രോഗവ്യാപനവും ജാഗ്രതാനിര്‍ദേശങ്ങളും മലയാളിക്ക് ഇപ്പോള്‍ സുപരിചിതമാണ്. മഴക്കാലത്താകട്ടെ പല രോഗങ്ങള്‍ ഉണ്ടാകാനും പടര്‍ന്നുപിടിക്കാനുമുള്ള സാധ്യതയുണ്ട്. പനി, ഛര്‍ദ്ദി, വയറിളക്കം, ശ്വാസംമുട്ട്, ത്വഗ്രോഗങ്ങള്‍ തുടങ്ങിയവ കൂടുതലായി കണ്ടുവരുന്ന സമയമാണ് മഴക്കാലം. അതുകൊണ്ടുതന്നെ, മഴക്കാലത്ത് ആരോഗ്യപരിപാലനത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. 

 • ദഹനവ്യവസ്ഥയ്ക്ക് അതീവശ്രദ്ധകൊടുക്കേണ്ട സമയമാണ് മഴക്കാലം. വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. ലഘുഭക്ഷണമാണുത്തമം. 
 • ഈ മഴക്കാലത്ത് ഒരു നേരം പൊടിയരികഞ്ഞി ചൂടോടെ കഴിക്കുന്നത് നന്നാവും. 
 • അല്പം ഇഞ്ചി, കറിവേപ്പില, ജീരകം എന്നിവയിട്ട് കാച്ചിയ മോര് ദഹനത്തിന് ഗുണം ചെയ്യും. 
 • അതുപോലെതന്നെ, തേങ്ങയോടൊപ്പം ലേശംഇഞ്ചി, ചുവന്നുള്ളി,കറിവേപ്പില ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കുന്നതും നന്നാവും. 
 • ജീരകമിട്ടുണ്ടാക്കിയ ചെറുപയര്‍കറിയും കഞ്ഞിയുടെ കൂടെയാവാം. 
 • അച്ചാര്‍, തൈര്, എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിതോപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. 
 • പഴകിയ ഭക്ഷണം, തണുത്ത ഭക്ഷണം എന്നിവ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. 
 • ദോശ, ഇഡ്ഡലി പോലുള്ള പുളിപ്പിച്ച ഭക്ഷണസാധനങ്ങളുടെ ഉപയോഗം  കുറയ്ക്കുക.
 • ഭക്ഷണപദാര്‍ഥങ്ങള്‍ വൃത്തിയായി അടച്ചുസൂക്ഷിക്കുക. 
 • തിളപ്പിച്ചാറ്റിയവെള്ളം മാത്രം കുടിക്കുക. 
 • കഫക്കെട്ടും ശ്വാസമുട്ടും ഉണ്ടാകുന്നവര്‍ ഇക്കാലത്ത് ചുക്കും ജീരകവുമിട്ട തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം. 
 • സ്ഥിരമായി കഫക്കെട്ടും തൊണ്ടവേദനയും ഉണ്ടാകുന്നവര്‍ ലേശം മഞ്ഞളും ഉപ്പുമിട്ട ഇളംചൂടുവെള്ളം കൊണ്ട് കവിള്‍കൊള്ളാവുന്നതാണ്. 
 • തുളസിയിലയും കുരുമുളകുമിട്ട കാപ്പി ഇടയ്ക്ക് കുടിക്കാനുപയോഗിക്കാം. 
 • ദിവസവും അവനവന്റെ ശരീരബലമനുസരിച്ച് ചെയ്യുന്ന വ്യായാമം ആരോഗ്യപരിപാലനത്തില്‍ സുപ്രധാനപങ്ക് വഹിക്കുന്നു. 
 • വ്യക്തിശുചിത്വത്തില്‍ നല്ല ശ്രദ്ധ വേണം. 
 • തണുപ്പ് പറ്റാത്തവര്‍ ദേഹം കഴുകാന്‍ ചെറുചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. 
 • ചൊറിച്ചില്‍ പോലുള്ള ത്വഗ്രോഗങ്ങള്‍ വരാതിരിക്കാന്‍ വസ്ത്രങ്ങള്‍ നല്ലവണ്ണം ഉണങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കുക. 
 • കഫക്കെട്ടും ശ്വാസം മുട്ടലും ഉള്ളവര്‍ തറയില്‍ കിടക്കാതിരിക്കുക. കമ്പിളിക്കുപ്പായം ഉപയോഗിച്ച് ശരീരം പുതച്ചുമൂടി കിടക്കുക. 
 • ആവശ്യാനുസരണം ഇടയ്ക്ക് ആവികൊള്ളുന്നതും ഗുണം ചെയ്യും.
 • മഴക്കാലത്ത് പരിസരശുചിത്വത്തിനും വളരെ പ്രസക്തിയുണ്ട്. 
 • പരിസരപ്രദേശത്ത് വെള്ളം കെട്ട് നില്‍ക്കാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. 
 • ടെറസില്‍ വെള്ളം കെട്ടിനില്‍ക്കാതെ  ഒഴുക്കിക്കളയാന്‍ ശ്രദ്ധിക്കുക. 
 • കൊതുക് കൂടുതലുണ്ടെങ്കില്‍ കൊതുകുവല ഉപയോഗിക്കുക. 
 • ദിവസവും വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലും പരിസരത്തും  അപരാജിതധൂപചൂര്‍ണ്ണം പോലെയുള്ള എന്തെങ്കിലും ഔഷധക്കൂട്ടുപയോഗിച്ച് കുറച്ചുസമയം പുകയേല്‍പ്പിക്കുക. 
 • മുറികളില്‍ പുകയ്ക്കുന്ന സമയത്ത് വീട്ടിലുളളവര്‍ പുറത്തിരിക്കുക. 
 • വീട്ടില്‍ നിന്ന് പുറത്തുപോകുന്നവര്‍ കുട കയ്യില്‍ കരുതുക. 
 • ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ റെയിന്‍കോട്ട് കരുതുക. 
 • കഴിക്കാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവും കയ്യില്‍ കരുതുന്നത് നല്ലതാണ്.  
 • പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. മലിനമായ ഭക്ഷണം/കുടിവെള്ളം വഴി ഛര്‍ദ്ദി, വയറിളക്കം ഒക്കെ വന്നുപെടാം. 
 • ഏതുകാലമായാലും രോഗാണുക്കള്‍ രോഗമുണ്ടാക്കുന്നു എന്ന് പറയുമ്പോഴും നാം വിസ്മരിച്ചുകൂടാത്ത ചിലതുണ്ട്. വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കുക. 
 • പരിസരം മാലിന്യമയമാക്കാതിരിക്കുക. 

അതുപോലെ, സ്വന്തം ഭക്ഷണകാര്യത്തിലും  ജീവിതശൈലിയിലും കൂടി  ശ്രദ്ധചെലുത്തുക വഴി  വ്യക്തിയുടേയും സമൂഹത്തിന്റേയും ആരോഗ്യകാര്യത്തിലേക്ക് നമുക്ക് കൂടുതല്‍ ജാഗ്രതയും ഇടപെടലുകളും ഉണ്ടാകട്ടെ.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurveda Tips to stay healthy in Monsoon rainy season, Health, Ayurveda