സാധാരണയില്‍ കവിഞ്ഞ കട്ടിയോടുകൂടിയ രോമം ശരീരത്തില്‍ കൂടുതലായി കാണുന്നത് ആരോഗ്യപരമായ പല ശാരീരിക അവസ്ഥകളെയും കൂടി പ്രതിഫലിപ്പിക്കുന്നതാണ്. സ്ത്രീകളില്‍ പൊതുവെ  കാണുന്നതില്‍ നിന്നും വ്യത്യസ്തമായി മേല്‍ച്ചുണ്ട്, താടി, നെഞ്ച്, വയര്‍, മുതുക്, തുടകള്‍, കൈകള്‍ എന്നിവിടങ്ങളില്‍ സാധാരണകാണുന്നതിലും കട്ടിയുള്ള പുരുഷ സമാനമായ രോമം കാണുന്നതിനെയാണ് അമിത രോമവളര്‍ച്ച എന്ന് പറയുന്നത്. പല രോഗാവസ്ഥകളും ഈ ഒരു ലക്ഷണത്തിന് കാരണമായി മാറിയേക്കാം. 
 
ശരീരത്തിലെ പുരുഷ ഹോര്‍മോണ്‍ അളവില്‍ കൂടുതലായി കാണപ്പെടുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. ശരീരഭാരം കൂടല്‍, ക്രമം തെറ്റിയ ആര്‍ത്തവം, മുഖക്കുരു, എണ്ണ മെഴുക്കോട് കൂടിയ ചര്‍മം, ശിരോചര്‍മ്മം വ്യക്തമാകും വിധമുള്ള മുടികൊഴിച്ചില്‍ എന്നീ അനുബന്ധ ലക്ഷണങ്ങളും കണ്ടേക്കാം. പാരമ്പര്യമായി ശരീരത്തിലും കാലുകളിലും അമിത രോമമുണ്ടാവുന്നത് രോഗാവസ്ഥ ആകണമെന്നില്ല. പി.സി.ഒ.ഡി. പോലെയുള്ള ജീവിതശൈലി രോഗങ്ങളിലും, വിരളമാണെങ്കിലും അണ്ഡാശയ/അഡ്രീനല്‍ ഗ്രന്ഥി ട്യൂമറുകളിലും, ചില ജനിതക രോഗങ്ങളിലുമൊക്കെ തന്നെ അമിത രോമവളര്‍ച്ച കാണാം. രോഗചരിത്രം, അനുബന്ധ ലക്ഷണങ്ങള്‍, ആവശ്യമായ  രക്ത/സ്‌കാനിങ് പരിശോധനകളിലൂടെ കൃത്യമായ രോഗനിര്‍ണയം സാധ്യമാകും.
 
ബാഹ്യസൗന്ദര്യത്തെ ബാധിക്കുന്ന ലക്ഷണമായതു കൊണ്ട് തന്നെ, പലപ്പോഴും വേണ്ട വിധമുള്ള ആരോഗ്യപരിരക്ഷ ലഭിക്കാതെ, കേവലം ചര്‍മസംരക്ഷണത്തിലേക്ക് മാത്രം ഇതൊതുങ്ങി പോകാറുണ്ട്. അങ്ങനെയാകാതെ വേണ്ടവിധമുള്ള പരിശോധനകള്‍ക്ക് വിധേയരാകുവാന്‍ തയ്യാറാകണം. കൃത്യമായ ഔഷധസേവ, ജീവിതശൈലി മാറ്റങ്ങള്‍, ബാഹ്യ പ്രയോഗങ്ങള്‍ എന്നിവയൊക്കെ ഫലം ചെയ്യും.
  • അമിതമായ മധുര രസ ഉപയോഗം ഒഴിവാക്കുക. 
  • കൊഴുപ്പ് കൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അളവില്‍ കുറച്ച് ഉപയോഗിക്കുക. 
  • ദിവസേന മിതമായി വ്യായാമം ചെയ്യുക. 
  • ശരീരഭാരം കൂടാതെ നോക്കണം.  
  • മറ്റു രോഗാവസ്ഥകള്‍ ഒന്നും തന്നെയില്ല എന്നുറപ്പ് വരുത്തിയ ശേഷം പുറമെ മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, കുടമഞ്ഞള്‍ എന്നിവ അരച്ച് പുരട്ടാം. 
  • രോമശാതന തൈലം, നാല്പാമര പ്രയോഗങ്ങള്‍ പോലെയുള്ള മരുന്നുകള്‍ വൈദ്യനിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. സൂര്യലക്ഷ്മി പി.ബി.
അസിസ്റ്റന്റ് പ്രൊഫസര്‍,
പ്രസൂതിതന്ത്രം & സ്ത്രീരോഗ വിഭാഗം,
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം& വിദ്യാപീഠം, കൂറ്റനാട്‌
 
Content Highlights:  Ayurveda tips to solve Excess hair growth in women, Health, Ayurveda, Women's Health