 
 • പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ കുടിക്കാനുള്ള വെള്ളവും കഴിക്കാനുള്ള ഭക്ഷണവും കയ്യില്‍ കരുതുക.  
 • ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം  മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. 
 • അമിതമായി ആയാസമുണ്ടാക്കുന്ന ജോലികള്‍ ഒഴിവാക്കുക.
 • വ്യക്തിശുചിത്വത്തില്‍ നല്ല ശ്രദ്ധ ചെലുത്തുക. 
 • പരിസര ശുചിത്വവും പ്രധാനപ്പെട്ടതാണ്. ഇതുവഴി കൊതുക് കടിയേല്‍ക്കുന്നത് ഒഴിവാക്കാം. 
 • ശാരീരികാരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഗര്‍ഭിണിയുടെ മാനസികാരോഗ്യവും. ആശങ്കകളും ഭയവും ഇല്ലാതെ സന്തോഷമുള്ളവരായിരിക്കാന്‍ ശ്രമിക്കുക. 
 • നല്ല പുസ്തകങ്ങള്‍ വായിക്കുക. അടുത്ത് കുട്ടികളുണ്ടെങ്കില്‍ ഇടയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കുക. അതുപോലെ തന്നെ, പ്രകൃതിയോടൊപ്പം കുറച്ചു സമയം ചെലവിടുന്നതും നന്നാവും. 
 • മൊബൈല്‍ ഫോണ്‍ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക. 
 • ആവശ്യത്തിന് വിശ്രമവും ഉറക്കവും ശാരീരിക-മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 
 • ഗര്‍ഭകാലം സന്തോഷപ്രദമാക്കാന്‍ പങ്കാളിയുടേയും വീട്ടുകാരുടേയും  സഹകരണവും ആവശ്യമാണ്.
 • ആദ്യമാസങ്ങളില്‍ കുറുന്തോട്ടി, തിരുതാളി, പോലുള്ള മരുന്നുകളിലേതെങ്കിലും കൊണ്ടുള്ള  പാല്‍കഷായം ഓരോ ഗര്‍ഭിണിയുടേയും അവസ്ഥയ്ക്കനനുസൃതമായി ആയുര്‍വേദഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഫലസര്‍പ്പിസ്, ഡാഡിമാദിഘൃതം തുടങ്ങിയവയിലേതെങ്കിലും നെയ്യും  അതുപോലെ കഴിക്കാവുന്നതാണ്. ഇവയെല്ലാം ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തന്നെ വേണം ഉപയോഗിക്കാന്‍. 

(കേച്ചേരി ഓജസ്യം ആയുര്‍വേദ വനിത ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസറാണ് ലേഖിക)

Content Highlights: Ayurveda tips You Need to Know About the First Trimester of pregnancy, Health, Pregnancy